പത്തനംതിട്ട:ജില്ലയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബം ഉൾപ്പെടെ അഞ്ച് പേർക്ക് രോഗം ഭേദമായി.റാന്നി സ്വദേശികൾക്കും ഇവരുടെ അടുത്ത രണ്ട് ബന്ധുക്കൾക്കുമാണ് രോഗം ഭേദമായത്. ഇവരുടെ രോഗമുക്തി ആശ്വാസകരമാണെങ്കിലും ജില്ലയിൽ കടുത്ത ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു.മാർച്ച് എട്ടിന് കോവിഡ് സ്ഥിരീകരിച്ച ഇവർ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ത്തനംതിട്ട ജനറൽ ആശുപത്രി,കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ ആയിരുന്നു.ഇവരുടെ പരിശോധനാ ഫലം ഇന്നലെയാണ് ലഭിച്ചത്.ഇവരുടെ കോണ്ടാക്റ്റിൽ നിന്നും അസുഖം ബാധിച്ച നാല് പേർക്ക് കൂടി ഇനിയും രോഗം ഭേഭമാകാനുണ്ട്. ഇതിൽ റാന്നി സ്വദേശിയുടെ വൃദ്ധമാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ പത്തനംതിട്ടയിലുമാണ് ചികിത്സയിലുള്ളത്. ഇത് കൂടാതെ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മൂന്ന് പേർ കൂടിയാണ് ജില്ലയിൽ രോഗ ബാധ സ്ഥിരീകരിച്ച് ഐസോലേഷൻ വാർഡിൽ കഴിയുന്നത്.നിലവിൽ ജില്ലയിൽ വിവിധ ആശുപത്രികളിലായി 20 പേർ ഐസലേഷനിൽ ഉണ്ട്. വിദേശത്ത് നിന്ന് എത്തിയ 3935 പേരുൾപ്പെടെ 7873 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
കണ്ണൂരില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു
കണ്ണൂർ:ജില്ലയിൽ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു.കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചത്.ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.അന്നുമുതൽ ഹോം ക്വാറന്റൈന്‍ നിര്‍ദേശം അനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.വീട്ടുകാരെയെല്ലാം മറ്റുവീട്ടിലേക്ക് മാറ്റി ഒറ്റയ്ക്കായിരുന്നു താമസിച്ചത്.ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു എന്നാല്‍പരിശോധന ഫലം ലഭിച്ചിട്ടില്ല.ഭക്ഷണം വീടിന് പുറത്തുവെയ്ക്കാനാണ് കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇന്നലെ വെച്ച ഭക്ഷണം എടുക്കാതിരുന്നതോടെ ബന്ധുക്കള്‍ വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവുമുണ്ടായിരുന്നു.സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത് അറിഞ്ഞ് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിങ് നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;സമൂഹവ്യാപനം പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തും;നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂർ എസ്.പി യുടെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേര്‍ രോഗമുക്തരായി. കേരളത്തിലെ ആദ്യ കോവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കേരളത്തില്‍ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണമാണിത്.സമൂഹവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പത്രവിതരണം അവശ്യ സര്‍വീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാനത്തെ ചില റസിഡന്റ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അത് അവസാനിപ്പിക്കണം.പത്ര വിതരണം അവശ്യ സാധനങ്ങളുടെ പട്ടികയിലാണെന്നും അവശ്യ തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായവർക്കു പുറമേ ആൾക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്.ചിലർ പടമെടുക്കാൻ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അവിടെ പോയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 1059 കമ്മ്യൂണിറ്റി കിച്ചണുകൾ ഇതുവരെ ആരംഭിച്ചു. 52,480 പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്.പിയുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.അഴീക്കലില്‍ ഒരു കടയ്ക്കു മുന്നില്‍ വച്ച് മൂന്നുപേരെ പരസ്യമായി ഏത്തമിടീച്ച നടപടിയാണ് വിമര്‍ശനത്തിനിടയാക്കിയത്.എസ്.പിയുടെ നടപടിയില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും പൊലീസിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്നതാണ് എസ്പിയുടെ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, നടപടിയെ ന്യായീകരിച്ച് എസ് പി യതീഷ് ചന്ദ്ര സ്വകാര്യചാനലിലൂടെ രംഗത്തെത്തി. ആളുകള്‍ പറഞ്ഞത് കേള്‍ക്കാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും അടിക്കാന്‍ പറ്റാത്തതിനാലാണ് ഇത്തരം മാര്‍ഗം സ്വീകരിച്ചതെന്നുമായിരുന്നു യതീശ് ചന്ദ്രയുടെ മറുപടി.
ലോക്ക് ഡൌൺ ലംഘിച്ച് പുറത്തിറങ്ങി;മൂന്നുപേരെ കൊണ്ട് ഏത്തമിടീപ്പിച്ച് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര
മദ്യം ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂരില്‍ യുവാവ് ജീവനൊടുക്കി
കണ്ണൂർ:മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി.കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത പ്രദേശമായ പനയത്താംപറമ്പ് കണ്ണാടി വെളിച്ചത്താണ് സംഭവം. ഇതോടെ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നാമത്തെയാളാണ് മരിക്കുന്നത്. അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്‌റ്റേഡിയത്തിനടുത്ത തട്ടാന്റെ വളപ്പില്‍ രാജന്റെ മകന്‍ വിജിലാ(35)ണ് മരിച്ചത്. അമിത മദ്യാസക്തിയുള്ള ഇയാള്‍ മദ്യം ലഭിക്കാത്തതിനാല്‍ അസ്വസ്ഥത കാണിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ച രാവിലെ പത്തുമണിക്ക് വീടിനകത്തെ മുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നിര്‍മാണ തൊഴിലാളിയാണ് വിജില്‍.കഴിഞ്ഞ ദിവസം മദ്യം ലഭിക്കാത്ത അസ്വസ്ഥതയില്‍ തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് തൂവാനൂരിലാണ് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സനോജ് എന്ന യുവാവ് ആത്മഹത്യ ചെയ്തത്.വെള്ളിയാഴ്ച കരിമുള്‍ പെരിങ്ങാല ചായ്ക്കര സ്വദേശി മുരളിയും (44) മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു.
