കോഴിക്കോട് റെയിൽവേ പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ;ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം

keralanews stone found on railway track in kozhikkode suspected to be an attempt to sabotage the train

കോഴിക്കോട്:കോഴിക്കോട് റെയിൽവേ പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി.പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി സംശയം.വടകര അയനിക്കാട് ഭാഗത്തെ റെയില്‍ പാളത്തില്‍ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. പരശുറാം എക്സ്പ്രസ്സിന്റെ ലോക്കോപൈലറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരത്തോടെ മംഗലാപുരത്തേക്ക് പോകുമ്പോഴാണ് ട്രെയിന്‍ പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് മനസിലായത്. ട്രെയിന്‍ നന്നായി ഇളകിയതോടെ പാളത്തില്‍ പ്രശ്നമുള്ളതായി ലോക്കോ പൈലറ്റിന് തോന്നി. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയിച്ചു.പരിശോധനയില്‍ 20ഓളം ക്ലിപ്പുകള്‍ ഇത്തരത്തില്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. കൂടാതെ പാളത്തില്‍ 50 മീറ്ററോളം ദൂരത്ത് വലിയ കല്ലുകള്‍ നിരത്തി വച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്ത് തീവണ്ടികള്‍ വേഗംകുറച്ചു പോകാനുള്ള നിര്‍ദേശം നല്‍കി.രാത്രിതന്നെ കൊയിലാണ്ടിയില്‍നിന്ന് സീനിയര്‍ സെക്‌ഷന്‍ എന്‍ജിനിയറുടെയും വടകരയില്‍നിന്ന് ആര്‍.പി.എഫ്. എസ്.ഐ. സുനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ളവരും പയ്യോളി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തില്‍ കല്ലുകള്‍വെച്ചതായി കണ്ടത്.ഈ പരിശോധനയ്ക്കു ശേഷമാണ് തീവണ്ടികള്‍ക്ക് വേഗംകൂട്ടിയത്.

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം;കൊച്ചിയില്‍ ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു

keralanews protest over arrest of journalist fraternity workers blocked karnataka bus in kochi

കൊച്ചി:മംഗാലാപുരത്ത് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു.സംഭവത്തിൽ പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മംഗാലപുത്ത് എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തും ഉണ്ടായത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫ്രെട്ടേണിറ്റി പ്രവർത്തകർ കളമശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.പൌരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്രെട്ടേണിറ്റി – വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പൌരത്വ ഭേദഗതി നിയമവും പൌരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആലപ്പുഴയില്‍ പ്രതിഷേധം നടന്നത്.കല്ലുപാലത്ത് നിന്നും ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു.

പറശ്ശിനിക്കടവിൽ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേര്‍ അറസ്റ്റില്‍

keralanews eight arrested for gambling in parassinikkadavu lodge

കണ്ണൂർ:പറശ്ശിനിക്കടവിൽ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് ഒരു ലക്ഷത്തി ആയിരം രൂപയും പോലീസ് പിടിച്ചെടുത്തു. ചിറക്കലിലെ കെ. മജീദ് (44),തളിപ്പറമ്പ് ഞാറ്റുവയലിലെ കെ.കെ അഷറഫ് (50), തളിപ്പറമ്പ് കാക്കാത്തോട്ടിലെ പി.എം മുഹമ്മദ് സാക്കീര്‍ (28), തളിപ്പറമ്പിലെ എ.പി അഷറഫ് (47), വെള്ളോറ കോയിപ്രയിലെ എ.പി ഷെരീഫ് (40), സീതീസാഹിബ് ഹൈസ്‌കൂളിന് സമീപത്തെ ടി.വി സിദ്ദീഖ് (50), പാവന്നൂര്‍മൊട്ടയിലെ രാമചന്ദ്രന്‍ (52), കാട്ടാമ്പള്ളിയിലെ എ. സൈനുദ്ദീന്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ കെ.കെ റസിഡന്‍സി എന്ന ലോഡ്ജില്‍ നിന്നാണ് ഇവർ പിടിയിലായത്.രാത്രി എട്ടുമണിയോടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയിഡ് നടത്തിയത്. സ്ഥിരമായി ഈ സംഘം ഇവിടെ മുറിയെടുത്ത് വന്‍തോതില്‍ പണം വെച്ച്‌ ചീട്ടുകളിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ എ.ജി അബ്ദുള്‍ റൗഫ്, സി.പി.ഒമാരായ സ്‌നേഹേഷ്, ബിനേഷ്, മഹേഷ്, ബിനീഷ്, പ്രകാശന്‍, അബ്ദുള്‍ ജബ്ബാര്‍, വിപിന്‍, പ്രകാശന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

