കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.അറസ്റ്റ് തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് ഇബ്രാഹിംകുഞ്ഞ്.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെയാണ് അനുമതി നല്‍കുന്നത്. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലില്‍ ഗവണര്‍ ഒപ്പുവച്ചതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാന്‍ സാധിക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്ബനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്.
കൊറോണ വൈറസ്;ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്ററും സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ
കാസർകോഡ്:ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്ററും കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ.കാഞ്ഞങ്ങാട് സ്വദേശിനിയായ വനിത ആയുര്‍വേദ ഡോക്ടറെയാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.ബംഗളുരുവിലെ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറാണ് ഇവര്‍.ഏതാനും ദിവസം മുൻപ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ഥികളെ ഇവർ ബംഗളുരുവിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയപ്പോള്‍ ജലദോഷവും നേരിയ പനിയുമുണ്ടായെന്നു ഡോക്ടര്‍ ജില്ലാ ആരോഗ്യവകുപ്പ് അധികാരികളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനയ്ക്കയച്ചു.വനിതാ ഡോക്ടര്‍ അടക്കം നിലവില്‍ ജില്ലയില്‍ ആകെ നാലു പേരാണ് ഐസൊസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്.ഇതില്‍ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നു നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
എൻഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചു നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:എൻഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസർക്കാരിന് കത്തയച്ചു.അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ക്കെതിരായ കേസ് തിരിച്ച് പൊലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.ഇന്നലെ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എൻ.ഐ.എക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനയ്ക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചിരുന്നു. എന്നാല്‍ അത് നടക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇന്ന്, അമിത് ഷാക്ക് കത്തയക്കുകയായിരുന്നു. എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
തിരുവനന്തപുരം:പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കിട്ടിയത്.പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്നായിരുന്നു മൂന്ന് മാസമായിട്ടും ഇബ്രാഹിംകുഞ്ഞിനെതിരായി നിയമനടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച് കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടിരൂപ അനുവദിച്ചതിൽ മുന്‍മന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.അറസ്റ്റിലായ ടി.ഒ സൂരജ് നല്‍കിയ മൊഴികളിലും റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ ഓഫീസിലെ റെയ്ഡില്‍ നിന്ന് ലഭിച്ച രേഖകളിലും ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.മുന്‍മന്ത്രിക്ക് എതിരായ നിയമനടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാറിന്റെ അനുമതി തേടിയത്.വിജിലന്‍സിന്റെ കത്ത് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ കൈമാറുകയും ചെയ്തു. ഒക്ടോബറിലാണ് കത്ത് കൈമാറിയത്. പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവര്‍ണറുടെ ഓഫീസ് ചോദിച്ചിരുന്നു.തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്പി രാജ്ഭവന് കൈമാറി.
കൊറോണ വൈറസ്;സര്‍വകലാശാലകളില്‍ നിന്ന് മടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരികെ വിളിച്ച് ചൈന
ബെയ്‌ജിങ്:കൊറോണ വൈറസ് പടർന്നുപിടിച്ചതിനെ തുടർന്ന് സര്‍വകലാശാലകളില്‍ നിന്ന് മടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരികെ വിളിച്ച് ചൈനയിലെ സർവ്വകലാശാലകൾ. ഈ മാസം 23 ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അറിയിപ്പ്. അറിയിപ്പ് ലഭിച്ചവരില്‍ അറുപതോളം മലയാളി വിദ്യാര്‍ത്ഥികളും ഉൾപ്പെടുന്നു.അറിയിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. നിലവിലെ സാഹചര്യം അറിയിച്ചിട്ടും സര്‍വകലാശാലകള്‍ തങ്ങളുടെ നിലപാട് മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് അവര്‍ പറയുന്നു.എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍.ഇതുവരെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 490 ആയി. നിലവില്‍ 24,000കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെ മാത്രം 65 പേരാണ് മരണപ്പെട്ടത്.
കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട;കാറിൽ കടത്തുകയായിരുന്ന 6.20 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
കാസർകോഡ്:കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട.കാറിൽ കടത്തുകയായിരുന്ന പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ ബേക്കല്‍ ടോണ്‍ ബൂത്തിനടുത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഹ്യുണ്ടായ് ക്രെറ്റ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. കാറില്‍ രണ്ട് രഹസ്യഅറകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണം.കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും ചേർന്നാണ് പരിശോധന നടത്തിയത്.കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു.ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കേരളത്തിലെയും മഹാരാഷ്ട്രത്തിലെയും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള സംഘത്തിന്റേതാണ് സ്വര്‍ണമെന്നാണ് പ്രാഥമിക സൂചന.കാസര്‍കോട് ജില്ലയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ സ്വര്‍ണവേട്ട നടക്കുന്നത്.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അറകള്‍ പൊളിച്ചുനീക്കി പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ സ്വര്‍ണമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കണ്ണൂരിൽ ബിജെപിക്കാരുടെ ബോംബേറില്‍ കാലു തകര്‍ന്ന അസ്ന ഇനി നാടിന്റെ സ്വന്തം ഡോക്ടര്‍
കണ്ണൂർ:കണ്ണൂരിൽ ബിജെപിക്കാരുടെ ബോംബേറില്‍ കാലു തകര്‍ന്ന അസ്ന ഇനി നാടിന്റെ സ്വന്തം ഡോക്ടര്‍.തന്‍റെ സ്വപ്ന നേട്ടം കൈവരിച്ചിരിക്കുന്ന അസ്ന. കണ്ണൂര്‍ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി ഇന്ന് ചുമതലയേല്‍ക്കും.2000 സെപ്റ്റംബര്‍ 27നാണ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്നയ്ക്ക് ബിജെപി പ്രവര്‍ത്തകരുടെ ബോംബേറിലാണ് വലതുകാല്‍ നഷ്ടപ്പെട്ടത്. മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം അസ്നയില്‍ വളര്‍ത്തിയത്.തോളിലെടുത്താണ് അച്ഛന്‍ അസ്നയെ സ്‌കൂളിലെത്തിച്ചത്. കൃത്രിമക്കാല്‍ ലഭിച്ചതോടെ, അസ്നയുടെ ജീവിതത്തിനും നേട്ടങ്ങള്‍ക്കും വേഗമേറി. ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വെല്ലുവിളിയായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് സ്ഥാപിച്ച് ഇതിനും പരിഹാരം കണ്ടെത്തി.പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ഡിസിസി വീടു നിര്‍മിച്ചു നല്‍കി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അസ്‌ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ അസ്‌നയ്ക്കു നിയമനം നല്‍കാന്‍ ഇന്നലെയാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
ചേര്‍ത്തുപിടിക്കാനും സഹായം നല്‍കാനും എത്തിയവര്‍ അനവധിയാണെന്ന് അസ്‌ന പറയുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ വീട് നിര്‍മ്മിച്ചു തന്നു. ചികിത്സയ്ക്കും മറ്റുമായി നാട്ടുകാര്‍ പിരിച്ച പണം അക്കൗണ്ടില്‍ ഇട്ടിരുന്നു. അതില്‍ നിന്നാണ് ഓരോ തവണയും കാലു മാറ്റിവയ്ക്കാന്‍ പണമെടുക്കുന്നത്.ഒരിക്കല്‍ ബോംബ് ആക്‌സിഡന്റില്‍പെട്ട് ദേഹത്തൊക്കെ മുറിവുകളുമായി ഒരാളെ കാഷ്വാലിറ്റിയില്‍ കൊണ്ടുവന്നു. വിഷമം വന്നെങ്കിലും അന്ന് പേടിയൊന്നും തോന്നിയില്ലെന്നും അസ്‌ന പറയുന്നു. ട്രെയിനപകടത്തില്‍ കാല്‍പോയ നാഗാലാന്‍ഡുകാരന്‍ വിസാഗോയായിരുന്നു അസ്‌നക്കൊപ്പം സഹപാഠിയായി മെഡിക്കല്‍ കോളേജില്‍ അക്കാലത്തു ഉണ്ടായിരുന്നത്. 2015ലാണ് ഇപ്പോഴുള്ള ജര്‍മന്‍ നിര്‍മ്മിത കാല്‍ വച്ചത്. അമേരിക്കയിലുള്ള ജോണ്‍സണ്‍ സാമുവല്‍ എന്നയാളാണ് ഇത് സ്‌പോണ്‍സര്‍ ചെയ്തത്. നല്ലൊരു ഡോക്ടറായി പേരെടുക്കണം എന്നാണ് അസ്‌നയുടെ ഇപ്പോഴത്തെ ആഗ്രഹം.
