ബംഗളൂരു: കാസര്‍കോഡ്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. കാസര്‍കോട്ടെ സ്ഥിതി ഗുരുതരമാണ്.അതുകൊണ്ട് തന്നെ രോഗികളെ പ്രവേശിപ്പിക്കുക ബുദ്ധിമുട്ടാണെന്നും യെദ്യൂരപ്പ പറഞ്ഞു.കൂട്ടത്തില്‍ രോഗികളുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടിയാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഈ വിഷയം ബാധിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി ദേവഗൗഡ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് യെദ്യൂരപ്പയുടെ പ്രതികരണം.അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം ധൃതിയില്‍ ഉണ്ടായതല്ലെന്നും ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കാസര്‍ഗോഡും സമീപ പ്രദേശങ്ങളിലുമുള്ള കൊറോണ വ്യാപനം ഭയപ്പെടുത്തുന്നതാണെന്നും ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവുന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കേരളത്തില്‍ ഇന്നലെ പതിനൊന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ആറ് പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ള ഓരൊരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 306 ആയി.
കോവിഡ് 19;തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർകോട്ടേക്ക് പുറപ്പെട്ടു
തിരുവനന്തപുരം:കൊറോണ വൈറസ് പടരുന്ന കാസര്‍കോട് ജില്ലയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.കാസര്‍കോട്ട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കല്‍ സംഘം അങ്ങോട്ടേക്ക് യാത്ര തിരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. താത്ക്കാലിക ആശുപത്രി സജ്ജമാക്കി ഇവര്‍ പ്രവര്‍ത്തനം തുടങ്ങും.സ്വമേധയായാണ് ഡോക്ടര്‍മാര്‍ പോകുന്നതെന്നും ഈ ടീം കഴിഞ്ഞാല്‍ അടുത്ത സംഘം പോകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍കോട്ടേക്ക് സേവനത്തിനായി യാത്ര തിരിച്ച ഡോക്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;6 പേര്‍ കാസര്‍കോട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്.2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്) രോഗം വന്നത്.കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസൊലേഷൻ വാര്‍ഡില്‍ നിന്നു ചാടിപ്പോയ മോഷണ കേസ് പ്രതി പിടിയില്‍
കണ്ണൂർ:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസൊലേഷൻ വാര്‍ഡില്‍ നിന്നു ചാടിപ്പോയ മോഷണ കേസ് പ്രതി പിടിയിലായി.ബാങ്ക് മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് പിടിയിലായത്.ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് വ്യാഴാഴ്ച രാത്രിയാണ് ഇയാൾ കടന്നുകളഞ്ഞത്.ചെറുകുന്ന് താവം റെയില്‍വേ ട്രാക്കില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം ഇയാള്‍ ഈ വഴിയിലൂടെ നടന്നുപോകുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നവശനായിരുന്നു പ്രതി.കാസര്‍കോട് പഴയ ബസ്റ്റ് സ്റ്റാന്റിനു സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിൽ ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് അജയ് ബാബുവിനെ ജയിലിലേക്ക് കൊണ്ടുവന്നത്.ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കൊവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത കാസര്‍കോട്ട് നിന്നും കൊണ്ടുവന്നതിനാലുമാണ് ഇയാളെ ജയിലിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്.
കോവിഡ് 19;പത്തനംതിട്ടയില്‍ നിസാമുദീനിൽ നിന്നെത്തിയ ഏഴുപേരുൾപ്പെടെ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
പത്തനംതിട്ട:പത്തനംതിട്ടയില്‍ നിസാമുദീനിൽ നിന്നെത്തിയ ഏഴുപേരുൾപ്പെടെ 75 പേരുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്.ഇനി 105 പരിശോധനാ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.ജില്ലയില്‍ നിന്ന് 25 പേരാണ് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. എത്തിയ എല്ലാവരെയും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പെരുന്നാട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാളുടെ പിതാവ് മരിച്ചു. വിദേശത്ത് നിന്നെത്തിയ ആളുടെ പിതാവാണ് മരിച്ചത്. സ്രവ പരിശോധനയുടെ ഫലം ലഭിച്ച ശേഷം മൃതദേഹം സംസ്‌കരിക്കും.
