ലോക്ക് ഡൌൺ;തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും

keralanews lock down state cabinet will conduct meeting to discuss further actions

തിരുവനന്തപുരം:പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും. നിലവില്‍ മാര്‍ച്ച്‌ 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഏപ്രില്‍ 14 വരെ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇതോടെ, ഏപ്രില്‍ 14 വരെ ലോക്ക് ഡൌൺ നീട്ടിക്കൊണ്ടു പോകേണ്ടതായുണ്ട്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നത്.ലോക്ക് ഡൌൺ സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. അവശ്യ സര്‍വ്വീസുകളായ ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് മുടക്കമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗം തീരുമാനിക്കും.

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 105 ആയി

keralanews corona virus confirmed in 14 in the state today and total 105 people have been infected

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കാസര്‍കോട് ആറുപേർക്കും, കോഴിക്കോട് 2 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.രോഗബാധിതരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യു.കെയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്.

അതേസമയം രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ ജനങ്ങള്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം.ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം.ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്. വില കൂട്ടിവില്‍ക്കാനോ പൂഴ്ത്തിവെക്കാനോ പാടില്ല. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. അത് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവും ഇല്ലാത്ത നടപടിയുണ്ടാകും.കുറച്ച് കാശ് മോഹിച്ച് ഇതുപോലെ കാര്യങ്ങള്‍ ചെയ്താല്‍ വലിയ വിഷമം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാൻ കടുത്ത നടപടികളുമായി കേരള പോലീസ്; സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം

keralanews police take strict actions to prevent people from breaking out the lockdown people who travel in private vehicle should submit affidavit

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ജനങ്ങള്‍ പുറത്തിറങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളുമായി കേരള പോലീസ്. സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം എഴുതിനല്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി.സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഈ ഫോറം എഴുതി കൈവശം സൂക്ഷിക്കേണ്ടതും പോലീസ് പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോൾ നല്‍കേണ്ടതുമാണ്. പരിശോധനയ്ക്ക് ശേഷം ഈ ഫോറം പോലീസ് ഉദ്യോഗസ്ഥര്‍ മടക്കി നല്‍കും. സൈക്കിള്‍, സ്കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍, കാര്‍, എസ്.യു.വി എന്നിവയിലെല്ലാം സഞ്ചരിക്കുന്നവര്‍ക്ക് സത്യവാങ്മൂലം ബാധകമാണ്.പ്രിന്റ്‌ എടുക്കാന്‍ കഴിയാത്തവര്‍ക്ക് അതേ മാതൃകയില്‍ പേപ്പറില്‍ എഴുതി നല്‍കിയാലും മതിയാകും.തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച്‌ യാത്ര ചെയ്യാന്‍ കഴിയും.

പൊതുഗതാഗതം വരെ റദ്ദാക്കി ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളിലും ഓട്ടോ ടാക്സികളിലും യഥേഷ്ടം പുറത്തിറങ്ങിയതോടെയാണ് കര്‍ശന നടപടികളും വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് നിര്‍ദേശമെന്നും അത് ബലപ്രയോഗത്തിലൂടെ നടപ്പാക്കേണ്ടി വരരുതെന്നും ഡിജിപി പറഞ്ഞു. ഓട്ടോ, ടാക്സി എന്നിവ അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നതിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമാണ്. അവശ്യസേവനങ്ങളുടെ പരിധിയില്‍ വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിയുടെ പാസ് നിര്‍ബന്ധം. പുറത്തിറങ്ങുന്ന പൊതുജനങ്ങള്‍ സാക്ഷ്യപത്രം നല്‍കണം.

കേരള പൊലീസ് പുറത്തിറക്കിയ സത്യവാങ്മൂലത്തിന്റെ മാതൃക:

1sa

2sa

കണ്ണൂർ പരിയാരത്ത് കൊറോണ നിരീക്ഷണത്തിലുള്ള യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി;കുഞ്ഞ് ഐസൊലേഷനിൽ

keralanews woman under corona observation in pariyaram gave birth to baby boy and child is in isolation

