അവിനാശി ബസ് അപകടം;മരിച്ച 11 പേരെ തിരിച്ചറിഞ്ഞു

keralanews avinashi bus accident the deadbodies of 11 identified

തമിഴ്നാട്:കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 20 പേരിൽ 11 പേരെ തിരിച്ചറിഞ്ഞു. റോസ്‌ലി (പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്നി റാഫേല്‍ (ഒല്ലൂര്‍, തൃശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശൂര്‍), കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.ബസിന്‍റെ വലതുഭാഗത്ത് ഇരുന്നവരാണ് മരിച്ചവരിൽ ഏറെയും.നിയന്ത്രണംവിട്ട ലോറി ഈ വശത്തേക്കാണ് ഇടിച്ചു കയറിയത്. ലോറി ഡിവൈഡര്‍ തകര്‍ത്തു മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ബസില്‍ ഇടതുഭാഗത്ത് ഇരുന്നവര്‍ക്കു നേരിയ പരിക്കുകളാണ് പറ്റിയത്.അപകടം നടക്കുമ്പോൾ യാത്രക്കാരില്‍ ഭൂരിഭാഗവും നല്ല ഉറക്കത്തിലായിരുന്നു. ബസിന്‍റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ ചില സീറ്റുകള്‍ തെറിച്ചുപോയിട്ടുണ്ട്.ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. 10 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ അവിനാശി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

തമിഴ്‌നാട്ടിൽ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ക​ണ്ടെ​യി​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം;മലയാളികളടക്കം 20 പേർ മരിച്ചു

keralanews 20 killed as k s r t c bus and lorry collided in tamilnadu

കോയമ്പത്തൂർ:തമിഴ്‌നാട്ടിൽ കെഎസ്‌ആര്‍ടിസി ബസും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം 20 പേർ മരിച്ചു.നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും മലയാളികളാണ്.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.അമിത വേഗതയെ തുടര്‍ന്ന് ഡിവൈഡര്‍ മറികടന്ന് വന്ന ലോറി ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടിഡി ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം.ബസിന്റെ 12 സീറ്റുകളോളം പൂര്‍ണ്ണമായും ഇടിച്ചുതകര്‍ന്ന നിലയിലാണ്. മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്നി റാഫേല്‍ (39), റോസ്‌ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടാണ് ബസ് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്. യാത്രക്കാരെ കുറിച്ച്‌ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്ബറില്‍ വിളിക്കാം

കണ്ണൂര്‍ മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി;കോര്‍പറേഷന്‍ പരിധിയില്‍ നാളെ ഉച്ചവരെ യുഡിഎഫ് ഹർത്താൽ

keralanews complaint that corporation mayor suma balakrishnan attacked by ldf councilors udf announced harthal in kannur corporation tomorrow

കണ്ണൂര്‍:കോർപറേഷൻ മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി.ബുധനാഴ്ച കൗണ്‍സില്‍ യോഗത്തിന് മുൻപായി മേയറുടെ മുറിയില്‍വെച്ച്‌ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനിടെയാണ് മേയര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായത്. ഇടതുപക്ഷ അനുകൂല സംഘടനയായ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മേയര്‍ക്ക് നേരെ കൈയേറ്റം ശ്രമം നടത്തിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.കണ്ണൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കോര്‍പ്പറേഷന്‍ മന്ദിരത്തിന് പുറത്ത് ഡെപ്യൂട്ടി മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഈ വിഷയം ഇടതു കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു കൗണ്‍സിലര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിലേക്ക് വരുമ്ബോള്‍ തന്നെ കടത്തി വിടാതെ തടഞ്ഞു. പ്രമോദ് എന്ന കൗണ്‍സിലര്‍ നെഞ്ചത്ത് കുത്തുകയും ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് വീണതോടെ പിന്നെ സംഘര്‍ഷമായി. രാജീവ്, മുരളി, സജിത്ത് എന്നീ കൗണ്‍സിലര്‍മാരും ആക്രമിച്ചവരിലുണ്ടായിരുന്നുവെന്നും മേയര്‍ പറഞ്ഞു.തന്നെ ഉപദ്രവിക്കുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും രക്ഷിക്കാനോ സുരക്ഷിതയായി പുറത്ത് എത്തിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നും മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു.കൈയേറ്റ ശ്രമത്തിന് പിന്നാലെ രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് വ്യാഴാഴ്ച കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് ഹര്‍ത്താല്‍.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ദമ്പതികളുടെ ആറ് കുട്ടികള്‍ മരിച്ചതിലെ ദുരൂഹത നീങ്ങുന്നു; കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളെന്ന് ഡോക്ടര്‍

keralanews no mistery in the death of six children of couples in thirur and doctor said the children have genetic disorders

