കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസില്‍ നടന്‍ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തുന്നത് 5 വര്‍ഷം മുൻപ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ്.അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി.കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു വളരെ മുന്‍പേ കേസില്‍ ഗൂഡാലോചന ഉണ്ടെന്ന് ആദ്യമായി പരസ്യമായി പറഞ്ഞതും മഞ്ജു വാര്യരാണ്.പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാകുകയും ചെയ്തു. അതിനാല്‍ കേസിൽ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.പതിനൊന്ന് മണിക്കാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഒൻപതേമുക്കാലോടെ തന്നെ മഞ്ജു വാര്യർ കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ചര്‍ച്ച. മഞ്ജു മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന.അതേസമയം സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ നടക്കും.ഇരുവരും കോടതിയിൽ ഹാജരായിട്ടുണ്ട്.മഞ്ജു വാര്യര്‍ വരുന്നതിനാല്‍ ദിലീപ് അവധി അപേക്ഷ നല്‍കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കാനായിരുന്നു ദിലീപിന്റെ തീരുമാനം.നാളെ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരും മറ്റന്നാള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മാര്‍ച്ച് നാലിനു റിമി ടോമയും മൊഴി നല്‍കാനെത്തും.കേസുമായി ബന്ധപ്പെട്ട് താരങ്ങളില്‍ പലരും നേരത്തെ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവര്‍ ഇതേ മൊഴി ആവര്‍ത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.
എസ്പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവം;എസ്‌ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
തിരുവനന്തപുരം:എസ്പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.അധികം വൈകാതെ എസ്‌ഐയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേസില്‍ 11 പോലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പൊലീസിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തല്‍ വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.എസ്‌എപി ക്യാമ്പിൽ നിന്നും 12,000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് ശരിവെച്ചാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റെജി ബാലചന്ദ്രന്‍. റെജിക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി എടുത്തത്. വെടിയുണ്ടകള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതാം പ്രതിയാണ് റെജി ബാലചന്ദ്രന്‍. ഇപ്പോള്‍ കേരള ആംഡ് പൊലീസ് ബറ്റാലിയന്‍- മൂന്നിലെ എസ്‌ഐയാണ്.തിരകള്‍ കാണാതായ കേസില്‍ കണക്കെടുപ്പ് ഉണ്ടായപ്പോള്‍ 350 വ്യാജ കേയ്സുകള്‍ ഉണ്ടാക്കി കണക്കെടുപ്പില്‍ ഹാജരാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റഡിയും അറസ്റ്റിനുള്ള നീക്കവും നടക്കുന്നത്. രണ്ട് മണിയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലേയും കണക്കുകളിലും വലിയ പൊരുത്തക്കേട് ഉണ്ട്. ഈ സാഹചര്യത്തില്‍ തോക്ക് പരിശോധിച്ച അതേ പോലെ തിരകളും പരിശോധിക്കാന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചിരിക്കുകയാണ്.
ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ;കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചതായി റിപ്പോര്‍ട്ട്
ജിദ്ദ:കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു.ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം.ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്. ഉംറക്കായി ഇഹ്‌റാം കെട്ടിയവരടക്കമുള്ളവര്‍ക്കാണ് തിരിച്ചുമടങ്ങേണ്ടി വന്നത്. മക്കയിലും മദീനയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ ആളുകള്‍ പ്രവേശിക്കരുതെന്നാണ് വിലക്ക്. മുന്‍ കരുതലിന്റെ ഭാഗമായാണിതെന്നും സഊദി വൃത്തങ്ങള്‍ അറിയിച്ചു.ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.പുതിയ കൊറോണ വൈറസ് സംഭവവികാസങ്ങള്‍ സഊദി ആരോഗ്യ അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചു വരുകയാണ്. വൈറസ് പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ നടപടിയുടെ ഭാഗമായിട്ടാണ് തീരുമാനം. അതിനിടെ ആശങ്ക വേണ്ടതില്ലെന്നും സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതല്‍ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.നിലവില്‍ സൗദി അറേബ്യയും ഖത്തറും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ വ്യാപനം തടയാനായി ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജില്ലാ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയാതായി പോലീസ് അറിയിച്ചു.ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്.ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പ്രാഥമിക വിവരം.ജയിലിനുള്ളില്‍ ജോളിക്ക് ബ്ലേഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്.അതേ സമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍.രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നിലയില്‍ ലഭിക്കുന്ന വിവരം.
