കോഴിക്കോട്:പ്രശസ്ത സിനിമാ താരം കലിംഗ ശശി(59) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.വീട്ടിലെ വിളിപ്പേരായിരുന്നു ശശി.സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.നാടക രംഗത്തിലൂടെ അഭിനയരംഗത്ത് തുടങ്ങിയ അദ്ദേഹം സിനിമയില്‍ കൂടുതലായും ഹാസ്യ കഥാപാത്രങ്ങള്‍ അഭിനയിച്ചുകൊണ്ടാണ് ജനപ്രീതി നേടിയെടുത്തത്. അമ്മാവന്‍ വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിലും അഭിനയിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം.നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. കേരളാകഫേ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, ആമേന്‍, പുലിമുരുകൻ, കസബ, അമര്‍ അക്ബര്‍ ആന്റണി, വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ് ശശി കലിംഗ. പ്രഭാവതിയാണ് ഭാര്യ.
തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു
കണ്ണൂർ:തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു.ഈസ്റ്റ് വെള്ളായി സ്വദേശിനി യശോധ(65) ആണ് മരിച്ചത്.ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി ആംബുലൻസ് കൂട്ടിയിടിക്കുകയായിരുന്നു.ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് 9,മലപ്പുറം 2,പത്തനംതിട്ട 1,കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.കാസര്‍കോട് രോഗം സ്ഥിരീകരിച്ച ആറുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ വിദേശത്തുനിന്നു വന്നതാണ്.കൊല്ലം, മലപ്പുറം സ്വദേശികള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ലോകത്ത് കോവില്‍ ബാധിച്ച 18 മലയാളികള്‍ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്.എട്ടു മലയാളികളാണ് മരിച്ചത്. കൊറോണ തടഞ്ഞുനിര്‍ത്താന്‍ നിയന്ത്രണങ്ങള്‍ കൊണ്ട് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ കൊണ്ട് രോഗവ്യാപനം തടയാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 266 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 1,52,804 പേര്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് മൂന്നു പേരുടെ രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനം ഏതു സാഹചര്യം നേരിടുന്നതിനും സജ്ജമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം കിടക്കകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിന് പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകളും ഒരുക്കിയിട്ടുണ്ട്. 38 പ്രത്യേക കൊറോണ കെയര്‍ ആശുപത്രികളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടനെ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ-കാസർകോഡ് ജില്ലാ അതിർത്തികൾ അടച്ചുപൂട്ടി പോലീസ്
കണ്ണൂർ:കണ്ണൂർ-കാസർകോഡ് ജില്ലാ അതിർത്തികളിലെ റോഡുകൾ പൂർണ്ണമായും അടച്ചിട്ട് പോലീസ് നടപടി ശക്തമാക്കി.ചികിത്സാ ആവശ്യത്തിന് പോകുന്നവർക്ക് മാത്രമാണ് ഇനി അതിർത്തി തുറന്നു കൊടുക്കുക.അതിർത്തിയിലെ 11 റോഡുകളാണ് അടച്ചത്. ദേശീയപാതയിലൂടെ കാലിക്കടവ് വഴിയും മലയോര ഹൈവേയിലെ ചെറുപുഴ പാലം വഴിയും കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ ഇനി യാത്ര ചെയ്യാവൂ.ഇടറോഡുകളിലെല്ലാം നേരത്തെ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല.കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ പോലീസ് മേധാവി അതിർത്തിയിലെ റോഡുകളിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്നാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്.കാൽനടയാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്.അതിർത്തിയിലെത്തിയ വാഹനങ്ങൾ തിരിച്ചയച്ചു.മൽസ്യവില്പനക്കാരോട് അതാത് ജില്ലകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ആവശ്യപ്പെട്ടു.അത്യാവശ്യമുള്ളവരെ മാത്രമേ ചെറുപുഴ പുതിയപാലം വഴി കടത്തിവിടുന്നുള്ളൂ.
അജ്മാനില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു
അജ്‌മാൻ:അജ്മാനില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു.പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു.ഭാര്യ ജസ്മിന. മക്കള്‍ മുഹമ്മദ് ഹിജാന്‍, ശൈഖ ഫാത്തിമ.
കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇന്നുമുതൽ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കും
കാസർകോഡ്:കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇന്നുമുതൽ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കാസര്‍കോട് എത്തി. 27പേരടങ്ങുന്ന വിദഗ്ധസംഘമാണ് കാസര്‍കോട് എത്തിയത്. വൈകീട്ടോടെയാവും രോഗികളെ ആശുപത്രിയില്‍ എത്തിക്കുക. ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 100 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും കൂടി സജ്ജമാക്കാനാണ് പദ്ധതി.കോവിഡ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കാന്‍ എത്തിയ 27 പേരടങ്ങുന്ന വിദഗ്ധ സംഘം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കാസർകോഡ് ജില്ലയിലാണ്.അവർക്ക് മികച്ച ചികിത്സ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കാസർകോഡ് മെഡിക്കൽ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത്.ഇന്നലെ ജില്ലയില്‍ ഏഴ് വയസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 139 ആയി സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആണ്‍കുട്ടിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഡബിള്‍ ലോക് ഡൗണ്‍ വ്യാപിപ്പിക്കും. രോഗികളുടെ സമ്പർക്ക പട്ടികയിലുള്‍പ്പെട്ടവരുടെ സാമ്പിള്‍ ശേഖരണവും പരിശോധനയും കൂടുതല്‍ വേഗത്തിലാക്കുനും തീരുമാനമായിട്ടുണ്ട്. ഇതിനായി ജില്ലയിൽ കൂടുതല്‍ സാമ്പിൾ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. അടുത്ത രണ്ടാഴ്ച കാസർകോട് നിര്‍ണായകമാണെന്നാണ് വിലയിരുത്തൽ.
സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
കൊച്ചി:പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ (84) അന്തരിച്ചു.കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് സംഗീതം നൽകിയിട്ടുണ്ട്.017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സം?ഗീതം ഒരുക്കിയതിനായിരുന്നു പുരസ്‌കാരം.ശ്രീകുമാരന്‍ തമ്പി അര്‍ജുനന്‍ മാസ്റ്റര്‍ ടീമിന്റെ കൂട്ടായ്മയില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചു. പാടാത്ത വീണയും പാടും, പഞ്ചമി വിടരും പടവില്‍, മല്ലികപൂവിന്‍ മധുരഗന്ധം…ആയിരം അജന്ത ചിത്രങ്ങളെ.. സൂര്യകാന്തിപ്പൂ ചിരിച്ചു.. സിന്ധൂരം തുടിക്കുന്ന തിരു നെറ്റിയില്‍.. എന്നിങ്ങനെ നിരവധി ഹിറ്റുകള്‍.. സമ്മാനിച്ചിട്ടുണ്ട്.ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചത് എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് കീഴിലായിരുന്നു.
ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി പൊതു ശ്മശാനത്തിലാണ് സംസ്ക്കാരച്ചടങ്ങുകൾ നടക്കുക.ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ എം.എല്‍.എമാരായ കെ.ജെ മാക്സി, എം.സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ രാവിലെ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. അതുല്യ പത്രിഭയെ ഒരു നോക്ക് കാണാന്‍ പള്ളുരുത്തിയിലെ വസതിയിലേക്ക് നിരവധിപ്പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ആളുകളെ വീട്ടിലേക്ക് കടത്തി വിടുന്നത്. അധിക നേരം ആരെയും വീടിന് സമീപം നില്കാന്‍ പൊലീസ് അനുവദിക്കുന്നില്ല. പള്ളുരുത്തി സി.ഐയും എസ്.ഐയും സ്ഥലത്ത് നേരിട്ടെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. രാവിലെ ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി വീടും പരിസരവും അണുവിമുക്തമാക്കിയിരുന്നു.
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ; സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.രോഗം ലക്ഷണം പുറമേക്ക് പ്രകടിപ്പിക്കാത്തവരില്‍ നിന്ന് രോഗം കണ്ടെത്തുന്നതിന് മുമ്പ് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു.ഈ സാഹചര്യത്തിൽ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം സ്രവം പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്തിടപെട്ടവരുടെ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. നിസാമുദ്ദീനിലെ തബ് ലീഗ് ആസ്ഥാനത്ത് പോയി തിരിച്ചെത്തിയ നാല് കോഴിക്കോട് സ്വദേശികളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു.ഇവര്‍ക്ക് ആര്‍ക്കും പ്രത്യക്ഷത്തില്‍ കോവിഡ് 19 രോഗലക്ഷണങ്ങളില്ല. രോഗം സ്ഥിരീകരിച്ചശേഷവും ഇത് തന്നെയാണ് സാഹചര്യം. സമാനമാണ് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനിയുടേയും അവസ്ഥ. ഡല്‍ഹിയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ഒന്നും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഡെല്‍ഹി ഹോട്ട്സ്പോട്ടായതിനാല്‍ ശ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.എന്നാൽ ഇപ്പോഴും തൊണ്ടവേദനയോ പനിയോ അടക്കം രോഗലക്ഷണങ്ങളോ ഇല്ല.പ്രതിരോധ ശക്തി കൂടുതലുള്ള ഒരു വിഭാഗം ഇത്തരത്തില്‍ രോഗ ലക്ഷണങ്ങള്‍ പുറമേക്ക് കാട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പക്ഷേ അപ്പോഴും ഇവരില്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പേ സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് പടരാനിടയുണ്ട്. അതിനാല്‍ ഇത്തരം രോഗികളുമായി ഇടപഴകിയ എല്ലാവരുടേയും ശ്രവം പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;6 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദില്ലിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് .ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.
കർണാടക അതിർത്തി അടച്ചിടൽ;കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
കാസര്‍കോട്: കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (51) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിത്സയിലുമായിരുന്നു ഇയാള്‍.കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്ന ആശുപത്രി. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ചികിത്സ തുടരാന്‍ സാധിച്ചില്ല. ഇന്ന് രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരിവിലേക്ക് പോയെങ്കിലും അതിര്‍ത്തി കടത്തിവിട്ടില്ല. തുടര്‍ന്ന് തിരിച്ച് ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം ഒൻപതായി ഉയര്‍ന്നു.അതേ സമയം മംഗളൂരു- കാസര്‍കോട് അതിര്‍ത്തി തുറക്കുന്നത് മരണം ചോദിച്ചു വാങ്ങുന്നതിന് തുല്യമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രതികരിച്ചത്. അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടി മാത്രമാണെന്നും കാസര്‍കോട് നിന്നുളള രോഗികളെ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയ്ക്ക് അയച്ച കത്തിലാണ് പ്രതികരണം.