പൗരത്വ ഭേദഗതി ബില്ലിനെതിരെ കാൺപൂരിൽ നടന്ന അക്രമത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്ക്; പ്രതികളെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യു.പി. പോലീസ്

keralanews Uttar Pradesh police say that people from Kerala have been involved in the recent violence in UP against the amendment of the citizenship law

ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരേ യു.പിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ്. കാന്‍പുരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍നിന്നുള്ളവരുമുണ്ടെന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. സംഭവങ്ങളില്‍ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്.കേരളത്തിന് പുറമേ ഡല്‍ഹിയില്‍നിന്നുള്ളവര്‍ക്കും അക്രമങ്ങളില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാന്‍പുരിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഇവരുടെ പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ പോസ്റ്ററുകള്‍ യു.പിയിലും ഡല്‍ഹിയിലും കേരളത്തിലും പതിക്കും.യു.പിയില്‍ സംഘർഷത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചു; കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസ്‌ പ്രതിനിധികളുടെ വന്‍ പ്രതിഷേധം

keralanews supported citizenship amendment bill governor faces protest at history congress venue in kannur

കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ചരിത്രകോണ്‍ഗ്രസിന്റെ ഉദ്‌ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ നേരെ പ്രതിഷേധം. ഭരണഘടനയ്‌ക്കനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ്‌ പ്രസംഗം തുടങ്ങിയെങ്കിലും ഗവര്‍ണര്‍ രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിച്ചതോടെ ചരിത്രകോണ്‍ഗ്രസ്‌ പ്രതിനിധികള്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു. ജാമിയ മിലിയയില്‍ നിന്നെത്തിയ പ്രതിനിധികളടക്കം സിഎഎ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു.പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സിപിഐ എം നേതാക്കള്‍ ഉള്‍പ്പടെയുള്ളരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടയുകയായിരുന്നു. ചരിത്രകാരന്‍മാരായ ഇര്‍ഫാന്‍ ഹബീബ്, എംജിഎസ് നാരായണന്‍ ഉള്‍പ്പടെയുള്ളവര്‍ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.ഗവര്‍ണര്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടര്‍ന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ സ്വന്തം പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്താമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടര്‍ന്ന് കയ്യിലുള്ള കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളായി എഴുതി അവര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കമുണ്ടായെങ്കിലും ഇത് സംഘാടകര്‍ തടയുകയായിരുന്നു.എന്നാല്‍ തന്നെ പ്രതിഷേധിച്ച്‌ നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താന്‍ അനുകൂലിക്കില്ല. കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല എന്നും അദ്ദേഹം വ്യക്തമാക്കി.ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെ താക്കീത് നല്‍കിയിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

 

കണ്ണൂരിൽ ഗവര്‍ണര്‍ക്കു കരിങ്കൊടി;യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

keralanews black flag protest against kerala governor in kannur k s u youth congress workers arrested

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍.വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് ജില്ലാ പൊലിസ് മേധാവി താക്കീതും നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച്‌ പ്രസ്താവന നടത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു.കണ്ണൂര്‍ എം.പി കെ.സുധാകരനും മേയറും ഗവർണ്ണർ പങ്കെടുക്കുന്ന  പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.അതുകൊണ്ടുതന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.

ഐഎസ്‌എല്‍;കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ഇന്ന്

keralanews i s l kerala blasters north east united match today

കൊച്ചി:ഐഎസ്‌എല്‍ ആറാം സീസണില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം.രാത്രി 7:30ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.കേരളത്തിന്റെ ഈ സീസണിലെ പത്താം മത്സരമാണിത്.പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്.ഒന്‍പത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിക്കാനായ ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ്.ഒൻപത് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.പ്ലേ ഓഫ് സാധ്യതകള്‍ സജീവമാകണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ എട്ടെണ്ണത്തിലെങ്കിലും കേരളത്തിന് വിജയിക്കണം.

തളിപ്പറമ്പിൽ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ

keralanews youth arrested in delhi with drug pills

കണ്ണൂർ:തളിപ്പറമ്പിൽ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്ബ് സീതി സാഹിബ് സ്‌കൂളിന് സമീപം സിഎച്ച്‌ റോഡിലുള്ള ഷമീമ മന്‍സിലിലെ ടി.കെ.റിയാസ്(26) ആണ് എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.ലഹരി കടത്താനായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തളിപ്പറമ്പ് പരിസരത്തെ കോളജുകളിലും മറ്റും യുവാക്കള്‍ക്കിടയില്‍ ലഹരി ഗുളികകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ഒരു ഗുളിക 200 മുതല്‍ 300 രൂപ വരെ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതെന്നും മുംബൈയില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്നും പ്രതി എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി.

