എറണാകുളം:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ധര്‍മലിംഗം ആണ് മരിച്ച തീര്‍ത്ഥാടകന്‍. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.30ന് പെരുമ്പാവൂരിൽ വെച്ചായിരുന്നു അപകടം.ബസിലും കാറിലുമായി സഞ്ചരിച്ച 17 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. 12 പേര്‍ നിസാര പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയരികില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഈ വാഹനങ്ങള്‍ വന്ന് ഇടിയ്ക്കുകയായിരുന്നു. ആദ്യം മിനിബസ് ലോറിയുടെ പിന്നിലിടിച്ചു. പിന്നാലെ കാറും വന്നിടിച്ചു. ലോറി ഡൈവര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് പോയ സമയത്തായിരുന്നു അപകടം നടന്നത്.മിനി ബസ്സിലാണ് ധര്‍മലിംഗം സഞ്ചരിച്ചിരുന്നത്.
കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം.ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല ഇവ സൂക്ഷിക്കുന്നതും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.എന്നാല്‍ ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മ്മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല.ഉത്തരവ് ലംഘിച്ചാല്‍ ആദ്യതവണ പതിനായിരം രൂപ പിഴ ഈടാക്കും.രണ്ടാമതും ലംഘിച്ചാല്‍ 25,000 രൂപ,തുടര്‍ന്നും ലംഘിച്ചാല്‍ 50,000 രൂപ എന്നിങ്ങനെണ് പിഴ ഈടാക്കുക. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും.കളക്ടര്‍, സബ്ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ഇതിനെതിരെ നടപടിയെടുക്കാം.
കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളിലായി ‘അജ്ഞാത കേക്കുകള്‍’; കൊണ്ടുവെച്ചത് പർദ്ദയണിഞ്ഞ സ്ത്രീയാണെന്നറിഞ്ഞതോടെ പരിഭ്രാന്തിയില്‍ ജീവനക്കാര്‍
കോഴിക്കോട്:കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളിലായി ‘അജ്ഞാത കേക്കുകള്‍’.ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ ജീവനക്കാരാണ് താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്ത് എട്ടു കവറുകളിലായി അജ്ഞാത കേക്ക് കണ്ടെത്തുന്നത്. ഇതോടെ ഇത് ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമമായി.ആരാണ് കേക്ക് വെച്ചതെന്ന് ആര്‍ക്കും അറിയില്ല. വൈകിട്ട് മൂന്നരയോടെ പര്‍ദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാര്‍ പറഞ്ഞു. അവര്‍ എന്തോ ആവശ്യത്തിനു വന്നപ്പോള്‍ തല്‍ക്കാലത്തേക്കു കവര്‍ മേശപ്പുറത്തു വച്ചതാണെന്നാണ് കണ്ടവര്‍ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണ് വന്നതെന്നും, അതില്‍ തന്നെ തിരിച്ചു പോയി എന്നും ചിലര്‍ വെളിപ്പെടുത്തി.ഇതോടെ കേക്കില്‍ ദുരൂഹതയേറി.കലക്ടര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് എഡിഎം റോഷ്ണി നാരായണനെ ജീവനക്കാര്‍ കാര്യം അറിയിച്ചു. അവര്‍ പൊലീസിനു വിവരം നല്‍കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറയില്‍ നോക്കി ആളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും ആ ഭാഗത്ത് നിരീക്ഷണ ക്യാമറ ഇല്ലാത്തതിനാൽ ആ ശ്രമം വിഫലമായി.പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കാണ് ഇതെന്ന് പരിശോധനയില്‍ വ്യക്തമായി. അവസാനം സാംപിള്‍ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു.തുടർന്ന് ബേക്കറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി.സ്ത്രീ പെരുവയല്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞു. അതിനിടെ, ഉച്ചയോടെ മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു. അവിടെ കേക്ക് സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെ, കലക്ടറേറ്റില്‍ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മധുരം നല്‍കാന്‍ തീരുമാനിച്ചതാണെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണത്തിലാണ്.