കണ്ണൂരില്‍ 28 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു
കണ്ണൂര്‍: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങി.മൂവായിരത്തിലേറെ പേര്‍ക്കാണ് ഇതുവഴി ഉച്ചഭക്ഷണം വിതരണം ചെയ്തത്.കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി നഗരസഭകള്‍, പെരിങ്ങോം വയക്കര, കാങ്കോല്‍ ആലപ്പടമ്പ്, എരമംകുറ്റൂര്‍, പരിയാരം, ഉദയഗിരി, കുറുമാത്തൂര്‍, മയ്യില്‍, പടിയൂര്‍, ചെറുതാഴം, ഏഴോം, കല്യാശ്ശേരി, നാറാത്ത്, പെരളശ്ശേരി, ചെമ്പിലോട്, ധര്‍മടം, വേങ്ങാട്, പിണറായി, പന്ന്യന്നൂര്‍, ചൊക്ലി, തൃപ്രങ്ങോട്ടൂര്‍, പേരാവൂര്‍, മുഴക്കുന്ന്, കൊട്ടിയൂര്‍, പായം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ട് ദിവസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് പറഞ്ഞു.
കേരളത്തിൽ ആദ്യ കോവിഡ് മരണം;മട്ടാഞ്ചേരി സ്വദേശി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ചു
കൊച്ചി: ആശങ്ക വര്‍ധിപ്പിച്ച് കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിക്കാണ് മരിച്ചത്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൂര്‍ണമായി സുരക്ഷാക്രമീകരണങ്ങളോടെ സംസ്കരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.മാർച്ച് 16 ആം തീയതി ദുബൈയില്‍ നിന്ന് രോഗലക്ഷണത്തോടെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്.2ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്.ഇവര്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.അതേസമയം, കൊറോണ ബാധിതനായി മരിച്ച രോഗിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മാക്കൂട്ടംചുരം റോഡ് തുറക്കില്ലെന്ന് കര്‍ണാടക; കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചു
കണ്ണൂർ:അടച്ച മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക.ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്. പച്ചക്കറികളുമായി എത്തിയ അൻപതോളം ലോറികളാണ് മാക്കൂട്ടത്ത് കുടുങ്ങിക്കിടക്കുന്നത്.കര്‍ണാടകയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തതിനാല്‍ കുടുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരേണ്ടതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിര്‍ദേശിച്ചു.എന്നാൽ മുത്തങ്ങയില്‍ എത്തിയ നൂറിലേറെ ലോറികളും കര്‍ണാടക തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകം കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.കേരള ചീഫ് സെക്രട്ടറി കര്‍ണാടക അധികൃതരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.നീതികരിക്കാനാകാത്ത പ്രവര്‍ത്തിയാണ് കര്‍ണാടയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. കേരള ചീഫ് സെക്രട്ടറി കര്‍ണാടക അധികൃതരുമായി വീണ്ടും സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരള അതിര്‍ത്തിയില്‍ റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി
കാസർകോഡ്:കാസർകോടിന്റെ അതിർത്തി ഗ്രാമങ്ങളിലെ റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി.ഇന്‍ഡ്രോ-കാസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡിലാണ് കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടത്. സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഷയത്തില്‍ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് മണ്ണുമാറ്റാന്‍ ധാരണയിലായന്നെും അറിയിച്ചു.കർണാടക സർക്കാർ മണ്ണിറക്കി റോഡുകളിൽ തടസ്സമുണ്ടാക്കുന്നത് കാരണം അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതിനെതിരെ രംഗത്ത് വന്നു.സർക്കാർ തലത്തിൽ ഇടപ്പെട്ട് അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഇരുവരും ആവശ്യപ്പെട്ടു.അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും ആശുപത്രികളെയും മറ്റ് അവശ്യസേവനങ്ങളേയും ആശ്രയിക്കുന്നത് കർണാടകയെയാണ്. കർണാടക അതിർത്തി അടച്ചതോടെ കാൻസർ രോഗികളടക്കം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
കാസര്‍കോട് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു;സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയാൻ നിർദേശം
കാസര്‍കോട്:ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ ഈ വിദ്യാർത്ഥിനി.പത്ത് എ ക്ലാസ്സിലിരുന്നാണ് ഈ കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.ഒപ്പം വിദ്യാർത്ഥിനി പഠിച്ചിരുന്ന പത്ത് എഫ് ഡിവിഷനിലെ സഹപാഠികളോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥിനി പരീക്ഷയെഴുതിയ ക്ലാസ്സിലെ ഇൻവിജിലേറ്ററും നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.പ്രാഥമിക സമ്പർക്കത്തിൽ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ 11 നും 56 വയസിനും ഇടയിലുള്ള 34 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്.കേരള കേന്ദ്രസര്‍വ്വകലാശാലയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. കാസർകോട് മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തന സജ്ജമാക്കും. ജില്ലയിൽ ലോക്ഡൌൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേർ കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്.ഇതിൽ 9 സ്ത്രീകളും 25 പുരുഷന്മാരുമാണ്.ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 103 പേരെ ആശുപത്രികളിലാണ് നിരീക്ഷിക്കുന്നത്.308 പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.