കാസർകോഡ്:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ചികില്‍സ കിട്ടാതെ ഒരുരോഗി കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ആണ് മരിച്ചത്. മംഗലാപുരത്തായിരുന്നു ഇദ്ദേഹം ഹൃദ്രോഗത്തിന് ചികില്‍സ തേടിയിരുന്നത്. എന്നാല്‍, ഇന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ചികില്‍സയ്ക്കായി കൊണ്ടുപോവാന്‍ സാധിച്ചില്ല. അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നു. ഇതോടെ അതിര്‍ത്തി അടച്ചതിന്റെ പേരില്‍ ചികില്‍സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.ഇന്നലെ സമാനമായ സാഹചര്യത്തിൽ മൂന്നു പേരാണ് അതിര്‍ത്തില്‍ മരിച്ചത്.അതേസമയം, കാസര്‍ഗോട്ടെ അതിര്‍ത്തി റോഡ് തുറക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ണാടക. ഇക്കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകള്‍ മനസ്സിലാക്കണമെന്ന് ഹൈക്കോടതിയില്‍ കര്‍ണാടക നിലപാട് വ്യക്തമാക്കി. കേന്ദ്രനിര്‍ദേശം പാലിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണെന്നും രോഗികളെ ഒരുകാരണവശാലും തടയരുതെന്നും ഹൈക്കോടതി കര്‍ണാടക എജിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി കണ്ണൂരിൽ പ്രവർത്തനം തുടങ്ങി
കണ്ണൂർ:സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി കണ്ണൂരിൽ പ്രവർത്തനം തുടങ്ങി.അഞ്ചരക്കണ്ടി കോളേജാണ് സർക്കാർ ഏറ്റെടുത്ത് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററാക്കിയത്.ആയിരം രോഗികളെ വരെ ചികിൽസിക്കാവുന്ന രീതിയിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.കോവിഡ് സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും ഡോക്റ്റർമാർക്കും ആശുപത്രി ജീവനക്കാർക്കുമെല്ലാം പ്രത്യേകം ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാൻ പ്രത്യേകം പ്രവേശനവഴികളുണ്ട്.കോവിഡ് ലക്ഷണമുള്ളവർ ആദ്യം ഇവിടെയെത്തി കൈകൾ കഴുകണം.പിന്നീട് കവാടത്തിനു മുന്നിൽവെച്ച പോസ്റ്ററിലെ നിർദേശങ്ങൾ കൃത്യമായി വായിച്ച ശേഷം തൊട്ടപ്പുറത്ത് വെച്ച സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകണം.പിന്നീട് അതിനടുത്ത് വെച്ചിരിക്കുന്ന ഗ്ലൗസും മാസ്ക്കും ധരിച്ച ശേഷം മാത്രമേ ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ.രോഗിയുടെ ഒപ്പമുള്ളവർക്കൊന്നും ഉള്ളിലേക്ക് പ്രവേശനമില്ല. അകത്തുകടന്നാൽ കോവിഡ് രോഗലക്ഷണമുള്ളവർ നേരെ കോവിഡ് ഒ പിയിലേക്ക് പോകണം.ഇവിടെ ഡോക്റ്റർ നിശ്ചിത അകലത്തിലിരുന്ന് രോഗിയോട് വിവരങ്ങൾ ചോദിച്ചറിയും.സ്രവപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പ്രത്യേകം മുറികളുണ്ട്.ശരീരം പൂർണ്ണമായും മൂടുന്ന കോവിഡ് വസ്ത്രം ധരിക്കുന്നതിനും പ്രത്യേകം മുറികളുണ്ട്.ആറാം നിലയിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെ 30 കിടക്കകളുള്ള രണ്ട് ഐസിയു യൂണിറ്റും അഞ്ചും ആറും നിലകളിലായി നാനൂറോളം ആളുകളെ ഉൾക്കൊള്ളാവുന്ന ഐസൊലേഷൻ വാർഡുകളും സജ്ജീകരിച്ചിട്ടുണ്ട്.ഫിസിഷ്യൻ,പീഡിയാട്രീഷ്യൻ, അനസ്തെസ്റ്റിസ്റ്റ്,ചെസ്സ് റെസ്പിറേറ്ററി മെഡിസിൻ തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സേവനങ്ങളും ഇവിടെ ലഭ്യമാണ്.കോവിഡ് പ്രതിരോധ വസ്ത്രങ്ങളും അവശ്യ മരുന്നുകളും ലഭിക്കുന്ന പ്രത്യേക ഫാർമസിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയ പത്തനംതിട്ട സ്വദേശി മരിച്ചു
