ലോക്ക് ഡൌൺ;കാസർകോഡ് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു

keralanews lock down one more died in kasarkode boarder with out getting treatment

കാസർകോഡ്:കാസർകോഡ് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ രണ്ടുദിവസം മുൻപ് അബ്ദുൽ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകാണാതെ പോവുകയായിരുന്നു. അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ ചികില്‍സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.അടിയന്തരാവശ്യത്തിനുള്ള ചികില്‍സയ്ക്കായി കേരളത്തില്‍ അതിര്‍ത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്നുപേരില്‍ രണ്ടുരോഗികള്‍ക്കും ഇന്നലെ കര്‍ണാടക ചികില്‍സ നിഷേധിച്ചിരുന്നു. കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും മെഡിക്കല്‍ സംഘത്തിന്റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയ കാസര്‍ഗോഡ് സ്വദേശി തസ്‌ലീമയ്ക്കും പയ്യന്നൂര്‍ മാട്ടൂലില്‍നിന്ന് പോയ റിഷാനയ്ക്കുമാണ് കര്‍ണാടക ചികില്‍സ നല്‍കാന്‍ വിസമ്മതിച്ചത്.

പെട്രോൾ പമ്പ് വ്യാപാര മേഖലയുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണം

Screenshot_2020-04-09-10-13-10-678_com.whatsapp

കോട്ടയം:കോവിഡ് 19 രോഗവ്യാപന സാധ്യതയുടെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് വഴി പെട്രോൾ പമ്പ് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി പ്രസ്താവനയിൽ അറിയിച്ചു.സംസ്ഥാനത്ത് ലോക്ക് ഡൗണിന് മുൻപുണ്ടായതിനെ അപേക്ഷിച്ച് 95 ശതമാനത്തോളം വിൽപ്പനയിൽ കുറവുണ്ടായി.ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള ദൈനംദിന ചിലവുകൾ പോലും പ്രദാനം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഈ രംഗത്ത് നിലനിൽക്കുന്നതെന്ന് ലീഗൽ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. പൊതുഗതാഗത സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമായാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധിക്ക് അൽപ്പമെങ്കിലും അയവുണ്ടാകൂ.റിസർവ് ബാങ്ക് എല്ലാ വായ്‌പ്പാ തിരിച്ചടവിനും മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പമ്പുടമകൾക്ക് ഈ ആനുകൂല്യം പോലും ലഭിക്കുന്നില്ല എന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.

ബാങ്കുകൾ പമ്പുടമകൾക്ക് മൂലധന വായ്‌പകൾ നൽകുന്നത് ഇ.ഡി.എഫ്.എസ് എന്ന സംവിധാനത്തിലൂടെയാണ്.ഇതിനുള്ള ശുപാർശ നൽകുന്നതാകട്ടെ ഓയിൽ മാർക്കറ്റിങ് കമ്പനികളും.എന്നാല ഓയിൽ കമ്പനികൾ തങ്ങളുടെ ഡീലർമാർ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് ആവശ്യമായ നിർദേശങ്ങൾ ബാങ്കുകൾക്ക് നല്കാൻ ഇതുവരെ തയ്യാറായിട്ടില്ല.അതിനാൽ ഈ അക്കൗണ്ടുകൾ ഇപ്പോൾ നിർജീവമായ അവസ്ഥയിലാണ്. അതോടൊപ്പം ചുരുങ്ങിയ കാലയളവിലേക്ക് ഉൽപ്പന്നം കടമായി നൽകുന്ന കമ്പനികൾ ഡീലർമാരിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പലിശയാണ് ഈടാക്കുന്നത്.ഓയിൽ കമ്പനികൾ പുതിയതായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പമ്പുടമകൾ എൺപത് ശതമാനത്തോളം ഉൽപ്പന്നം സ്റ്റോക്ക് ചെയ്യണമെന്നാണ്.ഇത് നിലവിലുള്ള പ്രതിസന്ധിക്ക് ആക്കം കൂറ്റൻ മാത്രമേ സഹായകരമാകൂ.

