കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.രണ്ട് അയ്യപ്പൻമാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്.കോഴിക്കോട് പുറക്കാട്ടിരിയിലാണ് അപകടം നടന്നത്.കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പട്ടത്. ഇവർ സഞ്ചരിച്ച ട്രാവലർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെയാണ് അപകടം.കർണാടക ആസൻ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് 8989 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;25 മരണം;24,757 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8989 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂർ 625, കണ്ണൂർ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസർഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 92 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 61 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,377 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 603 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,757 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4565, കൊല്ലം 1466, പത്തനംതിട്ട 585, ആലപ്പുഴ 1650, കോട്ടയം 2694, ഇടുക്കി 1436, എറണാകുളം 3056, തൃശൂർ 2604, പാലക്കാട് 1213, മലപ്പുറം 1586, കോഴിക്കോട് 1591, വയനാട് 807, കണ്ണൂർ 1031, കാസർഗോഡ് 473 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,44,384 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ഗൂഢാലോചന കേസ് അടിസ്ഥാനരഹിതം; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അഭിഭാഷകൻ ബി രാമൻപിള്ള മുഖേനയാണ് ഹർജി ഫയൽ ചെയ്തത്. തനിക്കെതിരായ എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് കോടതിയിൽ അറിയിച്ചു. ദിലീപിന്റെ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.അന്വേഷണ സംഘത്തിന് തന്നോട് എന്തോ വ്യക്തി വൈരാഗ്യമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നുമാണ് ഇപ്പോൾ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്.നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണിത്. ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തിയതിന് ഒരു തെളിവുമില്ല. ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ നിലനില്‍ക്കില്ല. അതുകൊണ്ട് കൊണ്ടുതന്നെ എഫ്‌ഐആര്‍ റദ്ദാക്കണം. എഫ്‌ഐആർ റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐയ്‌ക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസ് ക്രൈബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥർ മനഃപൂർവ്വം തന്നെ വേട്ടയാടുകയാണെന്നും ഇതേ കേസിൽ മുൻകൂർ വാദം കേൾക്കുന്നതിനിടെ ദിലീപ് വാദിച്ചിരുന്നു.ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും ദിലീപ് ഹർജിയിൽ പറയുന്നു. വധഗൂഢാലോചക്കേസിൽ നേരത്തെ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ബോംബ് എറിഞ്ഞയാൾ അറസ്റ്റിൽ
കണ്ണൂർ: തോട്ടടയിൽ വിവാഹപാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. അക്ഷയ് എറിഞ്ഞ ബോംബ് അബദ്ധത്തിൽ മറ്റൊരാളുടെ കയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽതട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ഉൾപ്പെടെ നാല് പേരെ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. റിജിൽ, ജിജിൽ, സനീഷ് എന്നിവരാണ് കസ്റ്റഡിയിൽ എടുത്ത മറ്റുള്ളവർ. ഇവരെല്ലാം കൊല്ലപ്പെട്ട ജിഷ്ണുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. ബോംബ് കൈകാര്യം ചെയ്ത ഏച്ചൂർ സ്വദേശി മിഥുൻ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.ഏറു പടക്കത്തിൽ സ്‌ഫോടക വസ്തു നിറച്ചായിരുന്നു ബോംബ് ഉണ്ടാക്കിയത്. ബോംബ് എറിഞ്ഞ സംഘത്തിൽ 18 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 14 പേർക്ക് കയ്യിൽ ബോംബുള്ള വിവരം അറിയില്ലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ തിരിച്ചിറക്കി; പ്രതിഷേധവുമായി നാട്ടുകാർ
