കണ്ണൂര്‍:പേരാവൂരില്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു.പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്‍റെയും റസീനയുടെയും മകന്‍ മുഹമ്മദ് റഫാനാ(5)ണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് 4.15-ഓടെയായിരുന്നു അപകടം.വൈകുന്നേരം സഹോദരന്‍ സല്‍മാനൊപ്പം സ്കൂള്‍ ബസില്‍ വീടിന് സമീപത്തെ സ്റ്റോപ്പില്‍ വന്നിറങ്ങിയതായിരുന്നു റഫാന്‍.തുടര്‍ന്ന് എതിര്‍വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥി ബസിന്‍റെ പിന്‍ഭാഗത്തെ ടയറിനടിയില്‍ പെട്ടുപോവുകയായിരുന്നു.സല്‍മാന്‍, ഫര്‍സ ഫാത്തിമ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊട്ടിയൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു
കണ്ണൂർ:കൊട്ടിയൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു.ബുധനാഴ്ച പുലര്‍ച്ചെയാണ് ടൗണില്‍ മാവോവാദി പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടത്. സി.പി.ഐ (എം.എല്‍) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങള്‍ ചെറുക്കുക, സി.എ.എ വിരുദ്ധ സമരങ്ങളിലെ എസ്.ഡി.പി.ഐ, പി.എഫ്.ഐ കാപട്യം തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ ഉള്ളത്. ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആണോ കൊട്ടിയൂര്‍ അമ്പായത്തോടിലും പോസ്റ്ററുകൾ പതിപ്പിച്ചതെന്നും സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂരിൽ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 7.05 ഓടെയാണ് എടക്കാടിനും തലശേരിക്കും ഇടയില്‍ വിള്ളല്‍ കണ്ടെത്തിയത്.ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി, പരശുറാം എന്നീ ട്രെയിനുകൾ കണ്ണൂരില്‍ പിടിച്ചിട്ടു. തുടര്‍ന്ന് രാവിലെ 7.50ഓടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
ബ്രൂവറികളും പബ്ബുകളുമില്ല;ഡ്രൈ ഡേ ഒഴിവാക്കില്ല; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് കാതലായ മാറ്റങ്ങളില്ലാതെയാണ് മദ്യനയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും.തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ വേണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങള്‍.കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകള്‍ പലതലങ്ങളില്‍ നിന്ന് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു.എന്നാല്‍ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തില്‍ ഉള്ളത്.മാത്രമല്ല പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയിൽ നിന്നടക്കം സർക്കാരിനു നിരവധി നിവേദനങ്ങൾ ലഭിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഗുണനിലവാരമില്ല;സ്കൂളുകളില്‍ ഇന്ന് നല്‍കാനിരുന്ന വിരഗുളിക വിതരണം നിര്‍ത്തിവെച്ചു
മലപ്പുറം: ദേശീയ വിരവിമുക്ത ദിനാചരണത്തിെന്‍റ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിലേക്കും അംഗന്‍വാടികളിലേക്കും വിതരണം ചെയ്ത ഗുളിക ഗുണനിലവാരമില്ലാത്തിനാല്‍ അവസാനനിമിഷം പിന്‍വലിച്ചു.19 വയസ്സിന് താഴെയുള്ള കുട്ടികളില്‍ വിരശല്യം ഇല്ലാതാക്കാനായി ആരോഗ്യവകുപ്പ് നല്‍കിയ ഗുളികകളുടെ വിതരണമാണ് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ തിങ്കളാഴ്ച ഉത്തരവിറക്കിയത്.ചൊവ്വാഴ്ചയാണ് ഗുളിക നല്‍കാന്‍ നിശ്ചയിച്ചിരുന്നത്.ഇതേ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് ഗുളികകള്‍ തിരിച്ചെടുക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥര്‍. ഏതെങ്കിലും അംഗന്‍വാടികളോ സ്കൂളുകളോ കുട്ടികള്‍ക്കിത് നല്‍കിയിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല. മലപ്പുറം ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരിലൊരാള്‍ ഗുളികയിലെ നിറവ്യത്യാസം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് ഗുണനിലവാരമില്ലാത്ത ഗുളികകളാണ് വിതരണത്തിനെത്തിയതെന്ന് വ്യക്തമായത്.കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷെന്‍റ ഡി.കെ 0062 ബാച്ചുകളിലെ 400 എം.ജിയുടെ ആല്‍ബെന്‍ഡസോള്‍ ഗുളികകളാണ് തിരിച്ചെടുത്തത്. ഇതേ ഗുളികയുടെ 0058 മുതല്‍ 0063വരെയുള്ള ബാച്ചുകളും വിദ്യാലയങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഗുളിക വിതരണം ചെയ്തിരിക്കുന്നത്. ഫാര്‍മസിസ്റ്റുകള്‍വഴി മാത്രം വിതരണം ചെയ്യാവുന്ന വിഭാഗത്തില്‍പെട്ട മരുന്നാണിത്. ഇതുസംബന്ധിച്ച സംശയം ജീവനക്കാരുടെ സംഘടനകളിലൊന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിന് മറുപടി നല്‍കാതെ ഗുളികവിതരണവുമായി അധികൃതര്‍ മുന്നോട്ടുപോവുകയായിരുന്നു.
