യതീഷ് ചന്ദ്ര കണ്ണൂർ എസ് പി.;അഞ്ച് ജില്ലാ പോലീസ് മേധാവിമാർക്ക് സ്ഥലം മാറ്റം

keralanews yatish chandra kannur sp five district police chiefs transferred

തിരുവന്തപുരം: പോലീസിൽ വീണ്ടും അഴിച്ചുപണി . വിവിധ ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ളവരെയും സ്ഥലംമാറ്റിയാണ് അഴിച്ചുപണി നടത്തിയിരിക്കുന്നത്. തൃശൂർ ജില്ലാ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയാക്കി നിയമിച്ചു. പകരം കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന പ്രതീഷ് കുമാറിനെ പൊലീസ് ആസ്ഥാനത്ത് എസ്പിയായി നിയമിച്ചു.പോലീസ് അക്കാദമിയുടെ ചുമതലയുണ്ടായിരുന്ന ഡിഐജി അനൂപ് കുരുവിള ജോണിനെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായി നിയമിച്ചു. പകരം ഡിഐജി നീരജ് കുമാർ ഗുപ്തയെ പോലീസ് അക്കാദമിയിൽ നിയമിച്ചു.കൊല്ലം എസ്പിയായിരുന്ന പികെ മധുവിനെ ഇടുക്കി ജില്ലാ പോലീസ് മേധാവിയായും ഇടുക്കി എസ്പിയായിരുന്ന ടി നാരായണനെ കൊല്ലം എസ്പിയായും തിരുവനന്തപുരം ഡിസിപി ആർ ആദിത്യയെ തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയായും ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോർജിനെ വനിതാ സെൽ എസ്പിയായും വയനാട് എസ്പി കറുപ്പസ്വാമിയെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായും നിയമിച്ചു.കണ്‍സ്യൂമ‌ർ ഫെഡ് എംഡി ആർ സുകേശൻ പുതിയ  സ്പെഷ്യൽ ബ്രാഞ്ച് എസ്‍പിയാകും. പകരം എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീക്കിനെ കണ്‍സ്യൂമ‌ർ ഫെഡ് എംഡിയായും നിയമിച്ചു.

നടിയെ ആക്രമിച്ച കേസ്;ദിലീപ് സമർപ്പിച്ച വിടുതല്‍ ഹർജിയിൽ വിധി ഇന്ന്

keralanews actress attack verdict on petition submitted by dileep announced today

കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ വാദം.11 മണിയോടു കൂടി കൊച്ചിയിലെ വിചാരണ കോടതി വിധി പറയും.വിചാരണ ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്ന് ദിലീപിന്‍റെ ഹര്‍ജിയില്‍ പറയുന്നു.എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് വാദം നടന്നത്. പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെ ഒഴിവാക്കിയാല്‍ കേസിനെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ 2 പ്രധാന കണ്ണികൾ തളിപ്പറമ്പിൽ പിടിയിൽ

keralanews two from a ganja smuggling gang arrested in thaliparamba

കണ്ണൂർ:കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടു പേരെ തളിപ്പറമ്പിൽ  എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം തിരുരങ്ങാടി സ്വദേശി ഖമറുദ്ദീന്‍, കുറുമാത്തൂര്‍ സ്വദേശി ജാഫര്‍ എന്നിവരെയാണ് ആറു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.ഇവർ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധയ്ക്കിടെ തളിപ്പറമ്പ് സഹകരണ ആശുപത്രി പരിസരത്തു വെച്ചാണ് സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടു ലക്ഷം രൂപ വില വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തരകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ എക്‌സൈസിനോട് വെളിപ്പെടുത്തി. ജാഫര്‍ നേരത്തെയും കഞ്ചാവുമായി പിടിയിലായിരുന്നു. ഇവരുടെ സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനായി അന്വേഷണം നടത്തിവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

