മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച്‌ മരിച്ച കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

keralanews the suspension period of sriram venkitaraman extended to 90days in the case of journalist killed in accident

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച്‌ മരിച്ച കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി.സസ്പെന്‍ഷന്‍ കാലാവധി വെളളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടത്. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി.ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തത്. 2019 ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മ്യൂസിയത്തിന് സമീപം കാറിടിച്ച്‌ മരിച്ചത്. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വരാനുള്ള കാലതാമസമാണ് കുറ്റപത്രം വൈകാന്‍ കാരണം.മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഓഗസ്റ്റ് ആറിന് കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്.

സേവന വേതന കരാര്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു

keralanews two days all india strike of bank employees started

ന്യൂഡൽഹി:സേവന വേതന കരാര്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനംചെയ്ത പണിമുടക്കില്‍ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പങ്കെടുക്കുന്നത്.രണ്ടുദിവസവും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കും.ശനിയാഴ്ച കലക്ടര്‍മാര്‍വഴി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച്‌ 11 മുതല്‍ 13വരെ വീണ്ടും പണിമുടക്കും.അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്;സാക്ഷിവിസ്താരം തുടങ്ങി; ദിലീപിന് വേണ്ടി ഹാജരായത് 13 അഭിഭാഷകർ

keralanews trial started in actress attack case and 13 lawyers appeared for dileep

കൊച്ചി:കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു.എറണാകുളം സി.ബി.ഐ കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്.ആക്രമണത്തിന് ഇരയായ നടിയും ദിലീപ് ഉള്‍പ്പെടെയുള്ള പത്തുപ്രതികളും ഇന്നലെ ഹാജരായിരുന്നു. പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരം ഇന്നും തുടരും. ഇന്നും നടിയെയാണ് വിസ്തരിക്കുന്നത്.ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്.തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.ഇന്നലെ രാവിലെ 10.30 നാണ് ഇരയായ നടി കോടതിയിലെത്തിയത്. തൊട്ടുപിന്നാലെ ജയിലില്‍ നിന്ന് പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ ജയിലില്‍ നിന്നെത്തിച്ചു. എട്ടാം പ്രതിയും നടനുമായ ദിലീപ് 10.50 ന് എത്തി. തുടര്‍ന്ന് പതിനൊന്നോടെ കോടതി നടപടികള്‍ ആരംഭിച്ചു. വൈകിട്ട് 4.35 നാണ് ആദ്യ ദിവസത്തെ സാക്ഷിവിസ്താരം അവസാനിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ ഇന്നലെ പത്തു പ്രതികള്‍ക്കു വേണ്ടി 30 അഭിഭാഷകരാണ് ഹാജരായത്. ഇതില്‍ 13 പേര്‍ ദിലീപിനു വേണ്ടി ഹാജരായവരാണ്.വനിതാ ജഡ്ജി ഹണി എം. വര്‍ഗീസാണ് സാക്ഷിവിസ്താരം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി.2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു.ഇത് കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും.മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികള്‍.ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്.ആദ്യഘട്ടവിസ്താരം ഏപ്രില്‍ ഏഴുവരെ തുടരും. 136 സാക്ഷികളെ വിസ്തരിക്കും.കുറ്റപത്രത്തിനൊപ്പം മൊത്തം 359 പേരുടെ സാക്ഷിപ്പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്.161 രേഖകളും 250 തൊണ്ടിമുതലുകളുമുണ്ട്.