ട്രഷറി നിയന്ത്രണത്തില്‍ അയവ്;ഒക്ടോബര്‍ 31 വരെയുളള ബില്ലുകള്‍ പാസാക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
കണ്ണൂര്‍: ട്രഷറി നിയന്ത്രണത്തില്‍ അയവ്.ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസാക്കി നൽകാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത്.അതോടൊപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയിരുന്ന കരാര്‍ പ്രവര്‍ത്തികളുടെ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും പാസാക്കി നല്‍കുമെന്നാണ് അറിയിച്ചത്. ഡിസംബര്‍ ഏഴ് വരെ നല്‍കിയ ഒരു ലക്ഷം രൂപ വരെയുളള ബില്ലുകള്‍ നേരത്തെ പാസാക്കി നല്‍കിയതായി ട്രഷറി വകുപ്പ് അറിയിച്ചു.പോസ്റ്റല്‍ സ്റ്റാമ്ബുകള്‍ വാങ്ങുന്നതും ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിര്‍ദേശത്തോടെ സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്റ്റേഷനറികള്‍ വാങ്ങുന്നതുള്‍പ്പടെ ചെറിയ ചിലവുകള്‍ നടത്താന്‍ കഴിയും. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കരാറുകാര്‍ക്കും മറ്റു വലിയ ചിലവുകള്‍ക്കുമുള്ള നിയന്ത്രണത്തില്‍ ഒരു മാറ്റവും വരില്ല.ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തതും വായ്പാ പരിധി വര്‍ധിപ്പിക്കാത്തതുമാണ് വലിയ നിയന്ത്രണമേര്‍പ്പടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
തിരുവനന്തപരം:തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു.വെമ്പായത്തിന് സമീപം പെരുങ്കുഴിയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്.മരിച്ച മൂന്ന് പേരും ബൈക്ക് യാത്രികരാണ്.നെടുമങ്ങാട് ആനാട് വേങ്കവിള വെട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരിച്ചത്.മനുവും ഉണ്ണിയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്ന് പേരും ചേര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യവേയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ ഇന്നെത്തിക്കും
കൊച്ചി:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ ഇന്നെത്തിക്കും. അങ്കമാലിയിലെ മഞ്ഞപ്രയിലാണ് ഇവ സംഭരിക്കുക.മരടിലെ 4 ഫ്ലാറ്റുകളിലെ 5 ടവറുകളാണ് പൊളിക്കുന്നത്. ഇതിനായി 1600 കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് എത്തിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിന് ശേഷം ബാക്കി വരുന്ന വസ്തുക്കൾ മരടിൽ സൂക്ഷിക്കില്ല. അങ്കമാലിയിലെ സംഭരണ കേന്ദ്രത്തിലേക്ക് തന്നെ മാറ്റും. ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതിനായുളള ദ്വാരങ്ങളിടുന്ന ജോലികള്‍ രണ്ട് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.ഇത് കഴിയുന്നതോടെ സ്ഫോടകവസ്തുക്കള്‍ മരടിലെത്തിച്ച് കെട്ടിടത്തിലെ ഈ ദ്വാരത്തിനകത്ത് നിറക്കും. ജനുവരി 11ന് തന്നെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൂര്‍ണമായി പൊളിക്കും.