കൊച്ചി:ജെയിന്‍ കോറല്‍ കോവ് കെട്ടിട സമുച്ചയവും നിലം പതിച്ചു.17 നില കെട്ടിടം തകർന്നടിഞ്ഞത് 9 സെക്കന്‍ഡില്‍. 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെയാണു സ്ഫോടനം നടന്നത്. 128 അപ്പാര്‍ട്ട്മെന്‍റുകളാണ് ഈ കെട്ടിടത്തിലുള്ളത്.1, 2, 3, 8, 14 ഫ്ലോറുകളിലാണ് സ്ഫോടനം നടന്നത്. 372.8 കിലോ സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തില്‍ നിറച്ചിരുന്നത്. കെട്ടിടം 49 ഡിഗ്രി ചെരിഞ്ഞ് പുറകിലേക്കാണ് വീണത്.ഇനി ഗോൾഡൻ കായലോരം ഫ്ലാറ്റാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ളത്. ഉച്ചക്ക് രണ്ടിനാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത്. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്ലാറ്റാണ് ഗോള്‍ഡന്‍ കായലോരം. 1.30ന് 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും അടയ്ക്കും. 1.55ന് ദേശീയപാത അടയ്ക്കും. സ്ഫോടനശേഷം 2.05ന് ദേശീയപാത തുറക്കും. 2.30 ന് എല്ലാ റോഡുകളും തുറക്കും. ഒഴിപ്പിക്കപ്പെട്ടവർക്ക് വീടുകളിലേക്കും കെട്ടിങ്ങളിലേക്കും മടങ്ങാം.
സംസ്ഥാനത്ത് വിവിധയിനം മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്
കൊച്ചി:സംസ്ഥാനത്ത് വിവിധയിനം മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്.ചാളയിലും അയലയിലും നെത്തോലിയിലുമാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (സിഎംഎഫ്‌ആര്‍ഐ) കേരളതീരത്തു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സിഎംഎഫ്‌ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി കൃപ ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്.കടലില്‍ ഒഴുകി നടക്കുന്ന പ്ലവകങ്ങളില്‍ പ്ലാസ്റ്റിക്ക് അംശം ധാരാളം ഉണ്ട്. ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങള്‍ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.മത്സ്യബന്ധന വലകള്‍, മാലിന്യങ്ങള്‍ക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്റെ വയറ്റിലെത്തുന്നത്. രണ്ടുമൂന്നു വര്‍ഷമായി ലഭിക്കുന്ന മത്സ്യങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.എന്നാല്‍ മത്സ്യം വേവിച്ചു കഴിക്കുന്നതിനാല്‍, കാര്യമായ ദോഷം ഇപ്പോള്‍ പറയാനാവില്ലെങ്കിലും, ഇതിനെ കുറിച്ച് അറിയാന്‍ കൂടുതല്‍ പഠനം വേണ്ടിവരും. രാസപദാര്‍ഥങ്ങള്‍ മീനിന്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ഇവയുടെ ജനിതക ഘടനയെത്തന്നെ ബാധിച്ചേക്കാമെന്നും ഡോ. കൃപ ചൂണ്ടിക്കാട്ടുന്നു.
മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ രണ്ടാം ഘട്ടം ഇന്ന്; ഇന്ന് നിലംപതിക്കുക ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും
കൊച്ചി:മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ രണ്ടാം ഘട്ടം ഇന്ന്.രാവിലെ 11 മണിക്ക് ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും സ്‌ഫോടനത്തില്‍ തകര്‍ക്കും.രണ്ടാം ദിവസത്തെ ഫ്‌ളാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. എഡിഫസ് എഞ്ചിനീയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്‌ളാറ്റുകളും പൊളിക്കുന്നത്.122 അപ്പാര്‍ട്ട്‌മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ്.ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്.തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച്ച എച്ച്‌ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ തകര്‍ത്തിരുന്നു.അപകടങ്ങളില്ലാതെ ആദ്യ ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെ ഞായറാഴ്ച നടത്തുന്ന നടപടിയില്‍ അധികൃതര്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിരിക്കും.അതേസമയം ഇന്ന് പൊളിക്കുന്ന രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല.അതിനാല്‍ തന്നെ കഴിഞ്ഞദിവസത്തെ അത്രയും വലിയ വെല്ലുവിളികള്‍ ഇല്ല.എങ്കിലും കനത്ത ജാഗ്രത തന്നെ ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ പരിസരങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.രാവിലെ എഴുമണിയോടുകൂടി ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. കെട്ടിടങ്ങള്‍ തകര്‍ത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കൂ.10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവിൽ സ്ഫോടനം നടക്കും.രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റ് സമുച്ചയവും ഒരു അങ്കണവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങള്‍ ഉണ്ടാകും.
കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്.ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം:കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്.ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേര്‍ കസ്റ്റഡിയില്‍.ചെന്നൈ , മധുര , കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നായി 12 പേരെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എല്ലാവരും പ്രതികളായ ഷമീം, തൌഫീഖ് എന്നിവരുമായി മുമ്പ് ബന്ധം പുലര്‍ത്തിയിരുന്നവരാണ്. കേരളത്തില്‍ നിന്നും ഇന്നലെ പിടികൂടിയ 3 പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ പാറശാല സ്വദേശി സെയ്ദാലിക്ക് വേണ്ടി ഇന്നലെ രാത്രിയും തിരുവനന്തപുരത്ത് റെയ്ഡ് നടന്നു. അതേസമയം പ്രതികളായ തൌഫീഖ് , ഷെമിം എന്നിവര്‍ സ്പെഷ്യല്‍ എസ്.ഐ വില്‍സണിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് തന്നെ കളിയിക്കാവിളയില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. കളിയിക്കാവിള തങ്കം എന്ന ലോഡ്ജില്‍ ഇവര്‍ താമസിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ തമിഴ്നാട്ടിലോ കേരളത്തിലോ ഉണ്ടെന്ന നിഗമനമാണ് പൊലീസിനുള്ളത്.
കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ എച്ച്‌വണ്‍- എന്‍വണ്‍ സ്ഥിതീകരിച്ചു;10 ദിവസത്തോളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം
കോഴിക്കോട്: കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ എച്ച്‌വണ്‍- എന്‍വണ്‍ സ്ഥിതീകരിച്ചു സാഹചര്യത്തിൽ 10 ദിവസത്തോളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം.ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുപരിപാടികള്‍ ഒഴിവാക്കാനും വിവാഹം, മതപരമായ ചടങ്ങുകള്‍ അടക്കമുള്ളവയില്‍ പനി ബാധിതര്‍ പങ്കെടുക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദേശം ന കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. നാളെ മുതല്‍ പഞ്ചായത്തിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ വീടുകളിലും കയറി വിവരങ്ങള്‍ ശേഖരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിക്കും. പനിയുള്ളവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കും. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും.ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പ് ചെയ്യുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഇവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യും.പത്ത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ ആസൂത്രണം ചെയ്തത്.ഇതുപ്രകാരം തുടര്‍ച്ചയായി വീടുകളില്‍ കയറി വിവരശേഖരണം നടത്തും. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം തവണ കയറും.നിലവില്‍ പനി ബാധിച്ചവരെ മുക്കം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രത്യേകം സജീകരിച്ച പ്രത്യേക കോള്‍ സെന്ററില്‍ നിന്നും നിരന്തരം ടെലിഫോണില്‍ വിളിച്ച് രോഗസ്ഥിതി നിരീക്ഷിക്കുന്നുണ്ട്.
ഹോളിഫെയ്ത്തിന് പിന്നാലെ ഇരട്ട കെട്ടിടങ്ങളും നിലംപൊത്തി
കൊച്ചി:ഹോളിഫെയ്ത്തിന് പിന്നാലെ ഇരട്ട കെട്ടിടങ്ങളായ ആൽഫാ സെറിൻ ഫ്ലാറ്റുകളും നിലംപൊത്തി.11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.ഇനവാസ കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു ആല്‍ഫാ സെറിന്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. അതിനാല്‍ തന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ ടവറുകളും നിലം പതിച്ചത്. രണ്ട് ഫ്ലാറ്റുകളുടെയും പൊളിക്കല്‍ വിജയകരമായി നടന്നതോടെ മരടിലെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി.നേരത്തെ, മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താന്‍ സമയം എടുത്തതിനെ തുടര്‍ന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകര്‍ന്നടിഞ്ഞത്.പിന്നാലെ 11.41ന് ആല്‍ഫാ ഫ്‌ളാറ്റിന്റെ ബേബി ടവര്‍ ആദ്യം നിലംപതിച്ചു. തൊട്ടുപിന്നാലെ വലിയ കെട്ടിടവും തകര്‍ന്ന് വീഴുകയായിരുന്നു. ആല്‍ഫ കെട്ടിടം തകര്‍ന്നപ്പോള്‍ വലിയൊരു ഭാഗം കായലിലേക്കും പതിച്ചെന്നാണ് വിവരം. എത്രമാത്രം അളവിലാണ് കായലില്‍ പതിച്ചിരിക്കുന്നത് എന്നത് ഇനിയും വ്യക്തമാവേണ്ടതുണ്ട്.സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചോയെന്ന് തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍ വ്യക്തമാവും.രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമായാണ് ഇത്ര ഉയരത്തിലുള്ള നഗരഹൃദയത്തിലെ ജനവാസകേന്ദ്രങ്ങള്‍ തകര്‍ന്ന് മണ്ണടിഞ്ഞത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം പുറത്തേക്ക് തെറിക്കാതെ ഉള്ളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. പരിസരത്ത് വലിയ തോതിലുള്ള പൊടിപടലമാണ് നിയന്ത്രിത സ്‌ഫോടനം ഉണ്ടാക്കിയിരിക്കുന്നത്. ജനസാഗരമാണ് ഈ കാഴ്ച കാണാനായി പരിസരത്ത് എത്തിച്ചേര്‍ന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സമീപത്തെ കുണ്ടന്നൂര്‍ പാലം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഗതാഗതം നിരോധിച്ചിരുന്നു.
