കണ്ണൂർ:കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപുര ക്ഷേത്രത്തില്‍ പയംകുറ്റി ഒഴികെയുള്ള എല്ലാ നിത്യപൂജകളും 11-03-2020 മുതല്‍ നിര്‍ത്തിവയ്ക്കുന്നതായി ട്രസ്റ്റ് ജനറല്‍ മാനേജര്‍ അറിയിച്ചു.രോഗം പടരുന്നതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് നടപടി.എല്ലാ നിത്യപൂജകളും കുട്ടികള്‍ക്ക് നല്‍കി വരുന്ന ചോറൂണ്‍, നിര്‍മ്മാല്യ വിതരണം, പ്രസാദ ഊട്ട്, താമസ സൗകര്യം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടംകൂടി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്ത് ഭക്ത ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.മാര്‍ച്ച് 12മുതല്‍ 31വരെ കണ്ണൂര്‍ വിസ്മയ അമ്യുസ്മെന്റ് പാര്‍ക്കും തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.
കൊറോണ വൈറസ്;പത്തനംതിട്ടയില്‍ 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
പത്തനംതിട്ട:കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.25 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. ഇതില്‍ 5 പേര്‍ ഹൈ റിസ്ക് കോണ്‍ടാക്റ്റില്‍ പെട്ടവരാണ്.റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്തുവിടും. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ കുട്ടിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കഴിയുന്ന വൃദ്ധദമ്പതികളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു.
കൊറോണ വൈറസ്:പത്തനംതിട്ടയിൽ പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
പത്തനംതിട്ട:കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.രോഗലക്ഷണമുള്ള 24 പേരുടെ പരിശോധനാ ഫലത്തില്‍ ഇന്ന് ഉച്ചയ്ക്ക് ലഭിച്ചത് അഞ്ച് പേരുടെ ഫലമാണ്. ഇത് അഞ്ചും നെഗറ്റീവായിരുന്നു. വൈകുന്നേരത്തോടെ അഞ്ച് പേരുടെ കൂടി ഫലം ലഭിച്ചപ്പോള്‍ അവര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. മാര്‍ച്ച് 10ന് സാമ്പിള്‍ അയച്ച 12 പേരുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍ കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും.നിലവില്‍ 900 പേരാണ് ജില്ലയില്‍ വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 30പേര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് 19 മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് 19 മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി.അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി, സഭയെ അറിയിച്ചു. കോവിഡ് നയന്‍റീന്‍ നേരിടുന്നതിനെപ്പറ്റിയുള്ള പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു കെ കൈ ശൈലജ.സംസ്ഥാനത്ത് 14 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 85 വയസുള്ള രോഗിയുടെ ആരോഗ്യ നില ഗുരുതരമാണ്. ഇറ്റലിയില്‍ നിന്നും വന്ന കോവിഡ് ബാധിതരുടെ അടുത്ത ബന്ധുവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.മറ്റുള്ളവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ പരിശോധനക്കയച്ച 12 പേരുടെ സാമ്ബിളുകളുടെ ഫലം വൈകീട്ടോടെ ലഭിക്കും. നിലവില്‍ സാമ്ബിള്‍ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇനി പരിശോധന ഫലം വേഗത്തിലാവും.
അതേസമയം പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി. ഇറ്റലിയില്‍ നിന്ന് വന്ന കുടുംബത്തിന്റെയും രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെയും റൂട്ട് മാപ്പാണ് തയ്യാറാക്കിയത്. രോഗബാധിതരുമായി നേരിട്ടും, അല്ലാതെയും ഇടപഴകിയ 800 ലധികം ആളുകളെയും തിരിച്ചറിഞ്ഞു. റൂട്ട്മാപ്പില്‍ ഉള്‍പ്പെട്ടവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചുവെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.രോഗ ബാധിതര്‍ ആദ്യം ചികിത്സ തേടി എത്തിയ കോട്ടയം തിരുവാര്‍പ്പിലെ ക്ലിനിക് പൂട്ടിച്ചു.
കോവിഡ് 19;വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശികളുടെ സഞ്ചാരപാത പുറത്തുവിട്ടു
പത്തനംതിട്ട:സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നതിനിടെ ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച ദിവസവും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തിയ്യതിയും സ്ഥലങ്ങളുമാണ് മാപ്പിലുള്ളത്.പ്രസ്തുത സമയങ്ങളില്‍ ഈ റൂട്ടില്‍ യാത്ര ചെയ്തവര്‍ അധികൃതരെ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് 19 സ്ഥിരീകരിച്ച എഴു വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 6 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്ത പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചെലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഫ്‌ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിക്കുന്നത്.ഈ സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഫ്‌ളോ ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ 9188297118, 9188294118 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.ചിലരെങ്കിലും ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ വന്നിട്ടുണ്ടാവാമെന്നതിനാലാണ് നടപടി.
പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്(രണ്ടു പേജ്).
പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മാര്‍ച്ച് 10ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്.