മലപ്പുറം:തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ദമ്പതികളുടെ ആറ് കുട്ടികള്‍ മരിച്ചതിലെ ദുരൂഹത നീങ്ങുന്നു.കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളെന്ന് കുട്ടികളെ ആദ്യം ചികിൽസിച്ച ഡോ.നൗഷാദ് പറഞ്ഞു.ജനിതക പ്രശ്‌നങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ ‘സിഡ്‌സ്’ അവസ്ഥയാണ് കുട്ടികള്‍ക്ക് ഉണ്ടായിരുന്നതെന്നും ഇതേ തുടർന്നാണ് ഇവരെ വിദഗ്ധചികിത്സയ്ക്ക് അയച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.അതേസമയം സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ഇന്നലെ മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പ്രാഥമിക പരിശോധനകളില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.ശരീരത്തില്‍ മുറിവേറ്റതിന്റേയോ, ക്ഷതമേറ്റതിന്റേയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളില്‍ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചു. കുട്ടികള്‍ മരിച്ചത് ജനിതക പ്രശ്‌നങ്ങള്‍ കാരണമാണെന്ന ബന്ധുക്കളുടെ ഉറപ്പ് ശരിവെയ്ക്കുന്ന തരത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്. മൂന്നാമത്തെ കുട്ടിയുടെ ആരോഗ്യ റിപ്പോര്‍ട്ടുകളാണ് പരിശോധനയ്ക്കായി എറണാകുളത്തേക്കും പിന്നീട് ഹൈദരാബാദിലേക്കും അയച്ചിരുന്നത്.

തിരൂര്‍ ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് സബ്‌ന ദമ്പതികളുടെ 6 മക്കളാണ് മരിച്ചത്. ഏറ്റവുമൊടുവില്‍ ഇന്നലെ പുലര്‍ച്ചെ ദമ്പതികളുടെ ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞും മരിച്ചതോടെയാണ് ദുരൂഹത ഉയര്‍ന്നത്.മരിച്ചതില്‍ ആറില്‍ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത് മാത്രമല്ല മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത് എന്നതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. എന്നാല്‍ ആറാമത്തെ കുഞ്ഞിന്റെ മരണത്തിലും അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. രാത്രി നിര്‍ത്താതെ കരയുകയും അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയും ചെയ്ത കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പോലീസിന്റെ തോക്കുകൾ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി;റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

keralanews the police guns were not missing Home Secretary rejects CAG and report submitted to CM

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകള്‍ കാണാതായത് സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമെന്നാണ് കണ്ടെത്തല്‍.കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച്‌ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയത്. പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു.ഈ റിപ്പോര്‍ട്ടും സഭാസമിതി മുൻപാകെ  ഹാജരാക്കും.സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സമിതി സാധൂകരിച്ച്‌ നല്‍കിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകള്‍ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്രവിജിലൻസ് കമ്മിഷന്റെ മാർഗ നിർദേശങ്ങളും ലംഘിച്ചതായി സി.എ.ജി കണ്ടെത്തിയിരുന്നു. വില നിശ്ചയിക്കുന്നതിൽ നാലു സന്ദർഭങ്ങളിലെങ്കിലും പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും വിൽപ്പനക്കാരും കെൽട്രോണും തമ്മിൽ സന്ധിയുണ്ടായിരുന്നെന്നും ഇതിനാൽ പദ്ധതികൾക്ക് ധനനഷ്ടമുണ്ടായെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കണ്ണൂർ തയ്യിലിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകം;അമ്മ ശരണ്യയുമായി പോലീസ് തെളിവെടുപ്പ് നടത്തി

keralanews muder of one and a half year old baby police conducted investigation with mother saranya

