തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ്.പൊലീസ് നടപടികളോടുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത്.നിരോധിത സംഘടനയുമായി പ്രതികൾക്ക് ബന്ധമുണ്ട്. ഉയർന്ന പൊലീസുദ്യോഗസ്ഥരെ ആക്രമിക്കാനും പ്രതികള്‍ പദ്ധതിയിട്ടു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ വിൽസണിനെ പ്രതികള്‍ക്ക് മുന്‍പരിചയം ഇല്ലെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീം, തൌഫീഖ് എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടികൂടിയിയത്. കര്‍ണാടക പോലീസും തമിഴ്നാട് ക്യൂബ്രാഞ്ചും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.കര്‍ണാടകയില്‍ പ്രതികളുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചിലിന് ഒടുവില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ഷമീമിനെയും തൌഫീഖിനെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇന്ദ്രാളി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. മുഖ്യപ്രതികൾ പിടിയിലായതോടെ കേസിൽ ഗൂഡാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കും. പ്രതികളെ രണ്ട് ദിവസത്തിനുള്ളിൽ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞയാഴ്ചയാണ് തമിഴ്‌നാട് ടാസ്ക് പോലീസിലെ സ്പെഷ്യൽ എസ്.ഐ വിൻസന്‍റിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
മകരവിളക്ക് ഇന്ന്;ശബരിമലയിൽ വൻ ഭക്തജന തിരക്ക്
ശബരിമല:മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം.ഇന്ന് വൈകിട്ട് 6:30നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും മകര ജ്യോതിദർശനവും.ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പുലർച്ചെ 2.09 നായിരുന്നു ശബരിമല സന്നിധാനത്ത് മകര സംക്രമ പൂജ നടന്നത്. ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിച്ച സമയമായിരുന്നു അത്. മകരസംക്രമ പൂജ നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നതിനാൽ ഇന്നലെ ക്ഷേത്രനട അടച്ചില്ല. മകരസംക്രമ പൂജയ്ക്ക് ശേഷം സംക്രമാഭിഷേകവും സന്നിധാനത്ത് നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍വഴി കൊടുത്തയച്ച നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിച്ചത്. ഇതിനു ശേഷം പുലർച്ചെ 2.30 ന് ഹരിവരാസനം പാടി നട അടച്ചു. പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയില്‍ എത്തും. അവിടെ വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി, തിരുവാഭരണം പതിനെട്ടാംപടി കയറും. ദീപാരാധന സമയത്താണ് മകരജ്യോതി ദര്‍ശനമുണ്ടാവുക. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഒരുക്കാനുമുള്ള സംവിധാനം പൊലീസ്, എൻഡിആർഎഫ്, ദ്രുതകർമസേനാ വിഭാഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്ത് രണ്ട് ദിവസമായി വൻ തീർഥാടക തിരക്കാണ് അനുഭവപ്പെടുന്നത്.തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദർശനത്തിനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമാകും പ്രവേശനം.