കാസർകോഡ് ചെറുവത്തൂരിൽ 7 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

keralanews youth arrested with 7kg ganja from kasarkode cheruvathoor

കാസർകോഡ്: ചെറുവത്തൂരിൽ 7 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ. പാടിയോട്ട്ചാല്‍ എച്ചിലാംപാറയിലെ കാഞ്ഞിരത്തുംമൂട്ടില്‍ മനു ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിച്ച്‌ ചെറുപൊതികളിലാക്കിയാണ് ഇയാൾ വില്‍പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.വ്യാഴാഴ്ച രാവിലെ 6.30ന് ചീമേനി പോത്താംകണ്ടത്ത് നടത്തിയ വാഹനപരിശോധയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ പല ഭാഗത്തും വില്‍പന നടത്താനാണ് കഞ്ചാവെത്തിച്ചതെന്നും ഇയാള്‍ വന്‍കിട കഞ്ചാവ് വില്‍പന റാക്കറ്റിലെ കണ്ണിയാണെന്ന് സംശയിക്കുന്നതായും എക്‌സൈസ് സംഘം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സാദിഖ്, പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷ്‌റഫ്, പി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, നിഷാദ് പി നായര്‍, വി മഞ്ചുനാഥന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ടി വി ഗീത, ഡ്രൈവര്‍ വിജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി;ആരോഗ്യനില തൃപ്തികരമെന്ന് ഡോക്റ്റർമാർ

keralanews student who was infected with coronavirus was shifted to thrissur medical college and doctors said the health condition is satisfactory

തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച്‌ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.നിലവില്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും വെള്ളിയാഴ്ച അര്‍ധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.ഇതിന് ശേഷമാണ് വിദ്യാർത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍നിന്ന് മാറ്റാനുള്ള തീരുമാനം വന്നത്.ചികിത്സയ്ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വലിയ ഐസൊലേഷന്‍ വാര്‍ഡാണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്.പേവാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്.20 മുറികളാണ് ഈ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുള്ളത്.ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ചികിത്സയിൽ കഴിയുന്ന വിദ്യാത്ഥിനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. ഈ വിദ്യാര്‍ഥിനിക്ക് പുറമേ നിലവില്‍ ഒൻപതു പേര്‍ തൃശൂരില്‍ നിരീക്ഷണത്തിലുണ്ട്.വീടുകളിലും ആശുപത്രികളിലുമായി സംസ്ഥാനത്തുടനീളം ആകെ 1053 പേരാണ് ഇതുവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച നാല് പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്,134 പേര്‍. മലപ്പുറത്തും എറണാകുളത്തുമായി 100ല്‍ അധികം പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും. ചൈനയില്‍ നിന്ന് തിരിച്ചെത്തിയവരും രോഗ ലക്ഷണമുള്ളവരും എത്രയും വേഗത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയില്‍നിന്ന് വന്നവരില്‍ ചിലര്‍ സ്വമേധയാ പരിശോധനയ്ക്ക് തയാറായിട്ടില്ല.ചുമ, പനി, ശ്വാസതടസം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സാസംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെയെത്തണം.ഒരാള്‍ പോലും മരിക്കരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാല്‍ ഹൃദ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ മരണസാധ്യത കൂടുതലാണ്.

കേരളത്തിൽ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂരിലെ ജില്ലാ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍;തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി

keralanews student who was diagnosed with coronavirus in kerala has been admitted to isolation ward in thrissur district hospital

തൃശൂർ:കേരളത്തിൽ കൊറോണ വൈറസ്ബാധ  സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂരിലെ ജില്ലാ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.രോഗം സംശയിച്ച്‌ ഐസലേറ്റ് ചെയ്യപ്പെട്ട നാലു പേരില്‍ ഒരു വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തുനിന്ന് അയച്ച 20 സാംപിളുകളില്‍ ഒന്നിലാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ പത്തു സാംപിളുകള്‍ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതര്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി വൈകിട്ടു തൃശൂരിലേക്കു പോകും. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ യോഗം ചേരുകയാണ്. മന്ത്രി രാത്രി 10 മണിയോടെ തൃശൂരിലെത്തും.രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും രോഗിയെ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്.ചുമ, പനി, ശ്വാസതടസം എന്നിവയാണ് വൈറസ്ബാധയുടെ പ്രധാന രോഗലക്ഷണങ്ങള്‍.പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാല്‍ ഹൃദ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ മരണസാധ്യത കൂടുതലാണ്.

