കേരളത്തിൽ ഇന്ന് 9 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;7 പേരും കാസർകോട്ടുകാർ

keralanews corona confirmed in 9 persons in kerala today and seven from kasarkode

കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളത്തില്‍ പറഞ്ഞു. കാസര്‍കോട് ഏഴ് പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ഓരോ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്. 706 പേര്‍ ആശുപത്രിയിലടക്കം സംസ്ഥാനത്ത് 169990 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊവിഡ് രോഗം ബാധിച്ച 14 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകയും റാന്നിയിലെ വൃദ്ധ ദമ്ബതികളും രോഗം ഭേദമായവരുടെ കൂട്ടത്തില്‍ പെടും.ഇതുവരെ രോഗമുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ വിദേശികളുമാണ്. 78 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

അതിർത്തി അടയ്‌ക്കൽ;ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ വേണമെന്ന കര്‍ണാടക സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

keralanews boarder closing supreme court rejected karnataka demand to stay high court verdict

ന്യൂഡൽഹി:കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.വിധി സ്റ്റേ ചെയ്യാനാവില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ആരെയൊക്കെ കടത്തിവിടണമെന്ന് ഈ യോഗത്തില്‍ തീരുമാനിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ഹൈക്കോടതി കര്‍ണാടകയുടെ നീക്കത്തെ വിമര്‍ശിച്ചിരുന്നു. മനുഷ്യാവകാശം ഹനിക്കപ്പെടുമ്പോള്‍ കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.കണ്ണൂരിന്റെയും വയനാടിന്റെയും അതിര്‍ത്തികള്‍ തുറക്കാമെന്നും കാസര്‍കോട് അതിര്‍ത്തി തുറക്കാനാവില്ലെന്നും നേരത്തെ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കാസര്‍കോട് അതിര്‍ത്തിയും തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.കാസര്‍കോട് അതിര്‍ത്തി കര്‍ണാടക അടച്ചതോടെ ചികിത്സ കിട്ടാതെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ ജനങ്ങള്‍ കൂടുതലായി ആശ്രയിച്ചിരുന്നത് മംഗളൂരുവിലെ ആശുപത്രികളായിരുന്നു.

കേരളത്തിലെ എട്ട് ജില്ലകൾ കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍;സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ 28 ദിവസത്തെ ഐസൊലേഷൻ നിര്‍ബന്ധമായും പാലിക്കണമെന്നും മുഖ്യമന്ത്രി

keralanews eight districts in kerala on covid hotspot and those coming from outside the state must comply with the 28 day isolation

തിരുവനന്തപുരം: രാജ്യത്ത് തന്നെ കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച്‌ 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.അത്തരക്കാര്‍ ദിശാ നമ്പറിലേക്ക്  വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇടപഴകരുത്. സമൂഹ വ്യാപനം തടയനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എട്ട് ജില്ലകൾ കോവിഡ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നമ്മള്‍ അതീവ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍,പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളാണ് കോവിഡ് ഹോട്സ്പോട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോൺഫറൻസ് നടത്തിയ കാര്യം മുഖ്യമന്ത്രി വിശദീകരിച്ചു.സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിച്ചു.ലോകത്താകെ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.വിദേശത്ത് ക്വാറന്‍റീൻ ഇന്ത്യൻ എംബസികളുടെ കീഴിൽ ഒരുക്കണം. നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍സിസി,എന്‍.എസ്.എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വിപുലീകരിണക്കമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതുപ്രകാരം സന്നദ്ധ പ്രവര്‍ത്തന രംഗം വിപുലീകരിക്കുകയാണ്.സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ ഉണ്ട്.യുവജന കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് ആളുകള്‍ കൂടി ഇതിന്റെ ഭാഗമായി ഇനി വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിന് പുറമേ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാര്‍ക്കുകൂടി ഇതില്‍ ചേരാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷമായി എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതും സംസ്ഥാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂർ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും മോ​ഷ​ണ കേ​സ് പ്ര​തി ചാടിപ്പോയി

keralanews robbery case accused escaped from kannur jail isolation ward

കണ്ണൂർ:സെൻട്രൽ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും മോഷണ കേസ് പ്രതി ചാടിപ്പോയി.ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്‍റെ വെന്‍റിലേഷന്‍ തകര്‍ത്ത് കടന്ന് കളഞ്ഞത്. മാര്‍ച്ച്‌ 25നാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്.കാസര്‍ഗോഡ് പഴയ ബസ്റ്റാന്‍റിന് സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കാസര്‍ഗോട്ട് നിന്നും കൊണ്ടുവന്നതുകൊണ്ടുമാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍

