ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; സഭ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം

**EDS: TWITTER IMAGE POSTED BY @vijayanpinarayi ON TUESDAY, MAY 18, 2021** Kerala: Kerala CM Pinarayi Vijayan with Governor Arif Mohammed Khan. (PTI Photo)(PTI05_18_2021_000268B)

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗം തുടങ്ങി.പ്രതിപക്ഷം പ്രസംഗം ബഹിഷ്‌കരിച്ച്‌ പ്രകടനമായി പുറത്തേക്ക് പോയി. ഗവര്‍ണര്‍ സഭയിലെത്തിയതിന് പിന്നാലെ ‘ഗവര്‍ണര്‍ ഗോ ബാക്’ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. സഭാ സമ്മേളനത്തില്‍ നിങ്ങള്‍ക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്. ഗവര്‍ണറും സര്‍കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, അവസാനനിമിഷംവരെ സര്‍കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഗവര്‍ണര്‍ ഒടുവില്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാമെന്ന് സമ്മതിച്ചത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചിരുന്നു.നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധി വെച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുനയിപ്പിക്കുകയായിരുന്നു. മാര്‍ച്ച്‌ 11 നാണ് സംസ്ഥാനമ ബജറ്റ്. ഇതിന് മുന്നോടിയായാണ് നയപ്രഖ്യാപനം പ്രസംഗം. പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കി. കൊറോണ പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.സർക്കാരിന്റെ നൂറുദിന പരിപാടിയെയും ഗവർണർ പ്രശംസിച്ചു.  തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാടെന്നും ഗവർണർ പറഞ്ഞു.2020ലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പരാമര്‍ശത്തിനെതിരെ ഗവര്‍ണര്‍ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. 2021ല്‍ കാര്‍ഷിക നിയമത്തിനെതിരായ ഭേദഗതിയിലും ഗവര്‍ണര്‍ പ്രതിഷേധിച്ചിരുന്നു. രണ്ട് വിഷയങ്ങളും ദേശീയ താല്‍പര്യങ്ങള്‍ക്കെതിരാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു വിഷയവും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അവകാശമില്ല എന്നതുകൊണ്ട് തന്നെ സര്‍ക്കാര്‍ അംഗീകരിച്ച്‌ നല്‍കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും ഗവര്‍ണര്‍ വായിക്കും.

കൊട്ടിയൂർ പാലുകാച്ചി മല ട്രക്കിങ് മാർച്ചിൽ ആരംഭിക്കും

keralanews kottiyoor palukachi hill trekking will start in march

കേളകം : കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ച് അവസാനത്തോടെ തുടങ്ങാൻ തീരുമാനം.ഡി.എഫ്.ഒ. പി. കാർത്തിക്, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറ് സി.ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഇതിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വനസംരക്ഷണസമിതി രൂപവത്കരിക്കും.തുടർന്ന് ട്രക്കിങ്ങിന്റെ ബെയ്സ് ക്യാമ്പായ സെയ്ൻറ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയസൗകര്യങ്ങളും ഒരുക്കും.സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിക്കും. തുടർന്ന് മാർച്ച് അവസാനത്തോടെ ട്രക്കിങ് തുടങ്ങുമെന്ന് ഡി.എഫ്.ഒ. പറഞ്ഞു. മറ്റടിസ്ഥാനസൗകര്യങ്ങൾ ഘട്ടം ഘട്ടമായി സ്ഥാപിക്കും. ബെയ്സ് ക്യാമ്പിലേക്കായി മൂന്നുവഴികളാണുണ്ടാവുക.ഗ്രാമീണ ടൂറിസവും പ്ലാന്റേഷനും കോർത്തിണക്കി കേളകം-അടക്കാത്തോട്-ശാന്തിഗിരി വഴി എത്തുന്ന രീതിയിലാണ് ഒരു വഴി, ട്രക്കിങ് സാധ്യതയുള്ള സാഹസികപാതയായി ചുങ്കക്കുന്നുനിന്ന് പാലുകാച്ചി എത്തുന്ന വഴി, ഐതിഹ്യപാതയായി നീണ്ടുനോക്കിയിൽനിന്ന് പാലുകാച്ചി എത്തുന്ന രീതിയിലുമാണ് പാതകൾ ക്രമീകരിക്കുക. ഓരോ പ്രദേശങ്ങളിലെയും ഭൂപ്രകൃതിയും പ്രത്യേകതയും ഉൾപ്പെടുത്തിയുള്ള മ്യൂസിയവും ടൂറിസം അനുബന്ധ സൗകര്യങ്ങളും അതത് പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്.കേളകം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ്, കേളകം പഞ്ചായത്ത് വൈസ്പ്രസിഡൻറ് തങ്കമ്മ മേലേക്കൂറ്റ്, പഞ്ചായത്തംഗംങ്ങളായ സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടം, ബിജു ചാക്കോ, കൊട്ടിയൂർ പഞ്ചായത്തംഗം ബാബു മാങ്കോട്ടിൽ,കേളകം പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;18 മരണം;22,707 പേർക്ക് രോഗമുക്തി