സർക്കാർ വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനം കടമായി നൽകുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റെല്ലാ അടിസ്ഥാനപരമായ സേവനങ്ങൾക്കും മുടക്കമില്ലാത്ത ഇന്ധന വിതരണം ഉറപ്പുവരുത്തുന്ന അവശ്യ സർവീസുകളുടെ പരിധിയിൽ വരുന്ന പെട്രോൾ പമ്പ് മേഖലയ്ക്ക് മുൻഗണനാ ക്രമത്തിൽ തന്നെ അനിവാര്യമായ പിന്തുണ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ലീഗൽ സർവീസ് സൊസൈറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഇതിനാവശ്യമായ നിർദേശം ഓയിൽ കമ്പനികൾക്ക് നൽകണമെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

keralanews covid 19 confirmed in 9 peoples in kerala today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍ 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് കണക്കുള്‍. രോഗം സ്ഥിരികരിച്ച നാല് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു.ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി.രോഗം ബാധിച്ച് ചികിത്സയിലുള്ളത് 259 പേരാണ്. 140470 പേരാണ് നീരീക്ഷണത്തിലുള്ളത്.169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1,40,474 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.11,986 സ്രവ പരിശോധന ഫലത്തില്‍ 10,906 സാമ്പിളുകൾ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.20000 ടെസ്റ്റ്‌ കിറ്റുകള്‍ അടുത്ത ദിവസം ഐസിഎംആര്‍ വഴി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ആശുപത്രികളില്‍ രക്തം കുറവാണ്.ഈ സാഹചര്യത്തില്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപെട്ടു.മൊബൈല്‍ യൂണിറ്റ് വഴി രക്തം സ്വീകരിക്കാന്‍ അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മംഗളൂരുവിലെ ചികിത്സാ നിഷേധം കര്‍ണാടക സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് പോലീസ് പൊതുവേ നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.ഔചിത്യ പൂര്‍ണമായ ഇടപെടല്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ കൊവിഡ് നിയന്ത്രണവിധേയം;ലോക്ക് ഡൗണ്‍ ഇളവ് കേന്ദ്രത്തിന്റെ നിലപാടറിഞ്ഞ ശേഷം തീരുമാനിക്കുമെന്നും മന്ത്രിസഭായോഗം

keralanews covid under control in kerala lockdown excemption decided after centre decision
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗം.ലോക്ഡൗണ്‍ നീട്ടണമോയെന്നതു സംബന്ധിച്ച്‌ കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷം ആലോചിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഈ മാസം പത്തിന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. പതിമൂന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടം ഘട്ടമായി ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാലറി ചലഞ്ചിന്റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല.തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തും. പച്ചക്കറി പഞ്ചായത്ത് തലത്തില്‍ സംഭരിക്കാനും തീരുമാനമായി.

ലോക്ക് ഡൗൺ പിൻവലിക്കേണ്ടത് മൂന്ന് ഘട്ടമായി; വിദഗ്ധ സമിതി നിർദേശം മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

keralanews withdraw the lock down in three stages cabinet will discuss the proposal of the expert panel today

തിരുവനന്തപുരം:ലോക്ക് ഡൌൺ പിൻവലിക്കുന്നതിനുള്ള വിശദമായ മാർഗരേഖ തയ്യാറാക്കി കർമ്മസമിതി.ഏപ്രിൽ 15 മുതൽ മൂന്നു ഘട്ടമായി ലോക്ക് ഡൌൺ പിൻ‌വലിക്കണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്.14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിർദേശങ്ങളിലുള്ളത്. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളും അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്.വിദഗ്ധ സമിതി നിർദേശം മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും.

ഒന്നാം ഘട്ടം: 

മാനദണ്ഡങ്ങൾ:

  • ഏപ്രിൽ 7 മുതൽ 13 വരെയുള്ള വിലയിരുത്തൽ കാലത്ത് പുതിയ ഒരു രോഗിയിൽ കൂടുതൽ ഉണ്ടാകരുത്.
  • ഇക്കാലത്ത് ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ പുതുതായി നിരീക്ഷണത്തിലാകരുത്.
  • ജില്ലയിൽ ഒരിടത്തും കോവിഡ് ഹോട്സ്പോട്ടുകൾ ഉണ്ടാകാനും പാടില്ല.