keralanews corona confirmed 21 people in the state today two were from nizamuddin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നെത്തിയ ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്,എട്ടുപേർക്ക്.ഇടുക്കി-5, കൊല്ലം- 2, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ 286 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ചികിത്സയിലുണ്ട്.രോഗബാധിതരില്‍ 200 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ 7 പേര്‍ വിദേശികളാണ്. 28 പേര്‍ രോഗമുക്തരായി.1,65,934 പേര്‍ നിരീക്ഷണത്തിലാണ്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ബുധനാഴ്ച 8,456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മിൽമ മലബാർ യൂണിറ്റ് നാളെ മുതല്‍ കര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കും

keralanews milma malabar unit will collect whole milk from milk farmers from tomorow

കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകരില്‍ നിന്നും നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും. കേരളത്തിന്റെ പാല്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ്‌നാട് പിന്‍വാങ്ങിയതോടെയാണ് നിലവിലെ നിയന്ത്രണം ഒഴിവാക്കാന്‍ മില്‍മ തീരുമാനിച്ചത്.കേരള മുഖ്യമന്ത്രിയും കേരള വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉള്‍പ്പെടെയുള്ള ആളുകള്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറുമായി സംസാരിച്ചതിന്റെ ഭാഗമായി ഈ റോഡുള്ള പാല്‍ സംഭരണ കേന്ദ്രവും തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഡിണ്ടിഗല്‍ പ്ലാന്റുകളും പാല്‍ എടുത്ത് പാല്‍പ്പൊടിയാക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മല്‍ബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ എം വിജയകുമാര്‍ അറിയിച്ചു.ഇതേ തുടര്‍ന്നാണ് മില്‍മ മുഴുവന്‍ പാലും സംഭരിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. മില്‍മയുടെ മലബാര്‍ യൂണിറ്റാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ സംഭരിക്കുന്ന പാല്‍ തമിഴ്‌നാട് ഏറ്റെടുക്കാന്‍ തയാറല്ലാതെ വന്ന സാഹചര്യത്തിലാണ് ഇന്നു മുതല്‍ മുഴുവന്‍ പാലും സംഭരിക്കില്ല എന്ന തീരുമാനത്തിലേക്ക് മില്‍മ എത്തിയത്.മില്‍മയുടെ മലബാര്‍ യൂണിറ്റില്‍ നിന്ന് ആറരലക്ഷം പാലാണ് ഒരു ദിവസം സംഭരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം;സംസ്ഥാനത്ത് ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്

keralanews severe financial crisis finance minister thomas isaac says salary control will be needed in the state

തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്.പല സംസ്ഥാനങ്ങളും ജീവനക്കാര്‍ക്ക് പകുതി ശമ്പളമാണ് നല്‍കുന്നത്. മറ്റ് നിവൃത്തി ഇല്ലെങ്കില്‍ കേരളത്തിലും ശമ്പള നിയന്ത്രണം വേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു. സാലറി ചലഞ്ചിന് ആരേയും നിര്‍ബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.”എങ്ങനെയാണ് സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിര്‍ബന്ധവുമില്ല. നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതി” മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവര്‍ക്കാണ് ആദ്യപരിഗണന. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച്‌ മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്.സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച്‌ ആലോചിക്കുന്നതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകും.ഇപ്പോള്‍ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാര്‍ത്ത സാലറി ചലഞ്ച് നിര്‍ബന്ധമാക്കുമെന്നാണ്.കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യന്‍ എക്സ്പ്രസില്‍ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിര്‍ബന്ധവുമില്ല. നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതി.

മാര്‍ച്ച്‌ മാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമുള്ള നികുതി പൂര്‍ണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതില്‍ ഇളവും നല്‍കിയിട്ടുണ്ട്. സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തില്‍ ഏപ്രില്‍ മാസത്തില്‍ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വില്‍പ്പനയുള്ളൂ. അവയുടെ മേല്‍ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡോക്റ്ററുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്നുള്ള സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

keralanews high court stays on government order to issue alcohol on doctors prescription

