കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ സര്‍ക്കാര്‍ ന​ട​പ​ടി;വീണ്ടും പണി മുടക്കുമെന്ന് യൂണിയനുകള്‍

keralanews ksrtc strike govt to take action against employees and union to conduct strike again

തിരുവനന്തപുരം:തലസ്ഥാനത്തെ കെഎസ്‌ആര്‍ടിസി സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ നടപടിയുമായി സര്‍ക്കാര്‍.പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.ഇതിന് പിന്നാലെ കെഎസ്ആർടിസി തൊഴിലാളി യൂണിയൻ സംഘടനകൾ രംഗത്തെത്തി.പണിമുടക്കിന്‍റെ പേരിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് റദ്ദാക്കിയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.പണിമുടക്കിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിക്കാനിടയായ സാഹചര്യവും തലസ്ഥാന നഗരം ഒരു പകൽ സ്തംഭിപ്പിച്ച രീതിയും ഇനിയുണ്ടാകാൻ പാടില്ലെന്ന ശക്തമായ വികാരത്തിന്‍റെ പുറത്താണ് കെഎസ്ആർടിസി തൊഴിലാളികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് സർക്കാർ നീങ്ങുന്നത്.ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ശശീന്ദ്രനും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കുകയും ചെയ്തു.വിഷയം ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്.അതിനിടെ സർക്കാർ നടപടിയെടുത്താൽ പണിമുടക്കിലേക്ക് പോകുമെന്ന് ഭരണപക്ഷ അനുകൂല തൊഴിലാളി യൂണിയനുകൾ ഉൾപ്പടെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിരക്ക് വർധന ആവശ്യപ്പെട്ട് ബുധനാഴ്ച മുതൽ സ്വകാര്യ ബസുകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരിൽ വൻ കഞ്ചാവുവേട്ട;വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പത്തരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു;പ്രതി ഒളിവിൽ

keralanews ten and a half kilo of ganja seized from a house in kannur

കണ്ണൂർ:കണ്ണൂരിൽ വൻ കഞ്ചാവുവേട്ട.വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പത്തരക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.തോട്ടട സമാജ് വാദി കോളനിക്ക് സമീപമുള്ള വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.പ്രതി ചില്ലറ വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവാണ് ഇതെന്നാണ് സൂചന. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി വടക്കേച്ചാലില്‍ മാനുവലിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയിരുന്നു. പിന്‍വാതില്‍ തകര്‍ത്ത് പൊലീസ് സംഘം അകത്ത് കയറി.വിശദമായ പരിശോധനയില്‍ അഞ്ചു പാക്കറ്റുകളിലായി രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു.ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന മാനുവല്‍ കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപാണ് ജോലിയുപേക്ഷിച്ച്‌ നാട്ടിലെത്തിയത്.

കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്;അന്തിമ റിപ്പോര്‍ട്ട് നാളെ;ജീവനക്കാർക്ക് എസ്മ ബാധകമാക്കണമെന്ന് കളക്ടര്‍

keralanews ksrtc flash strike final report tomorrow esma should be applied on employees

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെഎസ്‌ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. സമരത്തെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന റിപ്പോര്‍ട്ടാണ് ജില്ലാകളക്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുഗതാഗതസംവിധാനം മുന്നറിയിപ്പൊന്നുമില്ലാതെ സമരം നടത്തി, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, തുടങ്ങിയ പരാമര്‍ശങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാന്‍ എസ്മ ബാധകമാക്കണമെന്നാണ് പ്രാഥമികറിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നടപടി മോട്ടോര്‍വാഹന ചട്ടങ്ങളുടെ ലംഘനമാണ്. കാരണക്കാരായവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണം. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അവശ്യസര്‍വീസിന്‍റെ പരിധിയില്‍ കൊണ്ടുവരണം. എസ്മ പ്രകാരം സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനുമാവും-കല്കട്ടറുടെ റിപ്പോർട്ടിൽ പറയുന്നു.അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കിഴക്കേക്കോട്ടയില്‍ തെളിവെടുപ്പ് നടത്തി. പണിമുടക്കിലേക്ക് നയിച്ച സംഭവങ്ങളില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.സ്വകാര്യ ബസ് തൊഴിലാളികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ ചെന്ന പൊലീസുകാരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ കൈയേറ്റം ചെയ്തതോടെയാണ് കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. സമരത്തിനിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനരോഷം ശക്തമായ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ജില്ലാകളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി.