തിരുവനന്തപുരം ശ്രീകാര്യത്ത് അമ്മയെയും കുഞ്ഞിനെയും കാറിടിച്ച്‌ വീഴ്ത്തിയശേഷം വഴിയിലുപേക്ഷിച്ചയാള്‍ അറസ്റ്റില്‍

keralanews man who leave mother and child on road after hit the car were arrested

തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയെയും കുഞ്ഞിനെയും കാറിടിച്ച്‌ വീഴ്ത്തിയശേഷം വഴിയിലുപേക്ഷിച്ചയാള്‍ അറസ്റ്റില്‍.അപകടം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെ പിടിക്കാത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് കൊട്ടാരക്കര സ്വദേശി സജി മാത്യുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശകമ്മീഷനും ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചെമ്പഴന്തി സ്വദേശിയായ രേഷ്മയ്ക്കും രണ്ടര വയസുകാരന്‍ ആരുഷിനും നേര്‍ക്കാണ് കൊട്ടാരക്കര സദാനന്ദപുരം സ്വദേശി സജി മാത്യു ക്രൂരത കാട്ടിയത്. 28ന് വൈകിട്ട് സ്കൂട്ടറില്‍ സഞ്ചരിച്ച രേഷ്മയും മകനും സജിയുടെ കാറിടിച്ച്‌ റോഡില്‍ വീണു. കുട്ടിയുടെ മുഖത്തടക്കം പരുക്കേറ്റ് രക്തമൊലിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ സജി തയാറായില്ല. റോഡിലുണ്ടായിരുന്നവര്‍ തടഞ്ഞ് ബഹളം വച്ചതോടെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കാറില്‍ കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കള്‍ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിര്‍ബന്ധിച്ചു.ഈ നിര്‍ബന്ധം മൂലം സജി മാത്യു ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറായി.എന്നാല്‍ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച്‌ കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് ‘ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇറങ്ങിക്കോളാ’ന്‍ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇവിടെ ഇറങ്ങി.ഒരു ഓട്ടോയില്‍ കയറി കിംസ് ആശുപത്രിയില്‍ പോകുകയായിരുന്നു.സജി മാത്യുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുവതിയ്ക്കോ കുടുംബത്തിനോ അറിയില്ലായിരുന്നു. പക്ഷേ കാര്‍ നമ്പർ നോട്ട് ചെയ്ത് വച്ചിരുന്നു. ഇതടക്കം ചേര്‍ത്ത് ശ്രീകാര്യം പൊലീസില്‍ യുവതിയും ഭര്‍ത്താവും പരാതി നൽകുകയായിരുന്നു.

കണ്ണൂര്‍ കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

keralanews thirteen steel bombs found in kadirur kannur

കണ്ണൂര്‍: കണ്ണൂര്‍ കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.കുണ്ടുചിറ അണക്കെട്ടിന് സമീപത്തെ പുഴക്കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.കതിരൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.രാവിലെ 9.30 ഓടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരു നാടന്‍ ബോംബും പിടികൂടി.

കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു

keralanews moving bus caught fire in kannur

കണ്ണൂർ:കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു.താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ പിന്‍ഭാഗത്തെ ടയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്.ബസില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് തീ പടരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ബസ് ജീവനക്കാര്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കി.വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്റ്റേഷന്‍ ഓഫീസര്‍ കെ. വി. ലക്ഷ്മണന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മാരായ ബി.രാജേഷ് കുമാര്‍. സി. വി. വിനോദ് കുമാര്‍. സീനിയര്‍ ഫയര്‍ ഓഫീസര്‍ ദിലീഷ്. കെ കെ. എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കൾ മരടിലെത്തിച്ചു

