തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ആഭ്യന്തരവകുപ്പിനുമെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ആഭ്യന്തര സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്രതിപക്ഷ നേതാവിന്‍റെ കൂടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായത്.അതേസമയം സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.തോക്കുകളും തിരകളും കാണാതായതും, പോലീസിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടിയുള്ള പണം വകമാറ്റി ചെലവഴിച്ചതും, ആഡംബര വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പടെ ഡിജിപിയെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന നിരവധി കണ്ടെത്തലുകള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന ന്യായമാണ് സര്‍ക്കാര്‍ ആദ്യം നിരത്താന്‍ ശ്രമിച്ചത്. ആദ്യമായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്.ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടരന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കൂ. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ശുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും
കണ്ണൂർ:കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ശുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും.പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവരിക.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അലന് പരീക്ഷ എഴുതാൻ സാഹചര്യമൊരുങ്ങിയത്. ഉച്ചയ്ക്കു രണ്ടുമുതല്‍ അഞ്ചുവരെയാണു പരീക്ഷ.രാവിലെ ഏഴ് മണിയോടെ തൃശൂർ അതിസുരക്ഷ ജയിലിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എൻ.ഐ.എ ഉദ്യോഗസ്ഥനും ഇവർക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂർ നീളുന്ന പരീക്ഷക്ക് ശേഷം അലനെ തൃശൂരിലേക്ക് തന്നെ തിരികെ കൊണ്ടു പോകും.ക്യാമ്പസ്സിൽ പോലീസ് കനത്ത സുരക്ഷയൊരുക്കും.സര്‍വകലാശാലയുടെ നിയമപഠനവിഭാഗത്തില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന അലന്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കുമ്പോഴാണ് കേസില്‍പ്പെട്ടു ജയിലിലാകുന്നത്. തുടര്‍ന്നു പഠനവിഭാഗത്തില്‍നിന്നു പുറത്താക്കിയിരുന്നു. നിലവില്‍ മൂന്നാം സെമസ്റ്റല്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ എന്‍ഐഎ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.കോടതിയുടെ അനുമതിയുണ്ടെങ്കിൽ മറ്റ് തടസങ്ങളില്ലെന്ന് സർവകലാശാല മറുപടി നൽകി. തുടർന്നാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകി വൈസ് ചാൻസിലർ ഉത്തരവിറക്കിയത്. എന്നാൽ നിയമ പഠന വിഭാഗം മേധാവി ഹാജർ സർട്ടിഫിക്കറ്റ് നൽകിയ ശേഷം മാത്രമാകും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക.
കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന;കൃത്യം നിര്‍വ്വഹിച്ചത് മാതാപിതാക്കളില്‍ ഒരാളെന്നും റിപ്പോർട്ട്
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നത്. തലയ്‌ക്കേറ്റ ക്ഷതം കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞ് മുങ്ങി മരിച്ചതല്ലെന്ന് ഇതോടെ വ്യക്തമായി. സംഭവത്തില്‍ കൊലയാളികള്‍ മാതാപിതാക്കളില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കുഞ്ഞിന്റെ അച്ഛനാണ് കൊല നടത്തിയതെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ ഒന്നര വയസ്സുകാരന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.പ്രണവും ശരണ്യയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. എന്നാല്‍ രണ്ട് പേരും പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണ് ഉള്ളത്.