keralanews 8655 corona cases confirmed in the state today 18 deaths 22707 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂർ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂർ 357, പാലക്കാട് 343, വയനാട് 332, കാസർകോട് 102 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 108 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 193 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,338 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7884 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 660 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,707 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5811, കൊല്ലം 1540, പത്തനംതിട്ട 542, ആലപ്പുഴ 1360, കോട്ടയം 2680, ഇടുക്കി 743, എറണാകുളം 2783, തൃശൂർ 1832, പാലക്കാട് 821, മലപ്പുറം 1183, കോഴിക്കോട് 1420, വയനാട് 780, കണ്ണൂർ 950, കാസർകോട്് 262 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ല

keralanews rtpcr test not mandatory to enter karnataka from kerala

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.ഇതു സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.നേരത്തെ മഹാരാഷ്‌ട്രയിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം ഒഴിവാക്കിയിട്ടും കേരളത്തിൽ നിന്നുള്ളവർക്ക് ഒഴിവാക്കിയിരുന്നില്ല. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കൂവെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.

കെ റെയില്‍ കല്ലിടലിനെതിരേ കണ്ണൂര്‍ താണയില്‍ പ്രതിഷേധം;സര്‍വേ കല്ല് പിഴുതുമാറ്റി

keralanews protest in kannur thana against k rail stone laying survey stone removed

കണ്ണൂർ: കെ റെയില്‍ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ താണയില്‍ പ്രതിഷേധം.കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രദേശവാസികളും കെ റെയില്‍ വിരുദ്ധ സമരസമിതിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.നെല്ലിയോട് ദീപക്കിന്‍റെ ഭൂമിയില്‍ സ്ഥാപിച്ച സര്‍വേ കല്ല് പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. ഇതോടെ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇതിനിടെ പ്രതിഷേധത്തില്‍ പങ്കെടുത്ത സി സുഷമ എന്ന സ്ത്രീയെ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഉദ്യോഗസ്ഥ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെ റെയില്‍ പദ്ധതിക്കായി സര്‍വേയും കല്ലിടലും നടത്തുന്നതിനെതിരേ വിവിധ ജില്ലകളില്‍ പ്രദേശവാസികളും കെ റെയില്‍ വിരുദ്ധ സമരസമിതിയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഗൂഢാലോചന കേസ്;നടന്‍ ദിലീപ് അടക്കമുള്ള 3 പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും

keralanews conspiracy case crime branch again question 3 accused including dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുക. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യല്‍ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം അനൂപിനും സുരാജിനും ലഭിച്ചു. ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് അനൂപിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, അനൂപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിനെയും ദിലീപിനെയും അടുത്ത ദിവസം ചോദ്യം ചെയ്യലിന് വിളിച്ചേക്കും. ഇവരുടെ ഫോൺ പരിശോധനാഫലം നാളെ ലഭിക്കും. ഇതിന് ശേഷമായിരിക്കും ഹാജരാവാനുള്ള തീയതി നിശ്ചയിക്കുക. കേസിൽ ഈ പരിശോധനാഫലങ്ങൾ നിർണായകമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.മാത്രമല്ല, പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍.