അതേസമയം ഫ്ലാറ്റുകള്‍ പൂര്‍ണമായി പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുമ്പോഴും പരിസരവാസികളുടെ ആശങ്ക പരിഹരിക്കാനുളള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഫ്ലാറ്റുവാങ്ങിയവർക്ക് നഷ്ടപരിഹാരം നല്‍കിയത് നല്ല കാര്യമാണ്. എന്നാൽ പൊളിക്കുന്നതിന്റെ മുഴുവൻ ദുരിതവും പ്രത്യാഘാതവും ഏറ്റുവാങ്ങേണ്ടി വരുന്നത് പരിസരവാസികളാണ്.തങ്ങളുടെ വീട് വരെ നഷ്ടപ്പെടുന്ന സ്ഥിതിയിലും ആരും ഒരിടപെടലും നടത്തുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ഫ്ലാറ്റുകൾ പൊളിക്കാൻ ചുമതലപ്പെടുത്തിയ സബ് കളക്ടർ സ്നേഹിൽകുമാർ നാട്ടുകാരുമായി ആശയ വിനിമയത്തിന് തയ്യാറാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കൂടത്തായി കൊലപാതക പരമ്പര; ആദ്യകുറ്റപത്രം തയ്യാറായി
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര കേസിലെ ആദ്യകുറ്റപത്രം തയ്യാറായി.പ്രധാന പ്രതി ജോളി ജോസഫിന്റെ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം സാക്ഷികളും മുന്നൂറോളം രേഖകളും നാല് പ്രതികളുമാണ് കേസിലുള്ളത്.കുറ്റപത്രം ഇന്നോ നാളയോ താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ജോളി അറസ്റ്റിലായിട്ട് ജനുവരി 2-ന് 90 ദിവസം തികയും.90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് ഇന്നോ നാളയൊ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടത്തായി കൊലപാതക പരമ്പരകേസിൽ ഏറ്റവും ശക്തമായ തെളിവുള്ള കേസാണ് റോയ് തോമസിന്റെ കൊലപാതകം.പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും കെമിക്കൽ അനാലിസിസ് റിപ്പോർട്ടിലും സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡിന്റെ ബാക്കി കൂടി കണ്ടെടുത്തതോടെ അന്വേഷണ സംഘം ആത്മവിശ്വാസത്തിലാണ്.കൊലക്ക് കാരണമായ വ്യാജ ഒസിയത്തും കേസിലെ പ്രധാന തെളിവാണ്. ജോളി ഒന്നാം പ്രതിയും സയനൈഡ് എത്തിച്ച് നൽകിയ എം.എസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജികുമാർ, വ്യാജ ഒസിയത്ത് തയ്യാറാക്കാൻ സഹായിച്ച സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്ന കെ മനോജ് എന്നിവരാണ് മൂന്നും, നാലും പ്രതികൾ. കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ ഹരിദാസന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധനരാജന്‍ കളിക്കിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം:മുന്‍ സന്തോഷ് ട്രോഫി താരം ആര്‍.ധനരാജന്‍ (40) ഫുട്ബോള്‍ ടൂര്‍ണമെന്‍റിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ചു.പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഖാദറലി അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം.പെരിന്തല്‍മണ്ണ എഫ് സിക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയ ധനരാജന്‍ ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും പരിശോധിച്ചശേഷം ഉടന്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് വേണ്ടി ഏറെക്കാലം ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ അര്‍ച്ചന. മകള്‍ ശിവാനി.