തോമസ് ചാണ്ടി എംഎൽഎ അന്തരിച്ചു

keralanews thomas chandy m l a passed away

കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.വിദേശത്തും നാട്ടിലുമായി ചികില്‍സ തുടര്‍ന്നു വരികയായിരുന്നു. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതോടെ ചികില്‍സയുടെ ഭാഗമായി എറണാകുളത്തെ വീട്ടിലായിരുന്നു താമസം.അടുത്തിടെയും വിദേശത്ത് പോയി ചികില്‍സ നടത്തിയ ശേഷം മടങ്ങിയെത്തിയതായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുട്ടനാട് എംഎല്‍എ ആയിരുന്നു.കഴിഞ്ഞ മൂന്നു തവണയായി കുട്ടനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന തോമസ് ചാണ്ടി പിണറായി വിജയന്റെ നേതൃതത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നുവെങ്കിലും പിന്നീട് ആലപ്പുഴയില്‍ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു വരികയായിരുന്നു.കെഎസ്‌യു വിലൂടെയാണ് തോമസ് ചാണ്ടി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു.വിദേശത്ത് അടക്കം വ്യവസായങ്ങള്‍ നടത്തിവന്നിരുന്ന തോമസ് ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്.കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി ഐ സി എന്ന പാര്‍ടി രൂപീകരിച്ചതോടെയായിരുന്നു. കെ കരുണാകരനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്.ഡി ഐ സി കെ പിന്നീട് എന്‍സിപിയില്‍ ലയിച്ചതോടെയാണ് തോമസ് ചാണ്ടി എന്‍സിപിയില്‍ എത്തുന്നത്.2006 ല്‍ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നാണ് തോമസ് ചാണ്ടി ആദ്യമായി നിയമ സഭയില്‍ എത്തുന്നത്.സിറ്റിംഗ് എംഎല്‍എയായിരുന്ന കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി വിജയിച്ചത്. പിന്നീട് 2011 ല്‍ നടന്ന തിരഞ്ഞെടുപ്പിലും കെ സി ജോസഫിനെ തോമസ് ചാണ്ടി പരാജയപ്പെടുത്തി.2016 ല്‍ വീണ്ടും കുട്ടനാട് തന്നെ മല്‍സരിച്ച തോമസ് ചാണ്ടി തിരഞ്ഞെടുപ്പെട്ടു.പിന്നീട് പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്നും ആരോപണത്തെ തുടര്‍ന്ന് എന്‍ സി പിയിലെ തന്നെ എ കെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ആലപ്പുഴയിലെ റിസോട്ടിനായി കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2017 നവംബര്‍ 15 ന് തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്നാണ് തോമസ് ചാണ്ടി എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.1947 ഓഗസ്റ്റ് 29 നാണ് ജനനം. വിസി തോമസ്- ഏലിയാമ ദമ്പതികളുടെ മകനാണ്. എഞ്ചിനീയറിംഗ് ബിരുദവും ചെന്നൈയ്യില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അദ്ദേഹം നേടിയിരുന്നു.2006 മുതല്‍ കുട്ടനാട് മണ്ഡലത്തിലെ പകരം വെയ്ക്കാനില്ലാത്ത ജനപ്രതിനിധിയാണ് തോമസ് ചാണ്ടി

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

keralanews journalists taken into custody in mangalore have been released

മംഗളൂരു:മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്.പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്.ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇവരുടെ വാഹനങ്ങള്‍ കര്‍ണാടക പോലിസ് വിട്ടു കൊടുത്തിട്ടില്ല. നാളെ വിട്ടുനല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിടെ എട്ടരയോടെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയ വണ്‍, 24×7 ചാനലുകളുടെ റിപോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.പോലിസ് മോശമായാണ് പെരുമാറിയതെന്ന് റിപ്പോർട്ടർമാർ ആരോപിച്ചു. സീറ്റ് ഉണ്ടായിട്ടും ബസ്സിലെ തറയിലിരുത്തിയതായി മീഡിയാ വണ്‍ റിപോര്‍ട്ടര്‍ റഷീദ് ആരോപിച്ചു.കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്.കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമപ്രവര്‍ത്തകരെയാണെന്നും ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും മംഗലാപുരത്തെ പോലീസും കേരളത്തിലെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ കേരളാ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍ ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.ഒടുവില്‍ മൂന്നരയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ ഇവരെ പോലീസ് വാഹനത്തില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു.

