മട്ടന്നൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.ഇന്നലെ പുലര്‍ച്ചെ ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കല്ലായി സ്വദേശിയായ അബ്ദുല്‍ മുനീറില്‍ നിന്നാണ് 808 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മധുസൂദനന്‍ ഭട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചു വച്ചത് കണ്ടെത്തിയത്.
പഴയങ്ങാടിയില്‍ പോലീസിനെ അപായപ്പെടുത്താന്‍ മണല്‍മാഫിയ സംഘത്തിന്‍റെ ശ്രമം;ലോറിക്ക് പിന്നാലെ എത്തിയ പോലീസ് ജീപ്പിനു മുകളിലേക്ക് മണല്‍ തള്ളി; പോലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കണ്ണൂർ:പഴയങ്ങാടിയില്‍ പോലീസിനെ അപായപ്പെടുത്താന്‍ മണല്‍മാഫിയ സംഘത്തിന്‍റെ ശ്രമം.എരിപുരം ഗ്യാസ് ഗോഡൗണിന് സമീപം വച്ചാണ് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി രാത്രികാല പട്രോളിംഗിനിറങ്ങിയ പഴയങ്ങാടി എസ്‌ഐ കെ.ഷാജുവിന്റെയും സംഘത്തിന്റെയും ശ്രദ്ധയിൽപ്പെട്ടത്.പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ലോറിയെ പോലീസ് പിന്തുടര്‍ന്നു. ഇതിനിടയില്‍ ലോറിയിലുണ്ടായിരുന്ന മണല്‍ പോലീസ് ജീപ്പിന്‍റെ മുന്നിലേക്ക് തട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് പോലീസ് ജീപ്പ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.ലോറി സമീപത്തെ വീട്ടുമതിലില്‍ ഇടിക്കുകയും ചെയ്തു.എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ലോറിയുമായി മണല്‍മാഫിയസംഘം കടന്നുകളയുകയും ചെയ്തു.പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍കടത്ത് സംഘങ്ങള്‍ വ്യാപകമാണ്. തുടര്‍ന്നാണ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്.സംഘത്തില്‍ ക്രൈം എസ്‌ഐ കെ.മുരളി,സിപിഒ.സിദിഖ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല്‍;നടപടിയുമായി റെയിൽവേ
കാസർകോഡ്:കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നടപടിയുമായി റെയിൽവേ.കുട്ടികൾ ട്രാക്ക് മുറിച്ചു കടക്കുന്ന വഴി റെയിൽവേ അടച്ചു.കാഞ്ഞങ്ങാട് അജാനൂര്‍ ഗവ. എല്‍.പി. സ്കൂളിന് മുന്നിലെ വഴിയാണ് റെയില്‍വേ അടച്ചത്.പാലക്കാട് ഡിവിഷണല്‍ മാനേജര്‍ പ്രസാദ് പിങ്ക് ഷമിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ എന്‍ജിനീയറിങ് വിഭാഗക്കാരെത്തി ട്രാക്കിന്റെ ഇരുഭാഗത്തും കമ്പിവേലി സ്ഥാപിച്ചു.ഏതാനും ദിവസം മുന്‍പാണ് കുട്ടികള്‍ സ്‌കൂള്‍ വിട്ടു കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറി മുറിച്ചു കടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെയും പ്രീപ്രൈമറിയിലെയും ഉൾപ്പെടെ 240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 160-ലധികം കുട്ടികളും പാളം മുറിച്ചുകടക്കുകയാണ് പതിവ്. കുട്ടികളെ പാളം മുറിച്ചു കടത്തിക്കാന്‍ ഓരോദിവസവും രണ്ട് അധ്യാപകരെ ചുമതലപ്പെടുത്തും.അന്ന് വീഡിയോ പകർത്തുമ്പോൾ പാടില്ലെന്നു പറഞ്ഞത് ബഷീര്‍ ചെവിക്കൊണ്ടില്ലെന്നും ഇതോടെ ടീച്ചര്‍മാര്‍ മാറിനില്‍ക്കുകയാണുണ്ടായതെന്നും പ്രഥമാധ്യാപകന്‍ എ.ജി.ഷംസുദീന്‍ പറഞ്ഞു.മുതിര്‍ന്നവര്‍ ആരും ഇല്ലാത്ത വീഡിയോ പകര്‍ത്തി സ്കൂളിനെ അപമാനിക്കുകയാണ് ഇയാള്‍ ചെയ്തതെന്നും പ്രഥമാധ്യാപകനും മറ്റു പി.ടി.എ. അംഗങ്ങളും കുറ്റപ്പെടുത്തി.വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. ഇതുസംബന്ധിച്ച് ബേക്കല്‍ എ.ഇ.ഒ. കെ.ശ്രീധരന്‍ അന്വേഷണം നടത്തി. റെയില്‍വേ വഴി അടച്ചതോടെ കുട്ടികള്‍ ആറുകിലോമീറ്റര്‍ ചുറ്റിയാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലേക്കു മടങ്ങിയത്. ഭീതിതമായ അവസ്ഥയില്‍ കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചു കടക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ലീഗല്‍ സര്‍വീസസ് ചെയര്‍മാനും സബ്‌ജഡ്ജുമായ കെ.വിദ്യാധരന്‍ അജാനൂര്‍ സ്കൂളിലെത്തി തെളിവെടുത്തു. ചൈല്‍ഡ് ലൈന്‍ അധികാരികളും സ്കൂളിലെത്തി അന്വേഷണം നടത്തി.വീഡിയോ പകര്‍ത്തിയ സ്കൂള്‍ ഡ്രൈവര്‍ സി.എച്ച്.ബഷീറിനെ സസ്പെന്‍ഡ് ചെയ്തതായി അജാനൂര്‍ സ്കൂള്‍ പ്രഥമാധ്യാപകന്‍ എ.ജി.ഷംസുദീന്‍ അറിയിച്ചു. കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന കാഴ്ച വീഡിയോയില്‍ പകര്‍ത്തുകയും അത് സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരേ ചേര്‍ത്തിട്ടുള്ള കുറ്റം. ഇതുസംബന്ധിച്ച് നിയമനടപടിക്കൊരുങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് നീക്കങ്ങള്‍ തുടങ്ങി.വീഡിയോ പ്രചരിപ്പിച്ചതിനെതിരേ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയും പ്രതീകരിച്ചിരുന്നു.