പാലക്കാട്: നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ തിരിച്ചിറക്കി.പ്രദേശവാസിയും തെങ്ങുകയറ്റ തൊഴിലാളിയുമായ കൊല്ലംകുന്ന് രാധാകൃഷ്ണനാണ്(45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരിച്ചിലിനൊടുവിലാണ് ഇന്നലെ രാത്രി 12.45ഓടെ ഇയാളെ താഴെ എത്തിച്ചത്.ഇന്നലെ രാത്രി ഒന്‍പതരയോടെ മലമുകളില്‍ ടോര്‍ച്ചിന്റേതിന് സമാനമായ വെളിച്ചം കണ്ടതോടെയാണ് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ രാധാകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്‌ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അതേസമയം മലയില്‍ വേറെയും ആള്‍ക്കാരുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ മലയടിവാരത്ത് നിലയുറപ്പിച്ചു. അതിക്രമിച്ച് മല കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലമുകളില്‍ ഒന്നിലധികം പേര്‍ ടോര്‍ച്ചടിച്ചിരുന്നുവെന്നും താഴെ ആളുകള്‍ ഉള്ളതറിഞ്ഞ് മറ്റേതെങ്കിലും വഴിയിലൂടെ ഇവര്‍ പോവുകയോ കാട്ടില്‍ തങ്ങുകയോ ചെയ്തിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. രാധാകൃഷ്ണന്‍ വനമേഖലയില്‍ അലഞ്ഞു നടക്കുന്ന ആളാണെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
കൊറോണ സ്ഥിരീകരിച്ച് മൂന്ന് ദിവസം കഴിഞ്ഞവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ച് മൂന്ന് ദിവസം പിന്നിടുകയും ലക്ഷണങ്ങൾ ഇല്ലാത്തതുമായ ആളുകളെ രോഗികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കവുമായി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചവർക്ക് ഏഴു ദിവസം ഏർപ്പെടുത്തിയിരിക്കുന്ന സമ്പർക്കവിലക്ക് തുടരും. ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. വാക്കാലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ജാഗ്രതപോർട്ടലിൽ നിന്നാണ് ഇത്തരക്കാരുടെ പേര് മാറ്റുക. ഇതോടെ സംസ്ഥാനത്ത സജീവ രോഗികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും സജീവ കേസുകളുടെ എണ്ണം മൂന്നിലൊന്നായാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം 60 വയസ്സിൽ കൂടുതലുള്ള രോഗലക്ഷണങ്ങളുള്ള കൊറോണ ബാധിതരെ ആശുപത്രികളിലേക്ക് മാറ്റണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. കൊറോണ ലക്ഷണങ്ങളിൽ കുറവ് വരുന്നത് വരെ ഇവരെ ആശുപത്രികളിൽ നിന്ന് മാറ്റരുതെന്നാണ് നിർദ്ദേശം.
പെട്രോള്‍ കടം ചോദിച്ചത് നല്‍കിയില്ല; ഉളിയത്തടുക്കയില്‍ പെട്രോൾ പമ്പിലെ ഓഫീസ് റൂമും ജ്യൂസ് സെന്ററും ഓയില്‍ റൂമും അടിച്ച് തകര്‍ത്തു
കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോൾ പമ്പിൽ ആക്രമണം. പെട്രോള്‍ കടം ചോദിച്ചത് നല്‍കാതിരുന്നതിന് പമ്പ് അടിച്ച് തകര്‍ക്കുകയായിരുന്നു. ഉളിയത്തടുക്കയിലെ എ.കെ സണ്‍സ് പെട്രോള്‍ പമ്പിൽ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.പമ്പിലെ ഓഫീസ് റൂമും ജ്യൂസ് സെന്ററും ഓയില്‍ റൂമും അക്രമികൾ അടിച്ച് തകര്‍ത്തു.ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ട് പേര്‍ അന്‍പത് രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.ജീവനക്കാര്‍ എതിര്‍ത്തതോടെ ഇവര്‍ പോയെങ്കിലും ഇന്നലെ വൈകുന്നേരം സുഹൃത്തുക്കളുമായി സംഘടിച്ചെത്തി പമ്പുടമയുടെ അനുജനെ ആക്രമിച്ചു.പിന്നീട് ഇന്ന് പുലര്‍ച്ചെ സംഘം വീണ്ടുമെത്തിയാണ് ഓഫീസ് റൂം അടക്കമുള്ളവ അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്.
കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ ഒരിടവേളയ്ക്ക് ശേഷം ഇന്ന് തുറക്കുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും.ബാച്ച് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസ്.10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ സാധരണഗതിയില്‍ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയിലേക്ക് മാറും. വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍. വര്‍ഷാവസാന പരീക്ഷ അടുത്തതോടെ പാഠങ്ങള്‍ വേഗം പൂര്‍ത്തീകരിക്കേണ്ടതിനാലാണിത്. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും. 21 മുതൽ പിടിഎ യോഗങ്ങൾ ചേരും. വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നിർബന്ധമാണ്. ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്‌കൂളിലേക്കെത്തിക്കാൻ അദ്ധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. പരീക്ഷയ്‌ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്‌ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നത്.
കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മരിച്ചതും ബോംബ് എറിഞ്ഞതും ഒരേ സംഘത്തിൽപ്പെട്ടവർ;സംഭവത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നതായും റിപ്പോർട്ടുകൾ
കണ്ണൂർ: തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവവത്തിൽ മരിച്ചതും ബോംബ് എറിഞ്ഞതും ഒരേ സംഘത്തിൽപ്പെട്ടവർ.ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമത് എറിഞ്ഞ ബോംബ് സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ പതിക്കുകയായിരുന്നു. ബോംബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. സമീപപ്രദേശത്തെ ഒരു വിവാഹവീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം.ബോംബേറിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്ബോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു.അതേസമയം സംഭവത്തിന്റെ തലേദിവസം രാത്രി പ്രതികൾ ബോംബേറ് പരിശീലനം നടത്തിയതായി വെളിപ്പെടുത്തൽ.കണ്ണൂർ മേയർ ടി.ഒ മോഹനൻ ആണ് ഇക്കാര്യം അറിയിച്ചത്.ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് അർദ്ധരാത്രിയിൽ ആയിരുന്നു പ്രതികൾ പരിശീലനം നടത്തിയത്. രാത്രി ഒരു മണിക്ക് പ്രദേശത്തു നിന്നും ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടയാതായാണ് പ്രദേശവാസികൾ പറയുന്നത്. കൊല്ലപ്പെട്ട ജിഷ്ണു ഉൾപ്പെടെയുള്ളവർ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ ആണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബോംബ് നിർമ്മിച്ചയാളുൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ റിജിൽ സി.കെ, സനീഷ്, അക്ഷയ്, ജിജിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സംഘത്തിലുള്ള മിഥുനാണ് ബോംബ് എറിഞ്ഞത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.ഏറുപടക്കം വാങ്ങിച്ച് അതിൽ സ്‌ഫോടക വസ്തു നിറച്ചാണ് പ്രതികൾ ബോംബ് നിർമ്മിച്ചത്.
കല്യാണ വീട്ടിൽ ഉണ്ടായ തർക്കം;കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
കണ്ണൂർ: കല്യാണ വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ ബോംബാക്രമണത്തിൽ കണ്ണൂർ തോട്ടടയിൽ യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം.ഇന്ന് നടന്ന കല്യാണത്തോട് അനുബന്ധിച്ച് ഇന്നലെ രാത്രി സംഘടിപ്പിച്ച സൽക്കാര ചടങ്ങിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. പാട്ടുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന.18 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. ഈ സംഘത്തിലുള്ളതാണ് ജിഷ്ണുവെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തുനിന്നുള്ള ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടിപ്പോകുന്ന പ്രതികളുടെ വീഡിയോയാണ് പുറത്തുവരുന്നത്. നീല ഷർട്ടും മുണ്ടുമുടുത്ത സംഘമാണ് ആക്രണം നടത്തിയത്. ആക്രമികളെ പോലീസ് തിരിച്ചറിഞ്ഞു. സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണു തൽക്ഷണം മരിക്കുകയായിരുന്നു. ബോംബേറിൽ ജിഷ്ണുവിന്റെ തല ചിതറിപ്പോയി. കല്യാണത്തിലെ വീഡിയോഗ്രാഫർ പകർത്തിയ ചിത്രങ്ങളെല്ലാം പോലീസ് ശേഖരിച്ചു.തോട്ടട പ്രദേശവാസികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഏകദേശം അൻപതോളം വരുന്ന സംഘത്തിന് നേരെയാണ് ബോബേറുണ്ടായത്. ഇവർ ചിതറിയോടുകയായിരുന്നു. വധുവിനേയും കൂട്ടി വിവാഹം കഴിഞ്ഞ വരനും സംഘവും ഘോഷയാത്രയായി എത്തിയപ്പോഴാണ് ബോംബേറുണ്ടായത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായെത്തിയതായിരുന്നു ജിഷ്ണു. പൊട്ടാത്ത ഒരു ബോംബ് കൂടി പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.റോഡിൽ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് കണ്ടെന്നും അങ്ങോട്ടേക്ക് നോക്കിയില്ലെന്നും ദൃക്‌സാക്ഷിയായ രവീന്ദ്രൻ എന്നയാൾ പറഞ്ഞു.