ഞായറാഴ്ച രാത്രി വീടിനുള്ളിൽ ഉറക്കിക്കിടത്തിയ വിയാനെ തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്.തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ കുഞ്ഞിന് മരുന്ന് കൊടുത്തതിനു ശേഷം മാതാവ് ശരണ്യ കുട്ടിയെ അച്ഛന്റെ അടുത്ത് കിടത്തിയുറക്കി.കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഹാളിലുമാണ് കിടന്നാണ് ഉറങ്ങിയത്.കുട്ടിയെ രാവിലെ ആറു മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. തെരച്ചിലില്‍ കടല്‍ത്തീരത്ത് കടലില്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലര്‍ന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കണ്ണിന്റെ ഭാഗത്ത് പൊട്ടല്‍ ഉണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉള്‍പ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടേതുകൊലപാതകമാണെന്ന് സൂചനയുള്ളതായി അമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്ബതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കള്‍ പരാതിയുമായി എത്തിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറുന്നത്.കുട്ടിയുടെ മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.കുട്ടിയുടെ അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യകയാണ് ഇപ്പോള്‍. ശരണ്യയും, പ്രണവും തമ്മില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. കുട്ടിയുടെ മരണവുമായി ശരണ്യയ്‌ക്കൊ പ്രണവിനോ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫൊറന്‍സിക് വിദഗ്ദ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പകല്‍ താപനിലയില്‍ കൂടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ചൂടു കൂടുന്നത് കണക്കിലെടുത്തു ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക;മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു
ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടർപട്ടിക ഉപയോഗിക്കുന്നത് സംബന്ധിച്ച കേസില്‍ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് വരുംമുന്‍പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗിന്റെ ഹര്‍ജി. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആയിരിക്കും ഹാജരാകുക. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്റെയും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ളതെന്ന ആരോപണവും ലീഗിനുണ്ട്. ഇക്കാര്യവും സുപ്രീം കോടതിയെ അറിയിച്ചേക്കും.2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.എന്നാൽ ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നും 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും ഉത്തരവിട്ടത്.2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം. അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
നിരത്തുകളിലെ നിയമലംഘനങ്ങളിൽ ഇനി പൊതുജനങ്ങൾക്കും ഇടപെടാൻ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം:നിരത്തുകളിലെ നിയമലംഘനങ്ങളിൽ ഇനി പൊതുജനങ്ങൾക്കും ഇടപെടാൻ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.ഓരോ ദിവസവും നമ്മുടെ നിരത്തുകളിൽ പൊലിഞ്ഞു തീരുന്നത് ആയിരക്കണക്കിന് ജീവനുകളാണ്.2018 ലെ കേരളാ പോലീസിന്റെ കണക്കനുസരിച്ച് വാഹനാപകടങ്ങളിൽ മാത്രം 4303 ജീവനുകളാണ് കേരളത്തിൽ ഇല്ലാതായത്. 2019 സെപ്റ്റംബർ വരെ മാത്രമുള്ള കണക്കെടുത്താൽ വഴിയിൽ പൊലിഞ്ഞ ജീവനുകൾ 3375 ആണ്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തുന്നതാണ് ഇതിനു പ്രധാന കാരണം.ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കുകയാണ് മോട്ടോർവാഹന വകുപ്പ്.പൊതുനിരത്തുകളിൽ കാണുന്ന നിയമലംഘനങ്ങൾ വാട്സ്ആപ് സന്ദേശങ്ങളായി അധികൃതരിലെത്തിക്കാം.നിങ്ങൾ കാണുന്ന ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും മോട്ടോർവാഹന വകുപ്പിന്റെ 9946100100 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാം.
ഷഹീന്‍ ബാഗ് സമരം;ചർച്ചയ്ക്കായി സുപ്രീം കോടതി മധ്യസ്ഥനെ നിയോഗിച്ചു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ സുപ്രീം കോടതി മധ്യസ്ഥനെ നിയോഗിച്ചു.അറുപതു ദിവസമായി റോഡ് തടസപ്പെടുത്തി നടക്കുന്ന സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ചാണ് കോടതി സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയെ മധ്യസ്ഥനായി നിയോഗിച്ചത്.ഷഹീന്‍ ബാഗ് സമരക്കാരെ നീക്കം ചെയ്യണമെന്ന ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യം സാധ്യമാവുക. എന്നാല്‍ ഇവയ്‌ക്കെല്ലാം പരിധിയുണ്ട്. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോൾ തന്നെ അതിനെതിരെ പ്രതിഷേധിക്കാം. എന്നാല്‍ ഗതാഗതം തസപ്പെടുത്തി അത് എത്രനാള്‍ തുടരും എന്നതാണ് ചോദ്യമെന്നും കോടതി പറഞ്ഞു.