വെടിയുണ്ടകളും തോക്കുകളും കാണാനില്ല; ഡി.ജി.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.എ.ജി റിപ്പോര്‍ട്ട്

keralanews missing bullets and rifles c a g report on serious allegations against dgp

തിരുവനന്തപുരം:പൊലീസിനും ഡി.ജി.പിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സി.എ.ജി റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാണ് പ്രധാന കണ്ടെത്തൽ.പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തി.ഇതിന് പുറമെ ആഭ്യന്തരവകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെന്‍ഡറില്ലാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നാണ് റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. പോലിസ് വാങ്ങിയ 269 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ 15 ശതമാനവും ഉന്നത ഉദ്യോഗസ്ഥരുടെയും പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരം ഓപറേഷന്‍ യൂനിറ്റുകളായി കണക്കാക്കാത്ത സിബിസിഐഡി തുടങ്ങിയവയുടെയും ഉപയോഗത്തിനായി വിന്യസിക്കപ്പെട്ട ആഡംബരകാറുകളായിരുന്നു. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാര്‍ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപോര്‍ട്ട് പറയുന്നു. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, എസ്.എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സി.എ.ജി.യെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് കഴിഞ്ഞില്ലെന്ന് സി.എ.ജി.യും അറിയിച്ചു. വെടിയുണ്ടകള്‍ എവിടെപോയെന്ന കാര്യത്തില്‍ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും സി.എ.ജി. പ്രതികരിച്ചു. വെടിക്കോപ്പുകള്‍ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു. റവന്യൂ വകുപ്പിനെതിരേയും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മിച്ചഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് കാലതാമസം വരുത്തുന്നുവെന്ന് സിഎജി കണ്ടെത്തി. 1,588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിലാണ് വകുപ്പ് കാലതാമസം വരുത്തിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തില്‍ പോക്‌സോ കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

പാചകത്തിന് ഉപയോഗിച്ച്‌ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി; എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയമിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്

keralanews strict action against hotels who reuse stale oil for cooking department of food safety to appoint agency to collect used oil

കോഴിക്കോട്: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച്‌ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത്. ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി പരാതി ഉയരുന്നുണ്ട്.ചെറിയ വിലയ്ക്ക് ഇത്തരം എണ്ണ കിട്ടുമെന്നതാണ് തട്ടുകടക്കാരെ ആകര്‍ഷിക്കുന്നത്.ചില ഹോട്ടലുകളും പഴകിയ എണ്ണ നിരന്തരം ഉപയോഗിക്കുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഹോട്ടലുകളില്‍ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്. ആരോഗ്യത്തിന് ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന ഇത്തരം എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ എണ്ണ ശേഖരിക്കാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം. ഇതിനായി ഒരു ഏജന്‍സിയെ നിയമിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുക. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം പഴകിയ എണ്ണകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ല;എട്ടു മലയാളികൾ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്

keralanews inadequate security facilities order to shut everest panorama resort for three months where eight kerala tourists died

കാഠ്‍മണ്ഡു:മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എട്ടു മലയാളികൾ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് സർക്കാർ അടച്ചുപൂട്ടി.മതിയായ സരുക്ഷാ സംവിധാനങ്ങളില്ലാത്തതും നടത്തിപ്പിലെ വീഴ്‍ചകളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ റിസോര്‍ട്ടിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഞായറാഴ്‍ചയാണ് നേപ്പാള്‍ ടൂറിസം വകുപ്പ് നോട്ടീസ് നല്‍കിയത്.മലയാളി ടൂറിസ്റ്റുകളുടെ മരണത്തെക്കുറിച്ച്‌ അന്വേഷിച്ച പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മുറിയില്‍ ഇലക്‌ട്രിക് ഹീറ്റിംഗ് സൗകര്യമുണ്ടായിരുന്നെങ്കിലും വിനോദസഞ്ചാരികള്‍ റസ്റ്റോറന്റിലെ ഗ്യാസ് ഹീറ്റര്‍ എടുത്തു കൊണ്ടുപോവുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ നല്‍കിയ മൊഴി.എന്നാല്‍ റിസോര്‍ട്ടില്‍ അതിഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ സുരക്ഷയോ നല്‍കുന്നില്ലെന്നും റിസോര്‍ട്ട് എന്ന വിഭാഗത്തില്‍പ്പെടുത്താനുള്ള ഘടകങ്ങളും ഈ സ്ഥാപനത്തിനില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.കഴിഞ്ഞ മാസം 20നാണ് ദാമനിലെ റിസോര്‍ട്ട് മുറിയില്‍ നാല് കുട്ടികളടക്കം എട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വെച്ചത് ഹോട്ടല്‍ മാനേജുമെന്‍റിന്‍റെ വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

keralanews the department of public instruction has approved the new model of higher secondary certificates