കണ്ണൂർ:പരിയാരം ഗവ.മെഡിക്കൽ  കോളേജിൽ കൊറോണ നിരീക്ഷണത്തിലുള്ള യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് യുവതി പ്രസവിച്ചത്.രണ്ട് ദിവസം മുൻപാണ് യുവതിയെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കൊറോണ രോഗികള്‍ക്കുവേണ്ടി പ്രത്യേകമായി ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രസവ വേദന അനുഭവപ്പെടുകയും പരിശോധനയില്‍ ഡോക്ടര്‍മാര്‍ അടിയന്തരമായി ശസ്ത്രക്രിയ ആവശ്യപ്പെടുകയും ചെയ്തു.തുടര്‍ന്ന് രാത്രി പതിനൊന്നോടെ സിസേറിയനിലൂടെയായിരുന്നു യുവതിയുടെ പ്രസവം. 2.9 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും അമ്മയും പൂര്‍ണ ആരോഗ്യത്തിലാണെന്നും കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യു.വില്‍ ഐസോലേഷനിലാക്കിയിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഈ മാസം 20നാണ് ഖത്തറില്‍നിന്ന് യുവതിയും ഭര്‍ത്താവും നാട്ടിലെത്തിയത്. യുവതി ഗര്‍ഭിണിയായതിനാലാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ത്തന്നെ ഐസൊലേഷനില്‍ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ഇന്നു ലഭിച്ചേക്കും.

കാസര്‍കോട്ടേക്കുള്ള വഴികള്‍ അടച്ചു; കണ്ണൂരില്‍ അതീവ ജാഗ്രത

keralanews roads to kasarkode closed and high alert in kannur

കണ്ണൂർ:കൊറോണ വൈറസ് ബാധ സംശയിച്ച് കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഉയരുന്നു.ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണമാണ് വര്‍ധിച്ചിട്ടുള്ളത്. തിങ്കളാഴ്ച മാത്രം നാന്നൂറോളം ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 6504 ആളുകളാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 72 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. നേരത്തെ ഇത് 49 ആയിരുന്നു.കൊറോണ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് കണ്ണൂര്‍ ജില്ല.കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള വഴി പൂര്‍ണമായും അടച്ചിരിക്കുകയാണ്.ദേശീയ പാത ഒഴികെ മറ്റൊരു വഴിയും ഉപയോഗിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടുണ്ട്. കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള മറ്റ് വഴികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ അടച്ചു. അതേസമയം നിരീക്ഷണത്തിലുള്ളവരെ അടക്കം താമസിപ്പിക്കുന്നതിനായി 17 ഏകാന്ത കേന്ദ്രങ്ങള്‍ തയ്യാറാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.400ല്‍ അധികം കിടക്കകളുള്ള നിലവില്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകള്‍, കിന്‍ഫ്രയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാണ് ശ്രമം നടക്കുന്നത്.

കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു

keralanews complete lockdown announced in kerala

തിരുവനന്തപുരം:കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 14 ജില്ലകളും സമ്പൂർണ്ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.പൊതുഗതാഗതം നിര്‍ത്തലാക്കും.സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. റസ്റ്ററന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പെട്രോള്‍ പമ്പ്,ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും.സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്-19, എറണാകുളം-2, കണ്ണൂര്‍- 5, പത്തനംതിട്ട- 1, തൃശൂര്‍- 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 25 പേര്‍ ദുബായില്‍നിന്ന് വന്നവരാണ്. രോഗം ഇതുവരെ ബാധിച്ചവര്‍ 95 ആയി. നേരത്തെ 4 പേര്‍ രോഗവിമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീഷണത്തില്‍ 64,320 പേരുണ്ട്; 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രിയിലും. 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4,291 സാംപിള്‍ പരിശോധയ്ക്ക് അയച്ചു. 2987 പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം. കാസര്‍കോട് കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.അനാവശ്യമായി ആരും പുറത്തിറങ്ങരുത്.ഇറങ്ങിയാല്‍ അറസ്റ്റ് ഉണ്ടാകും. കനത്ത പിഴയും ചുമത്തും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒമാനിൽ മലവെള്ളപാച്ചിലിൽ കാണാതായ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

keralanews the deadbodies of two went missing in flash flood in oman were found

ഒമാൻ:ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി കാണാതായ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെട്ടാണ് അപകടം.ഇബ്രിയിലെ അറാഖിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവരാണ് ഇവർ.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.റോയൽ ഒമാൻ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ വിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് സുജിതിന്റെ മൃതദേഹം കണ്ടെത്തിയത്.ഇവരെ കാണാതായ സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെയായിരുന്നു മൃതദേഹങ്ങൾ.