കൊച്ചി:മദ്യാസക്തിയുള്ളവർക്ക് ഡോക്റ്ററുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്നുള്ള സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയതത്. ഇത്തരത്തിൽ ഉത്തരവിറക്കിയതിന് ഹൈക്കോടതി സർക്കാരിനെ വാക്കാൽ വിമർശിച്ചു.ടി.എന്‍.പ്രതാപന്‍ എംപി നല്‍കിയ ഹര്‍ജിയില്‍മേലാണ് കോടതിയുടെ നടപടി.മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച്‌ ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെതിരെ ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ ധാര്‍മികയെ ചോദ്യം ചെയ്യുന്നതാണ് ഉത്തരവെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.മദ്യ ഉപയോഗം മൂലം ജീവിതം തകരാറിലായവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അധാർമികവും നിയമവിരുദ്ധമായ ഉത്തരവ് സർക്കാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നായിരുന്നു ഡോക്ടർമാരുടെ സംഘടന അടക്കമുള്ള ഹരജിക്കാരുടെ വാദം.മദ്യാസക്തി ചികിൽസയിലൂടെയോ ശാസ്ത്രീയ മാർഗങ്ങളിലൂടെയോ ഭേദപ്പെടുത്താനാകില്ലെന്ന തെറ്റായ സന്ദേശമാണ് സർക്കാർ ഉത്തരവിലൂടെ പൊതു സമൂഹത്തിന് ലഭിക്കുന്നതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മദ്യാസക്തിയുള്ള എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലന്നും മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.ഇവരെ ചികത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടർമാർക്ക് കുറിപ്പടി കൊടുക്കാൻ അനുമതി ഉണ്ട്. അത് പോലെ മാത്രമേ കേരളം ഉദ്ദേശിച്ചുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലോക്ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യവിതരണം അ‌നുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

കോവിഡ് 19;തിരുവനന്തപുരം പോത്തൻകോട് സമൂഹവ്യാപനമില്ല;അധികനിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

keralanews covid19 no social spread in pothenkode thiruvananthapuram and additional regulations withdrawn

തിരുവനന്തപുരം:കൊറോണ രോഗബാധയെ തുടർന്ന് ഒരാൾ മരിച്ച സാഹചര്യത്തിൽ ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന അധികനിയന്ത്രണങ്ങൾക്ക് ഇളവ് നൽകി.പ്രദേശത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയത്.പോത്തൻകോട് വാവറയമ്പലം സ്വദേശി അബ്ദുൽ അസീസ് കൊറോണ ബാധിച്ച് മരിച്ചതിനെ തുടർന്ന് പോത്തൻകോട് പഞ്ചായത്തിലും മൂന്നുമീറ്റർ ചുറ്റളവിലും ജില്ലാകളക്റ്റർ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു.ഈ പ്രദേശത്തെ ആളുകൾ ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും നിർദേശിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി കലക്റ്റർ പുതിയ ഉത്തരവിറക്കി.

മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി പ്ര​കാ​രം മ​ദ്യം വീട്ടിലെത്തിക്കുന്ന നടപടി ബി​വ​റേ​ജ​സ് നിർത്തിവെച്ചു

keralanews beverages stopped the process of proving liquor to those with the prescription of doctor

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം ഉടന്‍ വീട്ടിലെത്തില്ല. ബിവറേജസിന്‍റെ ഈ തീരുമാനം പിന്‍വലിച്ചു.ഇന്ന് രാവിലെ ബിവറേജസ് എംഡി ഇതുസംബന്ധിച്ച നിര്‍ദേശം ബിവറേജസ് മാനേജര്‍മാര്‍ക്ക് കൈമാറി.സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടി പ്രകാരം അപേക്ഷ സമര്‍പ്പിച്ച അഞ്ച് പേര്‍ക്കാണ് ഇന്ന് മദ്യം നല്‍കാന്‍ ബെവ്കോ തീരുമാനിച്ചത്.എന്നാല്‍ മദ്യം വീട്ടിലെത്തിക്കുന്നത് അബ്കാരി ചട്ടത്തിനും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കും എതിരാണെന്ന് ബിവ്റേജസ് എംഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു.ഇതേതുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.എക്സൈസ് മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. നേരത്തെ ഇന്നു മുതല്‍ മദ്യം നൂറു രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി വീട്ടിലെത്തിക്കുന്ന നടപടികള്‍ ആരംഭിക്കാനായിരുന്നു തീരുമാനം.കേന്ദ്രസർക്കാരും ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രെട്ടറി സംസ്ഥാന ചീഫ് സെക്രെട്ടറിക്ക് കത്ത് നൽകിയിരുന്നു.