കണ്ണൂർ സ്വദേശിയായ യുവാവ് സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചു
കണ്ണൂർ:കണ്ണൂർ സ്വദേശിയായ യുവാവ് സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചു.മീത്തലെ പൂക്കോം സ്വദേശി ശബ്നാസ്(30) ആണ് മരിച്ചത്. മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് യുവാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പിന്നീട് അവസ്ഥ മോശമായതിനെ തുടര്‍ന്ന് അഞ്ചു ദിവസമായി വെന്റിലേറ്ററിലായിരുന്നു.ഇക്കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ശബ്‍നാസിന്റെ വിവാഹം.തുടര്‍ന്ന് മാര്‍ച്ച് 10 നാണ് ഇയാള്‍ സൗദിയിലേക്ക് തിരിച്ചു പോയത്. കഴിഞ്ഞ ഏറെ ദിവസമായി പനിയാണെന്നുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിടെ തന്നെ സംസ്കാരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
കരളുറപ്പോടെ പോലീസ്; കരുതലായി കൂടെ ഇവരും
കാസറഗോഡ് : കോവിഡ് 19 നെതിരെ (കൊറോണ) കർമനിരതരായിരിക്കുന്ന പോലീസ് സേനയ്ക്ക് സദാസമയവും സേവനവുമായി കൂടെയുണ്ട് Automobile Technician മാരും Spareparts കച്ചവടക്കാരും.തിരക്കിനിടയിൽ പരിഗണിക്കാതെ വിട്ടുപോകുന്ന ഒന്നാണ് പോലീസ് വാഹനങ്ങൾ.ലോക്ക് ഡൗണിൽ വാഹനങ്ങളുടെ മെയ്ന്റനൻസ് വർക്കുകൾ നടത്തുന്ന കാര്യവും ബുദ്ധിമുട്ടാണ്.തിരക്കിനിടയിൽ ഇതിന് സമയവും കിട്ടില്ല.ഈ പ്രതിസന്ധിഘട്ടത്തിലാണ് Association Of Automobile Workshops Kerala യുടെ പ്രവർത്തനം മികച്ചുനിൽക്കുന്നത്. ഇതിനൊരുദാഹരണമാണ് ഇന്നലെ നടന്ന സംഭവം.കഴിഞ്ഞ ദിവസം ബേക്കൽ പോലീസ് സ്റ്റേഷനിലെ ഒരു വാഹനം എഞ്ചിൻ തകരാർ കാരണം വഴിയിലായി.ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊറോണ എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന പോലീസ് ടീമിന് ഇത് ഒരു വൻ തിരിച്ചടിയായി. വാഹനം പണിമുടക്കിയപ്പോൾ നിശ്ചലമായ പട്രോളിംഗ് ടീമിന് സഹായവുമായി പാലക്കുന്ന് പള്ളത്തെ Deepak Automobiles ലെ ടെക്‌നീഷ്യന്മാരായ പ്രദീപ്,അബിൻ എന്നിവരെത്തി.രാത്രിയേറെ വൈകി പണിപൂർത്തിയാക്കി വാഹനത്തിന്റെ യന്ത്രത്തകരാർ പരിഹരിച്ച ശേഷമാണ് ഇവർ മടങ്ങിയത്.പണിക്കിടയിൽ സ്പെയർപാർട്സ് കിട്ടാതെ വന്നപ്പോൾ ഉദയഗിരിയിലുള്ള Vinayaka Automobiles, കൂട്ടക്കണ്ണിയിലുള്ള P.S Bearing എന്നിവിടങ്ങളിൽ നിന്നും അവ എത്തിച്ചുനൽകി. കാസർകോഡ് ജില്ലയിൽ ലഭിക്കാതെ വന്ന സ്പെയർപാർട്സുകൾ പയ്യന്നൂരിലെ Best Automobiles നിന്നും എത്തിച്ചുനൽകി. ഇതിന് Association Of Automobile Workshop Kerala യുടെ കാസർകോഡ് ജില്ലാ നേതൃത്വം ഏകോപനം നടത്തി.
