കണ്ണൂർ:ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം.ചൈനയില്‍ നിന്നും നാട്ടിലെത്തിയ കണ്ണൂർ ജില്ലയിലെ പേരാവൂര്‍ സ്വദേശികളായ അഞ്ചുപേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. 28 ദിവസത്തേക്ക് പൊതുപരിപാടികളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.കഴിഞ്ഞദിവസമാണ് ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി ഇവർ കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ എന്ന് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ അധികൃതര്‍ പേരാവൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കിയത്. നാട്ടിലെത്തിയ ശേഷം മറ്റൊരിടത്തേക്ക് പോയതിനാല്‍ ഈ കുടുംബത്തെ നേരിട്ട് കാണാനും ബോധവല്‍ക്കരിക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചന.ഈ കുടുംബത്തെ കൂടാതെ പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുന്‍പ് ചൈനയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. 2744 പേര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, അതിവേഗമാണ് ചൈനയില്‍ കോറോണാ വൈറസ് പടരുന്നത്.ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസ്;സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം:കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ ഏഴ് പേര്‍ ആശുപത്രികളിലാണുള്ളത്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇന്നലെ മാത്രം 109 പേരാണ് ചൈനയില്‍ നിന്ന് കേരളത്തിലെത്തിയത്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. മടങ്ങിയെത്തിയവരില്‍ വൂഹാൻ സർവ്വകലാശാലയിലെ രണ്ട് വിദ്യാർഥികളുമുണ്ട്.ഇന്നലെ രാത്രി 11 മണിക്കാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു.എല്ലാ മെഡിക്കല്‍കോളജുകളിലും മറ്റും മുന്‍ കരുതലായി ഐസലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്.വിദേശത്ത് നിന്ന് വരുന്നവരെ പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളിലും പരിശോധനാ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. രോഗലക്ഷണം കണ്ടാല്‍ അടിയന്തരമായി ചികിത്സ തേടണമെന്നും നിർദേശമുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് പണി മുടക്കുന്നു
കോഴിക്കോട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് പണി മുടക്കുന്നു.മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്സുടമകൾ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കാസർകോട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 20 വര്‍ഷം കഠിന തടവ്
കാസര്‍കോട്: കാസര്‍കോട്ട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.ചുള്ളിക്കര ജി. എല്‍ പി സ്ക്കൂള്‍ അധ്യാപകന്‍ പി രാജന്‍നായർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കാസര്‍കോട് പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി.25,000 രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പോക്‌സോ കോടതി വിധിച്ചു.2018 ഒക്ടോബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം.സ്ക്കൂള്‍ ഐ ടി സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.
മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്മേല്‍ മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു.കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.സെന്‍കുമാറിനൊപ്പം സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്. വെള്ളാപ്പള്ളി നടേശനെതിരായി സുഭാഷ് വാസുവുമൊത്ത് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം സൂചിപ്പിച്ചു കൊണ്ടുള്ള ചോദ്യത്തില്‍ ക്ഷുഭിതനായ ടി പി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറുകയായിരുന്നു.താങ്കള്‍ ഡിജിപിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.കടവില്‍ റഷീദിനെ ഡയസിന് സമീപത്തേക്ക് വിളിച്ച് വരുത്തിയ ടി പി സെന്‍കുമാര്‍ ചോദ്യം ചോദിച്ചതിന്റെ പേരില്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു.ഒപ്പമുണ്ടായിരുന്ന ആളുകള്‍ കടവില്‍ റഷീദിനെ പിടിച്ച് തള്ളാന്‍ ശ്രമിക്കുകയും ചെയ്തു.മാധ്യമപ്രവര്‍ത്തകരുടെ സമയോചിതവും സംയമനത്തോടെയും ഉള്ള ഇടപെടല്‍ കൊണ്ടാണ് പ്രശ്‌നം വഷളാകാതിരുന്നതെന്ന് പറഞ്ഞ പത്രപ്രവര്‍ത്തക യൂണിയന്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സെന്‍കുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും കണ്‍ഡോണ്‍മെന്റ് പോലിസ് കേസ് എടുത്തിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ ബാഗിെന്‍റ ഭാരം കുറക്കാനുള്ള ഉത്തരവ് എല്ലാ സ്കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിെന്‍റ ഭാരം കുറക്കാന്‍ സര്‍ക്കാറുകളും വിദ്യാഭ്യാസ ഏജന്‍സികളും പുറപ്പെടുവിച്ച ഉത്തരവുകള്‍ എല്ലാ സ്കൂളുകളിലും നടപ്പാക്കണമെന്ന് ഹൈകോടതി.