കണ്ണൂര്‍ വനിത കോളേജില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

keralanews bjp activists allegedly threatened students protesting against citizenship amendment bill at kannur womens college

കണ്ണൂര്‍:പള്ളിക്കുന്ന് വനിത കോളേജില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.കോളേജിന് പുറത്തുള്ള ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കൃഷ്ണ മേനോന്‍ സ്മാരക വനിത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.പ്രതിഷേധത്തിന്റെ ഭാഗമായി മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടവഴിയില്‍ ഒട്ടിച്ചിരുന്നു. ഇതില്‍ ചവിട്ടി വിദ്യാര്‍ത്ഥികള്‍ കോളേജിനകത്ത് കയറിയായിരുന്നു അവര്‍ പ്രതിഷേധം നടത്തിയത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു.എന്നാല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. ഇതോടെ കൂടുതല്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും വിദ്യാര്‍ഥിനികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍നിന്ന് മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. പെണ്‍കുട്ടികള്‍ കോളേജ് കവാടത്തില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.പിന്നീട് പോലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം നിലത്തുപതിച്ചിരുന്ന മോദിയുടെയും അമിത് ഷായുടെയും പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെ പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.ജയിലില്‍ കഴിയേണ്ടിവരുമെന്നും കോളേജിന്റെ പടി ചവിട്ടിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനെതിരെ കോളേജിലെ മുഴുവന്‍ സംഘടനകളുടേയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിറങ്ങുകയും മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തു.വരും ദിവസങ്ങളിലും എല്ലാ സംഘടനയിലേയും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച്‌ നിന്നുകൊണ്ടുതന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

keralanews dgp loknath behra promises safety of malayalee journalists who were taken into police custody in mangalore

മംഗളൂരു:മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്നും കര്‍ണാടക ഡിജിപിയോടും കാര്യങ്ങൾ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. റിപ്പോര്‍ട്ടിങ് തടഞ്ഞ പൊലീസ് ക്യാമറയും ഫോണുകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ച മോര്‍ച്ചറിക്കു സമീപത്ത് വെച്ചാണ് മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി, 24ന്യൂസ് തുടങ്ങിയ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തത്.

മംഗളൂരു അതീവ ജാഗ്രതയിൽ;മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ

keralanews high alert in mangalore media persons under custody

മംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവരുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെ മംഗളൂരുവിൽ സംഘർഷം രൂക്ഷം. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മീഡിയ വൺ,മാതൃഭൂമി,24, ഏഷ്യാനെറ്റ്,ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ മാധ്യമ സംഘമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു.ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. സ്ഥലത്ത് നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റിഡിയിലെടുത്തത്. അക്രമസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. മംഗളൂരു ഉള്‍പെടെ ദക്ഷിണ കന്നട ജില്ലയില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം പ്രക്ഷോഭം നടക്കുന്ന മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരെ സജ്ജരാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

നടി ആക്രമിക്കപ്പെട്ട കേസ്;ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി തള്ളി

keralanews court rejected the demand of dileep to see the visuals in actress attack case alone

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവായ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി തള്ളി. കൂട്ടുപ്രതികള്‍ക്കൊപ്പമാണ് ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് അനുവാദമുള്ളത്.കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാന്‍ കോടതി നേരത്തെ ദിലീപിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണേണ്ടെന്നും, ഒറ്റയ്ക്ക് കാണാന്‍ അനുവദിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.ഈ ആവശ്യമാണ്  തള്ളിയിരിക്കുന്നത്. ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.അതേസമയം ദൃശ്യങ്ങള്‍ പരിശോധിക്കാനായി ദിലീപ് വിചാരണ കോടതിയിലെത്തി.അഭിഭാഷകനോടും മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധനോടും ഒപ്പമാണ് ദിലീപ് എത്തിയത്. മറ്റു പ്രതികള്‍ രാവിലെതന്നെ കോടതിയില്‍ ഹാജരായിരുന്നു.ദിലീപിനുപുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് ദൃശ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലും വന്‍പ്രതിഷേധങ്ങള്‍;ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘര്‍ഷം

keralanews protest against citizenship amendment bill in kerala clash in d y f i rajbhavan march

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന സമരക്കാരെ വേട്ടയാടുന്നതിലും പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചത്. മാര്‍ച്ച്‌ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസിന് നേരേ കല്ലേറുമുണ്ടായി.തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രകടനമായെത്തി. ഇവര്‍ക്ക് നേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കോഴിക്കോടും ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.സിപിഐ പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കോലംകത്തിച്ചു. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ റാലി സംഘടിപ്പിച്ചു. എറണാകുളത്തും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.