തിരുവനന്തപുരം:പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കഴുത്തറുത്തു കൊന്ന് യുവാവ് ജീവനൊടുക്കി.കാരക്കോണം പുല്ലന്‍തേരി അപ്പു നിവാസില്‍ അജിത് കുമാറിന്റെയും സീമയുടെയും മകള്‍ അക്ഷിക(19), കാരക്കോണം രാമവര്‍മ്മന്‍ചിറ ചെറുപുരയിന്‍കാലയില്‍ മണിയന്റെയും രമണിയുടെയും മകന്‍ അനു (22) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ബ്യൂട്ടീഷന്‍ വിദ്യാര്‍ഥിയായ അക്ഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു.പിന്നീട് ഇവർ തമ്മിൽ അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്‌തിരുന്നതായി പരാതിയുണ്ട്. ആറുമാസം മുൻപ് അക്ഷികയുടെ ബന്ധുക്കള്‍ അനുനെതിരേ വെള്ളറട സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെ രാവിലെ സുഹൃത്തിന്റെ ബൈക്കില്‍ അക്ഷികയുടെ വീട്ടിലെത്തിയ അനു വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചു.സോഡാക്കുപ്പി പൊട്ടിച്ച് കൈയില്‍ കരുതിയാണ് ഇയാളെത്തിയത്. മുറിക്കുള്ളിലേക്ക് ഓടിയ അക്ഷികയെ പിന്തുടര്‍ന്ന അനു മുറിയുടെ വാതിലടയ്ക്കുകയായിരുന്നു. സോഡാക്കുപ്പി ഉപയോഗിച്ച് അക്ഷികയുടെ കഴുത്തറുത്ത ശേഷം അനു സ്വയം കഴുത്തിലേക്ക് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ തള്ളി തുറന്നപ്പോള്‍ ഇരുവരും രക്‌തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. രണ്ടുപേരെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അക്ഷിക മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് അനു മരിച്ചത്.ഫോറന്‍സിക് സംഘം, വിരലടയാള വിദഗ്‌ധര്‍, തുടങ്ങിയവര്‍ വീട്ടില്‍ പരിശോധന നടത്തി. അക്ഷികയുടെ വീട്ടില്‍നിന്നു കൊലപാതകത്തിന് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി. വഴുതക്കാടിലെ ഒരു കോളേജില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു അക്ഷിക. വിദ്യാര്‍ഥിയായ അഭിഷേക് സഹോദരനാണ്. മനുവാണ് അനുവിന്റെ സഹോദരന്‍.
വൈക്കത്ത് ബസ് കാറിനു മുകളിലേക്ക് പാഞ്ഞുകയറി;ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
കോട്ടയം:വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.കാര്‍ യാത്രികരാായ ഉദയംപേരൂര്‍ മനയ്ക്കപ്പറമ്പിൽ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ബസ് യാത്രക്കാരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വൈക്കം എറണാകുളം റോഡില്‍ ചേരുംചുവട് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. പാലം ഇറങ്ങിവരുന്ന കാറിന് മുകളിലൂടെ അമിത വേഗതയിലായിരുന്ന ബസ് കയറിയിറങ്ങുകയായിരുന്നു.സമീപത്തെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. പൂര്‍ണ്ണമായും തകര്‍ന്നുപോയ കാറില്‍ മരണമടഞ്ഞവര്‍ കുടുങ്ങിപ്പോയിരുന്നു. വെട്ടിപ്പൊളിച്ചാണ് ഇവരെ എടുത്തത്. മൃതദേഹങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ ആയിരുന്നതിനാല്‍ ലക്ഷണങ്ങള്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തെ തുടര്‍ന്ന് വൈക്കം- എറണാകുളം പാതയില്‍ വാഹന ഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിച്ചു.
പാനൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപത്തു നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി
കണ്ണൂർ പാനൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപത്തു നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി.പൊയിലൂര്‍ ഭാഷാപോഷിണി എയ്ഡഡ് എല്‍ പി സ്‌കൂളിന്റെ മുന്‍വശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് സമീപം പൊതുസ്ഥലത്തു നിന്നും മൂന്ന് ആഴ്ച വളര്‍ച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.കഞ്ചാവ് ചെടി കണ്ടെത്തിയ സാഹചര്യത്തില്‍ സെന്‍ട്രല്‍ പൊയിലൂര്‍ ഭാഗങ്ങളില്‍ എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.പ്രിവന്റീവ് ഓഫീസര്‍മാരായ പി പ്രമോദന്‍, കെ പി ഹംസക്കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്‌കുമാര്‍ പി, അജേഷ്, ഷാജി അളോക്കന്‍ സുനിഷ്, പ്രജീഷ് കോട്ടായി ജലീഷ്, സുബിന്‍, എക്സൈസ് ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പത്ത് പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും
കൊച്ചി:നടിയെ ആക്രമിച്ചകേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പത്ത് പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും.സുപ്രിം കോടതി നിര്‍ദേശപ്രകാരം കേസിലെ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ദിലീപടക്കമുള്ള പ്രതികളോട് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടിയാണ് ഇന്നുണ്ടാകുക.നടിയെ അക്രമിച്ച കേസിലെ എട്ടാംപ്രതിയാണ് ദിലീപ്. ദിലീപ് ഉള്‍പ്പടെ 10 പ്രതികളാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. ഒന്നാംപ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍ , നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്ബതാം പ്രതി സനല്‍കുമാര്‍. എന്നിവരാണ് റിമാന്റിലുള്ളത്. അഞ്ചാം പ്രതി സലിമിനും എട്ടാം പ്രതി ദിലീപിനും ഹൈക്കോടതിയും, ഏഴാം പ്രതി ചാര്‍ളിക്കും പത്താം പ്രതി വിഷ്ണുവിനും കീഴ്‌കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതിനിടെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ ദിലീപ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.
സംസ്ഥാനത്ത് എണ്ണവില വീണ്ടും കൂടി
കൊച്ചി:സംസ്ഥാനത്ത് എണ്ണവില വീണ്ടും കൂടി.പെട്രോള്‍ ലിറ്ററിന് 15 പൈസ കൂടി 77.72 രൂപയായി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയിലാണ് വ്യാപാരം.പുതുവര്‍ഷത്തില്‍ മാത്രം പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയും കൂടി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.അസംസ്കൃത എണ്ണയുടെ വില ബാരലിന് 2.42 ശതമാനം വര്‍ധിച്ച് 70.26 ഡോളര്‍ ആയി.പശ്ചിമേഷ്യയില്‍ തുടരുന്ന ഇറാന്‍-അമേരിക്ക സംഘര്‍ഷമാണ് വില വര്‍ധനവിന് വഴിവെച്ചത്.