കണ്ണൂര്‍: ഒന്നരവയസ്സുകാരനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെയുള്ളവര്‍ ശരണ്യയ്ക്കെതിരെ പ്രതിഷേധവുമായെത്തി.വീട്ടിനകത്തും കുട്ടിയെ കൊലപ്പെടുത്തിയ കടല്‍ത്തീരത്തെ കരിങ്കല്‍ക്കെട്ടിനടുത്തും കൊണ്ടുപോയി തെളിവെടുത്തു. വീട്ടിനകത്തുവെച്ചും കുട്ടിയെ കൊലപ്പെടുത്തിയതും ശരണ്യ ഭാവവ്യത്യാസമില്ലാതെ പൊലീസിനോട് വിവരിച്ചു. വീട്ടിനകത്തെത്തിച്ച ശരണ്യയോട് അവരുടെ അമ്മയും രോഷം പ്രകടിപ്പിച്ചു.തുടര്‍ന്ന് പൊലീസ് ശരണ്യയെ സംരക്ഷിച്ച്‌ നിര്‍ത്തുകയായിരുന്നു. തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ സംഘര്‍ഷഭരിത രംഗങ്ങളാണ് ഉണ്ടായത്. ശരണ്യക്കെതിരെ ആക്രോശങ്ങളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഒരു നിമിഷം വിട്ടു തന്നാല്‍ ഞങ്ങള്‍ അവളെ ശരിയാക്കാമെന്ന് സ്ത്രീകള്‍ ആക്രോശിച്ചു. തിരിച്ചു നാട്ടിലെത്തിയാല്‍ കുട്ടിയെ കൊന്ന അവിടെ തന്നെ അവളെയും കൊല്ലുമെന്നും സ്ത്രീകള്‍ രോഷത്തോടെ പറഞ്ഞു. പ്രതിയെ മര്‍ദിക്കാനുള്ള ശ്രമവുമുണ്ടായി.കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ടാണ് ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭര്‍ത്താവ് പ്രണവിന്റെ തലയില്‍ കെട്ടിവച്ച്‌ കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്.വൈകിട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവ്-ശരണ്യ ദമ്ബതികളുടെ ഒന്നര വയസ്സുകാരന്‍ മകന്‍ വീയാനെ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ക്കെട്ടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത് സ്വന്തം അമ്മ തന്നെ;കൃത്യം ചെയ്തത് കാമുകനോടൊപ്പം ജീവിക്കാൻ

keralanews mother behind the murder of one and a half year old baby in thayyil and she committed crime to live with paramour

കണ്ണൂര്‍: തയ്യിലില്‍ കടപ്പുറത്ത് കടല്‍ഭിത്തിയിലെ പാറകള്‍ക്ക് ഇടയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിച്ച്‌ പോലീസ്. കുഞ്ഞിനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയില്‍ എറിഞ്ഞു കളയുകയായിരുന്നു എന്നാണ് മൊഴി. കുറ്റം സമ്മതിച്ചതോടെ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു. ആദ്യവട്ടം കടല്‍ ഭിത്തിക്ക് മുകളില്‍ നിന്നും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കണ്ടപ്പോള്‍ രണ്ടാം വട്ടവും എടുത്തെറിഞ്ഞെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലും അറസ്റ്റും.അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച്‌ പൊലീസിന് പരാതി നല്‍കി.ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് കുഞ്ഞിനെ കൊന്നത് ശരണ്യയാണെന്ന് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.ശരണ്യയുടെ വസ്ത്രങ്ങളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഉപ്പുവെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

ശരണ്യ മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് ഭര്‍ത്താവ് പ്രണവ് വിദേശത്തേക്ക് പോവുന്നത്. ഈ സമയത്താണ് പ്രണവിന്റെ സുഹൃത്ത് കൂടിയായ നിധിനുമായി ശരണ്യ അടുക്കുന്നത്. തുടര്‍ന്ന് ഈ ബന്ധം കൂടുതല്‍ വളര്‍ന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രണവ് ഈ ബന്ധത്തെ ചൊല്ലി ശരണ്യയുമായി വഴക്കിടുകയും തുടര്‍ന്ന് ശരണ്യ തയ്യിലിലെ സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു.മൂന്ന് മാസത്തോളം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല.എന്നാല്‍ കൊലപാതകത്തിന്റെ തലേന്ന് ശരണ്യ പ്രണവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി. പ്രണവിനൊപ്പം ഉറങ്ങിയ കുഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറക്കമുണര്‍ന്ന് കരഞ്ഞപ്പോള്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ശരണ്യ കുഞ്ഞിന് പാല് കൊടുക്കുകയും ചെയ്തു.പ്രണവ് ഉറങ്ങിയെന്നുറപ്പാക്കിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് ശരണ്യ കടൽക്കരയിലേക്ക് പോയി.തുടര്‍ന്ന് കടല്‍ ഭിത്തിക്ക് മുകളില്‍ നിന്ന് പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ ഉച്ചത്തില്‍ കരഞ്ഞ കുഞ്ഞിനെ എടുത്ത് ഒരു വട്ടം കൂടി പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് തിരികെയെത്തി സുഖമായി കിടന്നുറങ്ങി.പിറ്റേന്ന് ഭര്‍ത്താവാണ് കുഞ്ഞിനെ കൊന്നതെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവിനെ കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യവും ഫോറന്‍സിക് പരിശോധനഫലവും ശരണ്യയുടെ എല്ലാ പദ്ധതികളും പൊളിക്കുകയായിരുന്നു.

തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ചു;സംഭവത്തില്‍ ദുരൂഹത;സമഗ്ര അന്വേഷണവുമായി പോലീസ്

keralanews mystry in the death of six children in one family in nine years police started investigation

തിരൂര്‍:മലപ്പുറം തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ദമ്പതിമാരുടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തിൽ ദുരൂഹത.സംഭവത്തില്‍ സമഗ്രാന്വേഷണവുമായി പൊലീസ്.93 ദിവസം പ്രായമായ ആറാമത്തെ കുഞ്ഞ് മരിച്ചത് ഇന്ന് രാവിലെയാണ്.ഖബറടക്കിയ കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പൊലീസിന്റെ നീക്കം.ഇതിനായുള്ള നടപടിക്രമങ്ങള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.ഈ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ തിടുക്കത്തില്‍ ഖബറടക്കിയതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്.കുട്ടികള്‍ക്ക് മൂന്ന് മാസം മുതല്‍ നാലര വയസുവരെയുള്ള പ്രായമുള്ള സമയത്താണ് മരണങ്ങളെല്ലാം നടന്നത്. ഇതില്‍ ഒരു കുട്ടിക്ക് മാത്രമാണ് നാലര വയസ് പ്രായമായിരുന്നത്. ബാക്കിയെല്ലാ കുട്ടികളും ഒന്നര വയസിനുള്ളില്‍ തന്നെ മരണപ്പെട്ടിരുന്നു.കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നും വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരൂരിലെ റഫീഖ്-സബീന ദമ്പതിമാരുടെ മക്കളാണ് മരണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. എന്നാല്‍ ഒരു ബന്ധു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കി‍യത്. ഒരു കുട്ടിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇന്നലെ വരെ കളിച്ച് കൊണ്ടിരുന്ന കുട്ടിയാണ് ഇന്ന് രാവിലെ പെട്ടെന്ന് മരിച്ചത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുന്നതിൽ വിരോധമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി;തീവ്ര വിഷമായതിനാല്‍ ആന്റി വെനം നല്‍കിയത് നാലു പ്രാവശ്യം; സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി

keralanews the health condition of vava suresh is improving anti venom was given four times and health minister said free treatment will be given for him

തിരുവനന്തപുരം:പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി.വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച്‌ കാര്യങ്ങളന്വേഷിച്ചെന്നും വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഇന്നു വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി.വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രൊഫസര്‍ ഡോ. അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

അനധികൃതമായി ഫ്ലെക്സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ്;പൊലീസ് സ്റ്റേഷനുകള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

keralanews criminal case charged for illegal flex fixing d g p gives direction to all police stations

തിരുവനന്തപുരം: അനധികൃതമായി ഫ്ലെക്സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ്.ഇത്തരത്തിൽ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഫ്ലെക്സ് മാറ്റണമെന്ന് റോഡ് സുരക്ഷ അതോറിട്ടിയും ഉത്തരവിറക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയത്.അനധികൃത ഫ്ലെക്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഡിജിപിക്കും റോഡ് സുരക്ഷാ അതോറിട്ടും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ആറാം തീയതി റോഡ് സുരക്ഷാ കമ്മീഷണറും എട്ടാം തീയതി ഡിജിപിയും സര്‍ക്കുലര്‍ പുറത്തിറക്കിയത്.ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരം , അനധികൃത ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ പൊതുശല്യം ഉണ്ടാക്കി എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതും അവരുടെ ശ്രദ്ധ തിരിക്കുന്നതുമായ വലിയ പരസ്യ ബോര്‍ഡുകളും കൊടിതോരണങ്ങളുമെല്ലാം രണ്ടു മാസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് റോഡ് സുരക്ഷാ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.റോഡിലേക്ക് മറിഞ്ഞുവീണ് വലിയ അപകടം സൃഷ്ടിച്ചേക്കാവുന്ന തരത്തിലുള്ള വലിയ ബില്‍ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് കമ്മീഷണറുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡിന്റെ നടുക്കുള്ള മീഡിയനുകളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ച്‌ കാഴ്ച മറയ്ക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും, ഇത് നീക്കം ചെയ്യണമെന്നും, ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡ് സുരക്ഷാ കമ്മീഷണര്‍ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.