കണ്ണൂർ:ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ സ്ഥാപനത്തില്‍ നിയമനം നൽകിയ സംഭവത്തിൽ വിവാദം തുടരുന്നു. മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ തില്ലങ്കേരിയിലെ സിപിഎം പ്രവര്‍ത്തകന്‍റെ സഹോദരിക്കാണ് കോണ്‍ഗ്രസ് നേതാവും കെ പി സി സി നിര്‍വാഹക സമിതിയംഗവുമായ മമ്പറം ദിവാകരന്‍ ചെയര്‍മാനായ തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ജോലി നല്‍കിയത്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ ശുപാര്‍ശ കത്തോടെയാണ് യുവതി ജോലി തേടി കോണ്‍ഗ്രസ് നേതാവിനെ സമീപിച്ചത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ജോലി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് സംഭവം വിവാദമായത്. പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്ന് യുവതി ജോലി രാജി വച്ചെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.ജോലി നല്‍കിയതിനെ കുറിച്ചും ശിപാര്‍ശ കത്ത് നല്‍കിയതിനെ കുറിച്ചും ഡിസിസിയുടെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.ശുഹൈബിന്‍റെ കൊലയാളിയുടെ സഹോദരിക്ക് ജോലി നല്‍കിയ സംഭവം ഡിസിസി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ സ്ഥാപനത്തില്‍ ജോലി കൊടുത്ത സംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു.ജോലിക്കുള്ള ശിപാര്‍ശയ്ക്കുള്ള കത്ത് നല്‍കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരെയും നടപടിയെടുക്കണം.പാര്‍ട്ടിയെ കബളിപ്പിച്ചുകൊണ്ട് വഴിവിട്ട കാര്യങ്ങള്‍ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കി.
ഇരിട്ടി കിളിയന്തറയില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു;ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ:ഇരിട്ടി കിളിയന്തറയില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ വച്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂര്‍മല സ്വദേശി പ്രമോദിനെ കസ്റ്റഡിയിലെടുത്തു.കൃഷി നശിപ്പിക്കുന്ന പന്നികളെയും, കുരങ്ങന്മാരെയും തുരത്തുന്നതിനു വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആൾട്ടോ കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍.നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.കൂടുതല്‍ അന്വേഷണത്തിനായി പ്രതിയേയും ഉണ്ടകളും ഇവകടത്താനുപയോഗിച്ച കാറും ഇരിട്ടി പൊലീസിന് കൈമാറി.നേരത്തെ കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ ലഭിച്ചത്.
കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം; മിലിട്ടറി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു;എന്‍ഐ സംഘവും അന്വേഷണത്തിന് എത്തിയേക്കും
കൊല്ലം:കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം.സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.എന്‍ഐഎ സംഘവും അന്വേഷണത്തിന് ഉടന്‍ എത്തിയേക്കും.പതിനാല് വെടിയുണ്ടകളാണ് കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ വെടിയുണ്ടകള്‍ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സര്‍വ്വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ അല്ലെന്നാണ് പോലീസ് നിഗമനം. രഹസ്യ അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇന്നും വെടിയുണ്ടകള്‍ പരിശോധിക്കും.7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിലാണ് ഉപയോഗിക്കുന്നത്. ലൈറ്റ് മെഷിന്‍ ഗണ്‍, എ.കെ 47 തുടങ്ങിയ തോക്കുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്.ഇതില്‍ ചിലതില്‍ പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്ത് ഉണ്ട്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറന്‍സിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. വെടിയുണ്ടകള്‍ കണ്ടെത്തിയതിന്റെ അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. നിലവില്‍ കൊട്ടാരക്കര സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു സംഭവത്തില്‍ അന്വേഷണം നടന്നിരുന്നത്. വെടിയുണ്ടകള്‍ കണ്ടെത്തിയ മുപ്പതടി പാലത്തിന് സമീപം പൊലീസ് മെറ്റല്‍ ഡിക്റ്റക്ടറിന്റെ സഹായത്തോടെ വീണ്ടും പരിശോധന നടത്തി.
കണ്ണൂർ മുഴക്കുന്നിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:ഇരിട്ടി മുഴക്കുന്നിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മുഴക്കുന്ന് കടുക്കാപ്പാലത്ത് പൂവളപ്പില്‍ മോഹന്‍ദാസ് (53), ഭാര്യ ജ്യോതി (44) എന്നിവരാണ് മരിച്ചത്. മോഹന്‍ദാസിനെ തൂങ്ങി മരിച്ച നിലയിലും ജ്യോതിയെ തറയില്‍ വീണുകിടന്ന നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നാളെ ഭാരത് ബന്ദ്;സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം
കൊച്ചി:സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ.ഭാരത് ബന്ദിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. രാജു, ജനറല്‍ സെക്രട്ടറി എ .കെ സജീവ്, എന്‍ ഡി എല്‍ എഫ് സെക്രട്ടറി അഡ്വ. പി .ഒ ജോണ്‍, ഭീം ആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് പി തങ്കപ്പന്‍, കെ.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെ. പി. എം. എസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി ജെ തങ്കച്ചന്‍, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം കണ്‍വീനര്‍ എം ഡി തോമസ്, എന്‍ഡിഎല്‍എഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
കെ.സുരേന്ദ്രൻ ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും
തിരുവനന്തപുരം:കെ.സുരേന്ദ്രൻ ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും. പാര്‍ട്ടി ആസ്ഥാനത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക.രാവിലെ ഒൻപതരയോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. ശേഷം തുറന്ന വാഹനത്തില്‍ എം.ജി റോഡിലൂടെ പി.എം.ജി ജംഗ്ഷന്‍ വഴി ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് എത്തും. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് അധ്യക്ഷ പദവിയെ ചൊല്ലി ബിജെപിയില്‍ ഭിന്നതയും രൂക്ഷമായിരുന്നു.തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷമാണ് ഈ മാസം 15 ആം തീയതി കെ.സുരേന്ദ്രനെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.എ.എന്‍ രാധാകൃഷ്ണന്റെയും കുമ്മനം രാജശേഖരന്റെയുമുള്‍പ്പെടെയുള്ള പേരുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, ഒടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രന് നറുക്ക് വീഴുകയായിരുന്നു.യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് സുരേന്ദ്രനെ ബി.ജെ.പി അദ്ധ്യക്ഷനാക്കിയത്. സംസ്ഥാന ബി.ജെ.പിയെ ശക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ബി.ജെ.പി ഏറ്റെടുത്തിട്ടുള്ള ജനകീയ സമരങ്ങള്‍ക്കെല്ലാം മുന്‍പന്തിയില്‍ സുരേന്ദ്രന്‍ ഉണ്ടായിരുന്നു.