keralanews explosives used for demolishing flats were brought to marad

കൊച്ചി:ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കൾ മരടിലെത്തിച്ചു.ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പെളിക്കാനുള്ള സ്ഫോടക വസ്തുക്കളാണ് എത്തിച്ചത്. അഞ്ചാം തിയതിയോടെ മാത്രമേ സ്ഫോടകവസ്തുക്കള്‍ നിറക്കാന്‍ ആരംഭിക്കു.ഇന്ന് ഉച്ചയോടെ സ്ഫോടകവസ്തുക്കള്‍ ഫ്ലാറ്റുകളിലെത്തിച്ചേക്കും. സ്ഫോടനവസ്തുക്കള്‍ നിറക്കാന്‍ പില്ലറുകളില്‍ ദ്വാരമിടുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്ഫോടനശേഷം തൂണുകളുടെ അവശിഷ്ടങ്ങള്‍ ദുരേക്ക് തെറിച്ച് പോകാതിരിക്കാന്‍ കമ്പി വലകളും ജിയോ ടെക്സ്റ്റൈലും ഉപയോഗിച്ച് തൂണുകള്‍ പൊതിയുന്ന ജോലികളും അവസാനഘട്ടത്തിലാണ്. അതേസമയം മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്‍റെ ക്രമമാറ്റം ഇന്ന് ചേരുന്ന സാങ്കേതികസമിതി യോഗത്തില്‍തീരുമാനിക്കും. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ജനവാസ മേഖലയിലെ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആദ്യം പൊളിക്കുന്നതിനെതിരായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.ഇന്ന് ചേരുന്ന ടെക്നിക്കല്‍ കമ്മിറ്റി യോഗത്തില്‍ പുതുക്കിയ ക്രമം നിശ്ചയിക്കും. ജനവാസമേഖലയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ജെയ്ന്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ ആദ്യം സ്ഫോടനം നടത്താനാണ് സാധ്യത. മുമ്പ് നിശ്ചയിച്ച അതേ സമയക്രമത്തില്‍ തന്നെയാവും ഫ്ലാറ്റുകള്‍ പൊളിക്കുക. ജെയിനിനൊപ്പം ഗോള്‍ഡന്‍കായലോരവും ആദ്യദിവസം പൊളിച്ച് നീക്കാനാണ് നിലവില്‍ സാധ്യത.

ഔദ്യോഗിക യാത്രക്കിടെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ റെയ്ഞ്ച് ഓഫീസർ മരിച്ചു

keralanews female range officer dies after being injured after jeep fell into river during official journey

