കണ്ണൂര്‍: കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.രണ്ട് അസിസ്റ്റന്റ് പ്രൊഫസരുടെ തസ്തികകള്‍ ഇതിനായി കണ്ണൂരിലേക്ക് അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ കെ. അജയകുമാര്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍ കൂടിയാണ്. നിലവിലുള്ള ഡോക്ടര്‍മാരെ കൂടാതെയാണ് പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം കൂടി കോളേജില്‍ ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ നവംബറില്‍ ആശുപത്രി സന്ദര്‍ശിച്ച ഘട്ടത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്ക് പറ്റി ചികിത്സ തേടിയെത്തുന്നവരില്‍ നിരവധി പേര്‍ക്ക് പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്. ഇവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങള്‍ ഉള്‍പ്പടെ ശരീരത്തിന്റെ ഭാഗമാക്കുന്നതിലൂടെയാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം വരുന്നതോടെ ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിക്ക് മാറ്റം വരുന്നതാണ്. ഇതോടെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വരുന്ന ഭീമമായ ചികിത്സ ചെലവ് ഒഴിവാക്കാന്‍ സാധിക്കും.കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി സജ്ജമാകുന്നതോടെ ചികിത്സാ രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും. ഭാവിയില്‍ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ചെയ്യാന്‍ കഴിയുന്നതാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 5023 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;13 മരണം; 11,077 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5023 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂർ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂർ 188, കാസർകോട് 94 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 54 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 121 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,591 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4646 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 320 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,077 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1273, കൊല്ലം 117, പത്തനംതിട്ട 260, ആലപ്പുഴ 748, കോട്ടയം 1286, ഇടുക്കി 617, എറണാകുളം 2923, തൃശൂർ 999, പാലക്കാട് 545, മലപ്പുറം 581, കോഴിക്കോട് 925, വയനാട് 285, കണ്ണൂർ 444, കാസർകോട് 74 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 47,354 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കെപിഎസി ലളിത അന്തരിച്ചു;അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ അഭിനയശ്രീ
കൊച്ചി:പ്രശസ്ത നടി കെപിഎസി ലളിത(74) അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൻ സിദ്ധാർത്ഥിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് അന്ത്യം. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായി പ്രവർത്തിച്ചിരുന്നു.രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചു.തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്‌ക്ക് കൊണ്ടുപോയി.വൈകീട്ട് ആറ് മണിയോടെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.മകൻ സിദ്ധാർത്ഥ് ചിതയ്‌ക്ക് തീകൊളുത്തി.പൊതുദർശനത്തിന് ശേഷം വൈകീട്ട് 5.45 യോടെയാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. ശേഷം വീട്ടുവളപ്പിലേക്ക് കൊണ്ടുപോയി. ഭർത്താവ് ഭരതൻ അന്ത്യവിശ്രമം കൊള്ളുന്നതിന് അടുത്തായാണ് കെപിഎസി ലളിതയ്‌ക്കും ചിതയൊരുക്കിയത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‌ക്ക് വരുന്നത്. പത്ത് വയസ്സ് മുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. രണ്ട് തവണ മികച്ച സഹനടിയ്‌ക്കുള്ള പുരസ്കാരം നേടി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം.പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയിൽ ചേർന്നു. അന്ന് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർക്കുകയും ചെയ്തു. 1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കുനോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം എന്നീ ചിത്രങ്ങൾ കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിന്റെ മാറ്റുകൂട്ടിയ ചിത്രങ്ങളാണ്. നാടകത്തിലും സിനിമയിലും കൂടാതെ സീരിയലുകളിലും സജീവമായിരുന്നു.മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ നടി 1975, 1978, 1990, 1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. 1978-ലായിരുന്നു പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഭരതനുമായുള്ള ലളിതയുടെ വിവാഹം. 1998ൽ ഭരതൻ മരിച്ചതിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായി. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളിൽ അഭിനയിച്ച ലളിതയുടെ മകൻ പ്രശസ്ത അഭിനേതാവും സംവിധായകനുമായ സിദ്ധാർത്ഥാണ്. ശ്രീക്കുട്ടിയെന്ന മകൾ കൂടിയുണ്ട്.
