കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന സാക്ഷികളിലൊരാളെ ഇന്ന് വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ദൃശ്യങ്ങള്‍ കാണിച്ച അമ്പലപ്പുഴ സ്വദേശി മനുവിനെയാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിലെ അടച്ചിട്ട മുറിയില്‍ വിസ്തരിക്കുക. കാറില്‍വച്ച് നടിയെ പീഡിപ്പിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സുനില്‍കുമാര്‍ ആദ്യം കാണിച്ചത് സുഹൃത്തായ മനുവിനെയാണ്.കേസില്‍ 104 ആം സാക്ഷിയായ മനുവിനെ വ്യാഴാഴ്ചയാണ് വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം ലഭിക്കാത്തതിനാല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം സുനില്‍കുമാര്‍ അമ്പലപ്പുഴയിലേക്കാണ് പോയത്. മനുവിന്റെ വീട്ടില്‍വച്ച് ദൃശ്യങ്ങള്‍ കാണിച്ചു. മനുവിന്റെ ഭാര്യയെ വ്യാഴാഴ്ച വിസ്തരിച്ചു. തമ്മനത്ത് സുനില്‍കുമാറിന്റെ കൂടെ താമസിച്ചയാളെയും വിസ്തരിച്ചു. സുനില്‍കുമാറിന്റെ സുഹൃത്തുക്കളായ അഞ്ച്‌പേരെയും ഇന്ന് വിസ്തരിക്കും.പ്രോസിക്യൂഷന്‍ ഇതുവരെ അക്രമത്തിനിരയാക്കപ്പെ്ടനടിയെ അടക്കം 14 സാക്ഷികളെയാണ് വിസ്തരിച്ചത്.പ്രോസിക്യൂഷന്റെ വിസ്താരം പൂര്‍ത്തിയായതിനു ശേഷം പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കും.
പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില്‍ പ്രതിപട്ടികയില്‍ ദേവസ്വം മന്ത്രിയുടെ ഗണ്‍മാനും
തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില്‍ പ്രതിപട്ടികയില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍ കുമാറും. തിരുവനന്തപുരം എസ്.എ.പി കമാന്‍ഡായിരുന്ന വ്യക്തിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ മൂന്നാം പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.പ്രതിപ്പട്ടികയില്‍ ആകെ 11 പേരാണ് ഉള്ളത്. രജിസ്റ്റര്‍ സ്റ്റോക്കുമായി ബന്ധപ്പെട്ട രേഖകളില്‍ വരുത്തിയ വീഴ്ചയാണ് പൊലീസുകാര്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിക്കാന്‍ കാരണം.രേഖകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വഞ്ചനയിലൂടെ കൂടുതല്‍ പൈസയുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എഫ്.ഐ.ആറില്‍ ഗുരുതരമായ വീഴ്ചകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയേക്കും. അതേസമയം കുറ്റവാളിയെന്ന് തെളിയും വരെ സനില്‍കുമാര്‍ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി പറഞ്ഞു.
എസ്‌എസ്‌എല്‍സി ഹാള്‍ ടിക്കറ്റ് ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക.2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക.1749 പേര്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ഥികളും ഇംഗ്ലീഷില്‍ 2,01,259 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളില്‍ തമിഴ്(2377), കന്നഡ (1527) വിദ്യാര്‍ഥികളുമുണ്ട്.മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിക്കും. 23ന് അവസാനിക്കും.
പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം:പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മള്‍ട്ടി ഡിസിപ്ലിനറി ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കിവരുകയാണെന്നും 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.പത്തനംതട്ട കലത്തൂര്‍ ജംഗ്ഷനില്‍വെച്ച് വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഇവിടത്തെ ഒരു വീട്ടിലെ കിണറ്റില്‍ നിന്ന് അണലിയെ പിടിച്ച് സുരേഷ് കുപ്പിയിലാക്കുകയായിരുന്നു.കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവയുടെ കൈയില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിക്കുകയായിരുന്നു.