കൊറോണ വൈറസ്;കേരളത്തിൽ ജാഗ്രത തുടരുന്നു;വൈറസ് ബാധ സ്ഥിതീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു
തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു.കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു.നിലവിൽ സംസ്ഥാനത്ത് 2421 പേരാണ് നിരീക്ഷണത്തിലുള്ളത്.2321 പേര്‍ വീട്ടിലും 100 പേര്‍ ആശുപത്രികളിലും.നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയാക്കാതെ പുറത്ത് പോകരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.അതേസമയം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്കൂളുകളില്‍ പഠനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കൊറോണ വൈസുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഏഴ് പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1,043 പേര്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാക്കിയതായും മന്ത്രി അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാന്‍ പാടില്ല. അവര്‍ക്ക് ജോലി സംബന്ധിച്ചോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവളത്തില്‍ പ്രത്യേക നിരീക്ഷണത്തിനു സംവിധാനങ്ങള്‍ ഒരുക്കിയതായും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളിലും ഐ.എം.എ.യുമായി സഹകരിച്ച് കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊറോണ വൈറസ്;കാസർകോഡ് ജില്ലയിൽ രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
കാസര്‍കോട്: കൊറോണ ലക്ഷണങ്ങളോടെ കാസര്‍കോട് ജില്ലയില്‍ രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ഇവരുടെ സാംപിളുകളുടെ ഫലം വന്നിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സുഹൃത്തും ചൈനയില്‍നിന്നെത്തിയ ഒരാളുമാണ് ആശുപത്രിയിലുള്ളത്.12 പേരുടെ ഫലം കിട്ടാനുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു.കൊറോണ വൈറസ് ബാധിച്ച വിദ്യാർഥി ഉൾപ്പടെ 86 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇവരിൽ 83 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 5 പേരുടെ സാംപിളുകൾ പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ സഹപാഠിയുടെ സാമ്പിൾ കൂടി ഉണ്ടെന്നാണ് വിവരം. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ഉപസമിതികളുടെ നേതൃത്വത്തിൽ പ്രവര്‍ത്തനം ഊർജ്ജിതമാക്കി.ജില്ലയിൽ 34 ഐസലോഷൻ മുറികൾ സജ്ജീകരിച്ചു.ജില്ലാ ആശുപത്രിയിൽ 18 ഉം ജനറൽ ആശുപത്രിയിൽ ഉം 12 സ്വകാര്യ ആശുപത്രിയിൽ 4 ഉം മുറികളാണ് സജ്ജീകരിച്ചത്. കൂടാതെ കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം:കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.ഇത് ആരെയും ഭയപ്പെടുത്താനല്ല, നമുക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ മരണങ്ങളില്ലാതെ രക്ഷപ്പെടുത്താനാകും. ശ്രദ്ധയില്‍പ്പെടാതെ വൈറസ് ബാധ പെരുകാനിടവരുത്തരുത്.അതിനാലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരുകയും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം.2239 പേര്‍ കോറോണ ബാധിത മേഖലകളില്‍ നിന്ന് സംസ്ഥാനത്ത് എത്തിയതായാണ് നിലവിലെ കണക്ക്. ഇവരില്‍ 84 പേരെ ആശുപത്രികളിലാക്കിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. മറ്റു ചിലരും ബന്ധുകളും നിരീക്ഷണത്തിലാണ്. വീടുകളില്‍ 2155 പേര്‍ നിരീക്ഷണത്തിലുണ്ട്.ഇതുവരെ 140 സാമ്പിളുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.ഇതില്‍ 49 പരിശോധനാഫലങ്ങള്‍ വന്നതില്‍ മൂന്നെണ്ണമാണ് പോസിറ്റീവ്.രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിഞ്ഞതിന്റെ ഫലമാണ്. കൃത്യമായ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയും നടത്തിയാണ് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ രോഗബാധിത മേഖലകളില്‍ നിന്ന് വന്നിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും ചികിത്സ തേടുകയും വേണം.ഒരുപാട് പേര്‍ സഹകരിക്കുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചിലര്‍ വിവരങ്ങള്‍ അറിയിക്കാത്തത് അവര്‍ക്കും നാടിനും ആപത്കരമാണ്. ഒരുമാസത്തെ വീട്ടുനിരീക്ഷണം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.