കണ്ണൂർ:പാനൂരിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ പാലത്തായി യുപി സ്കൂള്‍ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ ജില്ലാ നേതാവുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജ (പപ്പന്‍–- 45) നെതിരെ പോക്സോ നിയമപ്രകാരം പാനൂര്‍ പൊലീസ് കേസെടുത്തു.ഇയാള്‍ ഒളിവിലാണ്. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ പരാതിയിലാണ് തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാനൂര്‍ സിഐ ടി പി ശ്രീജിത്ത് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പാനൂര്‍ പൊലീസും വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ജനുവരി 15ന് സ്കൂളില്‍വച്ചാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം.പിന്നീട് മൂന്നു തവണ കുട്ടിയെ പീഡിപ്പിച്ചെന്നും മൊഴിയുണ്ട്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തി. വിദ്യാര്‍ഥിനി സ്കൂളില്‍ പോകാന്‍ മടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്.കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ആന്തരികമായി പരിക്കുപറ്റിയെന്ന് കണ്ടെത്തി. മട്ടന്നൂര്‍ മജിസ്ട്രേട്ട് വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്തു.പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ഉടന്‍ അറസ്റ്റുചെയ്യുമെന്നും സിഐ ടിപി ശ്രീജിത്ത് പറഞ്ഞു. അധ്യാപകനെ സസ്പെന്‍ഡു ചെയ്തതതായി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു
കൊറോണ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ ഒരു മാസം സാവകാശം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ബില്ലുകള്‍ അടക്കുന്നതിന് 30 ദിവസത്തെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍. പിഴ കൂടാതെ അടക്കുന്നതിനാണ് 30 ദിവസത്തെ സാവകാശം അനുവദിച്ചത്. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഗണിച്ചാണ് തീരുമാനം.ഇന്ന് മുതല്‍ ഈ ആനുകൂല്യം നിലവില്‍ വരും. എം.എം മണി അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ബഹു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാര്‍ജുകള്‍ അടക്കുന്നതിന് എല്ലാവര്‍ക്കും ഒരു മാസത്തെ കാലാവധി നല്‍കാന്‍ തീരുമാനിച്ചു. ഈ കാലയളവില്‍ പിഴയടക്കമുള്ള നടപടികള്‍ ഉണ്ടായിരിക്കുന്നതല്ല.
കേരളത്തില്‍ കോവിഡ് രോഗികളില്‍ എച്ച്.ഐ.വി മരുന്നുകള്‍ പരീക്ഷിച്ച് തുടങ്ങി
കൊച്ചി:കേരളത്തില്‍ കോവിഡ് രോഗികളില്‍ എച്ച്.ഐ.വി മരുന്നുകള്‍ പരീക്ഷിച്ച് തുടങ്ങി.എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്‍കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍ കോവിഡ് 19 രോഗബാധിതന് ഉപയോഗിക്കുന്നത്.കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ഐ.സി.യുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച്ച രാത്രിയോടെയാണ് എച്ച്.ഐ.വി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നൽകിതുടങ്ങിയത്.രോഗിയുടെ അനുമതിയോടെയാണിത്. ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ അനുമതി കൂടി ലഭിച്ചതോടെയാണ് മരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യുവിന്‍റെ നേതൃത്വത്തില്‍ ചികിത്സയുടെ പ്രോട്ടോക്കോൾ പരിഷ്കരിച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. രോഗിയുടെ പ്രതിരോധ ശേഷി വീണ്ടെടുത്ത് രോഗവിമുക്തി വേഗത്തിലാക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
കോവിഡ് 19; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം.അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഏകദേശം ആയിരത്തിലേറെ യാത്രക്കാർ ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒൻപതുമണി വരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്.ഇവരെ പ്രത്യേക ബസുകളില്‍ വിമാനത്താവളത്തില്‍ നിന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് മുഖേന കെ എസ് ആര്‍ ടി സിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാന സംവിധാനം ഒരുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.അതേസമയം, വിമാനത്താവളത്തില്‍ എത്തുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബസുകള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് കെ എസ് ആര്‍ ടി സിയുടെ നിലപാട്. 50 ബസുകള്‍ ഒരുമിച്ച് വിട്ടുനല്‍കാനാവില്ലെന്നും ഇതിന് പ്രയാസമുണ്ടെന്നുമായിരുന്നു അധികൃതരുടെ മറുപടി. ബസുകള്‍ നല്‍കില്ലെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചതോടെ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