കണ്ണൂരില്‍ ക്ഷേത്രംജീവനക്കാനായ ഡി വൈ എഫ് ഐ നേതാവിനെ ഓഫീസില്‍ കയറി വധിക്കാന്‍ ശ്രമം
കണ്ണൂർ:കണ്ണൂരില്‍ ക്ഷേത്രംജീവനക്കാനായ ഡി വൈ എഫ് ഐ നേതാവിനെ ഓഫീസില്‍ കയറി വധിക്കാന്‍ ശ്രമം.പള്ളിക്കുന്ന് കാനത്തൂര്‍ ക്ഷേത്രം ക്ലാര്‍ക്ക് ആയ ആനന്ദിനെയാണ് ഞായറാഴ്ച വൈകിട്ട് ക്ഷേത്ര ഓഫീസില്‍ എത്തിയ ഒരു സംഘം ആളുകള്‍ കുത്തി പരിക്കേല്‍പിച്ചത്. പരിക്കേറ്റ ആനന്ദിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടയെല്ലില്‍ മാരകമായ പരിക്കേറ്റ് എ കെ ജി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആനന്ദിനെ അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കുകയുണ്ടായി. ഡി വൈ എഫ് ഐ പള്ളിക്കുന്ന് മേഖലാ നേതാവും സി പി എം പ്രവര്‍ത്തകനുമാണ് ആനന്ദ്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആനന്ദിനെ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു.ജില്ലയില്‍ സമാധാനഭംഗം വരുത്താനുള്ള ആര്‍ എസ് എസ് നീക്കത്തിന്റെ ഭാഗമാണ് അക്രമമെന്ന് ജയരാജൻ ആരോപിച്ചു.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സേവാഭാരതി ആംബുലന്‍സ് ഡ്രൈവറുമാണ് ആനന്ദനെ വെട്ടിയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സി സി ടിവി ദൃശ്യങ്ങളില്‍ തെളിവുകളുമുണ്ട്. കുറ്റവാളിയെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടി പോലീസ് അടിയന്തിരമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ; കേരളത്തില്‍ ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും
തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.ബിഎംഎസ് ഒഴികെയുള്ള എല്ലാ കക്ഷികളും കേരളത്തിൽ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്സിയും പണിമുടക്കില്‍ പങ്കെടുക്കും.സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.അതേസമയം, ശബരിമല തീര്‍ഥാടകര്‍, ആശുപത്രി, ടൂറിസം മേഖല, പാല്‍, പത്രം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ മൂന്നു പേർ മരിച്ചു
വടകര: വടകരക്കടുത്ത് കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍(56), ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്ന് തൃശൂരിലേക്ക് തിരിച്ചുപോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുയായിരുന്നു.രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മെഡിക്കല്‍ കോളജാശുപത്രിയിലെ വനിതാ ഡോക്ടറെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം:മെഡിക്കല്‍ കോളജാശുപത്രിയിലെ വനിതാ ഡോക്ടറെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ശ്രീകാര്യം അലത്തറ ചെമ്പകവിലാസം റോഡില്‍ പ്രണവത്തില്‍ ഡോ. മിനിമോള്‍ (45) നെയാണ് ഇന്നലെ രാത്രിയില്‍ മെഡിക്കല്‍ കോളജാശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.കാറിനുള്ളില്‍ നിന്നും മരുന്ന് കുത്തിവച്ച നിലയിലുള്ള സിറിഞ്ച് പോലീസ് കണ്ടെടുത്തു. ജീവഹാനി വരുത്തുന്ന വിഷ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്‍റെ നിഗമനം. സിറിഞ്ചും കാറിനുള്ളില്‍ നിന്നും കണ്ടെടുത്ത സാധനങ്ങളും പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കി. മെഡിക്കല്‍ കോളജാശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. വിനുവിന്‍റെ ഭാര്യയാണ് മരണമടഞ്ഞ മിനിമോള്‍.ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. ഏറെ നേരമായും മടങ്ങി വരാതായതോടെ ഇവരെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ഡോ. വിനു ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍സെല്ലിന്‍റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡോ, മിനിമോളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മെഡിക്കല്‍ കോളജ് പാര്‍ക്കിംഗ് ഗ്രൗണ്ട് കാണിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ പോലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മിനിമോളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകാര്യം പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ കൃത്യമായി അറിയാന്‍ കഴിയുവെന്നാണ് പോലീസ് പറയുന്നത്. പേട്ട സ്വദേശിനിയാണ് ഡോ. മിനിമോള്‍. മകന്‍ – പ്രണവ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. പത്താം പ്രതി വിഷ്ണുവിന്‍റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് ഹര്‍ജിയില്‍ വാദം നടന്നത്. പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേ ടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെ ഒഴിവാക്കിയാല്‍ കേസിനെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ചൂണ്ടിക്കാണിച്ചത്.പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്.