ജസ്റ്റിസുമാരായ എസ്‌കെ കൗളും കെഎം ജോസഫുമാണ് ഹർജി പരിഗണിച്ചത്.ഇന്ന് ഈ നിയമത്തിന് എതിരെയാണെങ്കില്‍ നാളെ മറ്റൊരു നിയമത്തിനെതിരെ മറ്റൊരു കൂട്ടര്‍ ആയിരിക്കും സമരം ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.ശരിയായ കാരണം കൊണ്ടാണെങ്കില്‍ പോലും എല്ലാവരും റോഡ് തടസ്സപ്പെടുത്തി പ്രതിഷേധിക്കാനിറങ്ങിയാല്‍ എന്താവും സ്ഥിതിയെന്ന് ജസ്റ്റിസ് കൗള്‍ ചോദിച്ചു.പ്രതിഷേധിക്കാനുള്ള അവകാശം തടയാനാവില്ല.എന്നാല്‍ അതിനു ബദല്‍ വേദികള്‍ പരിഗണിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.ആംബുലന്‍സുകള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവയ്ക്ക് കടന്നുപോവാന്‍ സമരക്കാര്‍ സൗകര്യം ഒരുക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അതിനെ എതിര്‍ത്തു. ഷഹീന്‍ബാഗില്‍ സമ്പൂർണ്ണ ഗതാഗത സ്തംഭനമാണെന്ന് തുഷാര്‍ മേത്ത വാദിച്ചു.സ്ത്രീകളെയും കുട്ടികളെയും മുന്നണിയില്‍ നിര്‍ത്തിക്കൊണ്ടാണ് ഷഹീന്‍ബാഗ് സമരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. നഗരത്തെ മുഴുവന്‍ തടങ്കലില്‍ വച്ചുകൊണ്ടാണ് സമരം പുരോഗമിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ കുറ്റപ്പെടുത്തി.കേസ് അടുത്ത തിങ്കളാഴ്ചയിലേക്കു മാറ്റി.
കണ്ണൂർ തയ്യിലിൽ വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി;സംഭവത്തിൽ ദുരൂഹത
കണ്ണൂർ:വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി.സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടിയില്‍ കുരുങ്ങിയനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.രാത്രി കിടത്തിയുറക്കിയ വിയാനെ കാണാനില്ലെന്ന് അച്ഛന്‍ പ്രണവ് തിങ്കളാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ധരാത്രി കുട്ടിയ്ക്ക് മരുന്നും പാലും നല്‍കിയ ശേഷം അച്ഛനൊപ്പം കിടത്തിയുറക്കിയെന്നാണ് ബന്ധുക്കളുടെ മൊഴി.എന്നാല്‍ രാവിലെ ആറുമണിയോടെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു പ്രണവ് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളടക്കം തിരച്ചില്‍ നടത്തി. ഇതിനുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രണവിന്റെ പരാതിയില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ 11 മണിയോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.
എസ്.എ.പി ക്യാമ്പിലെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം:എസ്.എ.പി ക്യാമ്പിലെ തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. 647 തോക്കുകള്‍ ഇവിടെയുണ്ട്.13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി പറഞ്ഞു.വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തും.രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. എസ്.എ.പി ക്യാമ്പിൽ സൂക്ഷിച്ച തോക്കുകള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.എ.പി ക്യാമ്പിലെ ഇൻസാസ് റൈഫിളുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാണ് പരിശോധന നടത്തിയത്. പൊലീസ് വകുപ്പിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയുളള സിഎജി റിപ്പോർട്ടിലാണ് തോക്കുകള്‍ കാണാതായ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും തോക്കുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നെടുങ്കണ്ടം കസ്റ്റഡി മരണം;എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
കൊച്ചി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി മുൻ എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു .കൊച്ചിയിൽ വെച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.നെടുങ്കണ്ടം കസ്റ്റഡിമരണ കേസിലെ സിബിഐയുടെ ആദ്യ അറസ്റ്റാണിത്.നെടുങ്കണ്ടം തൂക്കുപാലത്ത് ടന്ന സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ അറസറ്റ് ചെയ്യപ്പെട്ട രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ വെച്ച് ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന്‍റെ മരണം പൊലീസിന്‍റെ മര്‍ദ്ദനം മൂലമാണെന്ന് ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.രാജ്‌കുമാർ ക്രൂരമർദനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കണ്ടത്തിയിരുന്നു.ഇതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷത്തിൽ കുടുംബം അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ജസ്റ്റിസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയോഗിക്കുകയും ചെയ്തത്. ഇതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്‍റെ കുടുംബം കോടതിയെ സമീപിച്ചു. കുടുംബത്തിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്.