കണ്ണൂര്‍ നഗരത്തില്‍ കവര്‍ച്ചാ പരമ്പര;ഏഴുകടകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കവര്‍ച്ചാ പരമ്പര.ഏഴുകടകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ജില്ലാ ആശുപത്രി റോഡിലെ പ്ലാസ സിറ്റിസെന്ററിനു പിറകുവശത്തെ പപ്പാസ് കോംപ്ലക്‌സിലെ മൂന്നു കടകളില്‍ നടന്ന കവര്‍ച്ചയിലടക്കം നാലു പേരെയാണ് ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.സിറ്റി സെന്ററിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മാനന്തവാടി കോറോം സ്വദേശി ഫൈസല്‍ (40), കൗമാരക്കാരനായ ഒരാളുമാണ് അറസ്റ്റിലായത്. കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍ ഫ്രഷ് കൂള്‍ പാര്‍ലറിലെ ജോലിക്കാരിയായ ചാലാട് സ്വദേശിനി ടി. ഷീനയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചതിന് ചപ്പാരപ്പടവിലെ ചൊക്കാനാകത്ത് മുഹമ്മദ് (56), ഏഴോം സ്വദേശി എം. മുഹമ്മദ് കുഞ്ഞി (68) എന്നിവരും അറസ്റ്റിലായി. കൂടാതെ ഞായറാഴ്ച രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം മോഷണ ശ്രമത്തിനിടെ വര്‍ക്കല സ്വദേശി മുരുക (35) നും പൊലീസ് പിടിയിലായി. ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മുരുകന്‍ അയിരൂര്‍ വര്‍ക്കല പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചയ്ക്കിടെ വീട്ടുടമയെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് വര്‍ക്കല സ്വദേശി മുരുകന്‍. കഴിഞ്ഞമാസം സബ് രജിസ്ട്രാര്‍ റോഡിലെ ഒട്ടേറെ കടകളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ വയനാട് ഇരുളം സ്വദേശി വിശ്വരാജ് എന്ന വിശ്വം (39) മിനെയും കഴിഞ്ഞ ദിവസം ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.സിറ്റി സെന്ററിനു പിറകുവശത്തെ കോംപ്ലക്‌സിലെ ഗള്‍ഫ് ബീജി ‘കോം ടി മൊബൈല്‍ കമ്യൂണിക്കേഷന്‍സ്, ഡിവോയ് ബ്യൂട്ടി പാര്‍ലര്‍, ബാഗ് ആന്‍ഡ് ഷൂ, ആരാധന ജൂവലറിയുടെ ഓഫീസ് എന്നിവിടങ്ങളിലാണു ഒടുവില്‍ കവര്‍ച്ച നടന്നത്.
കോവിഡ് 19;അവധിയിലുള്ള ഡോക്റ്റർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉടൻതന്നെ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥനത്ത് കൊവിഡ്-19 അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശുപത്രികളില്‍ താല്‍ക്കാലികമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി വ്യക്തമായ കാരണങ്ങളില്ലാതെ അവധിയില്‍ പോയിട്ടുള്ളവര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി അറിയിച്ചു.കൂടാതെ സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണിവരെ പ്രവര്‍ത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.കേരളം ഒന്നടങ്കം കൊവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് 19;മാഹിയിൽ രോഗബാധ സ്ഥിരീകരിച്ചയാൾക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച 34 പേരെ കണ്ടെത്തി
കോഴിക്കോട്:മാഹിയിൽ രോഗബാധ സ്ഥിരീകരിച്ചയാൾക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച 34 പേരെ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഇവര്‍ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി.രോഗി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്.അതേസമയം മലപ്പുറം വണ്ടൂരിലെ രോഗി ചികില്‍സയ്ക്കെത്തിയ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മലപ്പുറം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ട് ഇടപഴകിയ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറും കോവിഡ് ലക്ഷണങ്ങളോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് .