സ്‌കൂള്‍ ബാഗിന് അധിക ഭാരമില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിനൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.സ്‌കൂള്‍ബാഗിന്റെ അമിതഭാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.ബാഗിന്റെ അമിതഭാരം കുട്ടികളിൽ വേദന, തോള്‍ വേദന, ക്ഷീണം, നെട്ടല്ല് പ്രശ്നങ്ങള്‍ തുടങ്ങിയവക്ക് കാരണമാകുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കുട്ടികള്‍ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളില്ലാതെ വളരേണ്ടത് കാലഘട്ടത്തിെന്‍റ ആവശ്യമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു.പ്രായത്തിന് നിരക്കാത്ത ഭാരം അവര്‍ക്കുമേല്‍ ചുമത്തരുതെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവുകള്‍ നടപ്പാക്കുന്നുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പ്രധാനാധ്യാപകരും ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
കണ്ണൂർ വയത്തൂരിൽ ക്ഷേത്രോത്സവത്തിനിടയിൽ ആനയിടഞ്ഞു;രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: വയത്തൂരിൽ ക്ഷേത്രോത്സവത്തിനിടയിൽ ആനയിടഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ആനപ്പുറത്തിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത്.കാലിന് ഗുരുതര പരിക്കേറ്റ വിരാജ് പേട്ട സ്വദേശി സുഹാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാന്മാര്‍ ഉടന്‍ കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയതിനാല്‍ ആനക്ക് അധിക ദൂരം ഓടാനായില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ മെരുക്കിയത്.
കൊറോണ വൈറസ്;ചൈനയിൽ നിന്നും മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊച്ചിയിൽ നിരീക്ഷണത്തിൽ
കൊച്ചി:കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചൈനയിൽ നിന്നും മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊച്ചിയിൽ നിരീക്ഷണത്തിൽ. രോഗലക്ഷണങ്ങളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഇയാളെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.രോഗ സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഇന്ന് അയക്കും.ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇടയ്ക്ക് ചൈനയില്‍ പോകാറുള്ളതാണ് ഇദ്ദേഹം.അടുത്തിടെ അവിടെ ഒമ്ബതു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമാണ് ഇദ്ദേഹം തിരിച്ചെത്തിയത്.ചൈനയില്‍ നിന്നും ബാംഗ്ലൂരിലെത്തിയ യുവാവിനെ അവിടെ വെച്ചാണ് പനി ബാധിച്ചത്.തുടര്‍ന്ന് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷമാണ് എറണാകുളത്തേയ്ക്ക് പോന്നത്. പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വിശദമായ പരിശോധനയക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. അതിനായി യുവാവിന്റെ തൊണ്ടയില്‍ നിന്നുള്ള ശ്രവം പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഇന്ന് അയക്കും. രണ്ടു ദിവസത്തിനുള്ളില്‍ റിസല്‍ട്ടു ലഭിക്കമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി
കണ്ണൂര്‍:കണ്ണൂര്‍ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്താണ് 200 കിലോയോളം തൂക്കംവരുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍.ഇവ പടക്കനിര്‍മ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 2017ല്‍ പള്ളിക്കുന്നില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരുന്നു സൂക്ഷിച്ച വീടാകെ തകര്‍ന്നിരുന്നു. അതേ വ്യക്തിയെയാണ് ചാലക്കുന്നിലും പൊലീസ് സംശയിക്കുന്നത്.
കൊറോണ വൈറസ്;ചൈനയിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ
കോട്ടയം:കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ സൗദി അറേബ്യയില്‍ ഒരു മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നഴ്‌സിന് പിടിപെട്ടത് ചൈനയില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അല്ലെന്നാണ് സ്ഥിരീകരണം.2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെഴ്‌സ് കോറോണ വൈറസ് ആണ് നഴ്‌സിനെ ബാധിച്ചതെന്ന് ആശുപത്രി അധികൃതകര്‍ അറിയിച്ചു. ഇക്കാര്യം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. സൗദിയിലെ അസീര്‍ നാഷണല്‍ ഹോസ്പിറ്റലിലാണ് മലയാളി നഴ്‌സ് ചികിത്സയിലുള്ളത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും മുന്‍കരുതലായി മെഡിക്കല്‍ സംഘം പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 60 വിമാനങ്ങളില്‍ എത്തിയ 12,800 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. വൈറസ് മൂലം ചൈനയില്‍ ഇതിനകം 25 പേര്‍ മരിച്ചിട്ടുണ്ട്. ചൈനയില്‍ പിടിപെട്ട വൈറസിന് ‘2019-NCoV’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്.
Dailyhunt