കണ്ണൂര്‍ കണ്ണപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; നാലുപേർക്ക് പരിക്കേറ്റു
കണ്ണൂര്‍: കണ്ണപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.നാലു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്. ചിറക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂകാംബിക ദര്‍ശനം കഴിഞ്ഞു മടങ്ങും വഴി ഇന്നു പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. രണ്ട് കുടുംബംങ്ങളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.പ്രജിലിന്റെ ഭാര്യ, പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്, മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡരികില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിക്കുകയായിരുന്നു എന്നാണ് സൂചന.കണ്ണപുരം പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
സംസ്ഥാനത്ത് ഇന്ന് 7,780 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 12.31%;21,134 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,780 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂർ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂർ 282, കാസർഗോഡ് 97 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകൾ പരിശോധിച്ചു.ടിപിആർ 12.31 ശതമാനമാണ്.നിലവിലെ 85,875 കൊറോണ കേസുകളിൽ, 5 ശതമാനം പേരാണ് ആശുപത്രികളിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 130 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,529 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7,124 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 537 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,134 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2789, കൊല്ലം 3378, പത്തനംതിട്ട 1312, ആലപ്പുഴ 1013, കോട്ടയം 1915, ഇടുക്കി 1243, എറണാകുളം 2932, തൃശൂർ 1631, പാലക്കാട് 837, മലപ്പുറം 1343, കോഴിക്കോട് 1245, വയനാട് 639, കണ്ണൂർ 633, കാസർഗോഡ് 224 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കെഎസ്‌ഇബിയില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം: കെഎസ്‌ഇബിയില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി.ഇടത് യൂണിയനുകളുടെ സമര സമിതി പ്രതിനിധികൾ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയത്. സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ ആവശ്യങ്ങള്‍ മന്ത്രി സ്വീകരിച്ചു. അനിശ്ചിതകാല സമരം സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചതിനാലും ഇത് രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉപയോഗിച്ച സാഹചര്യത്തിലുമാണ് ട്രേഡ് യൂണിയനുകള്‍ക്ക് കൂടി സ്വീകാര്യമായ ഒരു ധാരണയിലേക്കെത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുന്നണി തല യോഗത്തില്‍ തീരുമാനമായത്. തുടര്‍ ചര്‍ച്ചയ്ക്കായി ചെയ്യര്‍മാനെ നിയോഗിച്ചു. നാളെ ഓണ്‍ലൈനായാണ് ചര്‍ച്ച.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തട്ടുകടകളിൽ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപ്പന നിരോധിച്ചു
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തട്ടുകടകളിൽ ഉപ്പിലിട്ട പഴം, പച്ചക്കറി വിൽപ്പന നിരോധിച്ചു. തട്ടുകടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. 53 കച്ചവട സ്ഥാപനങ്ങളിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയത്.ശുചിത്വ മാനദണ്ഡങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ അധികൃതർ താത്കാലികമായി അടപ്പിച്ചിരുന്നു. നഗരസഭയുടെ ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. 17ഓളം കടകളിൽ നിന്ന് 35 ലിറ്റർ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്തിട്ടുണ്ട്.ഉപ്പിലിട്ട വസ്തുക്കളിൽ പെട്ടന്ന് സത്തു പിടിക്കാൻ ബാറ്ററി വാട്ടറും ഏറെ നാൾ കേടാകാതെ ഇരിക്കാൻ അസറ്റിക് ആസിഡും ഉപയോഗിക്കുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. വളരെ പെട്ടന്ന് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
കെഎസ്ഇബി സമരം;യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം തീർക്കാൻ യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രിയ്‌ക്ക് നിർദ്ദേശം നൽകിയത്.ബോർഡിലെ അംഗീകൃത ട്രേഡ് യൂണിയനുകൾക്ക് കൂടി സ്വീകാര്യമായ ധാരണ രൂപപ്പെടുത്തണമെന്നാണ് മന്ത്രിയ്‌ക്ക് നൽകിയ നിർദ്ദേശം. യൂണിയനുകളുമായുള്ള പ്രശ്‌നം തീർപ്പാക്കാൻ ഫോർമുല ആയെന്നായിരുന്നു ഇന്നലെ നടന്ന ചർക്ക് ശേഷം മന്ത്രി പ്രതികരിച്ചത്. ഇതോടെ യൂണിയനുകൾ സമരം അവസാനിപ്പിച്ചേക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.നീതിക്കൊപ്പം നിൽക്കാനാണു ശ്രമം. ചെയർമാൻ തെറ്റ് ചെയ്തതായി അറിയില്ല. ജീവനക്കാർക്ക് ചില ആശങ്കകൾ ഉണ്ടെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ഇന്നലെ നടന്ന യോഗത്തിൽ എ.വിജയരാഘവൻ അറിയിച്ചിരുന്നു.
സുൽത്താൻ ബത്തേരിയിൽ കടുവക്കുഞ്ഞ് ജനവാസ മേഖലയിലെ പൊട്ടക്കിണറ്റിൽ വീണു
വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവക്കുഞ്ഞ് ജനവാസ മേഖലയിലെ പൊട്ടക്കിണറ്റിൽ വീണു.മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവക്കുഞ്ഞിനെ കണ്ടെത്തിയത്.പ്രദേശവാസിയാണ് സംഭവം ആദ്യം കണ്ടത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വച്ചു പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. മയക്കുവെടി സംഘവും സംഭവ സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള കടുവയാണ് കിണറ്റിലുള്ളതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിൽ കടുവയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ല.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും; സി രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് മണ്ണാര്‍ക്കാട് എസ് സി-എസ് ടി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.കേസില്‍ സര്‍ക്കാര്‍ പുതിയതായി നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. രാജേന്ദ്രന്‍ കോടതിയില്‍ ഹാജരാകും.മധു കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷമായിട്ടും വിചാരണ നടപടികള്‍ വൈകുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പുറമെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വിടി രഘുനാഥ് ഒഴിയാന്‍ ശ്രമിച്ച് കേസില്‍ ഹാജരാകാതെ വന്നതും വിവാദമായി.തുടര്‍ന്നാണ് മധുവിന്റെ കുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി അഭിഭാഷകനായ സി രാജേന്ദ്രനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പാലക്കാട്ടെ അഭിഭാഷകന്‍ രാജേഷ് എം മേനോനാണ് അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.ഇരുവരും ഇന്ന് കോടതിയില്‍ ഹാജരാകും. കേസില്‍ 16 പ്രതികളാണുള്ളത്. മധു കേസ് മാര്‍ച്ച് 26ന് പരിഗണിക്കുമെന്നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് വിചാരണ നടപടികള്‍ നേരത്തെയാക്കുകയായിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരയായത്.