കൊല്ലത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊല്ലം: കൊല്ലം ചാത്തന്നൂര്‍ സ്റ്റാന്‍റേര്‍ഡ് ജംഗ്ഷനില്‍ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്.അപകടത്തില്‍ മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു .
പന്തീരാങ്കാവ് യുഎപിഎ കേസ്;പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി:പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും.റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.അതേസമയം, കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.നാല് മാസം മുൻപാണ് സിപിഎം പ്രവര്‍ത്തകരായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്യുന്നത്.അര്‍ദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു.ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകള്‍ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷം; അയൽസംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ
തിരുവനന്തപുരം:സംസ്ഥാനത്ത് പാൽക്ഷാമം പരിഹരിക്കുന്നതിനായി അയൽസംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ.ഇന്ന് ചേര്‍ന്ന മില്‍മയുടെ ഹൈപ്പവര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കൂടുതല്‍ പാല്‍ വാങ്ങാനാണ് തീരുമാനം. ഇതിനായി തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സംസ്ഥാന സര്‍ക്കാര്‍ മുഖേന ചര്‍ച്ച നടത്തും.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ പാലിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത് . ഉല്പാദനച്ചെലവും കാലിത്തീറ്റയുടെ വിലയും കൂടിയത് കാരണം കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതാണ് പാല്‍ക്ഷാമത്തിനുള്ള കാരണമായി മില്‍മ പറയുന്നത് .
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ച് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്തണമെന്ന് ഹൈക്കോടതി.2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വരുന്ന ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍, ആദ്യം 2019-ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019-ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയം വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് എല്‍ഡിഎഫും സര്‍ക്കാര്‍ ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിനെതിരെ യുഡിഎഫ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് വ്യക്തമാക്കിയാണ് യുഡിഎഫ് കോടതിയെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും മുസ്ലീംലീഗും ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.തീരുമാനം മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. കോടതി അനുവദിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നത്. പുതിയ വിധി പ്രകാരം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ പട്ടിക പുതിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തി;കോട്ടക്കലില്‍ രണ്ടുപേര്‍ പിടിയില്‍
കോട്ടയ്ക്കൽ:മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് താനൂര്‍ സ്വദേശികളായ രണ്ടുപേർ പിടിയിലായി. കോട്ടക്കല്‍ വലിയപ്പറമ്ബിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സി.ഐ യൂസഫിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
പാലാരിവട്ടം പാലം അഴിമതി; വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടീസ് അയച്ചു
തിരുവനന്തപുരം:പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടിസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചോദ്യം ചെയ്യലിന് തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റിൽ ഹാജരാകാനാണ് നിർദേശം.പാലാരിവട്ടം പാലം അഴിമതി കേസിനായി രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഡി.വൈ.എസ്.പി വി. ശ്യാംകുമാറിന്‍റെ ഓഫീസ് എന്ന നിലയിലാണ് ചോദ്യം ചെയ്യൽ പൂജപ്പുരയിലാക്കാൻ തീരുമാനിച്ചത്.മുൻമന്ത്രിക്കെതിരായ അന്വേഷണത്തിന് ഗവർണർ കഴിഞ്ഞയാഴ്ച അനുമതി നൽകിയതോടെ നടപടികൾ വേഗത്തിലാക്കാൻ വിജിലൻസ് നീക്കം തുടങ്ങിയിരുന്നു. നിയമസഭ സമ്മേളനം പൂർത്തിയായതോടെയാണ് നോട്ടീസ് നൽകിയത്. നേരത്തെ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴിയെടുത്തിരുന്നു. പിന്നീട് ടി.ഒ സൂരജ് ഉൾപ്പടെ അഞ്ചുപേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി.ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ സൂരജ് മൊഴി നൽകിയതോടെയാണ് മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് സർക്കാരിന് അപേക്ഷ നൽകിയത്. സർക്കാർ പിന്നീട് ഗവർണറുടെ അനുമതി തേടി.അനുമതി ലഭിച്ചതോടെയാണ് ക്രമിനൽ നടപടി ചട്ടത്തിലെ 41 (എ) വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകിയത്.