നിയന്ത്രണങ്ങൾ:

  • ഒരാൾക്കു മാത്രമേ ഒരു വീട്ടിൽനിന്ന് പുറത്തിറങ്ങാന്‍ അനുവാദം നൽകൂ.
  • പുറത്തിറങ്ങുന്നവർ നിർബന്ധമായി മുഖാവരണം ധരിക്കണം.മൂന്ന് മണിക്കൂർ മാത്രമായിരിക്കും പുറത്തുപോകാൻ അനുവദിക്കുന്ന സമയം.
  • 65 വയസ്സിനു മേൽ പ്രായമുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പുറത്തിറങ്ങരുത്.
  • പുറത്ത് ഇറങ്ങുന്നവർ ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വെയ്ക്കണം. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം.
  • വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കും.ഞായറാഴ്ചകളിൽ കർശനമായ വാഹന നിയന്ത്രണം ഉണ്ടാകും.
  • 5 പേരിൽ കൂടുതൽ ഒരാവശ്യത്തിന് ഒത്തുചേരരുത്. മതപരമായ ചടങ്ങുകൾക്കും കൂട്ടം കൂടരുത്.
  • ബാങ്കുകൾക്കു സാധാരണ പ്രവൃത്തി സമയം.തുറക്കുന്ന സ്ഥാപനങ്ങളിൽ സാനിറ്റൈസേഷൻ സംവിധാനം ഉറപ്പാക്കണം.

രണ്ടാംഘട്ടം:

മാനദണ്ഡങ്ങൾ:

  • രണ്ടാഴ്ചയ്ക്കിടെ പുതിയ കോവിഡ് രോഗികൾ ഉണ്ടാവരുത്.
  • തൊട്ടുമുൻപുള്ള വിലയിരുത്തൽ കാലത്തിനുശേഷം വീട്ടിൽ നിരീക്ഷണത്തിലുള്ളവർ അഞ്ചുശതമാനത്തിൽ കൂടരുത്.
  • ജില്ലകളിൽ കോവിഡ് ഹോട്സ്പോട്ടുകൾ ഉണ്ടാകരുത്.

നിയന്ത്രണങ്ങൾ:

  • ജില്ലകളെ ബന്ധിപ്പിക്കുന്ന ബസ്സുകൾ അനുവദിക്കാം.എന്നാൽ ബസ്സിൽ മൊത്തം ശേഷിയുടെ മൂന്നിൽ രണ്ടുഭാഗം ആളുകളെ മാത്രമേ അനുവദിക്കാവൂ.
  • ആഭ്യന്തര വിമാനസർവീസുകൾ അനുവദിക്കും.സീറ്റെണ്ണത്തിന്റെ പകുതി യാത്രക്കാരെ പാടുള്ളൂ.
  • വിദേശ വിമാന സർവീസുകൾ പാടില്ല.വിദേശത്തുനിന്നും എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കണം.
  • സ്കൂളുകൾ,കോളേജുകൾ,സർവ്വകലാശാലകൾ എന്നിവ പരീക്ഷകൾക്ക് മാത്രം തുറക്കാം. ഐ.ടി കമ്പനികൾ ഭാഗികമായി തുറക്കാം.
  • മാളുകളും സ്റ്റോറുകളും നിയന്ത്രണങ്ങളോടെ തുറക്കാം.
  • ഹോസ്റ്റലുകളും മറ്റ് താമസസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളോടെ തുറക്കാം.
  • ബെവ്കോയ്ക്ക് ഓൺലൈൻ വഴി മദ്യവിൽപ്പന നടത്താം.
  • വിവാഹം,മരണാനന്തര ചടങ്ങുകൾ,പ്രാർത്ഥന എന്നിവയ്ക്ക് നിയന്ത്രണം തുടരണം.

മൂന്നാം ഘട്ടം:

  • വിലയിരുത്തലിന് മുൻപുള്ള രണ്ടാഴ്ച പുതിയ കോവിഡ് കേസുകൾ ഉണ്ടാകരുത്.
  • തൊട്ടുമുൻപുള്ള വിലയിരുത്തലിന് ശേഷം വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചുശതമാനത്തിൽ കൂടരുത്.
  • ജില്ലകളിൽ ഒരിടത്തും കോവിഡ് ഹോട്സ്പോട്ട് ഉണ്ടാകരുത്.