തളിപ്പറമ്പിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു
കണ്ണൂർ:തളിപ്പറമ്പിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു.തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറ്റിക്കോല്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ താമസിച്ചുവരുന്ന കുറ്റിക്കോലിലെ പ്രേമരാജന്‍റെ മകന്‍ തേരുകുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്‌നാട് വിരുദുനഗറിലെ ശ്രീവില്ലിപൂത്തൂരിലെ ഇസൈക്കിറാണി എന്ന രേഷ്മ(25) എന്നിവരാണു മരിച്ചത്. ഇസൈക്കി റാണി തൂങ്ങി മരിക്കാനുപയോഗിച്ച സാരിയുടെ കഷ്ണം ഉപയോഗിച്ചാണ് സുധീഷ് സമീപത്തുതന്നെ ജീവനൊടുക്കിയത്.ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ട ഉടനെ സുധീഷ് കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചതായി കണ്ട് അതേ സാരിയുടെ ബാക്കി ഭാഗം കൊണ്ട് സമീപത്തുതന്നെ തൂങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ചാണ് വിവാഹം നടത്തിയത്. സ്ഥിരം വഴക്കുകൂടാറുണ്ടായിരുന്ന ഇവര്‍ മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു.സുധീഷ് രാത്രിയില്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ച് അത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രേ.തമാശക്ക് പറഞ്ഞതാവും എന്ന് കരുതി കാര്യമാക്കിയില്ല. രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.പരേതരായ മുനിയസ്വാമി-നാച്ചിയാര്‍ ദമ്പതികളുടെ മകളാണ് മരിച്ച രേഷ്മ. സഹോദരന്‍ മുനീശ്വരന്‍ ധര്‍മശാല അരുണോദയം പ്ലാസ്റ്റിക്ക് കമ്പനിയിലെ ജീവനക്കാരനാണ്. പരേതയായ ലക്ഷ്മിയാണ് സുധീഷിന്‍റെ അമ്മ.സഹോദരന്‍ വിജേഷ്.തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
മൂന്നാറില്‍ അതിശൈത്യം;താപനില മൈനസിലേക്ക് താഴ്ന്നു
മൂന്നാർ:മൂന്നാറില്‍ അതിശൈത്യം.താപനില മൈനസിലേക്ക് താഴ്ന്നു.തണുപ്പ് മൈനസ് ഡിഗ്രി വരെ താഴ്ന്നു. ഇതോടെ മഞ്ഞുപുതച്ച മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടി.രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം മൂന്നാറില്‍ രേഖപെടുത്തിയ കുറഞ്ഞ താപനില.ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത്.എന്നാല്‍ ഇത്തവണ അതി ശൈത്യമെത്താന്‍ അല്‍പം വൈകി.അതിരാവിലെ ഉള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇളം വെയിലില്‍ ആവി പറക്കുന്ന തടാകങ്ങളും സൂര്യ കിരണങ്ങളേറ്റ് വെട്ടി തിളങ്ങുന്ന മൊട്ടക്കുന്നുകളും അതിശൈത്യത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ്.കഴിഞ്ഞവര്‍ഷം ജനുവരി ഒന്നു മുതല്‍ 11 വരെ തുടര്‍ച്ചയായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില മൈനസ് നാലുവരെ എത്തിയിരുന്നു. 85 വര്‍ഷത്തിനു ശേഷമുള്ള കനത്ത തണുപ്പായിരുന്നു കഴിഞ്ഞ വര്‍ഷം മൂന്നാറില്‍ രേഖപ്പെടുത്തിയത്. സാധാരണയായി മൂന്നാറില്‍ നവംബര്‍ അവസാനവാരം ആരംഭിക്കുന്ന ശൈത്യകാലം ജനുവരി ആദ്യവാരം വരെയാണു നീളുക. എന്നാല്‍ ഈ വര്‍ഷം വൈകിയെത്തിയ ശൈത്യകാലം ഫെബ്രുവരിയിലേക്കു നീളുമെന്ന പ്രതീക്ഷയിലാണു ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.മൂന്നാറിലെ സെവന്‍മല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തുന്നത് . മഞ്ഞു വീഴ്ച ശക്തമായതോടെ പുല്‍മേടുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു. കാലാവസ്ഥ മാറ്റം തേയില കൃഷിയേയും ദോഷമായി ബാധിക്കുന്നുണ്ട്. പുലര്‍ച്ചെ മഞ്ഞില്‍ കുളിക്കുന്ന പുല്‍മേടുകള്‍ സൂര്യപ്രകാശത്തില്‍ കരിഞ്ഞുണങ്ങുന്നതാണ് കാരണം. 2018 ഓഗസ്റ്റിലെ പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍നിന്നു മൂന്നാറിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ക്രിസ്മസ്-പുതുവത്സര വെക്കേഷന്‍ ദിവസങ്ങളില്‍ നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്. പുതുവര്‍ഷം ആഘോഷിക്കാന്‍ മാത്രം ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് മൂന്നാറിലെത്തിയത്.
കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
കുറ്റിപ്പുറം:കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ദേശീയപാതയിൽ പാണ്ടികശാലയില്‍ ഉണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. കര്‍ണാടക ഇരിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിനെ ഇടിച്ചശേഷം ഏറെദൂരം നിരക്കിക്കൊണ്ടുപോയാണ് നിന്നത്.കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍ രാജ്യങ്ങളില്‍ നിന്ന് പോളിയോ ഭീഷണി; നിർത്തിവെച്ച തുള്ളിമരുന്ന് വിതരണം വീണ്ടും തുടങ്ങും
തിരുവനന്തപുരം:അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പോളിയോ ഭീഷണിമൂലം സംസ്ഥാനത്ത് നിർത്തിവെച്ച തുള്ളിമരുന്ന് വിതരണം വീണ്ടും തുടങ്ങാൻ തീരുമാനം.പാക്കിസ്ഥാനില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങള്‍ വഴി കേരളത്തിലേക്കു പോളിയോ വ്യാപനം സംഭവിക്കാതിരിക്കാനാണ് നടപടി.കഴിഞ്ഞ വര്‍ഷം മുതല്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാത്രമാണു പോളിയോ പ്രതിരോധ മരുന്നു നിര്‍ബന്ധമാക്കിയിരുന്നത്.ഇത്തവണ 5 വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്നു വിതരണം നടത്തും.പാക്കിസ്ഥാനില്‍ പോളിയോ ബാധിതരുടെ എണ്ണം ഒന്‍പതിരട്ടിയിലേറെ ആയതോടെയാണ് ഈ നടപടി. 2019ല്‍ പാക്കിസ്ഥാനില്‍ 111 പേര്‍ക്കു പോളിയോ ബാധിച്ചു. പാക്കിസ്ഥാനില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഗള്‍ഫ് മേഖലയില്‍ പതിനായിരക്കണക്കിനു കേരളീയരുമുണ്ട്. ഇതിനാല്‍ രോഗം കേരളക്കരയിലെത്തുമെന്ന ആശങ്ക ഇല്ലാതാക്കാനാണു പോളിയോ തുള്ളിമരുന്നു യജ്ഞം വീണ്ടും കര്‍ശനമാക്കുന്നത്.1985ല്‍ പള്‍സ് പോളിയോ യജ്ഞം ആരംഭിക്കുമ്പോൾ ലോകത്ത് 125 രാഷ്ട്രങ്ങളില്‍ പോളിയോ ഉണ്ടായിരുന്നു. 2016ല്‍ രോഗബാധ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ മാത്രമായി ചുരുങ്ങി. ഇത്തവണ ഇന്ത്യയില്‍ രാജ്യമൊട്ടാകെ ഈ മാസം 19നാണു പോളിയോ തുള്ളിമരുന്നു യജ്ഞം നടത്തുന്നത്.അംഗന്‍വാടികള്‍,സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്സ്റ്റാന്റുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് തുള്ളിമരുന്ന് വിതരണം. 20, 21 തീയതികളില്‍ വൊളന്റിയര്‍മാര്‍ വീടുകളിലെത്തി കുട്ടികള്‍ക്കു പോളിയോ തുള്ളിമരുന്നു നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തും.കേരളത്തില്‍ 2000നു ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2011ല്‍ ബംഗാളിലാണു പോളിയോബാധ റിപ്പോര്‍ട്ട് ചെയ്തത്. 2014-ന് ശേഷം കേരളം പോളിയോ തുള്ളിമരുന്നുവിതരണം ഒരു ഘട്ടമായികുറച്ചു. 2019ല്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മാത്രമായി മരുന്നുനല്‍കി.എന്നാല്‍ കഴിഞ്ഞമാസം 28-ന് ചേര്‍ന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ പോളിയോ വിദഗ്ധ സമിതിയാണ് 2020,21 വര്‍ഷങ്ങളില്‍ക്കൂടി തുള്ളിമരുന്ന് നല്‍കാന്‍ തീരുമാനമെടുത്തത്.ലോകമെമ്പാടും ലക്ഷക്കണക്കിന് പേര്‍ക്ക് അംഗവൈകല്യമുണ്ടാക്കിയ വൈറസാണ് പോളിയോ. രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് ഇത് പകരുന്നത്. വയറ്റിലൂടെ ശരീരത്തിലെത്തി നാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കും.ചികിത്സകൊണ്ട് ഭേദമാക്കാനാവില്ല.പ്രതിരോധമാണ് ഫലപ്രദം. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളേയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്.