പാലക്കാട്: ഔദ്യോഗിക യാത്രക്കിടെ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ റെയ്ഞ്ച് ഓഫീസർ മരിച്ചു. അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ പാലക്കാട് പള്ളിപ്പുറം കള്ളിക്കാട് ദീപ്തം ഹൗസില്‍ ഷര്‍മിള ജയറാം (32) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യഴാഴ്ച രാവിലെയാണ് മരിച്ചത്.ഡിസംബര്‍ 24ന് വൈകീട്ട് ആറരയോടെ അട്ടപ്പാടി ചെമ്മണ്ണൂരിലാണ് അപകടം നടന്നത്. പന്നിയൂര്‍പടികയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്ന ഷര്‍മിളയും ഡ്രൈവര്‍ ഉബൈദും സഞ്ചരിച്ചിരുന്ന ജീപ്പ് ഭവാനിപ്പുഴയിലേക്ക് മറിയുകയായിരുന്നു.ചെമ്മണ്ണൂര്‍ പാലത്തില്‍നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ ജീപ്പില്‍ നിന്നും ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷര്‍മിള 20 മിനിറ്റോളം വാഹനത്തില്‍ കുടുങ്ങിക്കിടന്നതായാണ് പറയുന്നത്.ഡ്രൈവര്‍ മുക്കാലി സ്വദേശി ഉബൈദ്(27) ചികിത്സയിലിരിക്കെ കഴിഞ്ഞ 27ന് മരിച്ചിരുന്നു.അട്ടപ്പാടി വനമേഖലയില്‍ വിഹരിച്ചിരുന്ന കഞ്ചാവ് മാഫിയയെ കിടുകിട വിറപ്പിച്ച ഓഫീസറാണ് ഷര്‍മ്മിള ജയറാം.വനപാലകര്‍ പോലും ഭയക്കുന്ന അട്ടപ്പാടി വനത്തില്‍ ധൈര്യസമേതം കടന്നുചെന്ന് ഷര്‍മ്മിള നടത്തിയത് നിരവധി കഞ്ചാവു വേട്ടകളാണ്.നാലു വര്‍ഷം മുൻപ് വനം വകുപ്പില്‍ ചേര്‍ന്ന ഷര്‍മ്മിള 2019 മാര്‍ച്ചിലാണ് അട്ടപ്പാടിയുടെ ആദ്യ വനിതാ ഫോറസ്റ്റ് റെയിഞ്ചര്‍ ആയി ചുമതലയേറ്റത്.ചുരുങ്ങിയ കാലയളവിനുള്ളില്‍ അട്ടപ്പാടി ജനതയ്ക്ക് പ്രിയങ്കരിയായി തീര്‍ന്ന ഷര്‍മ്മിള ആദിവാസി മേഖലയിലെ വിദ്യാഭ്യാസ ഉന്നതിക്കായും വലിയ തോതിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അട്ടപ്പാടി റെയ്ഞ്ചിലെ ആദിവാസി സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തുന്നതിനായി ആരണ്യോപഹാരമെന്ന പേരില്‍ നടപ്പിലാക്കിയ പ്രത്യേക പദ്ധതിയാണ് ജനശ്രദ്ധ നേടി കൊടുത്തത്.കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ഫോറസ്ട്രി ബിരുദവും ഡെറാഡൂണ്‍ വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഷര്‍മ്മിള ജയറാം തമിഴ്‌നാട് ഫോറസ്റ്റ് അക്കാഡമിയില്‍നിന്നും 2015-17 ബാച്ചിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷര്‍മിളയുടെ മൃതദേഹം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു.തുടര്‍ന്ന് രാത്രിയോടെ പാലക്കാട് മേഴ്‌സി കോളജിന് സമീപത്തെ കള്ളിക്കാട്ടെ വസതിയില്‍ എത്തിച്ചു. ഇന്ന് നഗരസഭ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ വിനോദ് പാണ്ഡ്യരാജാണ് ഭര്‍ത്താവ്. മകന്‍ നാലു വയസുകാരന്‍ റെയാന്‍ഷ്.പിതാവ്: ജയറാം (റിട്ട. മാനേജര്‍ കനറാ ബാങ്ക്). അമ്മ: ഭാനുമതി (ബി.എസ്.എന്‍.എല്‍. റിട്ട. ഉദ്യോഗസ്ഥ).

ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

keralanews the intelligence bureau inspector was found dead inside the car

കാസർകോഡ്:ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാന്‍സിസിനെയാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച്‌ വ്യക്തത ലഭിക്കുകയുളളുവെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ നാലുവര്‍ഷമായി കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇൻസ്പെക്റ്ററായി ജോലി ചെയ്യുകയാണ് റിജോ ഫ്രാന്‍സിസ്.

റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ

keralanews centre avoids keralas float for republic day parade

ന്യൂഡൽഹി:റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും ഇത്തവണയും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ. നേരത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച്‌ വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്.കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു ദൃശ്യത്തിന്റെ പ്രമേയം.കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. ധനസഹായം ലഭ്യമാക്കുന്ന കന്യാശ്രീ പദ്ധതിയുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന സബുജ് സാഥി, ജലസംരക്ഷണത്തിനുള്ള ജോല്‍ ധോരോ ജോല്‍ ഭോരോ പദ്ധതിയുമാണ് ടാബ്ലോയ്ക്കായി ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.

അതേസമയം ഫ്‌ളോട്ടുകള്‍ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്നണികള്‍ ആരോപിച്ചു.പൗരത്വനിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപി.യുമായി ഇടഞ്ഞാണ് ശിവസേന സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാൽ റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാംഘട്ടത്തില്‍ തന്നെ പുറത്തായി.ജനുവരി 26-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.