 

 

 

വ്യാജ വാറ്റ്;കണ്ണൂരിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്

keralanews excise department is planning to strengthen drone surveillance in kannur to find illegal liquor making

കണ്ണൂർ:വ്യാജവാറ്റ് കണ്ടെത്തുന്നതിനായി കണ്ണൂരിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്.വിദേശമദ്യ ഷാപ്പുകളും ബാറുകളും അടച്ചിട്ട പശ്ചാത്തലത്തില്‍ വ്യാജവാറ്റ് വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തുടക്കം മുതല്‍ക്കേ കര്‍ശനമായ നടപടികളാണ് എക്‌സൈസ് വകുപ്പ് സ്വീകരിച്ചു വരുന്നത്. മുന്‍പ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കുകയും അതിന്റെ ഫലമായി മലയോര മേഖലകള്‍ കേന്ദ്രീകരിച്ചു വ്യാജവാറ്റ് കേന്ദ്രങ്ങള്‍ കണ്ടത്തുകയും ചെയ്യുന്നുണ്ട്.ഉള്‍പ്രദേശങ്ങളില്‍ നടക്കുന്ന വ്യാജമദ്യ നിര്‍മ്മാണത്തിന്റെ രഹസ്യവിവരങ്ങള്‍ നല്‍കുന്നതില്‍ നാട്ടുകാരില്‍ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ഡ്രോണ്‍ സംവിധാനം വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ സുരേഷ് പറഞ്ഞു.ജില്ലാ ഇന്റലിജന്‍സ് വിഭാഗവും ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.വ്യാജവാറ്റുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അറിയിക്കാന്‍ 0497 2706698 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ഇതുവരെയുള്ള കണക്കനുസരിച്ച്‌ 49 അബ്‌കാരി കേസുകളില്‍ നിന്നായി നാലായിരം ലിറ്ററോളം വാറ്റാണ് ജില്ലയില്‍ പിടിച്ചെടുത്തത്. 2 നര്‍കോട്ടിക് കേസുകളും രജിസ്റ്റര്‍ ചെയ്തു. 30 ലിറ്റര്‍ ചാരായം, വാഷ് എന്നിവയും പിടികൂടി. വ്യാജമദ്യ നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ ശര്‍ക്കര,വെല്ലം കൂടുതലായി വാങ്ങുന്നവരെ നിരീക്ഷിക്കുന്നുണ്ട്.ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളിലും മികച്ച ഇടപെടലാണ് നടത്തി വരുന്നത്. മദ്യാസക്തി ഉള്ള 69 പേര്‍ക്ക് ലഹരി വിമുക്തി കേന്ദ്രങ്ങളില്‍ ചികിത്സ നല്‍കി. ഇതില്‍ 65 പേരും ഭേദമായി തങ്ങളുടെ കുടുംബങ്ങളില്‍ എത്തി.

കാസർകോഡ് കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു

keralanews cats caught from kasarkode hospital corona ward died

കാസർകോഡ്:ജനറൽ ആശുപത്രിയിലെ കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു.രണ്ട് വയസുള്ള കണ്ടന്‍ പൂച്ചയും 20 ദിവസം പ്രായമായ രണ്ട് പൂച്ചക്കുട്ടികളാണ് ചത്തത്. ആശുപത്രിയിലെ വാര്‍ഡിലുണ്ടായിരുന്ന 5 പൂച്ചകള്‍ നിരന്തരം ശല്യപ്പെടുത്തിയതോടെ രോഗികളില്‍ ഒരാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അധികൃതരെത്തി ആശുപത്രിയില്‍ നിന്ന് 5 പൂച്ചകളെയും ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റി.ഇവിടെവെച്ച് രണ്ടു പൂച്ചകള്‍ ദിവസങ്ങള്‍ക്കകം ചത്തു.ഇവയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു.മൂന്നാമത്തെ പൂച്ചയും ചത്തതോടെ ചത്ത മൂന്നു പൂച്ചകളെയും കാഞ്ഞങ്ങാട് ലാബില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു.അതിനിടെയാണ് കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് പടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.ഇതോടെ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ ഇവയുടെ ആന്തരികാവയവ സാംപിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബില്‍ ഡി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ പൂച്ചകള്‍ക്ക് കൊറോണ ഇല്ലെന്നാണ് സൂചന. എന്നാലും സൂക്ഷ്മ പരിശോധനയിലൂടെ ഇത് ഉറപ്പു വരുത്താനാണ് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്.തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറെ ഇക്കാര്യം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഭോപ്പാലിലുള്ള നാഷനല്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് അയയ്ക്കുമെന്നാണ് സൂചന.