ന്യൂഡൽഹി:നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയ പത്തനംതിട്ട സ്വദേശി മരിച്ചു.തബ്ലീഗ് ജമാഅത്ത് പത്തനംതിട്ട അമീര്‍ ഡോ. എം. സലീം ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദ്രോഗം മൂലമാണ് മരണമെന്നാണ് വിവരം. മരിച്ച സലീം നേരത്തേ തന്നെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.ഇയാള്‍ക്കൊപ്പം സമ്മേളനത്തിന് പോയ രണ്ട് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.എന്നാല്‍ സലീമും ഒപ്പമുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.മാര്‍ച്ച് ഒൻപതിന് ഡല്‍ഹിയിലെത്തിയ ഇവര്‍ അലിഗഢില്‍ താമസിച്ച ശേഷം 22നാണ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ പള്ളിയിലെത്തിയതെന്നും പറയപ്പെടുന്നു. ഡോ. എം.സലീമിന് കോവിഡ് 19 ബാധയുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. മാര്‍ച്ച് ആദ്യവാരം നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മടങ്ങിയ ആറ് പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാണ്. നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികളും ഒരു തമിഴ്നാട്ടുകാരനും കശ്മീര്‍ സ്വദേശിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് ഇവിടെ പ്രാര്‍ഥന ചടങ്ങ് നടന്നത്. ഈ പരിപാടിയില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ജില്ലയിൽ രോഗബാധിതരുടെ എണ്ണം 46 ആയി
കണ്ണൂർ:ജില്ലയിൽ ഇന്നലെ ഒരു സ്ത്രീ ഉൾപ്പെടെ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ പത്ത് പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ബഹ്റൈനില്‍ നിന്നും എത്തിയവരാണ്.കോട്ടയം പൊയില്‍, മൂര്യാട് സ്വദേശികളായ രണ്ട് പേര്‍ക്ക് വീതവും ചമ്പാട്, പയ്യന്നൂര്‍, കതിരൂര്‍, പൊന്ന്യം, ചൊക്ലി, ഉളിയില്‍, പാനൂര്‍ എന്നിവിടങ്ങളിലെ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 46 ആയി.58 പേരുടെ പരിശോധനാഫലം കൂടി ഇനി ലഭിക്കാനുണ്ട്.മാര്‍ച്ച് 16 മുതല്‍ 22 വരെയുളള തിയതികളില്‍ വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ആശുപത്രിയിലും ബാക്കിയുളളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.10904 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്. അതേസമയം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രത്യേകം തയ്യാറാക്കിയ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ആയിരം പേരെ കിടത്തി ചികിത്സിക്കാനുളള സൌകര്യം തയ്യാറായിക്കഴിഞ്ഞു.10 വെന്റിലേറ്ററുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ സ്വദേശിയെ അബുദാബിയിൽ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തി
കണ്ണൂർ:കണ്ണൂർ സ്വദേശിയെ അബുദാബിയിൽ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തി.കൂത്തുപറമ്പ് ആമ്പിലാട് പഴയനിരത്തിലെ പത്മാലയത്തില്‍ കൊമ്പൻ തറമ്മല്‍ ഷാജുവിനെ (43)യാണ് അബുദാബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിംഗിനു സമീപത്തെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. അബുദാബി ഏവിയേഷന്‍ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്നു.ഒരാഴ്ച മുൻപ് നേരിയ പനി ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കണ്ട് മരുന്നുകഴിച്ച് രണ്ടു ദിവസത്തിനുശേഷം ഡ്യൂട്ടിക്കു പോയിത്തുടങ്ങിയിരുന്നു.ശനിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.അബുദാബി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട്. ഗംഗാധരന്‍-പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. സഹോദരന്‍: കെ.ടി. ശ്രീജന്‍ (ശ്രീശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍).
കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം;മരിച്ചത് തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം:കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ്(68) മരിച്ചത്.രണ്ടുദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. നിലവില്‍ മൃതശരീരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. അയാളുടെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തോന്നയ്ക്കല്‍ പിഎച്ച്‌സിയിലാണ് രോഗലക്ഷണങ്ങളുമായി ഇദ്ദേഹം ആദ്യം എത്തിയത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. പിന്നീട് മാര്‍ച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. പിന്നീട് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.മാര്‍ച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്.രോഗലക്ഷണങ്ങളോടെ മാര്‍ച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;17 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 17 പേര്‍ക്ക് ,കണ്ണൂരില്‍ 11 പേര്‍ക്കും, വയനാട് ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 17 പേര്‍ വിദേശത്തുനിന്നെത്തിയവരും 15പേര്‍ സമ്പർക്കം മൂലവും രോഗം ബാധിച്ചവരാണ്.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 213 ആയി.ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളിൽ 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്.ഇതിൽ 6031 എണ്ണം നെഗറ്റീവായി. പരിശോധന വേഗത്തിലാക്കാൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതേസമയം പായിപ്പാടില്‍ അതിഥി തൊഴിലാളികളെ ഇളക്കി വിടാന്‍ ശ്രമമുണ്ടായി എന്നും കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റങ്ങളെ താറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്നും കൊറോണ രോഗ അവലോകന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍
തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.ഏപ്രില്‍ 20നുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ അവര്‍ക്കും സൌജന്യ റേഷന്‍ ലഭിക്കും.ദിവസവും ഉച്ച വരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്ന് മന്ത്രി പറഞ്ഞു.ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പാടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധസേനാ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കണം. തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും.എല്ലാവര്‍ക്കും ഏപ്രില്‍ മാസം തന്നെ സൌജന്യകിറ്റും വിതരണം ചെയ്യും. കിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്നും പി തിലോത്തമന്‍ ആവശ്യപ്പെട്ടു.87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രെയിന്‍ ഏർപ്പെടുത്തിയെന്ന് വ്യാജസന്ദേശം;ഒരാള്‍ അറസ്റ്റില്‍
മലപ്പുറം: കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നിലമ്പൂരിൽ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സാക്കിര്‍ തൂവക്കാടാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്.വ്യാജ സന്ദേശം വിശ്വസിച്ച എടവണ്ണയിലുള്ള അതിഥി തൊഴിലാളികൾ യാത്ര സംബന്ധിച്ച് യോഗം ചേരുകയും ചെയ്തു.സംഭവം ശ്രദ്ധയില്‍പെട്ടതോടെ സന്ദേശം വ്യാജമാണെന്ന് പോലീസ് വിവിധ ഭാഷകളില്‍ നവമാധ്യമങ്ങളിലൂടെ അറിയിപ്പുമായി എത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്. ഇയാൾക്കെതിരെ ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നിവ പ്രകാരമാണ് കേസ് എടുത്തത്.ഞായറാഴ്ച ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് വടക്കന്‍ ജില്ലകളിലും വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തുമെന്ന ഭയംമൂലം പോലീസ് ഇവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങുന്നവരെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട്. വടക്കന്‍ ജില്ലകളുടെ വിവിധ മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ലോക്ക് ഡൌൺ കാലത്ത് അവശ്യ സാധനങ്ങൾ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കണ്ണൂരില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂർ:ലോക്ക് ഡൌൺ കാലത്ത് പുറത്തിറങ്ങാൻ പറ്റാതെ അവശ്യ സാധനങ്ങൾ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കണ്ണൂരില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.ജില്ലാ പഞ്ചായത്തിലാണ് കോൾ സെന്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് പ്രവര്‍ത്തന സമയം.കോള്‍ സെന്ററില്‍ വിളിച്ചു സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞു കൊടുത്താല്‍ മതി 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും.സാധനങ്ങളുടെ മാർക്കറ്റ് വിലമാത്രമേ ഈടാക്കൂ. സര്‍വീസ് ചാര്‍ജും നല്‍കേണ്ടതില്ല. അൻപതോളം വളണ്ടിയര്‍മാരെ ഡെലിവറിക്കായി നിയമിച്ചിട്ടുണ്ട്.മാസ്‌ക്ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാവും ഡെലിവറി ബോയ്‌സ് വീടുകളിലെത്തുക.തുക ഗുഗിള്‍പേ വഴിയാണ് പണം നല്‍കേണ്ടത്. അതില്ലാത്തവര്‍ക്ക് സാധാരണ നിലയിലും പണം നല്‍കാം.അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്ക് പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കും. ഗ്രാമങ്ങളിലുള്ളവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ആ വിവരങ്ങള്‍ കുടുംബശ്രീക്ക് കൈമാറി അവര്‍ മുഖേന അവശ്യവസ്തുക്കള്‍ വീടുകളിലെത്തിക്കും.പാകം ചെയ്ത ഭക്ഷണത്തിന് ആവശ്യം വരികയാണെങ്കില്‍ അതത് പ്രദേശത്തെ കമ്യൂണിറ്റി കിച്ചന്‍ സെന്ററിനെ വിവരമറിയിച്ച് ഭക്ഷണം ലഭ്യമാക്കും.പരമാവധി ഒരാഴ്ചത്തേക്ക് വേണ്ട സാധനങ്ങളാണ് വീടുകളിലെത്തിക്കുക.