പാല്‍ വില്‍പ്പന കുറഞ്ഞു;മില്‍മ ചൊവ്വാഴ്ച മലബാര്‍ മേഖലയില്‍ നിന്നും പാല്‍ ശേഖരിക്കില്ല

keralanews milk sales declines milma will not collect milk from malabar area on tuesday

കോഴിക്കോട്: മലബാര്‍ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് ചൊവ്വാഴ്ച പാല്‍ സംഭരിക്കില്ലെന്ന് മില്‍മ. മലബാര്‍ മേഖലയില്‍ പാല്‍ വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാല്‍ ശേഖരിക്കാത്തതെന്ന് മേഖലാ യൂണിയന്‍ മാനേജിംങ് ഡയറക്ടര്‍ അറിയിച്ചു. മലബാര്‍ മേഖലാ യൂണിയന്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി പ്രതിദിനം 5.90 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. മലബാര്‍ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് വിറ്റു പോയത്. ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. ഇതിനു പുറമേ പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വന്‍ തോതില്‍ കുറഞ്ഞു.എന്നാല്‍ ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച കാലത്തും വൈകീട്ടും പാല്‍ സംഭരണം നിര്‍ത്തുന്നതെന്ന് മാനേജിംങ് ഡയറക്ടര്‍ കെഎം വിജയകുമാര്‍ പറഞ്ഞു.ഇക്കാര്യം സഹകരണ സംഘങ്ങളെ അറിയിച്ചു കഴിഞ്ഞു. നാളെ വിപണി നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളില്‍ സംഭരണം വേണോയെന്ന് ആലോചിക്കും. മില്‍മയുടെ തീരുമാനം ക്ഷീര കര്‍ഷകരെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കും.

കൊറോണ വൈറസിനെ ചെറുക്കാന്‍ ജില്ലയില്‍ ഹെലികോപ്റ്റര്‍ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചരണം നടത്തി;കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

keralanews man arrested for spreading fake news that poisonous drug will spray by helikopter to kill corona virus in kannur district

കണ്ണൂർ:കൊറോണ വൈറസിനെ ചെറുക്കാന്‍ ജില്ലയില്‍ ഹെലികോപ്റ്റര്‍ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ.മുഴപ്പിലങ്ങാട് സ്വദേശി ഷാന ഷരീഫ് ആണ് അറസ്റ്റിലായത്.ജനതാ കർഫ്യൂ ദിനത്തിൽ കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ഹെലികോപ്റ്റര്‍ വഴി മരുന്നു തളിക്കുമെന്നായിരുന്നു പ്രചാരണം.കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്.രാത്രി 12 മണിമുതൽ 3 മണിവരെയുള്ള സമയത്ത് കണ്ണൂർ ജില്ലയിലെ എല്ലാഭാഗത്തും മീഥൈല്‍ വാക്‌സിന്‍ വിഷപദാർത്ഥം തളിക്കുമെന്നും അതുകൊണ്ട് എല്ലാവരും തങ്ങളുടെ വീടുകളിലുള്ള വളർത്തുമൃഗങ്ങളെ കൂട്ടിനുള്ളിൽ ആക്കണമെന്നും മാത്രമല്ല കിണറുകൾ മൂടിവെയ്ക്കണമെന്നും ഇയാൾ വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

കൊറോണ വൈറസ്;ശക്തമായ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ;കാസർകോഡ് ജില്ല പൂർണ്ണമായും ലോക്ക് ഡൌൺ ചെയ്യും;മൂന്നു ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍

keralanews corona virus govt with strict restrictions kasaragod district will be fully locked down and partial lockdown in three districts

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ കണ്ണൂര്‍, എറണാകുളം,പത്തനംതിട്ട എന്നീ മൂന്നു ജില്ലകളില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തിൽ തീരുമാനമായി.ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളു.കേന്ദ്ര നിര്‍ദ്ദേശം പരിഗണിച്ച്‌ സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുത്. ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകും. വ്യാപാരി വ്യവസായികളായിരിക്കും ഇതിന് നേതൃത്വം നൽകുക. കാസർകോട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങളുടെ ചെലവ് സർക്കാർ വഹിക്കും.കണ്ണൂർ, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകൾ ഭാഗികമായി അടയ്ക്കും. ഈ ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, ആശുപത്രി, മരുന്ന്, വൈദ്യുതി എന്നിവയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് ജില്ലകളിൽ നിലവിലെ നിയന്ത്രങ്ങൾ കർശനമാക്കും. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.