കൊറോണ വൈറസ്; സംസ്ഥാനത്ത് ബാറുകള്‍ പൂട്ടില്ല;ക്രമീകരണം മതിയെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും പൂട്ടില്ല.മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ടേബിളുകള്‍ അകത്തിയിടാനും ബാറുകള്‍ അണുവിമുക്തമാക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. കോവിഡ് 19 പ്രതിരോധത്തിനായി വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.
മാഹിയില്‍ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: മാഹിയില്‍ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ് പുറത്തുവിട്ടു.മാര്‍ച്ച് 13 ആം തിയതി അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അതേദിവസം പോയ ഒന്‍പത് സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.മാര്‍ച്ച് 13ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) വിമാനത്തില്‍ കരിപ്പൂരെത്തിയ ഇയാൾ രാവിലെ 6.20 മുതല്‍ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് 7 മണിക്ക് മാഹി ജനറല്‍ ആശുപത്രിയിലെത്തി.രാവിലെ 7.30ന് പള്ളൂരിലെ വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തി. ഇതേദിവസം തന്നെ വൈകുന്നേരം 3.30ന് ഇയാളെ മാഹിയില്‍ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു.ബീച്ചാശുപത്രിയില്‍ അഡ്മിറ്റാകാന്‍ വിസമ്മതിച്ച ഇയാള്‍ ബഹളമുണ്ടാക്കി തിരിച്ചുപോയി. ഓട്ടോയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കെത്തി.നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും മംഗള എക്സപ്രസില്‍ കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് രോഗിയും കൂട്ടരും യാത്ര ചെയ്തത്. തലശ്ശേരിയില്‍ ഇറങ്ങിയ ഇവര്‍ ഓട്ടോയില്‍ വീട്ടിലേക്കെത്തി.സംഭവം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് രോഗിയെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചു.രോഗം സ്ഥിരീകരിച്ച വ്യക്തിയും കൂടെയുള്ള രണ്ടുപേരും യാത്രയില്‍ മാസ്‌ക് ധരിച്ചിരുന്നു. ഇയാള്‍ യാത്രചെയ്ത ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചവരും പ്രസ്തുത തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 ഫ്‌ലൈറ്റിലെ യാത്രക്കാര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.
ബസ്സിലെ സീറ്റില്‍ ഒറ്റയ്ക്കിരിക്കാനായി ‘കൊറോണ’ യെന്ന് കള്ളം പറഞ്ഞ് യുവാവ്;യാത്രക്കാരും ജീവനക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു
താമരശ്ശേരി: ബസിലെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്നതിനായി കൊറോണയുണ്ടെന്ന് പറഞ്ഞ യുവാവിനെ പരിഭ്രാന്തരായ മറ്റ് യാത്രക്കാരും ബസ് അധികൃതരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പരിശോധന നടത്തി ഇയാള്‍ കൊറോണ ബാധിതനല്ലെന്നു കണ്ടെത്തിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇന്നലെ രാവിലെ 6.30ന് താമരശ്ശേരിയില്‍ വച്ചാണ് സംഭവം. മൈസൂരു സ്വദേശിയായ യുവാവാണ് കൊടുവള്ളിയില്‍ നിന്ന് അടുത്തിരിക്കാന്‍ വന്ന യാത്രക്കാരനോട് കൊറോണ എന്നു പറഞ്ഞത്. ഇതോടെ ആശങ്കയിലായ യാത്രക്കാരന്‍ പ്രശ്‌നം കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തി. യാത്രക്കാരുടെ പരിഭ്രാന്തി കണ്ട് കണ്ടക്ടര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്‍പില്‍ ബസ് നിര്‍ത്തി വിവരം അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ട് വന്ന ശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്. സംഭവംകൈവിട്ടു പോയതോടെ കൊറോണ മാസ്‍ക് ധരിക്കാത്തതിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാന്‍ വന്നയാള്‍ക്കു മനസ്സിലാവാത്തതാണ് പ്രശ്‍നങ്ങള്‍ക്കു കാരണമെന്നുമാണ് മൈസൂരു സ്വദേശിയായ യുവാവിന്‍റെ വാദം.