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.പുതിയ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ഥിയുടെ പേര് കൂടാതെ പിതാവിന്റെയും മാതാവിന്റെയും പേര്, ജനനത്തിയതി, വിദ്യാര്‍ഥിയുടെ ഫോട്ടോ, ആകെ സ്‌കോര്‍, സ്‌കൂള്‍ കോഡ് എന്നിവ ഉള്‍പ്പെടുത്തും. നിലവില്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥിയുടെ പേര് മാത്രമാണ് വ്യക്തിഗതവിവരമായി രേഖപ്പെടുത്തുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷ പരീക്ഷയ്ക്കു ശേഷം നടത്തുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റും ഒന്നാക്കി നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാം;ഇളവ് മാർച്ച് 31 വരെ

keralanews license renewed without a driving test the concession is only until march 31

തിരുവനന്തപുരം:ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാനുള്ള സുവർണ്ണാവസരം നൽകി സർക്കാർ.സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച്‌ 31വരെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിന് മുന്‍പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുള്ളിലാണെങ്കില്‍ അപേക്ഷാഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതു സംബന്ധിച്ച്‌ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സെക്രട്ടറി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശംനല്‍കി. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം 2019 ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. പുതുക്കിയ നിയമം അനുസരിച്ച്‌ ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ അടച്ച്‌ കാലാവധി പുതുക്കാന്‍ സാധിക്കുകയുള്ളു.എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം.അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്‌സ്, റോഡ് ടെസ്റ്റ് വീണ്ടും പാസാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് നിര്‍ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു.ഇതേ തുടര്‍ന്നാണ് മാര്‍ച്ചുവരെ ഇളവ് നല്‍കിയത്.കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുന്നതിലെ കര്‍ശന നിബന്ധനകള്‍ ആദ്യമേ സംസ്ഥാന ഗതാഗതവകുപ്പ് ഒഴിവാക്കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ പുതുക്കിയാല്‍ ആയിരം രൂപ പിഴയടക്കണമെന്ന പുതിയ വ്യവസ്ഥയാണ് നേരത്തെ തന്നെ സംസ്ഥാന ഗതാഗത വകുപ്പ് ഒഴിവാക്കിയത്. കൂടാതെ അഞ്ചുവര്‍ഷം കഴിയാത്ത ലൈസന്‍സുകള്‍ പുതുക്കാന്‍ ടെസ്റ്റിനൊപ്പം എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും ഉത്തരവിറക്കിയിരുന്നു.ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയ്ക്ക് പുറമെ ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് പ്രായോഗിക ക്ഷമത പരീക്ഷയും പാസാകണം. ഇതില്‍ എച്ച്‌ അല്ലെങ്കില്‍ എട്ട് എടുത്ത് കാണിക്കണമെന്നായിരുന്നു കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ പറഞ്ഞിരുന്നത്. ഇതൊഴിവാക്കി പകരം വാഹനം ഓടിച്ച്‌ കാണിച്ചാല്‍ മതിയെന്നാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഈ വാഹനം ഓടിക്കുന്നതിലാണ് ഇപ്പോള്‍ മാര്‍ച്ച്‌ വരെ ഇളവ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വില കുറച്ചു

keralanews the price of bottled water reduced in the state

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്ററിന് 13 രൂപ ആക്കിയാണ് കുറച്ചത്. വില കുറച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചു.വിജ്‍ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും.വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യ സാധനങ്ങളുടെ വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് ഇപ്പോള്‍ വില കുറച്ചത്.