അവിനാശി അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ലോറി ഡ്രൈവർക്ക്;ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം;പ്രതികരണവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം:കോയമ്പത്തൂർ അവിനാശിയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുകയറി 19 പേര്‍ മരിച്ച അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ടെന്നും, എന്നാല്‍ അപകട കാരണം അതല്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്നയര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെയാണ് 19 പേര്‍ മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുന്‍ഭാഗത്തേക്ക്, എതിര്‍ഭാഗത്തുന്നിന്ന് വണ്‍വേ തെറ്റിച്ച്, ഡിവൈഡർ മറികടന്നുവന്ന ലോറി ഇടിച്ചുകയറുകയായിരുന്നു.കൊച്ചി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നു ടൈല്‍ നിറച്ചു പോയതായിരുന്നു ലോറി.
സംസ്ഥാനത്ത് ചൂട് കനക്കുന്നു; മലപ്പുറത്ത് സൂര്യതാപമേറ്റ് കര്‍ഷകന്‍ മരിച്ചു
മലപ്പുറം:സംസ്ഥാനത്ത് ചൂട് കനക്കുന്നു.ശക്തമായ വെയിലിൽ സൂര്യാതപമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു.മലപ്പുറം തിരുനാവായ കുറ്റിയേടത്ത് സുധികുമാര്‍ (43 )ആണ് മരിച്ചത്.ഇന്നലെ കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. സുധികുമാര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടത്തെ വിളവെടുപ്പായിരുന്നു ഇന്നലെ.ഇവിടെ കൊയ്ത്ത് നടത്തുന്നതിനിടെ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു.ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്.രാവിലെ ആറുമണിയോടെ സുധികുമാര്‍ വയലില്‍ ജോലിക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞു. 9.30 ഓടെ മറ്റ് പണിക്കാര്‍ വയലില്‍ നിന്ന് കയറി. എന്നാല്‍ കൊയ്ത്ത് യന്ത്രവുമായി ബന്ധപ്പെട്ട ജോലികളുമായി സുധികുമാര്‍ വയലില്‍ തുടര്‍ന്നു. പിന്നീട് ജോലിക്കാര്‍ വയലിലെത്തിയപ്പോഴാണ് സുധികുമാര്‍ കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യണം.അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്‌ബോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
മന്ത്രി ഇപി ജയരാജന്റെ പേരുപയോഗിച്ച് ജോലിതട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് പറഞ്ഞ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് സംഘം അരലക്ഷം രൂപ ജോലി വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് വാങ്ങിയതായും പോലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി.പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയതായി സംശയമുണ്ട്. ഇതിനു മുന്‍പും മന്ത്രിയുടെ പേരുപയോഗിച്ച് സമാന തട്ടിപ്പുകള്‍ നടന്നിരുന്നു. മന്ത്രിയുടേയും സിപിഎം നേതാക്കളുടെയും പേരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. അന്‍പതിലധികം പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ സിപിഎം മുന്‍ പ്രാദേശിക നേതാവിനെതിരെ അടക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇടുക്കിയില്‍ റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് പരിക്ക്
ഇടുക്കി: റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ദേവികുളം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജയകുമാറിനാണ് പരിക്കേറ്റത്. മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് പോകുന്നതിനിടെ ബ്ലോക്ക് ഓഫീസിന് സമീപത്തെ വീണ ജീപ്പ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.ജയകുമാറിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീപ്പ് മരത്തിലിടിച്ച് നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്നതിനാല്‍ രണ്ടുവര്‍ഷമായി റോഡിന്‍റെ ടാറിംങ്ങ് പണികള്‍ ചെയ്തിരുന്നില്ല.നിലവില്‍ ബ്ലോക്ക് ഓഫീസിന് സമീപത്തെ മരങ്ങള്‍ വെട്ടാന്‍ അനുമതി ലഭിക്കാത്തതും പണികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വനപാലകര്‍ തടസം നില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലെ വീതികൂട്ടല്‍ പണികള്‍ പ്രതിസന്ധിയിലാണെന്നാണ് ആരോപണം. ഗട്ടര്‍ അടക്കുന്നതിന് അധിക്യതര്‍ ശ്രമിക്കാത്തതിനാല്‍ അപകടങ്ങള്‍ തുടക്കഥയാണെന്ന് നാട്ടുകര്‍ പരാതിപ്പെടുന്നു. പ്രശ്‌നത്തില്‍ ബന്ധപ്പട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.