വയനാട്ടിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

keralanews plus two student found dead inside the school toilet in wayanad

കൽപ്പറ്റ:സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്പറ്റ മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്‌.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ഫാത്തിമ നസീല(17)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൃത്യമായ മരണ കാരണം അറിയാന്‍ സാധിക്കുകയുള്ളൂ. കബളക്കാട് മുളപറമ്പ് അറയ്ക്കല്‍ ഹംസ-റംല ദമ്പതികളുടെ മകളാണ് നസീല. വിദ്യാര്‍ത്ഥിനി 12.45 വരെ ക്ലാസില്‍ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് കേസ് കേരളത്തിൽ സ്ഥിതീകരിച്ചു

keralanews first corona virus case in india confirmed in kerala

കൊച്ചി:കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.ചൈനയില്‍ നിന്നുമെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിതീകരിച്ചത്.ചൈനയിലെ വൂഹാന്‍ യൂണിവെര്‍സിറ്റിയിലാണ്  വിദ്യാർത്ഥി പഠിച്ചിരുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച്‌ രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.വിവരം പുറത്തുവിട്ടതോടെ സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഐസൊലേഷന്‍ വാര്‍ഡ് സജ്ജമായിട്ടുണ്ട്.എന്നാൽ സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്നലെ അറിയിച്ചിരുന്നു.ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളില്‍ ആരുമായും സമ്പർക്കമില്ലാതെ ഒരു മുറിയില്‍ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു.പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ജില്ലകളില്‍ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം. ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങള്‍ ദിശ 0471 2552056 എന്ന നമ്പറിൽ  ലഭ്യമാണ്. സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്സ്ടിട്യൂട്ടിലെക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.

നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു;ദിലീപും ആക്രമിക്കപ്പെട്ട നടിയും കോടതിയില്‍

keralanews the trial of actress attack case started dileep and attacked actress appeared in the court

കൊച്ചി:നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു.നടന്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയുമടക്കം എല്ലാ പ്രതികളും കോടതിയിലെത്തി. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. ഇന്ന് അക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും. അതില്‍ മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.കേസില്‍ ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.അതേസമയം കേസിലെ ഒന്നാംപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി തന്നെ ജയില്‍നിന്നു ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണന്നും ഈ കേസ് പ്രത്യേകമായി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഈ ഹര്‍ജി വിചാരണ നടപടികൾ തുടങ്ങാന്‍ തടസമല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.താന്‍ ഇരയായ കേസും പ്രതിയായ കേസും ഒന്നിച്ചു വിചാരണ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിട്ടുള്ളത്. സുനി ദിലീപിനെ ഫോണ്‍ ചെയ്തത് നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലം ആരാഞ്ഞുകൊണ്ടാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇക്കാര്യം പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതിയില്‍ ആശയക്കുഴപ്പമുണ്ടാക്കി വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

നടി ഭാമ വിവാഹിതയായി

keralanews actress bhama got married

കോട്ടയം:നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി.സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു. അടുത്തിടെയായിരുന്നു വിവാഹത്തെക്കുറിച്ച്‌ താരം വ്യക്തമാക്കിയത്. പക്കാ അറേഞ്ച്ഡായാണ് വിവാഹമെന്ന് ഭാമ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് ചടങ്ങിനിടയിലെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.ജനുവരിയിലായിരിക്കും വിവാഹമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങുകള്‍ നടത്തിയതോടെയാണ് വിവാഹത്തീയതി പരസ്യമായത്.നിവേദ്യമായിരുന്നു ഭാമയുടെ ആദ്യ സിനിമ. നിവേദ്യത്തിലെ ഭാമയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഭാമ വേഷമിട്ടു.ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് ബിസ്സിനെസ്സുകാരനായ അരുണ്‍. ഭാമയുടെ സഹോദരി ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്തുമാണ്.