നടി ആക്രമിക്കപ്പെട്ട കേസ്;സാക്ഷി വിസ്താരം ഇന്നും തുടരും

keralanews hearing in actress attack case continues today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം ഇന്നും തുടരും.മുഖ്യപ്രതി പൾസർ സുനിയും സംഘവും താമസിച്ച തമ്മനത്തെ ഫ്ലാറ്റുമായി ബന്ധപ്പെട്ടവര്‍, സംഭവ ദിവസം രാത്രിയില്‍ പ്രതികളെ ഒരുമിച്ച് കണ്ടവര്‍ എന്നിവരെയാണ് ഇന്ന് വിസതരിക്കുന്നത്.ചലച്ചിത്ര താരങ്ങളായ ലാല്‍, രമ്യാ നമ്പീശൻ തുടങ്ങി പത്ത് പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്‍റോ ജോസഫ്, പി.ടി തോമസ് എം.എല്‍.എ എന്നിവരെ കഴിഞ്ഞയാഴ്ച വിസ്തരിക്കാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.ഇവരെ വിസതരിക്കേണ്ട പുതിയ തീയതി ഇന്ന് നിശ്ചയിക്കും. ഏപ്രില്‍ ഏഴ് വരെ 136 സാക്ഷികളെ വിസ്താരിക്കാനാണ് വിചാരണ കോടതിയുടെ തീരുമാനം.

25.57 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

keralanews kasarkode native arrested in mangalore airport with gold worth 25lakhs

മംഗളൂരു:25.57 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍.തെക്കില്‍ സ്വദേശി സൈഫുദ്ദീന്‍ (23) ആണ് പിടിയിലായത്. 633.83 ഗ്രാം (79.23 പവന്‍) സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായിൽ നിന്നും മംഗളൂരുവിലെത്തിയതായിരുന്നു സൈഫുദ്ദീന്‍.പേസ്റ്റ് രൂപത്തിലാക്കി ഉറകളില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

കൊറോണ വൈറസ്;തൃശ്ശൂരില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ നിരീക്ഷണക്കാലയളവ് തീരും മുന്‍പേ ചൈനയിലേയ്ക്ക് കടന്നു

keralanews three persons under observation in thrissur went to china before the end of the observation period

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ മൂന്നുപേര്‍ നിരീക്ഷണ കാലാവധി തീരും മുന്‍പേ ചൈനയിലേയ്ക്ക് കടന്നു. ആരോഗ്യവകുപ്പിനെ അറിയിക്കാതെയാണ് മൂന്നു പേര്‍ ചൈനയിലേയ്ക്ക് കടന്നത്. ചൈനയില്‍ ബിസിനസ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടുനിന്നുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍ നിന്നുള്ളയാളുമാണ് ചൈനയിലേയ്ക്ക് തിങ്കളാഴ്ച പോയത്.ദമ്പതിമാർ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം വഴിയും മറ്റേയാള്‍ സിങ്കപ്പൂര്‍വഴിയുമാണ് കടന്നതെന്നാണ് വിവരം.വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണില്‍ വിളിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോടു സംസാരിക്കുകയും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിയിക്കുകയും ചെയ്തിരുന്നു.തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ മൊബൈല്‍ നമ്പറുകൾ സ്വിച്ച്‌ഓഫ് ആയിരുന്നു. തുടർന്ന്  ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് ഇവർ ചൈനയിലേയ്ക്ക് പോയ വിവരം അറിഞ്ഞത്. ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിലേക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ എന്തുനടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും.തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 233 പേരും ആശുപത്രികളില്‍ എട്ടുപേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

സംസ്ഥാനത്ത് ചൂട് കൂടുന്നു;തൊഴിലാളികളുടെ സമയക്രമം പുനഃക്രമീകരിച്ച് തൊഴിൽവകുപ്പ്

keralanews heat increasing in the state rearranged the working time of labourers

തിരുവനന്തപുരം:സംസ്ഥാനത്ത് പകല്‍ ചൂട് ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ഇന്നു മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമീകരിച്ചു.സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ ആണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്.സമുദ്രനിരപ്പില്‍നിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് എന്നിവര്‍ ലേബര്‍ കമ്മീഷണര്‍ക്കു റിപോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 1958-ലെ കേരള മിനിമം വേജസ് ചട്ട പ്രകാരമാണു തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുള്ളത്.