കൊറോണ വൈറസ്; ഇറ്റലിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 42 പേര്‍ ആലുവ ആശുപത്രിയില്‍ നിരീക്ഷണത്തില്‍
കൊച്ചി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേയി വിമാനത്താവളത്തിലെത്തിയ 42 പേരെ ആലുവ താലൂക്ക് നിരീക്ഷണത്തിലാക്കി.ദോഹ വഴിയെത്തിയ സംഘത്തെ മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഘത്തിലുള്ളവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇവരുടെ രക്തസാമ്പിളുകൾ എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഫലം നെഗറ്റീവ് ആകുന്നതുവരെ ഇവര്‍ ആശുപത്രിയില്‍ തുടരും. അതേസമയം കോവിഡ് 19 രോഗ ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ പരിശോധന കര്‍ശനമാക്കി.വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെല്ലാം ആരോഗ്യസ്ഥിതിയും യാത്രാവിവരങ്ങളും വിശദമാക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് നല്‍കണം. വിമാനത്തില്‍ നിന്ന് പുറത്തേക്ക് വരുന്നവരെ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കും. ഇവര്‍ സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ചോദിച്ച് മനസിലാക്കണമെന്നും നിര്‍ദേശമുണ്ട്. ആഭ്യന്തര ടെര്‍മിനല്‍ വഴി എത്തുന്ന യാത്രക്കാരെയും ഇന്നലെ മുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14 ആയി;ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരം
തിരുവനന്തപുരം:ഇന്നലെ രണ്ടുപേർക്ക് കൂടി രോഗബാധ സ്ഥിതീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14 ആയി.ഇറ്റലിയില്‍ നിന്നുവന്ന് രോഗം സ്ഥിരീകരിച്ച എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മക്കും ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഇവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും നേരത്തെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 ആയി.അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് അധികൃതർ.ആരുമായിട്ടൊക്കെ ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്നതാണ് പ്രധാന അന്വഷണം.അവസാനമായി ബന്ധപ്പെട്ട ആളിനെ വരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. നിലവിൽ സംസ്ഥാനത്ത് 1495 പേരാണ് നിരീക്ഷണത്തിലുള്ളത്.1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും. സംശയം തോന്നിയ 980 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 9 പരിശോധനകള്‍ നടത്തി.ഇവയെല്ലാം നെഗറ്റീവാണ്.തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും പരിശോധന നടത്താൻ കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്.
കൊറോണ വൈറസ്;നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ താൽക്കാലികമായി നിർത്തലാക്കി
കൊച്ചി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ താൽക്കാലികമായി നിർത്തലാക്കി.സൗദി എയർലൈൻസിന്റെ മുഴുവന്‍ വിമാനങ്ങളുമാണ് നിര്‍ത്തിയത്. കുവൈത്ത് എയര്‍വേയ്സ്, ഇന്‍ഡിഗോ, ജസീറ വിമാന കമ്പനികളും ഏതാനും സര്‍വീസുകള്‍ നിര്‍ത്തി.എയര്‍ ഏഷ്യ ക്വാലാലംപൂരിലേക്ക് രണ്ട് സര്‍വീസുകളുണ്ടായിരുന്നത് ഒന്നാക്കി.സില്‍ക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി.മറ്റ് ചില വിമാന കമ്ബനികളും യാത്രക്കാര്‍ കുറയുമ്പോൾ ഇടയ്ക്കിടെ സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ട്.സര്‍വീസുകള്‍ കുറഞ്ഞതോടെ സിയാലിനും പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വരുമാനക്കുറവ് ഉണ്ടായിരിക്കുകയാണ്.
കൊറോണ ഭീതി;സിനിമ തീയേറ്ററുകൾ മാർച്ച് 31വരെ അടച്ചിടണം;ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ ഉള്‍പ്പടെയുള്ളവയുടെ റിലീസ് മാറ്റിവെച്ചു
കൊച്ചി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സിനിമ തീയേറ്ററുകൾ ഈ മാസം 31 വരെ അടച്ചിടാൻ തീരുമാനം.ഇതോടെ ഇപ്പോള്‍ തീയ്യേറ്റില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടേതുള്‍പ്പടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ ഭാവി അനിശ്ചിത്വത്തിലായിരിക്കുകയാണ്.ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരെ ഈ മാസം തീയ്യേറ്ററില്‍ എത്തേണ്ടതായിരുന്നു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറിന്റെ റിലീസ് മാര്‍ച്ച് 26-നാണ് തീരുമാനിച്ചിരുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ തന്റെ പുതിയ ചിത്രമായ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സിന്റെ റിലീസ് മാറ്റിവച്ച വിവരം ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. മാര്‍ച്ച് 12നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതിയിലാണ് സംസ്ഥാനം. നാളെ മുതല്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു;രോഗം സ്ഥിരീകരിച്ചത് ഇറ്റലിയില്‍നിന്നെത്തിയ കുടുംബവുമായി അടുത്ത് ഇടപഴകിയവര്‍ക്ക്
പത്തനംതിട്ട:സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി അടുത്ത് ഇടപഴകിയ രണ്ടുപേർക്കാണ് പുതുതായി രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്.ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിലെത്തിയ നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബവുമായി അടുത്ത് ഇടപഴകിയ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ പോസിറ്റിവ് ഫലം കണ്ടതെന്ന് കലക്ടര്‍ പിബി നൂഹ് പറഞ്ഞു. ഇവര്‍ നേരത്തെ തന്നെ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ ഏഴായി.പത്തനംതിട്ടയിലെ ഏഴു പേര്‍ക്കു പുറമേ എറണാകുളത്ത് ഒരു കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇറ്റലിയില്‍നിന്നാണ് ഈ കുട്ടിയടങ്ങുന്ന കുടുംബം കേരളത്തില്‍ എത്തിയത്.സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പുറമേ പതിമൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണം കണ്ടെത്തിയിരുന്നു.പത്തനംതിട്ടയിലും കൊല്ലത്തും അഞ്ചുവീതവും കോട്ടയത്ത് മൂന്നുപേരുമാണ് ഐസലേഷനില്‍ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി ഇടപഴകിയ തൃശൂര്‍ ജില്ലയിലെ 11പേര്‍ നിരീക്ഷണത്തിലാണ്.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 കോള്‍ സെന്ററിലെ എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.