കൊല്ലം കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

keralanews try to kidnap school student in kollam karunagappally woman arrested

കൊല്ലം:കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം.സംഭവത്തിൽ നാടോടി സ്ത്രീ പിടിയില്‍.രാവിലെ പത്ത് മണിയോടെ കരുനാഗപ്പള്ളി തുറയില്‍ കുന്ന് സ്കൂളിന് മുന്നിലായിരുന്നു സംഭവം.എസ്‌എന്‍യു പി സ്കൂളില്‍ പഠിക്കുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയോടാണ് നാടോടി സ്ത്രീ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടത്.രാവിലെ സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിച്ചു. പേടിച്ചരണ്ട കുട്ടി കുതറിയോടി സമീപത്തെ വീട്ടില്‍ കുട്ടി അഭയം പ്രാപിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച്‌ പോലീസില്‍ വിവരമറിക്കുകയായിരുന്നു.കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു. എന്നാല്‍ പ്രദേശത്ത് കറങ്ങി നടക്കുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണെന്നും പറയപ്പെടുന്നു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ജ്യോതി എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്;സമരം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

keralanews ksrtc flash strike report that police not failed to handle the strike

തിരുവനന്തപുരം:കെഎസ്ആർടിസി മിന്നൽ പണിമുടക്ക് സമരം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്.പണിമുടക്കില്‍ പൊലീസ് ഇടപെടാന്‍ മടിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം വന്നിരിക്കുന്നത്.സമരത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് ഗതാഗതം തടസ്സപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതുകൊണ്ടാണ് ബലംപ്രയോഗിക്കേണ്ടി വന്നത്. എന്നാല്‍ കൈയേറ്റശ്രമം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.സമരത്തിനിടയില്‍ യാത്രക്കാരന്‍ തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ മരിച്ച സംഭവത്തിലും പൊലീസ് വിശദീകരണം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് വിളിക്കുന്നതിലോ എത്തിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ല. എന്നാല്‍ സമരത്തെ തുടര്‍ന്ന് റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടതിനാല്‍ സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് എത്തിക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടതായി വന്നു. അതിനാലുണ്ടായ സമയനഷ്ടം മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് നല്‍കിയ വിശദീകരണത്തിനൊപ്പം മൊഴികളും മറ്റുകാര്യങ്ങളും പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും അന്തിമതീരുമാനമെടുക്കുക.

കെഎസ്ആർടിസി മിന്നൽ പണിമുടക്ക് ന്യായീകരിക്കാനാവില്ല;കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

keralanews ksrtc flash strike cannot be justified stern action will be taken said minister kadakampalli surendran

തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ മിന്നൽ പണിമുടക്കിനെതിരെ  വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമരക്കാര്‍ കാട്ടിയത് അങ്ങേയറ്റം മര്യാദകേടാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സമരത്തെ തുടര്‍ന്ന് മരിച്ച യാത്രക്കാരനായ സുരേന്ദ്രന്റെ വീടു സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് മര്യാദകേടാണെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സമരത്തിന്റെ പേരില്‍ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് സത്യത്തില്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെട്ടെങ്കിലും വാഹനങ്ങള്‍ മാറ്റാന്‍ സാധിച്ചില്ല. സമരക്കാര്‍ അതിന്റെ കീയും മറ്റും എടുത്തുകൊണ്ട് പോയിരിക്കുകയായിരുന്നു. മനഃസാക്ഷിയില്ലാത്ത സമരമായിരുന്നു ഇന്നലത്തേത്. ഈ അന്യായം വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സമരത്തിനിടെ മരിച്ച ടി. സുരേന്ദ്രന്റെ കുടുംബത്തിന്റെ അവസ്ഥയും മന്ത്രി മാധ്യമങ്ങളോട് വിശദികരിച്ചു. ആകെയുള്ളത് പൈതൃകസ്വത്തായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയാണ്. അത് കൂടുംബത്തിന്റെ പൊതുസ്വത്താണ്. ഇത് പണയം വച്ചാണ് മകളുടെ വിവാഹം നടത്തിയത്.ആ വസ്തുതന്നെ മറ്റൊരു ബന്ധുവിന് കൊടുത്താണ് ഇദ്ദേഹത്തിന്റെ ചികിത്സകളും മറ്റും നടത്തിയിരുന്നത്. ഇപ്പോഴിവര്‍ താമസിക്കുന്നത് മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ്. പ്രതിമാസം 5000 രൂപയോളം സുരേന്ദ്രന്റെ മരുന്നിന് വേണ്ടി മാത്രം വേണ്ടിയിരുന്നു. മൂന്നുതവണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായ വ്യക്തിയാണ് സുരേന്ദ്രനെന്നും മന്ത്രി പറഞ്ഞു. ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ കഴിഞ്ഞദിവസത്തെ സംഭവം കൂടിയായപ്പോള്‍ ഉണ്ടായ മാനസികാഘാതമുണ്ട്. കൂടാതെ ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞുള്ള നോട്ടീസും വന്നിരുന്നു. ഇതെല്ലാം കൂടിയുള്ള മാനസിക സംഘര്‍ഷമാണ് മരണത്തിന് കാരണമെന്ന് വേണം കരുതാനെന്നും മന്ത്രി പറഞ്ഞു.ഈ സാഹചര്യത്തില്‍ ആ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഗതാഗതമന്ത്രിയുമായും, മുഖ്യമന്ത്രിയുമായും ആലോചിച്ച്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

കണ്ണൂർ പാനൂരിൽ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ 7 വയസുകാരി മരിച്ചു

keralanews seven year old girl died when lorry hits bike in kannur panoor

കണ്ണൂർ: പാനൂരിൽ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ 7 വയസുകാരി മരിച്ചു. കല്ലുവളപ്പ് സ്വദേശി സത്യന്റേയും പ്രനിഷയുടെയും മകള്‍ അന്‍വിയ (7) ആണ് അപകടത്തില്‍ മരിച്ചത്.സെന്‍ട്രല്‍പുത്തൂര്‍ എല്‍.പി.സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അൻവിയ. രാവിലെ അമ്മാവനൊപ്പം ബൈക്കില്‍ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്ത് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ബൈക്കിനെ ഇടിച്ച്‌ തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടി തലയടിച്ച്‌ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

വാനിലെത്തിയ സംഘം ലോട്ടറിയും പണവും കവര്‍ന്നുവെന്ന് പൊലീസില്‍ പരാതിപ്പെട്ട ലോട്ടറി വില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

keralanews lottery seller who complained of being robbed found hanged

കണ്ണൂർ:വാനിലെത്തിയ സംഘം ലോട്ടറിയും 850 രൂപയും കവര്‍ന്നുവെന്ന് പൊലീസില്‍ പരാതിപ്പെട്ട ലോട്ടറി വില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കൂത്തുപറമ്പിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വാടിയില്‍ യു.സതീശനെയാണ് (59) ഇന്നലെ പുലര്‍ച്ചെ കാനത്തുംചിറയിലെ മരമില്ലിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 4.15-ഓടെ കൂത്തുപറമ്പ്-കണ്ണൂര്‍ റോഡില്‍ എസ്.ബി.ഐ. ശാഖയ്ക്കുസമീപം വാനിലെത്തിയ സംഘം തന്റെ പണമടങ്ങിയ ബാഗ് കവർന്നതായി സതീശൻ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു.മുച്ചക്രവാഹനത്തില്‍ കൂത്തുപറമ്പിലേക്ക് വരുന്നതിനിടെ പിന്നില്‍നിന്നെത്തിയ സംഘം ലോട്ടറിയുണ്ടോയെന്ന് ചോദിച്ച് കണ്ണില്‍ സ്പ്രേയടിച്ച് ബാഗ് തട്ടിയെടുത്ത് വാഹനത്തിൽ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു.12,000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും 850 രൂപയും തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് പാസ്ബുക്കുമടങ്ങുന്ന ബാഗാണ് നഷ്ടമായതെന്നും റോഡില്‍ വീണ തന്നെ അതുവഴിവന്ന സുഹൃത്തായ ഓട്ടോഡ്രൈവര്‍ കൂത്തുപറമ്പ് താലൂക്കാസ്പത്രിയിലെത്തിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അഞ്ച് വർഷത്തിന് മുമ്പ് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു ശരീരം തളർന്നതിനു ശേഷമാണു സതീശൻ ലോട്ടറി വിൽപനയിലേക്കു തിരിഞ്ഞത്. പിന്നീട് മുച്ചക്ര സൈക്കിൾ ലഭിച്ചതോടെ എല്ലാ ദിവസവം പുലർച്ചെ നാല് മണിയോടെ സതീശൻ ലോട്ടറി കച്ചവടത്തിന് ഇറങ്ങുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ മാങ്ങാട്ടിടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിക്കും.പുഷ്പയാണ് സതീശന്റെ ഭാര്യ. സൗമ്യ, സിനോയ് എന്നിവരാണ് മക്കൾ.

മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കും;കലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

keralanews lightning strike in ksrtc the license of drivers may canceled

തിരുവനന്തപുരം:മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്ന് സൂചന.മോട്ടോര്‍വാഹന ചട്ട ലംഘനത്തിന്റെ പേരിലാകും നടപടി.സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഗതാഗത മന്ത്രിയ്ക്ക് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നത്. പൊതു നിരത്തില്‍ പൊതുജനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മാര്‍ഗ തടസം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു കെഎസ്‌ആര്‍ടിസി ബസുകള്‍ അപകടകരമായി പാര്‍ക്ക് ചെയ്തത്. ഗ്യാരേജില്‍ കിടന്ന ബസുകള്‍ പോലും ഇത്തരത്തില്‍ റോഡില്‍ പാര്‍ക്ക് ചെയ്തു.ഈ ബസുകളുടെ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. ഇവരുടെ പേര് വിവരങ്ങളും ലൈസന്‍സും കൈമാറാന്‍ ഫോര്‍ട്ട് എസിപി, ട്രാഫിക് എസിപി എന്നിവര്‍ക്ക് ആര്‍ടിഒ കത്ത് കൈമാറി. ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാന നഗരം സ്തംഭിച്ചത്. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ടുള്ള പ്രതിഷേധത്തില്‍ ജനങ്ങളാകെ വലഞ്ഞു.കുഴഞ്ഞുവീണ ഒരു യാത്രക്കാരന്‍ മരിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്നത് മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. ആര്‍.ടി.ഒയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സമരം ചെയ്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. കര്‍ശന നടപടി വേണമെന്നാണ് ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഇന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി.അതേസമയം ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് തൊഴിലാളി യൂണിയനുകളെ വീണ്ടും പ്രകോപിപ്പിച്ചേക്കും. 2018ല്‍ ടിക്കറ്റ് റിസര്‍വേഷന്‍ കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് അന്നത്തെ സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തെങ്കിലും നടപ്പിലായിരുന്നില്ല എന്നാല്‍ സര്‍ക്കാരിന്റെ നിസംഗതയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.

കെ.എസ്.ആര്‍.ടി.സി ജീവനക്കാർ നടത്തിയ മിന്നൽ സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു

keralanews man died during ksrtc lightning strike in thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം നാലു മണിക്കൂറിലേറെ നീണ്ടുപോയപ്പോൾ ബസ് കാത്തു നിന്ന് തളര്‍ന്ന് കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു.കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (60) ആണ് മരിച്ചത്.കിഴക്കേക്കോട്ടയില്‍ വച്ചാണ് ഇയാള്‍ തളര്‍ന്നു വീണത്.പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.എടിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്.മിന്നല്‍ പണിമുടക്കില്‍ നഗരം നിശ്ചലാവസ്ഥയിലെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിക്കുയും ആയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന കാരണത്തെ അടിസ്ഥആനമാക്കി മനുഷ്യാവകാശ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്കെതിരെ കേസെടുത്തിട്ടുണ്ട്.