ഹോളിഫെയ്‌ത്ത് നിലംപൊത്തി;മരടിലെ ആദ്യത്തെ ഫ്ലാറ്റ് സ്‌ഫോടനത്തിലൂടെ പൊളിച്ചു
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകളില്‍ ആദ്യത്തെ ഫ്ലാറ്റുകളില്‍ ഒന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കി. മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്.11 മണിക്ക് ഫ്ലാറ്റുകള്‍ പൊളിക്കും എന്നറിയിച്ചിരുന്നെങ്കിലും അല്പം വൈകി 11.17 നാണ് ഫ്ലാറ്റ് നിലം പൊത്തിയത്. നേരത്തെ പ്രഖ്യാപിച്ചത് പോലെ രാവിലെ പത്തരയ്ക്ക് തന്നെ ആദ്യ സൈറണ്‍ മുഴങ്ങിയിരുന്നു. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അല്പം വൈകിയാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്. 11.15 സൈറണ്‍. ഇതോടെയാണ് ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്തത്. സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ് മുഴക്കിയാണ് പൊതുജനങ്ങളെ അറിയിച്ചിരുന്നത്.നേവിയുടെ വ്യോമ പാത സുരക്ഷ ഉറപ്പാക്കല്‍ നടപടി നീണ്ടതിനാലാണ് ഫ്ലാറ്റ് പൊളിക്കല്‍ നടപടി വൈകിയത്.ഇതോടെ, 11.10 നാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്. ഇതോടെ ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചിരുന്നു. തുടര്‍ന്ന് 11.17 ന് ഫ്ലാറ്റ് തകര്‍ക്കുകയായിരിന്നു.
കൊല്ലത്ത് പോലീസുകാരനെ സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം:കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
കൂടത്തായി കൊലപാതകം പ്രമേയമാക്കിയുള്ള സിനിമയും സീരിയലുകളും;ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള നിര്‍മാതാക്കള്‍ക്കും സ്വകാര്യ ചാനലിനും താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.ഇതനുസരിച്ച് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്ബാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.ജനുവരി 13ന് ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള നിര്‍മാതാക്കള്‍ കോടതിയില്‍ ഹാജരാകണം. ഇതിനകം തന്നെ മുഖ്യ പ്രതി ജോളിയുടെ മക്കളും വിദ്യാര്‍ത്ഥികളുമായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോൾ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചതെന്ന് റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ പറഞ്ഞു.മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂർ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു.ഒപ്പം മലാളത്തിലെ സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.
മരടിലെ ഫ്ലാറ്റുകൾ നിലംപൊത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി;പ്രദേശത്ത് നിരോധനാജ്ഞ
കൊച്ചി:മരടിൽ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും.തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് മണ്ണിലേക്കു മടങ്ങുക.അതീവ സുരക്ഷയിലാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവ നിലംപതിപ്പിക്കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചിട്ടുമുണ്ട്.പൊളിക്കും മുൻപ് നാലു തവണ സൈറണ്‍ മുഴങ്ങും.പത്തരക്കാണ് ആദ്യ സൈറണ്‍ മുഴങ്ങുക.രാവിലെ 11ന് ഹോളിഫെയ്ത്തിലും 11.05ന് ആല്‍ഫ സെറിന്‍ ഇരട്ടസമുച്ചയത്തിലും സ്ഫോടനം നടക്കും. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരിക്കും കെട്ടിട സമുച്ചയങ്ങള്‍ നിലംപൊത്തുക. 19 നിലകളുള്ള ഹോളിഫെയ്ത്ത് ഒന്‍പതു സെക്കന്‍ഡിനുള്ളിലും 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ എട്ട് സെക്കന്‍ഡിനുള്ളിലും നിലംപൊത്തും.കെട്ടിടങ്ങളുടെ 100 മീറ്റര്‍ ദൂരരെ സജ്ജമാക്കിയ ബ്ലാസ്റ്റിങ് ഷെഡ്ഡില്‍ നിന്ന് എക്സ്പ്ലോഡര്‍ പ്രവര്‍ത്തിക്കുന്നതോടെയാണ് സ്ഫോടനം നടക്കുക. കെട്ടിടത്തിന്റെ വിവിധ നിലകളിലെ ദ്വാരങ്ങളില്‍ അമോണിയം സള്‍ഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിനായി നിറച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്കു മുൻപ് 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെന്ന് ഉറപ്പുവരുത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലാകലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്ഫോടക വിദഗ്ധന്‍ എസ്.ബി സാര്‍വത്തെ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. സ്ഫോടനത്തിനു മുന്നോടിയായി ഇന്നലെ മോക്ഡ്രില്‍ നടത്തിയിരുന്നു.ഐ.സി.യു സൗകര്യം ഉള്‍പ്പെടെയുള്ള ആംബുലന്‍സ്, ഫയര്‍ എഞ്ചിനുകള്‍ തുടങ്ങി എല്ലാ സുരക്ഷാക്രമീകരണങ്ങളും വിവിധ പോയിന്റുകളില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ട സ്ഫോടനം നാളെ നടക്കും. ജെയിന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളായിരിക്കും നാളെ നിലംപതിപ്പിക്കുക.