കൊച്ചി:ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ 15 വിദ്യാര്‍ഥികളെ കൊച്ചിയില്‍ എത്തിച്ചു. ബാങ്കോക്ക് വഴിയുള്ള വിമാനത്തിലാണ് ഇവര്‍ നെടുമ്പാശ്ശേരിയിൽ എത്തിയത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി വിദ്യാര്‍ഥികളെയെല്ലാം വിമാനത്താവളത്തില്‍നിന്ന് നേരെ കളമശേരി മെഡിക്കല്‍ കോളേജിലേക്കാണ് എത്തിച്ചത്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിദ്യാര്‍ഥികളെയും വീടുകളിലേക്ക് വിട്ടയക്കുകയും ചെയ്തു. അതേസമയം 14 ദിവസം വീടിനുള്ളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശമിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇവര്‍ക്കുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുകയും ചെയ്തത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഡാലി യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണിവര്‍.ഇനിയും ചൈനയിലെ വുഹാനില്‍ 80 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരെയും തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണ്.
ആഢംബര കാറുകള്‍ക്കും ബൈക്കുകള്‍ക്കും അധിക നികുതി;ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റിൽ നിർദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കുക.പതിനഞ്ചു ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ഈടാക്കും.രണ്ടു ലക്ഷത്തിനു മുകളില്‍ വിലയുള്ള ബൈക്കുകള്‍ക്ക് ഒരു ശതമാനം അധിക നികുതി നല്‍കണം.ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതി ഒഴിവാക്കും.ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ലേലം ചെയ്തു നല്‍കുന്ന ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി അറിയിച്ചു.ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ചെക് പോസ്റ്റുകള്‍ അടച്ചതോടെ അധികം വന്ന ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കു പുനര്‍ വിന്യസിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.വീടുകള്‍ക്ക് അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അവര്‍ക്കു നിയമനം നല്‍കും.കൊച്ചി മെട്രോ വിപുലീകരണത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. പേട്ട തൃപ്പൂണിത്തുറ, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഇന്‍ഫോപാര്‍ക്ക് എന്നി മെട്രോ വിപുലീകരണ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി; കെട്ടിടനികുതിയും കുത്തനെ വര്‍ധിപ്പിച്ചു
തിരുവനന്തപുരം:കെട്ടിട നികുതി കൂട്ടിയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചും സംസ്ഥാന ബജറ്റ്.ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്ബോള്‍ ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 5000 രൂപയായാണ് കെട്ടിട നികുതി വര്‍ധിപ്പിച്ചത്. 5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങളുടെ നികുതി 7500 രൂപയാണ്. 7500-10000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 10000 രൂപയുടെ കെട്ടിടനികുതിയായി ഈടാക്കും. 10000 അടിക്ക് മേലുളള കെട്ടിടങ്ങളുടെ കെട്ടിട നികുതി 12500 രൂപയായിരിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. അഞ്ചുവര്‍ഷത്തേക്കോ കൂടുതലോ കാലത്തേയ്ക്ക് കെട്ടിടനികുതി ഒരുമിച്ചടച്ചാല്‍ ആദായനികുതി ഇളവ് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു. പോക്കുവരവിലും വര്‍ധന വരുത്തിയിട്ടുണ്ട്. ലോക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി പ്രഖ്യാപിച്ചു. തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപ ഫീസായി ഈടാക്കുമെന്നും ബജറ്റില്‍ പറയുന്നു. വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു.
നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
തിരുവനന്തപുരം:നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്.ആകാശ സര്‍വെ പൂര്‍ത്തിയായെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. വെറുമൊരു റെയില്‍ പാത എന്നതിലുപരി സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ സാധിക്കും. 2024-25 വര്‍ഷത്തോടെ 67775 യാത്രക്കാരും 2051 ല്‍ ഒരുലക്ഷത്തിലധികം പ്രതിദിനയാത്രക്കാരും ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടല്‍ എന്നും ധനമന്ത്രി പറഞ്ഞു.പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും. രാത്രികാലങ്ങളില്‍ ചരക്ക് കടത്തിനും വണ്ടികള്‍ കൊണ്ടുപോകുന്നതിനുള്ള റോറോ സര്‍വീസും ഈ റെയിലിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി പ്രതീക്ഷിക്കുന്നുണ്ടെന്നും നിര്‍മാണവേളയില്‍ 50,000 പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിശപ്പ് രഹിത കേരളം; 25 രൂപയ്‌ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി
തിരുവനന്തപുരം: 25 രൂപയ്‌ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കേരളത്തില്‍ ആരംഭിക്കുമെന്ന് സംസ്ഥാന ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പു രഹിത കേരളം.ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും. 10 ശതമാനം ഊണുകള്‍ സൗജന്യമായി സ്പോണ്‍സര്‍മാരെ ഉപയോഗിച്ച് നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താല്‍ റേഷന്‍ വിലയ്ക്ക് സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കും.അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രില്‍ മാസം മുതല്‍ പ്രഖ്യാപിക്കും.2020-21 വര്‍ഷം ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, അന്‍പത് ഹോട്ടലുകള്‍,20000 ഏക്കര്‍ ജൈവകൃഷി, ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവയും ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് നവംബര്‍ മുതല്‍ സിഎഫ്‌എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധനം
തിരുവനന്തപുരം: 2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍,ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ടവര്‍ഷം കൊണ്ട് സ്ഥാപിക്കപ്പെട്ടു. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി എല്‍ഇഡിയിലേക്ക് മാറും.തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിക്കാന്‍ 11 കെവി ലൈനില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറിലേക്ക് രണ്ടു ലൈനെങ്കിലും ഉറപ്പുവരുത്തി തടസ്സം ഒഴിവാക്കാന്‍ ദ്യുതി 20-20 പദ്ധതി നടപ്പാക്കും. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇ സെയ്ഫ് പദ്ധതി ആരംഭിക്കും.ഊര്‍ജ മിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് പദ്ധതികള്‍ക്ക് സഹായം നല്‍കും.ഊര്‍ജ മേഖലിലെ അടങ്കല്‍ 1765കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.കൊച്ചി ഇടമണ്‍ ലൈന്‍ വഴി കേരളത്തിലേക്ക് എത്തിക്കാവുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.2040 വരെയുളള വൈദ്യുതി ആവശ്യം പുറത്ത് നിന്ന് കൂടി വാങ്ങി പരിഹരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.ഊര്‍ജ മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇ സേഫ് പദ്ധതി നടപ്പിലാക്കും.2020-21 വര്‍ഷത്തില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് 500 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍ തുടങ്ങും. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി ഊര്‍ജ്ജിതമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റ് അവതരണം തുടങ്ങി;ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി.കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടാണ് ധനമന്ത്രി ടി.എം തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. ഇന്ത്യയെക്കുറിച്ചുള്ള കവിതാശകലങ്ങള്‍ ഉദ്ധരിച്ചാണ് അവതരണത്തിന് തുടക്കം കുറിച്ചത്. സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന് ഭീഷണിയെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു.കേന്ദ്രത്തിേന്‍റത് വെറുപ്പിെന്‍റ രാഷ്ട്രീയമാണ്. പൗരത്വ നിയമത്തിനെതിരെ തെരുവില്‍ സമരത്തിനായി ഇറങ്ങിയ യുവാക്കളിലാണ് രാജ്യത്തിെന്‍റ ഭാവി. കീഴടങ്ങില്ല എന്ന് ക്യാംപസുകള്‍ മുഷ്ടി ചുരുട്ടി പറയുന്നു. പൗരത്വ റജിസ്റ്ററും പൗരത്വ നിയമവും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകള്‍ക്കതീതമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരേ സമരവേദിയില്‍ കേരളത്തിെന്‍റ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അണിനിരന്നു. കേരളത്തിെന്‍റ ഒരുമ മറ്റു സംസ്ഥാനങ്ങള്‍ വിസ്മയത്തോടെയാണ് നോക്കികണ്ടതെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി. എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലക്ഷം വയോധികര്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയതായും ബജറ്റില്‍ തോമസ് ഐസക് പറഞ്ഞു.
കൊറോണ വൈറസ് ബാധയെന്ന് സംശയം; മൂന്നുപേരെ കൂടി കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കണ്ണൂർ:കൊറോണ വൈറസ് ബാധയെന്ന് സംശയത്തെ തുടർന്ന് മൂന്നുപേരെ കൂടി കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ കണ്ണൂർ സ്വദേശികളായ മൂന്നുപേരെയാണ് ഇന്നലെ ഉച്ചയോടെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.തായ്‌ലൻഡ് സന്ദർശനം കഴിഞ്ഞെത്തിയ ഒരു യുവാവ് ആശുപത്രിയിലെ പ്രത്യേക പരിശോധനാ കേന്ദ്രത്തിൽ എത്തിയെങ്കിലും പ്രാഥമിക പരിശോധനയിൽ അഡ്മിറ്റ് ആക്കേണ്ടെന്ന് കണ്ടെത്തിയതിനാൽ വീട്ടിൽത്തന്നെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.നേപ്പാളിൽ നിന്നും തിരികെയെത്തിയവർക്ക് നേരിയ പനി ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.നിലവിൽ അഞ്ചുപേരാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്.ഇതോടെ മെഡിക്കൽ കോളേജിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രത്യേക വാർഡായ 803 ആം നമ്പർ വാർഡിന്റെ പരിസരങ്ങളിലും എട്ടാം നിലയിലും കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ഇന്നലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക കൊറോണാ വൈറസ് ബോധവൽക്കരണ ക്ലാസും നടത്തി.അതേസമയം സാമ്പിൾ പരിശോധനയിൽ കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ വിട്ടയച്ചു.ആശുപത്രിയിലും വീട്ടിലുമായി 168 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഗായകൻ കെ ജെ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിയിലെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി:ഗായകൻ കെ ജെ യേശുദാസിന്റെ ഇളയ സഹോദരന്‍ കെ ജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപമുള്ള കായലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.രാത്രി ഏറെ വൈകിയും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന് പിന്നാലെയാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന വിവരം പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.രാത്രി പതിനൊന്നര മണിയോടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.കാക്കനാട് അത്താണിയില്‍ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.പരേതരായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് കെ ജെ ജസ്റ്റിന്‍. ജിജിയാണ് ഭാര്യ. മറ്റു സഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.
തളിപ്പറമ്പിൽ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണം പിടികൂടി
തളിപ്പറമ്പ്:തളിപ്പറമ്പിൽ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണം പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. മന്നയിലെ അറേബ്യൻ ഹോട്ടൽ, ഹോട്ടൽ ഫുഡ് പാലസ്,ഫുഡ് ലാൻഡ്,എം.എസ് ഹോട് ആൻഡ് കൂൾ,ഹോട്ടൽ തറവാട് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ചപ്പാത്തി,ചോറ്,ചിക്കൻ,ബീഫ്,അച്ചാർ തുടങ്ങിയവ പിടികൂടിയത്.ഇതുകൂടാതെ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.ഹെൽത്ത് ഇൻസ്പെക്റ്റർ പി.പി ബിജു,ജെ.എച്ച് ഐമാരായ എസ്.അബ്ദുൽ റഹ്മാൻ,എൻ.രാഖി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.