തയ്യിലിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകം; പ്രതി ശരണ്യയുടെ കാമുകനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
കണ്ണൂർ:തയ്യിലിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അമ്മ ശരണ്യയുടെ കാമുകനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ശരണ്യയുടെ കാമുകന്‍ നിധിനെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്കും പങ്കുണ്ട് എന്ന തരത്തിലുള്ള മൊഴി ലഭിച്ചതായാണ് വിവരം. ഇതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്.കൊലപാതകത്തിന് പ്രേരണ നല്‍കി എന്നാണ് നിധിന്റെയും ശരണ്യയുടെയും മൊഴിയില്‍ നിന്നും പോലീസ് മനസ്സിലാക്കിയിരിക്കുന്നത്. അതേസമയം, ശരണ്യയുടെയും നിധിന്റെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തി.ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാണ് നിധിന്‍ തന്നെ വരുതിയിലാക്കിയതെന്നും ശരണ്യ അന്വേഷണസംഘത്തിന് മൊഴി നല്‍കി.കാമുകന്‍ തന്നോട് പണവും സ്വര്‍ണവും ആവശ്യപ്പെട്ടിരുന്നു. നിധിന്‍ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചതെന്നും ശരണ്യ മൊഴി നല്‍കിയിട്ടുണ്ട്.
കണ്ണൂരിൽ വ്യാപാരിയെ അക്രമിക്കാന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തെ ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ:നഗരമധ്യത്തിൽ വ്യാപാരിയെ അക്രമിക്കാന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തെ ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തു.ഷമീം എന്ന ചാണ്ടി ഷമീം (34), അരിന്പ്ര സ്വദേശി നൗഫല്‍ (32), അത്താഴക്കുന്നിലെ വിഷ്ണു (22), എടക്കാട് സ്വദേശി അഷ്ഹാദ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ കൂടെയുണ്ടായിരുന്ന മുംബൈ സ്വദേശിനിയും തെക്കീബസാറില്‍ താമസിക്കുന്നതുമായ സംഘത്തിലെ യുവതിയെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടുന്നതിനിടയില്‍ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.യുവതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.വ്യാപാരിയെ ആക്രമിക്കാനായി കാറില്‍ യുവതിയടങ്ങുന്ന നാലംഗ ക്വട്ടേഷന്‍ സംഘം എത്തി.എന്നാല്‍ വ്യാപാരിയെ ആക്രമിക്കുന്നത് സമീപത്തുണ്ടായിരുന്ന ആളുകള്‍ തടയുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്ത് എത്തി.ഇതിനിടയില്‍ ക്വട്ടേഷന്‍സംഘം പോലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു.10 മിനിറ്റ് നീണ്ടു നിന്ന മല്‍പിടുത്തത്തിന് ശേഷമാണ് പ്രതികളെ പോലീസ് കീഴടക്കിയത്.ഇതിനിടയില്‍ യുവതി ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പോലീസ് പിടികൂടുന്നതിനിടയില്‍ പ്രതികളില്‍ ഒരാള്‍ ‘ബോലോ തക്ബീര്‍’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതി മുദ്രാവാക്യം വിളിച്ചതോടെ കൂടുതല്‍ ആളുകള്‍ പോലീസിനെ വളഞ്ഞ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.ഇരയെ കയ്യില്‍ കിട്ടി കഴിഞ്ഞാല്‍ ഷോക്ക് അടിപ്പിച്ചു കാര്യം നേടലാണ് ഇവരുടെ രീതി.ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് ഷോക്ക് അടിപ്പിക്കുന്ന ഇലക്‌ട്രോണിക് ഉപകരണം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കലാലയങ്ങളിലെ പഠിപ്പുമുടക്ക് സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്