കളിയിക്കാവിള കൊലപാതക കേസിലെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി;മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്
തിരുവനന്തപുരം:കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു.നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.28 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തെളിവെടുപ്പ്. ഗൂഢാലോചനയെ കുറിച്ചും സഹായം നല്‍കിയവരെ കുറിച്ചുമുള്ള വിവരങ്ങളാകും ചോദിച്ചറിയുക. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.അതേസമയം, കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ ഒരാളെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പ്രതിയായ ഷെമീമിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന് തേങ്ങാപട്ടണം സ്വദേശിയായ നവാസിനെയാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തു നിന്നാണ് നവാസിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ ദിവസം കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷയെ പിടികൂടിയിരുന്നു.ബംഗളൂരു പൊലീസാണ് മെഹബൂബ് പാഷയെ പിടികൂടിയത്. കൂട്ടാളികളായ ജബീബുള്ളും അജ്മത്തുള്ളയും മന്‍സൂറും പിടിയിലായിട്ടുണ്ട്. സംഭവത്തിനു ഭീകര ബന്ധമുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കില്ല;സെൻസസുമായി സഹകരിക്കുമെന്നും കേരള സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്ററും( എന്‍.ആര്‍.സി) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍) നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം.ഇക്കാര്യം കേന്ദ്ര സെന്‍സസ് ഡയറക്ടറെ ഔദ്യോഗികമായി അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.ഇവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതെന്നും യോഗം വ്യക്തമാക്കി.അതുകൊണ്ട് തന്നെ ഇവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും യോഗം തീരുമാനിക്കുകയായിരുന്നു. ഗവര്‍ണറുടെ എതിര്‍പ്പും മന്ത്രിസഭാ യോഗം തള്ളിക്കളഞ്ഞു. ഗവര്‍ണര്‍ക്ക് ഇന്ന് സര്‍ക്കാര്‍ മറുപടി നല്‍കും.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി.ഗവര്‍ണര്‍ എതിര്‍ത്ത ഓര്‍ഡിനന്‍സ്, നിയമസഭയില്‍ ബില്ലായി കൊണ്ടുവരാന്‍ തീരുമാനിക്കുകയും ആ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയുമായിരുന്നു.ഗവര്‍ണര്‍ എതിര്‍ത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കൊണ്ട് തന്നെയാണ് കരട് ബില്ല് അവതരിപ്പിച്ചതും അംഗീകരിച്ചതും. ഒരു സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരുവട്ടം മാത്രമെ വാര്‍ഡ് വിഭജനം പാടുള്ളുവെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ച വ്യവസ്ഥ. എന്നാല്‍ പഞ്ചായത്ത് രാജ് ആക്ടിലോ മുന്‍സിപ്പാലിറ്റി ആക്ടിലോ ഈ വ്യവസ്ഥയില്ല എന്ന കാരണം പറഞ്ഞാണ് ഗവര്‍ണറുടെ വാദങ്ങള്‍ മന്ത്രിസഭാ യോഗം തള്ളിയത്.