പെരിയ ഇരട്ടക്കൊല കേസ്;കൊച്ചിയിലെ സിബിഐ ഓഫീസിന് മുമ്പില്‍ സത്യാഗ്രഹ സമരവുമായി കുടുംബങ്ങള്‍
കൊച്ചി:കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ കൊച്ചിയിലെ സിബിഐ ഓഫീസിന് സൂചനാ സത്യാഗ്രഹ സമരം നടത്തി.കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛനും അമ്മയും സഹോദരിമാരുമാണ് സൂചനാ സത്യാഗ്രഹസമരം നടത്തിയത്.പെരിയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ സിബിഐയുടെ ഭാഗത്ത് നിന്ന് പിന്നീട് ഒരു നീക്കവും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛനും അമ്മയും സഹോദരിമാരുമാണ് സൂചനാ സത്യാഗ്രഹസമരം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ സിബിഐയുടെ ഭാഗത്ത് നിന്ന് പിന്നീട് ഒരു നീക്കവും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.ഒക്ടോബര്‍ 31 ന് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. എന്നിട്ടും സിബിഐ അന്വേഷണം നടത്താത്തത് ഉന്നത ഇടപെടലു കൊണ്ടാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ചൂട് കൂടും;ജാഗ്രതാ നിർദേശം
കോഴിക്കോട്:സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.സൂര്യാതാപം, സൂര്യാഘാതം തുടങ്ങിയവക്ക് സാധ്യതയുണ്ട്. പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. കുട്ടികളും ഗര്‍ഭിണികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തിലുണ്ട്. ചൂട് മൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്.മാര്‍ച്ചില്‍ അനുഭവപ്പെടേണ്ട ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത്. 37 ഡിഗ്രിയില്‍ കൂടുതല്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 15 മുതൽ ഇന്നലെ വരെയുള്ള കണക്ക് നോക്കിയാൽ രാജ്യത്തെ ഉയർന്ന താപനില 22 തവണയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ പുനലൂരും കോട്ടയവുമാണ് മുന്നിൽ. പുനലൂരിൽ 6 തവണവും കോട്ടയത്ത് 5 തവണയും രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി.
ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്;അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും
കണ്ണൂർ:തയ്യിലിൽ ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വലിയന്നൂര്‍ സ്വദേശിയായ ഇയാളോട് കഴിഞ്ഞദിവസം ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടെങ്കിലും ഇയാള്‍ എത്തിയില്ല. സ്ഥലത്ത് ഇല്ല എന്നാണ് ഇയാള്‍ നല്‍കിയ മറുപടി. ഇന്ന് യുവാവിനോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് രാത്രി ഇയാളെ ശരണ്യയുടെ വീടിന് പിന്നിലെ റോഡില്‍ വെച്ച് ഒരു നാട്ടുകാരന്‍ കണ്ടിരുന്നു. പന്തികേട് തോന്നിയ നാട്ടുകാരന്‍ എന്താ ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു. മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, താന്‍ മദ്യപിച്ചിട്ടുള്ളതിനാല്‍ അതുവഴി പോകാനാകില്ല എന്നും പറഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് യുവാവ് അവിടെനിന്നും പോയത്. ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ അയാള്‍ ബൈക്കുമായി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്‍ പ്രേരിപ്പിച്ചിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് തയ്യില്‍ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. അന്വേഷണത്തിൽ കുഞ്ഞിന്റെ മാതാവ് തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെകിട്ടാറാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരാകും
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.കേസിലെ പ്രധാന പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ.എസ് , അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസ് എന്നിവരും ഇന്ന് കോടതിയില്‍ ഹാജരാകും.പ്രതികളോട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നേരത്തെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു.2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിക്കുകയായിരുന്നു.കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി.മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിനുള്ള കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍,തുടങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാനേജ്മെന്റിന്റെ അനാസ്ഥ;കൊച്ചിയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29വിദ്യാര്‍ത്ഥികള്‍
കൊച്ചി:മാനേജ്മെന്റിന്റെ അനാസ്ഥമൂലം പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിൽ.തോപ്പുംപടിയിലെ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സി.ബി.എസ്.സി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ സ്കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്.സ്കൂള്‍ മാനേജ്മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് സ്കൂളില്‍ കവാടം ഉപരോധിക്കുന്ന മാതാപിതാക്കള്‍ ആരോപിച്ചു.സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒന്‍പതാം ക്ലാസില്‍ തന്നെ സിബിഎസ് ഇ പരീക്ഷയ്ക്കായി രെജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ടെങ്കിലും മാനേജ്‌മെന്റ് ഇത് ചെയ്യാതെയിരിക്കുകയും രക്ഷിതാക്കളെ ഇത് അറിയിക്കാതെ മറച്ചു വെക്കുകയുമായിരുന്നു. അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‍കൂളില്‍ എല്‍കെജി മുതല്‍ പത്ത് വരെയാണ് ക്ലാസുകള്‍. എട്ടാം ക്ലാസ് വരെയാണ് സിബിഎസ്‌ഇയുടെ അംഗീകാരമുള്ളത്. ഇതു മറികടന്നാണ് സ്‍കൂളിലെ ഒന്‍പത്, പത്ത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.മുന്‍ വര്‍ഷങ്ങളില്‍ മറ്റ് സ്‍കൂളുമായി സഹകരിച്ചാണ് പത്താം ക്ലാസ് പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം പരീക്ഷ എഴുതാന്‍ മറ്റൊരു സ്കൂള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ത്രിശങ്കുവിലായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം അധികൃതര്‍ രക്ഷിതാക്കളില്‍ നിന്ന് മറച്ചുവെച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവരം അറിയിക്കുന്നത്. നിലവില്‍ ഒന്‍പതാം ക്ലാസും പത്താം ക്ലാസും വിദ്യാര്‍ഥികള്‍ പഠിച്ചതിന് തെളിവുകളില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.അതേസമയം സംഭവുമായി ബന്ധപ്പെട്ട് സ്‍കൂള്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. സിബിഎസ്‌ഇ അധികൃതരുമായി ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ ഡല്‍ഹിയാണ്. മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.മാനേജ്മെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.