കൊച്ചി:കലാലയങ്ങളിലെ പഠിപ്പുമുടക്ക് സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്.പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്.അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്കൂളുകൾ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ പഠനാവകാശത്തെ തടസ്സപ്പെടുത്താന്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് അവകാശമില്ല.കലാലയങ്ങളില്‍ മാര്‍ച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ല .സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുത്. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ്, സമരത്തിനുള്ളതല്ലെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ കലാലയ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.കോടതി ഉത്തരവുകള്‍ക്ക് വിപരീതമായി പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കാം. പോലീസിനെ വിളിച്ചു വരുത്തി കലാലയത്തിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടു;പാലക്കാട് ആര്‍എസ്‌എസുകാരന്‍ അറസ്‌റ്റില്‍
പാലക്കാട്:പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്‌തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടർന്ന് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
മാരക മയക്കുമരുന്ന് ഗുളികയുമായി ഇരിട്ടിയിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
കണ്ണൂർ:ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്ന് ഗുളികകളുമായി ഇരിട്ടിയിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.ചൊവ്വാഴ്ച്ച പുലര്‍ച്ചെഎക്‌സൈസ് സംഘം കിളിയന്തറ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്ന് ഗുളികയായ എംഡിഎംഎ യുമായി ബാംഗ്ലൂരില്‍ നിന്നും ബൈക്കില്‍ വരികയായിരുന്ന തലശ്ശേരി തിരുവങ്ങാട് സെയ്ദാര്‍ പള്ളിസ്വദേശി ആയിഷ നിവാസില്‍ മുഹമ്മദ് സുഹൈലി(26)നെ കസ്റ്റഡിയിലെടുത്തത്.പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ അഹമ്മദ്, പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം പി ഹാരിസ്, വി ധനേഷ്, വനിതാ എക്‌സൈസ് ഓഫീസര്‍ വി ഷൈനി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കലാകാരന്‍മാരായ ദമ്പതികൾക്കെതിരെ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തു
കണ്ണൂർ:മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കലാകാരന്‍മാരായ ദമ്പതികൾക്കെതിരെ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തു.കണ്ണൂര്‍ ഇരിവേരി പാനേരിച്ചാലിലെ പ്രശസ്ത തബലിസ്റ്റും ഗായകനുമായ കെ.സി. രാഗേഷ് (50), നര്‍ത്തകിയും ഗായികയുമായ ഭാര്യ കലാമണ്ഡലം ഉഷാനന്ദിനി (48) എന്നിവര്‍ക്കെതിരെയാണ് കോടതി നിർദേശപ്രകാരം കേസെടുത്തത്.കണ്ണൂര്‍ താഴെചൊവ്വയിലെ ചൈത്ര അതിഥി ജസ്റ്റിന്‍ പരാതി പ്രകാരം കേസെടുത്തത്. ചൈത്രയുടെ സഹോദരന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപയോളമാണ് ദമ്പതികൾ തട്ടിയെടുത്തത്.കണ്ണൂര്‍ താഴെചൊവ്വയിലെ ചൈത്ര അതിഥി ജസ്റ്റിന്‍ പരാതി പ്രകാരം കേസെടുത്തത്.ചൈത്രയുടെ സഹോദരന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപയോളമാണ് ദമ്പതികൾ തട്ടിയെടുത്തത്.019 ഓഗസ്റ്റ് 19 നും 20നും ഇടയില്‍ വച്ച് പല തവണയായാണ് അഞ്ചു ലക്ഷം രൂപ കൊടുത്തത്.എന്നാല്‍ ജോലി നല്‍കാതെ ഇവര്‍ വഞ്ചിക്കുകയായിരുന്നു.തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ നല്‍കാന്‍ തയാറായില്ല.പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ചൈത്ര കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.സംഭവത്തെകുറിച്ച് അന്വേഷിച്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ്ചെയ്യാന്‍ പോലീസ് തയാറായില്ല. ഇതിനിടയില്‍ പണം നല്‍കി സംഭവം ഒത്തുതീര്‍ക്കാമെന്ന് പരാതിക്കാരിയോട് ദമ്പതികൾ പറയുകയും അഞ്ചുലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു.എന്നാല്‍ ചെക്കില്‍ പറഞ്ഞ തീയതി പ്രകാരം ബാങ്കിനെ സമീപിച്ചെങ്കിലും വ്യാജ ചെക്കായിരുന്നുവെന്ന് മനസിലാവുകയായിരുന്നു.തുടര്‍ന്ന് ചെക്ക് നല്‍കി വഞ്ചിച്ചതിന് കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.