തിരുവനന്തപുരം:സംസ്ഥാനത്ത് ഓരോ വ്യക്തിയുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും.ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് റവന്യൂ വകുപ്പിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വ്യക്തികളുടെ അധിക ഭൂമി കണ്ടെത്താനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.ഓരോ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ നല്‍കുന്നതാണ് പദ്ധതി.ഇതിനായി ഭൂവുടമകളുടെ ആധാര്‍ നമ്പറുകള്‍ റവന്യൂ വകുപ്പിന്റെ റെലിസ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ വ്യക്തിയും കേരളത്തിലെവിടെയും എത്ര ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയാനാവും.ഭൂപരിഷ്കരണ നിയമപ്രകാരം അധികഭൂമി കൈവശം വെച്ചതായി കണ്ടെത്തിയാല്‍ മിച്ചഭൂമിയായി മാറ്റി പിടിച്ചെടുക്കാനാകുമെന്ന് സര്‍ക്കാര്‍ വിശദീകരണം.ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പിന്‍പറ്റിയാണ് ഭൂമിക്ക് 12 അക്ക യൂണിക് തണ്ടപ്പേര്‍ നല്‍കാനുള്ള പദ്ധതി.
ശബരിമല യുവതീപ്രവേശന വിധി; സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും.ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ ബെഞ്ച് പരിഗണിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങള്‍ കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു. അതേസമയം ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു വാദം നടക്കുമ്പോൾ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തെങ്കാശിക്കടുത്ത് നിർത്തിയിട്ട കാറിനു പിറകിൽ സ്വകാര്യബസ്സിടിച്ച് മൂന്ന് പേര്‍ മരിച്ചു;മലയാളികളെന്ന് സംശയം
തെങ്കാശി:തെങ്കാശിക്കടുത്ത് നിർത്തിയിട്ട കാറിനു പിറകിൽ സ്വകാര്യബസ്സിടിച്ച് മൂന്ന് പേര്‍ മരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവര്‍ മൂന്നുപേരും മലയാളികളാണെന്ന് സംശയിക്കുന്നു.റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജിസ്‌ട്രേഷന്‍ കാറില്‍ ചെന്നൈയില്‍നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. സംഭവ സ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചതായാണ് വിവരം.
തൃശ്ശൂര്‍ കൊറ്റമ്പത്തൂരിൽ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു
തൃശൂർ:തൃശ്ശൂര്‍ കൊറ്റമ്പത്തൂരിൽ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു. പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാന്‍ ശ്രമിക്കവേയാണ് മൂന്നുപേരും വെന്തുമരിച്ചത്. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെവി ദിവാകരന്‍ (43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എംകെ വേലായുധന്‍ (55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടില്‍ വിഎ ശങ്കരന്‍ (46) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സിആര്‍ രഞ്ജിത്ത്(37) കാട്ടുതീയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു.
വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂർ.ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് പ്രദേശത്ത് തീ പടര്‍ന്നത്. വനം വകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരുമടക്കം 14 പേര്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും സഹായിക്കാനായി ഇവർക്കൊപ്പം ചേര്‍ന്നിരുന്നു. നാലുമണിയോടെ തീ നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലില്‍ നാട്ടുകാർ വനം വകുപ്പുദ്യോഗസ്ഥർക്ക് കുടിവെള്ളം നല്‍കി തിരിച്ചുപോന്നു. എന്നാല്‍, ഇതിനുശേഷം ശക്തമായ കാറ്റടിച്ച് തീ പെട്ടെന്ന് ഉയരത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതില്‍ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേര്‍ ഓടിരക്ഷപ്പെട്ടു. പക്ഷെ, ദിവാകരന്‍, വേലായുധന്‍, ശങ്കരന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ തീച്ചുഴിയിൽ പെടുകയായിരുന്നു. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരന്‍ ധ്യാന്‍ ഏക മകനാണ്. കാര്‍ത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുമക്കള്‍: സ്മിജ, വിജയന്‍. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എകെ കണ്ണന്റെ സഹോദരനാണ് വേലായുധന്‍. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കള്‍ ശരത്ത്, ശനത്ത്.