മണിമലയാറ്റില്‍ കയത്തില്‍പ്പെട്ട് രണ്ട് വിദ്യാർഥികൾ മരണമടഞ്ഞു
പത്തനംതിട്ട:മണിമലയാറ്റിലെ തേലപ്പുഴകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചങ്ങനാശേരി വെജിറ്റബിള്‍ മാര്‍ക്കറ്റിനു സമീപം ഇലഞ്ഞിപറമ്പിൽ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്റെ മകന്‍ സച്ചിന്‍ മാര്‍ട്ടിന്‍ (19), ചങ്ങനാശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര റൂബിനഗര്‍ പുതുപ്പറമ്പിൽ പി.കെ.സുരേഷിന്റെ മകന്‍ ആകാശ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ബൈക്കുകളില്‍ വിനോദയാത്രക്ക് എത്തിയ 13 അംഗ വിദ്യാര്‍ഥി സംഘം തൂക്കുപാലം കണ്ടതിനുശേഷം ആറ്റില്‍ കുളിക്കാനിറങ്ങുകയും തുടര്‍ന്ന് അതില്‍ രണ്ട് പേര്‍ കയത്തില്‍പ്പെടുകയുമായിരുന്നു. ആകാശ് മണല്‍വാരിയ കുഴിയില്‍പ്പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സച്ചിനും മുങ്ങിപ്പോവുകയായിരുന്നു.കൂടെയുള്ളവരുടെ നിലവിളി കെട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.സച്ചിന്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.ആകാശ് പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജില്‍ ബികോം എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.മല്ലപ്പള്ളിയിലെ സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വൃദ്ധസദനത്തില്‍ വെച്ച് നടക്കുന്ന ആദ്യ വിവാഹം; ലക്ഷ്മി അമ്മാൾ ഇനി കൊച്ചനിയന്‍ ചേട്ടന്റെ സ്വന്തം
തൃശൂർ: നന്‍മനിറഞ്ഞ മനസുകളെ സാക്ഷിനിര്‍ത്തി കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒന്നായി.ഇത് വൃദ്ധസദനത്തില്‍ വെച്ച് നടക്കുന്ന ആദ്യ വിവാഹം. രാമപുരത്തുകാര്‍ ഏക മനസ്സോടെ ആ മംഗളകര്‍മ്മത്തിനു സാക്ഷിയായി.തൃശൂര്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള രാമവര്‍മപുരം വൃദ്ധസദനത്തിലെ അന്തേവാസികളായ ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പെട്ട നിരവധി പേരെത്തി.67 കാരനായ കൊച്ചനിയനും 66കാരിയായ ലക്ഷ്മി അമ്മാളും വിവാഹിതരായപ്പോൾ കേരളത്തിലെ ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ തമ്മില്‍ ആദ്യമായി നടക്കുന്ന വിവാഹം എന്ന ഖ്യാതി കൂടി ഇതിന് ലഭിച്ചു. അൻപതു വര്‍ഷത്തിലേറെയായി ഇരുവര്‍ക്കും പരിചയമുണ്ട്.ലക്ഷ്മി അമ്മാളുടെ ഭര്‍ത്താവ് കൃഷ്ണ അയ്യര്‍ എന്ന സ്വാമിയുടെ പാചകജോലിയില്‍ സഹായി ആയിരുന്നു കൊച്ചനിയന്‍. ഭര്‍ത്താവിന്‍റെ മരണശേഷം ഒറ്റപ്പെട്ടു പോയ ലക്ഷ്മി അമ്മാളെ നോക്കിയിരുന്നത് കൊച്ചനിയനായിരുന്നു. ഒറ്റക്കായ ലക്ഷ്മി അമ്മാളെ കൊച്ചനിയനാണ് വൃദ്ധമന്ദിരത്തിലാക്കിയത്. ഇടക്ക് കാണാന്‍ വരുമായിരുന്നു. അതിനിടെയാണ് ശരീരം തളര്‍ന്ന് ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ വയനാട്ടിലെ വൃദ്ധമന്ദിരത്തിലെത്തിക്കുന്നത്.അവിടെ ഏറെനാള്‍ കഴിഞ്ഞ കൊച്ചനിയനെ അദ്ദേഹത്തിന്‍റെ നിരന്തരമായ ആവശ്യപ്രകാരമാണ് രാമവര്‍മപുരത്ത് ലക്ഷ്മി അമ്മാള്‍ താമസിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയത്. ആരും നോക്കാനില്ലാത്ത കൊച്ചനിയനെ ഇനിയുള്ള കാലമെങ്കിലും നന്നായി പരിചരിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് ലക്ഷ്മി അമ്മാള്‍. രണ്ടു പേര്‍ക്കും വയ്യെങ്കിലും രണ്ടുപേരും പരസ്പരം താങ്ങും തണലായും മാറുമെന്ന് ഇവര്‍ പറയുന്നു.