കേരളത്തിൽ കോവിഡ് 19 പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ്,മറ്റ് ആവശ്യസർവീസ് എന്നിവരുടെ വാഹനങ്ങൾക്ക് ഈ ലോക്ക് ഡൌൺ കാലത്ത് സർവീസ് നടത്തുന്നതിനായി Association Of Automobile Workshop Kerala യുടെ കീഴിൽ ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരുലക്ഷത്തോളം തൊഴിലാളികൾ സന്നദ്ധരായിട്ടുണ്ട്. ഒരു നാടുമുഴുവൻ കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടുമ്പോൾ വിശ്രമമില്ലാതെ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന പോലീസ് സേനയിലെ ബേക്കൽ പോലീസിനെ പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാൻ മുന്നിട്ടിറങ്ങിയ കാസർകോഡ് ജില്ലയിലെ Workshop ജീവനക്കാർക്കും Spareparts ഷോപ്പുകൾക്കും Association Of Automobile Workshop Kerala യുടെ കാസർകോഡ് ജില്ലാനേതൃത്വത്തിനും ബേക്കൽ പോലീസ് പ്രത്യേകം നന്ദിയറിയിച്ചു.
കോവിഡ്19;സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് ഇന്ന് മുതൽ;ആദ്യ പരിശോധന പോത്തന്‍കോട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ തുടങ്ങും.നൂറോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഐഎംജിയിലും സാമൂഹ വ്യാപനം ഉണ്ടോയെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ പോത്തന്‍കോടുമാണ് ആദ്യ ടെസ്റ്റ് നടക്കുക.പോത്തന്‍ കോട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.ഇയാൾ നിസ്‌കാരത്തില്‍ പങ്കെടുത്ത പോത്തന്‍കോട്ടെ ജുമാമസ്ജിദിലുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് തീരുമാനം.പബ്ലിക്ക് ലാബിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമായിട്ടായിരിക്കും റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ പരിശോധിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.ശശിതരൂര്‍ എം.പി ഫണ്ടുപയോഗിച്ച് പൂനൈയില്‍ നിന്നാണ് കിറ്റുകള്‍ എത്തിച്ചത്. ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ച ‘മൈ ലാബ്’ എന്ന കമ്പനിയാണ് കിറ്റുകള്‍ തയ്യാറാക്കിയത്.ഞായറാഴ്ചയോടെ 2000 കിറ്റുകള്‍ കൂടിയെത്തും. രണ്ടര മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത.കിറ്റുകളെത്തിച്ച എംപിയെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പേരെടുത്ത് അഭിനന്ദിച്ചിരുന്നു. 57 ലക്ഷം രൂപ ചെലവിട്ടാണ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ശശി തരൂര്‍ എം പി എത്തിക്കുന്നത്.
ലോക്ക് ഡൌൺ ലംഘിച്ച് പ്രഭാത സവാരി;കൊച്ചിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 41 പേര്‍ അറസ്റ്റില്‍;കുടുങ്ങിയത് ഡ്രോണ്‍ പരിശോധനയില്‍
കൊച്ചി: ലോക്ഡൌണ്‍ ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയ 41 പേരെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. എപ്പിഡെമിക്ക് ആക്‌ട് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡ്രോണ്‍ വഴിയുള്ള പരിശോധനയിലാണ് പ്രഭാത സവാരിക്കാര്‍ കുടുങ്ങിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.പനമ്പിള്ളി നഗര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ പോലീസ് വിലക്കിയിട്ടും പ്രഭാത സവാരിക്കും വ്യായാമത്തിനുമായി ഇറങ്ങിയവരാണ് അറസ്റ്റിലായത്‍. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും 2 വര്‍ഷം വരെ തടവും ലഭിക്കാം.ഡ്രോണ്‍ ഉപയോഗിച്ചുള്ള പൊലീസിന്റെ നിരീക്ഷണത്തില്‍ ആളുകള്‍ കൂട്ടം ചേര്‍ന്ന് പ്രഭാത നടത്തത്തിന് എത്തുന്നതായി പൊലിസ് കണ്ടതോടെ നേരത്തെ ഇത് വിലക്കിയിരുന്നു. എന്നാല്‍ വീണ്ടും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായി പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയതോടെ പൊലീസിന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്.