ജ​നു​വ​രി 31,ഫെ​ബ്രു​വ​രി ഒ​ന്ന് ദിവസങ്ങളിൽ രാജ്യത്ത് ബാങ്ക് പണിമുടക്ക്; ഇടപാടുകൾ തടസ്സപ്പെടും

keralanews bank strike on january31st and february1st in the country transactions will be interrupted

ന്യൂഡൽഹി:ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളിലായി രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കിൽ പങ്കെടുക്കും.മുപ്പതിനു പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രതിഷേധറാലി സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.ഫെബ്രുവരി ഒന്നിന് ജില്ലാ കളക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച്‌ 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും.പെന്‍ഷന്‍ പരിഷ്കരിക്കുക, കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ലാഭാടിസ്ഥാനത്തില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് പുതുക്കിനിശ്ചയിച്ച്‌ പഞ്ചദിന വാര പ്രവര്‍ത്തനം നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

നടക്കാവിൽ ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ടപകടം;16 പേർക്ക് പരിക്കേറ്റു

keralanews firework tragedy during nadakkavu temple fest 16 injured

ഉദയംപേരൂര്‍: നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടില്‍ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചുവീണ് പൊട്ടി 16ഓളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടുപേരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേവരില്‍ 60 വയസ്സുകാരിയും ഉണ്ട്. ഇവരെ രാത്രിയോടെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപതി അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച രാത്രി ഒൻപതുമണിയോടു കൂടി ക്ഷേത്രത്തിലെ പൂരൂരുട്ടാതി താലപ്പൊലി നടക്കുന്നതിനിടെയാണ് അപകടം.ദിശ തെറ്റിയ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ തിങ്ങിക്കൂടിയിരുന്നവര്‍ നാലുപാടും ചിതറിയോടി. മിക്കവരുടെയും കാലുകള്‍ക്കാണ് പരിക്ക്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും പരിക്കേറ്റവരെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നാണ് സാരമായി പരിക്കേറ്റ എട്ടുപേരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് ഇനി മുതൽ വെള്ള നിറം നിർബന്ധമാക്കി

keralanews white colour mandatory for tourist buses in kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി.പുറം ബോഡിയില്‍ വെള്ള നിറവും മധ്യഭാഗത്ത് കടുംചാര നിറത്തിലെ വരയുമാണ് അനുവദിച്ചത്. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്.മറ്റുനിറങ്ങളോ എഴുത്തോ ചിത്രപ്പണികളോ അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിന്‍വശത്ത് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതാം. ടൂറിസ്റ്റ് ബസ് നടത്തിപ്പുകാര്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സപോര്‍ട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ) തീരുമാനം. പുതിയതായി റജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്.ടി.എ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്‌ട്‌ കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. നിയന്ത്രണമില്ലാത്തതിനാല്‍ ബസ്സുടമകള്‍ അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുകളില്‍ പതിച്ചിരുന്നത്.മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച്‌ അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്.

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

keralanews former minister and senior congress leader m kamalam passed away

കോഴിക്കോട്:മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം(96)അന്തരിച്ചു. കോഴിക്കോട് നടക്കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്ന കമലം കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു. ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന കമലം 1946ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് സജീവമായിരുന്നു എം കമലം.ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി. എം.യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍,എം വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിന്റെ ‘മനുഷ്യഭൂപടം’ ഇന്ന്;വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ലോംഗ് മാര്‍ച്ച്‌

keralanews udf to form human map in all district in protest against citizenship amendment act

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ്ന്റെ ‘മനുഷ്യഭൂപടം’ ഇന്ന്. 13 ജില്ലകളിലാണ് യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കുക.ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മത-സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളെ അണിനിരത്താനാണ് യുഡിഎഫിന്റെ നീക്കം.ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ച്‌ അണിചേരും. നാലുമണിക്കാണ് റിഹേഴ്‌സല്‍. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീര്‍ക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കളും നേതൃത്വം നല്‍കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ചും നടത്തും.കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍നിന്ന് പുതിയ സ്റ്റാന്‍ഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയോടനുബന്ധിച്ച്‌ കല്‍പ്പറ്റയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കര്‍ശന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചിട്ടുണ്ട്.കേന്ദ്രത്തിനും ഗവര്‍ണ്ണര്‍ക്കും ഒപ്പം സംസ്ഥാന സര്‍ക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.തുടര്‍ന്ന് രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കും.

സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളി പ്രവാസി വ്യവസായി സി.സി തമ്പിക്ക് ജാമ്യം

keralanews malayali expat bussinessman got bail in financial fraud case
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്ത മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ഉടമയുമായ സി.സി തമ്പിക്ക് ജാമ്യം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ വിദേശത്തുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ടതാണ് കേസ്.കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒ.എന്‍.ജി.സി ഇടപാടില്‍ 1000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് 2017ല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ദുബായ് കേന്ദ്രീകരിച്ചുള്ള വ്യവസായിയാണ് സി.സി തമ്പി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.
റോബര്‍ട്ട് വാദ്രയുടെ അടുത്ത ബിസിനസ് പങ്കാളിയായി അറിയപ്പെടുന്ന സി.സി. തമ്പി വാദ്രയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളുടെ പേരില്‍ നേരത്തെയും ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഞായറാഴ്ച എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് തമ്പി ഡല്‍ഹിയില്‍ എത്തിയത്.ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.288 കോടി രൂപയുടെ ഇടപാടില്‍ വിദേശനാണയ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയില്‍നിന്നും ലണ്ടനില്‍ സ്വത്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേരളത്തില്‍ വിവിധ സ്വത്ത് വകകള്‍ വാങ്ങിയതില്‍ ആയിരം കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.റോബര്‍ട്ട് വാദ്ര ലണ്ടനില്‍ 26 കോടിയുടെ ഫ്ളാറ്റും ദുബായില്‍ 14 കോടിയുടെ വില്ലയും വാങ്ങിയത് തമ്പിയുടെ കമ്പനി മുഖേനയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍, തമ്പിയെ വിമാനത്തില്‍ വെച്ച് കണ്ടുള്ള പരിചയം മാത്രമേയുള്ളൂവെന്നും മറ്റാരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും റോബര്‍ട്ട് വാദ്ര വ്യക്തമാക്കിയിരുന്നു.മുന്‍പ് എന്‍ഫോഴ്സ്മെന്‍റ് നടത്തിയ ചോദ്യം ചെയ്യലില്‍ വാദ്രയെ പരിചയപ്പെട്ടത് സോണിയ ഗാന്ധിയുടെ പിഎ പി.പി. മാധവന്‍ മുഖേനയാണെന്നും തന്‍റെ ഫ്ളാറ്റില്‍ വാദ്ര താമസിച്ചിട്ടുണ്ടെന്നുമായിരുന്നു തമ്പിയുടെ വെളിപ്പെടുത്തല്‍.

ഒടുവിൽ സർക്കാർ നിലപാടിന് വഴങ്ങി ഗവർണ്ണർ;സിഎഎയ്ക്ക് എതിരായ പരാമര്‍ശം നയപ്രഖ്യാപനത്തിൽ വായിച്ചു

keralanews atlast governor read out the policy statement agains t c c a in assembly

തിരുവനന്തപുരം:ഒടുവിൽ സർക്കാർ നിലപാടിന് വഴങ്ങി സിഎഎയ്ക്ക് എതിരായ പരാമര്‍ശം നയപ്രഖ്യാപനത്തിൽ വായിച്ച് ഗവർണ്ണർ.വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18 ആം ഖണ്ഡിക ഗവര്‍ണര്‍ വായിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരായ ഭാഗങ്ങളാണ് ഗവര്‍ണര്‍ വായിച്ചത്.പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുന്‍കൂട്ടി അറിയിക്കാറില്ല. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്.ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്നു. ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച്‌ ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു.പിന്നീടു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോയി.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ

keralanews recommendation to return sriram venkitraman to service who was under suspension

തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ.കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാര്‍ശ നല്‍കിയത്‌.എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയുകയുള്ളൂ. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ചട്ടം.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ബഷീര്‍ തിരുവനന്തപുരത്ത് കാറിടിച്ച്‌ കൊല്ലപ്പെടുന്നത്. അപകടം നടക്കുന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസാണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം.അപകട സമയത്തു താന്‍ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തില്‍ അദ്ദേഹം നിഷേധിച്ചിരുന്നു.

കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്;അന്വേഷണം എൻഐഎ ഏറ്റെടുത്തു

keralanews n i a take over the probe in the case of a s i shot dead in kaliyikkavila

തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു.കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്യും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുള്‍ സമീമിനെയും എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു. നാഗര്‍കോവിലില്‍ എത്തിയാണ് സംഘം പ്രതികളെ ചോദ്യം ചെയ്തത്.ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎയുടെ നടപടി.

നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണറെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞു;പ്രസംഗം ബഹിഷ്‌കരിച്ചു;സഭയിൽ നാടകീയ രംഗങ്ങൾ

keralanews opposition party blocked governor in assembly and boycott assembly meeting

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ തടഞ്ഞു.ഗോ ബാക്ക് വിളികളുമായി പ്ലക്കാര്‍ഡുകളേന്തി പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറുടെ മാര്‍ഗമധ്യേ നിലയുറപ്പിക്കുകയായിരുന്നു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല.പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി.പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൌരത്വ ഭേദഗതിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭയിലേക്ക് ആനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്നത്. ഇവരെ നീക്കാനുളള അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വാച്ച്‌ ആന്‍ഡ് വാര്‍ഡിനെ വിളിച്ച്‌ വരുത്തി.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിപക്ഷാംഗങ്ങളെ നീക്കുകയായിരുന്നു.വാച്ച്‌ ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിക്കുകയായിരുന്നു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.