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റിൽ

keralanews extorted money by offering visa the main accused has been arrested

കൽപറ്റ: വിമുക്തഭടന്റെ മകന് വിദേശജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം കൈക്കലാക്കി വഞ്ചിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി സ്റ്റാന്‍ലി സൈമണെ (42) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്, പാലക്കാട്, ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ ഇയാൾക്കെതിരെ സമാന കേസുകള്‍ നിലവിലുണ്ട്.കൽപറ്റ ഡിവൈ.എസ്.പി എം.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അന്വേഷണം നടത്തിവരവെ വയനാട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട്ടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൽപറ്റ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷറഫുദ്ദീന്‍, പൊലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാന്‍,കെ.കെ. വിപിന്‍, ജ്യോതിരാജ്, നൗഷാദ് എന്നിവരടങ്ങിയ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്‌കൂൾ പൂർണമായും തുറക്കൽ;വിദ്യാഭ്യാസ മന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന്

keralanews complete opening of school district collectors meeting convened by education minister today

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർക്കുന്ന ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. സ്കൂള്‍ പൂര്‍ണമായും തുറക്കുന്ന സാഹചര്യത്തില്‍ അതിനായി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച്‌ യോഗത്തില്‍ ചര്‍ച്ചയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. മാത്രമല്ല, സ്‌കൂളുകള്‍ ശൂചീകരിക്കുന്നതും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യവും യോഗം ചര്‍ച്ച ചെയ്യും.മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി ഫെബ്രുവരി 19, 20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് മന്ത്രി ഇന്നലെ അഭ്യർത്ഥിച്ചിരുന്നു. ഫർണീച്ചറുകൾക്ക് ക്ഷാമമുള്ള സ്‌കൂളുകളിൽ അവ എത്തിക്കാനും സ്‌കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാൻ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്കും, വിദ്യാർത്ഥി-യുവജന-തൊഴിലാളി സംഘടനകൾക്കും, വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും, ജനപ്രതിനിധികൾക്കും കത്തയച്ചു.

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

keralanews actor kottayam pradeep passes away

കോട്ടയം: നടന്‍ കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തായിരുന്നു അന്ത്യം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രത്യേക സംഭാഷണശൈലി കൊണ്ടും പ്രത്യേക അഭിനയശൈലി കൊണ്ടും മലയാള സിനിമയില്‍ ഏറെ പെട്ടന്ന് ശ്രദ്ധേയനായ വ്യക്തിയാണ് കോട്ടയം പ്രദീപ്. 2001ല്‍ റിലീസ് ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ഐ.വി.ശശി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലെ റോള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് പ്രദീപിന്റെ അവസാന ചിത്രം.1989 മുതല്‍ എല്‍ഐസി ജീവനക്കാരനായിരുന്നു. ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.

കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews high court today hear petition filed by lab owners against reduction of covid test rate

കൊച്ചി:കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 300 രൂപയും ആന്റിജന്‍ പരിശോധന നിരക്ക് 100 രൂപയും ആക്കി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു.നിരക്ക് കുറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതി അറിയിച്ചത്.വിവിധ പരിശോധനകള്‍ക്ക് ലാബുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി. നിരക്ക് വര്‍ധന സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിക്കുക.കൊവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ അത്തരം പരിശോധന നടത്തുന്ന ലാബുകളിലെ മോളിക്യുലാര്‍ വിഭാഗം അടച്ചിടാനാണ് ലാബുടമകളുടെ നീക്കം.