മഞ്ചേശ്വരത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി;സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍;സഹപ്രവർത്തകനായ അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ
കാസർകോഡ്:മഞ്ചേശ്വരത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ അധ്യാപികയെ കടപ്പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിനും രണ്ട് ദിവസം മുമ്പ് അധ്യാപികയെ സ്കൂളില്‍ നിന്നും കാണാതായിരുന്നു.ഇത് സംബന്ധിച്ച ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുമായ ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളാണ് അധ്യാപികയുടെ മരണത്തിന് പിന്നിലെന്ന് രൂപശ്രീയുടെ കുടുംബവും ആരോപിച്ചു. അധ്യാപികയെ സഹപ്രവര്‍ത്തകന്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്നാണ് രൂപശ്രീയുടെ മകന്‍ കൃതികിന്റെ മൊഴി.അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും മുടി മുറിച്ചെടുത്ത നിലയിലുമായിരുന്നു. അദ്ധ്യാപികയുടെ സ്കൂട്ടർ ഹൊസങ്കടിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ദുർഗപ്പള്ളത്തെ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയതിനു ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നിൽ ബെല്ലടിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകരെയടക്കം പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
‘അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക’; അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം
കണ്ണൂർ:കൊട്ടിയൂർ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം.തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു.അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക, ജനവരി 31 ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തണമെന്നും പോസ്റ്ററില്‍ പറയുന്നു.മാവോയിസ്റ്റുകളില്‍ മൂന്ന് പേരുടെ കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് സംഘം ടൗണില്‍ എത്തിയത്. തിരിച്ച് ആ വഴി തന്നെ പോവുകയും ചെയ്തു. പ്രകടനത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് സംഘം നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ തോക്കുകളേന്തി മാവോയിസ്റ്റുകള്‍ ഇവിടെ പ്രകടനം നടത്തിയിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ തണ്ടര്‍ ബോള്‍ട്ടും പോലീസും പ്രദേശത്ത് എത്തി.
പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണു;നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്:പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധന്‍രാജിന്റെ സ്മരണാര്‍ത്ഥം നൂറണിയിലെ ടര്‍ഫ് ഗ്രൗണ്ടിൽ നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.മല്‍സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗ്യാലറി തകര്‍ന്ന വീണത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും പരിക്ക് സാരമുള്ളതാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍പോഴ്സ് രംഗത്തെത്തി.ഞായറാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഏഴുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഫുട്ബോള്‍ മത്സരം സെലിബ്രിറ്റി താരങ്ങള്‍ എത്താന്‍ വൈകിയതോടെ ഒരുമണിക്കൂറിലേറെ താമസിച്ചു.ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന വി.കെ. ശ്രീകണ്ഠന്‍ എം.പി. പ്രസംഗിക്കുന്നതിനിടെയാണ് ഗാലറി പൂര്‍ണമായും തകര്‍ന്നുവീണത്.നാലായിരത്തോളം പേര്‍ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റി.അറുന്നൂറിലേറെ ആളുകള്‍ ഒരേസമയം തിങ്ങിനിറഞ്ഞതോടെ ഭാരം താങ്ങാനാവാതെയാണ് ഗാലറി വീണതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രിയായിരുന്നു മുന്‍ സന്തോഷ് ട്രോഫി താരവും ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകള്‍ക്കായി ബൂട്ടണിയുകയും ചെയ്തിട്ടുള്ള പാലക്കാട് സ്വദേശി ധന്‍രാജ് കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. നാല്പത്തിയെട്ടാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മത്സരത്തിനിടെയായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ടീം അംഗമായ ധനരാജന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.മികച്ച കളിക്കാരനായിരുന്നിട്ടും കഷ്ടപാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ധന്‍രാജിന്റെത്. ഈ സാഹചര്യത്തിലായുരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ പ്രദര്‍ശന ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കാന്‍ പാലക്കാട്ടെ ഫുട്ബോള്‍ പ്രേമികള്‍ തീരുമാനിച്ചത്. ഈ മല്‍സരമാണ് ഇപ്പോള്‍ തുടങ്ങും മുന്‍പ് അപകടത്തില്‍ കലാശിച്ചത്.ഐഎം വിജയന്‍, ബെച്ച്‌യൂങ് ബുട്ടിയ തുടങ്ങിയ താരങ്ങള്‍ മത്സരത്തിൽ കളിക്കുമെന്ന് അറിയിച്ചിരുന്നു.
നിർധനരായ രണ്ട് കുടുംബങ്ങള്‍ക്ക് ഭവനം; കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് 10 ലക്ഷം രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി
കണ്ണൂര്‍ : ജില്ലയിലെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് വീട്‌വെച്ച് നല്‍കുന്നതിനായി കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് 10 ലക്ഷം രൂപ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് കൈമാറി. നബാര്‍ഡിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡായി ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് ലഭിച്ച തുകയാണ് ഇതിനായി നല്‍കിയത്. ജില്ലയിലെ നിര്‍ധനരും ഭവന രഹിതരുമായ രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനാണ് തുക നല്‍കുന്നതെന്ന് ജില്ലാ ബാങ്ക് അധികൃതര്‍ അറിയിച്ചു.സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ എം കെ ദിനേഷ് ബാബു, ബാങ്ക് ജനറല്‍ മാനേജര്‍ പി ശശികുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി വി ഭാസ്‌ക്കരന്‍, എം പി അമ്മണി, സിബിച്ചന്‍ കെ ജോബ്, ജീവനക്കാരുടെ പ്രതിനിധി പി ഗീത, കെ എം ബാബുരാജ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
തമിഴ്‌നാട്ടിൽ വൻ സ്പിരിറ്റ് വേട്ട;കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
തമിഴ്നാട്:കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് തമിഴ്നാട്ടില്‍ വെച്ച് പിടികൂടി. ഐബിയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍ ഭാഗത്തു രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റിന് 50 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.