മരടിൽ പൊടിശല്യം രൂക്ഷം;പരിസരവാസികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ;മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു
കൊച്ചി:ഫ്ലാറ്റുകൾ പൊളിച്ചതോടെ പൊടിശല്യം രൂക്ഷമായ മരടിൽ പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.ഇതേ തുടർന്ന് മരട് നഗരസഭ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.വീട്ടിലുള്ള എല്ലാവര്‍ക്കും പൊടിശല്യത്തെ തുടര്‍ന്ന് അസുഖങ്ങളാണെന്ന് ക്യാമ്പിലെത്തിയവർ പറയുന്നു.അതിനിടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊടിശല്യം കുറക്കാന്‍ വലിയ മോട്ടോര്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങളില്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സമീപത്തെ കായലില്‍ നിന്നും വെള്ളം പമ്പു ചെയ്തു കോണ്‍ക്രീറ്റുകള്‍ കുതിര്‍ത്തിയ ശേഷം ജെ സി ബിയും മറ്റുപകരണങ്ങളും കൊണ്ടു തകര്‍ത്താണ് കമ്പിയും സിമെന്റ് പാളികളും വേര്‍തിരിക്കുന്നത്. പൊടി ശല്യം തീര്‍ത്തും ഒഴിവാക്കി നാട്ടുകാരുടെ ആശങ്ക പരിഹരിച്ച ശേഷമേ അവശിഷ്ടങ്ങള്‍ യാര്‍ഡിലേക്ക് മാറ്റൂ എന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല.കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടീസയച്ചിരുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളായ റെമോ, റെനോള്‍ഡ് എന്നിവരുടെ ഹര്‍ജിയില്‍ ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂർ, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് നോട്ടീസയച്ചത്.തിങ്കളാഴ്ച ഇവരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ പ്രമേയം ഉപയോഗിച്ച് സിനിമാ നിര്‍മാണം ആരംഭിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയുടെ കൂടത്തായി എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചിരുന്നു.
തെയ്യം കെട്ടിയാടുന്നതിനിടെ തിരുമുടിക്ക് തീപിടിച്ചു;കലാകാരൻ ആശുപത്രിയിൽ
കണ്ണൂർ:തെയ്യം കെട്ടിയാടുന്നതിനിടെ തിരുമുടിക്ക് തീപിടിച്ചു.കലാകാരന് പൊള്ളലേറ്റു.കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തിലാണ് അപകടം നടന്നത്.മണത്തണഭഗവതിയുടെ തെയ്യം കെട്ടിയാടുന്നതിനിടെ ക്ഷേത്രത്തിനു മുന്നിലെ നിലവിളക്കില്‍ നിന്ന് തിരുമുടിയിലേക്ക് തീപടരുകയായിരുന്നു. nപെട്ടെന്നുതന്നെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ നാട്ടുകാര്‍ തീ അണയ്ക്കുകയും തെയ്യംകലാകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊള്ളലേറ്റ കലാകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം;ടാഗില്ലാത്ത വാഹനങ്ങൾക്കായി ഒരു ട്രാക്ക് മാത്രം
കൊച്ചി:രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം.കേന്ദ്ര ഗതാഗത മന്ത്രാലയം ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് വരുന്നതോടെ പണം നല്‍കി കടന്നുപോകാന്‍ കഴിയുന്ന ഒരു ട്രാക്ക് മാത്രമാണ് ഉണ്ടാവുക. മറ്റ് ട്രാക്കുകളിലെല്ലാം ഫാസ്ടാഗുള്ള വാഹനത്തിനായി നീക്കിവെച്ചിരിക്കുകയാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ കൂടെയാണ് ഇനി പോകേണ്ടി വരിക. അതേസമയം, ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ ഗതാഗത കുരുക്കുണ്ടാവുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.നാളെ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ആറ് ട്രാക്കുകളില്‍ അഞ്ച് എണ്ണത്തിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒരു ട്രാക്കില്‍ മാത്രമാണ് നേരിട്ട് പണം സ്വീകരിക്കുക. നേരത്തേ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഒരു മാസം കൂടി അനുവദിച്ച് നല്‍കുകയായിരുന്നു.