കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജ് ആണ് മര്‍ദ്ദനത്തിന് ഇരയായത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.പരുക്കേറ്റ ഡ്രൈവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്.ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് തടയുകയും പിന്നാലെ കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇരുവാഹനങ്ങള്‍ക്കും പിറകിലെത്തിയ ബൈക്ക് യാത്രികരാണ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ബസ്സ് തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേല്‍ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക്;ഗതാഗതമന്ത്രിയുമായി ചർച്ച ഇന്ന്
കോഴിക്കോട്:സ്വകാര്യ ബസ്സുടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പണിമുടക്ക് ഒഴിവാക്കുന്നതിനായി ബസുകളുടെ സംഘടന പ്രതിനിധികളുമായി മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും.രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടത്തുന്നത്. മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം.ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.
ചന്തയിൽ നിന്നും വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടെത്തി
തിരുവനന്തപുരം:ചന്തയിൽ നിന്നും വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടെത്തി.പോത്തന്‍കോട് ചന്തയില്‍ നിന്നും കാട്ടായിക്കോണം മേലേവിള നവനീതത്തില്‍ പ്രിയ വാങ്ങിയ ചൂരമീനിലാണ് നുരയുന്ന പുഴുക്കളെ കണ്ടത്. ഉടനെ തിരികെ ചന്തയില്‍ എത്തിയെങ്കിലും വില്‍പ്പനക്കാരനെ കണ്ടില്ല. മറ്റു വില്‍പനക്കാരും മോശമായാണ് പെരുമാറിയതെന്നു പ്രിയ പറയുന്നു.ഇതോടെ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രിയ പരാതി നല്‍കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശ പ്രകാരം വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചന്തയില്‍ എത്തിയെങ്കിലും വില്‍പന നടത്തിയയാളെ കണ്ടെത്താനായില്ല.മുന്‍പും പോത്തന്‍കോട് മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ പുഴുക്കളെ കണ്ടെത്തിയിരുന്നു. കേടായ മല്‍സ്യങ്ങളില്‍ മണല്‍ പൊതിഞ്ഞ് വില്‍ക്കുന്നത് പലവട്ടം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി വിലക്കിയെങ്കിലും വില്‍പ്പനക്കാര്‍ ഇപ്പോഴും നിര്‍ദേശം ചെവിക്കൊണ്ടിട്ടില്ല. സംഭവത്തില്‍ വില്‍പനക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മായം കലര്‍ന്നതും കേടായതുമായ മീനുകള്‍ മണല്‍ വിതറി വില്‍ക്കുന്നത് തടയാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കൂട്ടി കര്‍ശന പരിശോധന നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി സുനില്‍ അബ്ബാസ് പറഞ്ഞു.
വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്‌സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു;യുവതി അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂരിലെ വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്‌സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് ധരിച്ച് യുവതി പ്ലസ് ടു സഹ പാഠികളുടെ വാട്സാപ് ഗ്രൂപ്പിലേക്കാണ് കഴിഞ്ഞ ദിവസം സന്ദേശം അയച്ചത്.ഇത് സാമൂഹിക മാധ്യമങ്ങളില്‍ പരന്നതോടെ യുവതി വെട്ടിലായി. ഇന്നലെ വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും സന്ദേശം എത്തിയതോടെയാണ് സംഭവം പൊലീസിന് മുന്നില്‍ എത്തിയത്. ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കേരളത്തില്‍ വീണ്ടും കൊറോണ;ചൈനയില്‍ നിന്നെത്തിയ ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി:കേരളത്തിൽ ഒരാൾക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതായി റിപ്പോർട്ട്.ചൈനയില്‍ നിന്നെത്തിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. എന്നാല്‍ രോഗിയെക്കുറിച്ചോ മറ്റോ സൂചന ലഭിച്ചിട്ടില്ല.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അതേസമയം കേരള ആരോഗ്യ വകുപ്പില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിക്കുതന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1793 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.കൊറോണ ബാധിതയായ തൃശൂരിലെ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നതും അശ്വാസം പകരുന്നതിനിടെയാണ് പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. കൊറോണ ബാധിത മേഖലകളില്‍നിന്നുള്ള 322 പേര്‍ ഇതിനകം കേരളത്തില്‍ എത്തിച്ചേര്‍ന്നതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇന്നലെ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാവിലെ 10.30ന് മാധ്യമങ്ങളെ കാണും.
മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു;ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വാഹനമോടിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും കാറില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍ സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമായാണ് കുറ്റപത്രം. തിരുവനന്തപും വഞ്ചിയൂര്‍ സി ജെ എം കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ചതാണ് അപകടം കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.ഐപിസി 304 മനപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനേമാടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ശ്രീറാമിന് എതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച ശ്രീറാമിനെ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വഫക്ക് എതിരായ കുറ്റം. വഫ ഫിറോസ് നിരന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്ന് 66 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 100 സാക്ഷികളെ വിസ്തരിച്ചു. 75 തൊണ്ടിമുതലുകളും 84 രേഖകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. സസ്പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് വിവാദമായതിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്.
വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൽപ്പറ്റ:വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ നസീലയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ഷാളുപയോഗിച്ച് തൂങ്ങിമരിച്ചതാകാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിഗമനം.മറ്റ് അസ്വഭാവികതകളൊന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ക്ലാസ് മുറിയിലോ ഇടവേളയിലോ എപ്പോഴെങ്കിലും വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തുന്ന സംഭവങ്ങളുമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും അനേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പോട്ട് പോകാനാണ് അവരുടെ തീരുമാനമെന്നാണ് വിവരം.സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഫാത്തിമ നസീല ശുചിമുറിയിലേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. ഫോറന്‍സിക് പരിശോധന ഫലത്തിനായാണ് അന്വോഷണ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുന്നത്. ഈ വിവരം കൂടി ലഭിച്ചാലാണ് മരണത്തിലെ ദൂരുഹതകള്‍ പൂര്‍ണമായും നീക്കാന്‍ സാധിക്കുവെന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയെ ശുചിമുറിയില്‍ ആദ്യം കണ്ട 2 വിദ്യാര്‍ത്ഥിനികളില്‍ നിന്നും ഒരു അദ്ധ്യാപകയില്‍ നിന്നും സംഭവം ദിവസം തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു.സംഭവത്തില്‍ ദൂരുഹത നീക്കണമെന്നും അന്വേഷണങ്ങളുമായി സഹകരിക്കാന്‍ തയാറാണെന്നും മുട്ടില്‍ ഡബ്ല്യുഎംഒ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.അബ്ദുല്‍ ജലീല്‍ പറഞ്ഞു.
കോട്ടയം കുറവിലങ്ങാട് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം
കോട്ടയം: കുറവിലങ്ങാടിന് സമീപം എം സി റോഡില്‍ കാളികാവില്‍ നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം.കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ വേളൂര്‍ ഉള്ളാട്ടില്‍പാദി വീട്ടില്‍ തമ്പി, ഭാര്യ വത്സല, മരുമകള്‍ പ്രഭ, ചെറുമകന്‍ അര്‍ജുന്‍, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.കാളികാവില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ നാട്ടുകാര്‍ കണ്ടത് മുന്‍വശമാകെ പൂര്‍ണമായി തകര്‍ന്ന് കിടക്കുന്ന കാറാണ്.അപകടത്തെ തുടര്‍ന്ന് ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്.ഉടന്‍തന്നെ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂരിലേക്ക് തടിയുമായി പോകുകയായിരുന്നു ലോറി.വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല.
കണ്ണൂരില്‍ 9 വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു
കണ്ണൂർ:കണ്ണൂരില്‍ 9 വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമായ പിപി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.ചക്കരക്കല്‍ സ്വദേശിയാണ് ബാബു.കുട്ടി സ്‌കൂളില്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് പീഡനത്തിന് ഇരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്. ഇയാള്‍ നാല് വര്‍ഷമായി പല തവണ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.ചൈല്‍ഡ് ലൈന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചക്കരക്കല്ല് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇയാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.
കണ്ണൂർ അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം
കണ്ണൂർ: അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം.സിപിഎം ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ 1.15ഓടെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും കസേരകളും അടിച്ചുതകര്‍ത്ത സംഘം മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകളും തകർത്തു.കഴിഞ്ഞ ദിവസം സമീപത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.