പാലാരിവട്ടം പാലം അഴിമതി:വി കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി;അറസ്റ്റ് ഉടനില്ല
തിരുവനന്തപുരം:പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂർ നീണ്ടുനിന്നു.മൂന്ന് സെറ്റ് ചോദ്യാവലിയാണ് വിജിലന്‍സ് തയാറാക്കിയിരിക്കുന്നത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞിട്ടുണ്ടെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.അതേസമയം കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. നിയമോപദേശത്തിന് ശേഷമായിരിക്കും അറസ്റ്റ്. ചോദ്യം ചെയ്ത രേഖകള്‍ ഏജിക്ക് കൈമാറാനാണ് വിജിലന്‍സ് തീരുമാനം.
കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി നിയമിച്ച വിവരം പുറത്ത് വിട്ടത്. നിലവില്‍ കെ. സുരേന്ദ്രന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. പി.ശ്രീധരന്‍പിള്ള ഗവര്‍ണറായി മേഘാലയിലേക്ക് പോയതോടെയാണ് ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷനില്ലാതെയായത്. കുറേക്കാലമായി ബി.ജെ.പിയില്‍ അധ്യക്ഷ പദവി ഒഴിഞ്ഞ് കിടക്കുകയാണ്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന് മുൻപ് പാര്‍ട്ടി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുളള റിപ്പോര്‍ട്ടുകള്‍. ഈ മാസം 26നാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം;തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമം നടത്തിയതായി അന്തിമ കുറ്റപത്രം
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു.കേസിൽ തുടക്കം മുതല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയതായി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 50 കിലോ മീറ്റര്‍ വേഗപരിധിയുള്ള റോഡിലൂടെ അമിതവേഗതയില്‍ വാഹനം ഓടിച്ച ശ്രീറാം തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്ത കെ.എം ബഷിറിനെ ഇടിച്ചിട്ടു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് പറഞ്ഞതായും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.കാര്യമായ പരിക്കില്ലാതിരിന്നിട്ടും തുടര്‍ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മെഡിക്കല്‍ കോളജില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി. കിംസ് ആശുപത്രിയില്‍വെച്ച് മദ്യത്തിന്‍റെ അംശം കുറയുന്നത് വരെ രക്തം എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ ഫിറോസ് എന്നിവരോട് ഈമാസം 24ന് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും;നാലു ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്;പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ചൂട് കൂടും.നാല് ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരും.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില അനുഭവപ്പെടുക. ഇന്നലെ കോട്ടയത്തും ആലപ്പുഴയിലും രേഖപ്പെടുത്തിയത് 37. 3ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇന്നും സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിസെലല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.വരണ്ട കിഴക്കന്‍കാറ്റും കടല്‍ക്കാറ്റിന്‍റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് കാരണം. ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കും മൂന്നിനും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ കൈയില്‍ വെളളം കരുതണം. നിര്‍ജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.ചൂട് കൂടുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ തൊഴിലാളികളുടെ ജോലി സമയത്തിൽ ക്രമീകരണം നടത്തിയിരുന്നു.പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണിക്കും മൂന്നിനും ഇടയില്‍ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.ഇവരുടെ ജോലി സമയം രാവിലെ ഏഴു മണിക്കും രാത്രി ഏഴു മണിക്കും ഇടയിലായി ക്രമീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി:പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കി. നിയമസഭാ സമ്മേളനം പൂര്‍ത്തിയായതോടെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കേസില്‍ നേരത്തെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഇബ്രാഹിംകുഞ്ഞിന് എതിരെ ടി.ഒ സൂരജ് മൊഴി നല്‍കിയതോടെയാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ വിജിലന്‍സ് സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. സര്‍ക്കാറിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ 41 എ വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് അയച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും സ്ഥലവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി
കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും കഫ്ടീരിയയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ രണ്ടു ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ തസ്തികകളില്‍ ജോലിയും കഫ്ടീരിയ തുടങ്ങാന്‍ സ്ഥലവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. മാഹി പന്തക്കല്‍ സ്വദേശി രജുന്‍ ലാലാണ് പരാതിക്കാരന്‍. ഇയാളില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. ഒപ്പം എട്ടു പേരില്‍ നിന്നായി 95 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.2017 ഡിസംബര്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെയുളള കാലത്താണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ തലശേരി സ്വദേശി വിപിന്‍ദാസ്,ഭാര്യ ഷീബ, ഒഞ്ചിയം സ്വദേശി അരുണ്‍കുമാര്‍,ഭാര്യ അജിത, നെട്ടൂര്‍ സ്വദേശി വിനോദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പണം മടക്കിത്തരമെന്ന് മധ്യസ്ഥര്‍ മുഖേന വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.