പൗരത്വ നിയമത്തെ പരസ്യമായി അനുകൂലിച്ചു; ഗവർണ്ണർക്കെതിരെ വിദ്യാർത്ഥി പ്രതിഷേധത്തിന് സാധ്യത; നടപടി കർശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ​

keralanews supported the citizenship act chance for student protests against governor

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ഥി സംഘടനകള്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ താക്കീത്.ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് പോലീസിന്റെ മുന്നറിയിപ്പ്. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യാക്തമാക്കി.അതേസമയം ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ കെ സുധാകരന്‍ എംപിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ച്‌ ഗവര്‍ണര്‍ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് ഇടത്-വലത് വിദ്യാര്‍ഥി സംഘടനകളെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു.കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസ്സിൽ ശനിയാഴ്ച രാവിലെയാണ് ദേശീയ ചരിത്ര കോണ്‍ഗ്രസ് ആരംഭിക്കുന്നത്.ഗവര്‍ണറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.ഗവര്‍ണറെ തടയുമെന്ന് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിനായി കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടുണ്ട് ദ്രുത കര്‍മ സേനയെ വിന്യസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അനിശ്ചിതകാല പണിമുടക്ക്;കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താനൊരുങ്ങി ഗതാഗതമന്ത്രി

keralanews indefinite strike transport minister to hold talks with ksrtc trade unions

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നു. ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും. ഈ സാഹചര്യത്തിലാണ് ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്.കഴിഞ്ഞ മൂന്ന് മാസമായി കെഎസ്‌ആര്‍ടിസിയില്‍ രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സമരം തുടങ്ങിയത്.എഐടിയുസിയുടെ യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്.സത്യഗ്രഹ സമരത്തെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നാരോപിച്ചാണ് ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിനു തയ്യാറെടുക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിനി‍റെ അധിക സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.ശമ്പളത്തെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നും 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

keralanews gold worth 65lakhs seized from kannur airport kannur native arrested

മട്ടന്നൂർ:കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നും 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.സംഭവത്തിൽ കോട്ടയംപോയില്‍ സ്വദേശി നൗഷാദിനെ അറസ്റ്റ് ചെയ്തു.പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.വിമാനത്താവളത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനിടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിയിലാണ് പ്രതി പിടിയിലായത്. 1675 ഗ്രാം സ്വര്‍ണം നൗഷാദില്‍ നിന്ന് കണ്ടെടുത്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ സീറ്റിനടിയിലും, ശുചിമുറിയിലും ഒളിപ്പിച്ച നിലയില്‍ രണ്ടുകോടിയോളം രൂപവില മതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്വർണ്ണം പിടികൂടുന്നത്.

എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ പു​തി​യ സം​വി​ധാ​നം

keralanews new system to withdraw cash from s b i a t m from january 1st

തിരുവനന്തപുരം: എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ജനുവരി ഒന്നുമുതല്‍ പുതിയ സംവിധാനം നിലവിൽ വരുന്നു.ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ രീതിയാണ് ബാങ്ക് പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ നടപ്പിലാക്കുക.രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് പുതിയ രീതിയില്‍ പണം പിന്‍വലിക്കേണ്ടത്.പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തുക. തുടര്‍ന്ന് മുന്നോട്ടുപോകാനുള്ള നിര്‍ദേശം നല്‍കുക. അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ ഒടിപി ലഭ്യമാകും. തുടര്‍ന്ന് സ്‌ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് ടൈപ്പ് ചെയ്യുമ്പോൾ പണം ലഭ്യമാകും. 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ രീതി. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം ലഭ്യമാകാന്‍ പഴയ രീതി തന്നെ തുടരും.

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു;നാലുപേരും മലയാളികൾ

keralanews four from one family died in an accident in coimbatore

കോയമ്പത്തൂർ:കോയമ്പത്തൂർ വെള്ളല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് നല്ലേപ്പിളളി സ്വദേശികളായ നാലു പേർ മരിച്ചു.പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന കാറും – സേലം ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. നല്ലേപ്പിള്ളി സ്വദേശി രമേശ്, രമേശിന്റെ മകൾ ആദിഷ(12), ഇവരുടെ ബന്ധു മീര, മീരയുടെ മകൻ ഋശികേഷ്(7) എന്നിവരാണ് മരിച്ചത്. പുറകെ വന്ന വാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആതിര, നിരഞ്ജന, വിപിൻദാസ് എന്നിവരും ബന്ധുക്കളാണ്.നല്ലേപിള്ളി സ്വദേശിയായ ഡ്രൈവർ രാജനും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി മറിഞ്ഞു.