കോവിഡ് 19;കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരം

keralanews covid19 the condition of one under treatment in kannur is critical

കണ്ണൂർ:കണ്ണൂര്‍: കൊറോണ ബാധിച്ച്‌ കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാളാണ് മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍. പാട്യം മുതിയങ്ങ, ചിറ്റാരിപ്പറമ്പ് സ്വദേശികളാണ് പുതിയതായി രോഗബാധ കണ്ടെത്തിയ മറ്റ് രണ്ടുപേര്‍.മാഹി സ്വദേശിയായ 71കാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച്‌ 15 മുതല്‍ ഇയാള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയും വിവിധ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.പുതുതായി രോഗം സ്ഥിരീകരിച്ച പാട്യം സ്വദേശിയായ 31കാരനും ചിറ്റാരിപ്പറമ്പ് സ്വദേശിയായ 42കാരനും മാര്‍ച്ച്‌ 21, 22 തീയതികളില്‍ ദുബായില്‍നിന്നും നാട്ടിലെത്തിയവരാണ്. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പരിയാരത്ത് ചികിത്സയിലുളള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ ആരോഗ്യ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി. ഇതില്‍ ഇരുപത് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

keralanews 9 covid 19 cases confirmed in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ നാലു കേസുകള്‍ കാസര്‍കോടും മൂന്നെണ്ണം കണ്ണൂരിലുമാണ്.കൊല്ലത്തും മലപ്പുറത്തും ഓരോ കേസുകളും സ്ഥിരീകരിച്ചു.ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ നാലു പേര്‍ വിദേശത്തു നിന്ന് വന്നവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്നു വന്നവരുമാണ്. സമ്പര്‍ക്കം മൂലം മൂന്നു പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 12 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 260 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 146,686 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 133 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ക് ഡൌണ്‍ സംബന്ധിച്ച വിദ്ഗധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന് ആശ്വാസത്തിന്‍റെ ദിവസങ്ങളാണ്. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുതിപ്പില്ല. സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പു പറയുമ്ബോഴും ലോക്ക് ഡൗണിന് ശേഷം എന്താകും എന്നതാണ് നിര്‍ണായകം. ലോക്ക് ഡൗണ്‍ കേരളത്തില്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട്. കേരളത്തിലെ ഏഴ് സംസ്ഥാനങ്ങള്‍ ഇപ്പോഴും രാജ്യത്തെ കൊവിഡ് കേസുകളില്‍ ഹോട്ട്സ്പോട്ടുകളാണ്.

ലോക്ക് ഡൌൺ ലംഘിച്ച് കണ്ണൂര്‍ ഡിഎഫ്‌ഒ അനുമതിയില്ലാതെ നാട്ടിലേക്ക് പോയി;നടപടിക്ക് ശുപാർശ

keralanews kannur dfo goes back home without permission violating lock down

കണ്ണൂര്‍: ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച്‌ ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടു. കണ്ണൂര്‍ ഡിഎഫ്‌ഒ കെ. ശ്രീനിവാസാണ് അനുമതി ഇല്ലാതെ ലീവെടുത്ത് തെലങ്കാനയിലേക്ക് പോയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര.വയനാട് അതിര്‍ത്തി വഴിയാണ് ഇവര്‍ കേരളം വിട്ടത്.തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തില്‍ വയനാട് ചെക്ക്പോസ്റ്റില്‍ തന്റെ സ്വാധീനം ഉപയോഗിച്ച്‌ അതിര്‍ത്തി കടന്ന് ബംഗളൂരു വഴി തെലങ്കാനയിലേക്ക് പോവുകയായിരുന്നു.നേരത്തേ, വനംവകുപ്പ് മേധാവി ഡിഎഫ്‌ഒയുടെ അവധി അപേക്ഷ നിരസിച്ചിരുന്നു. അനുമതി ഇല്ലാതെയാണ് ഡിഎഫ്‌ഒ പോയതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും വനംവകുപ്പ് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നല്‍കിയത്.നേരത്തേ ക്വാറന്റൈന്‍ നിയമം ലംഘിച്ച്‌ അനുമതിയില്ലാതെ നാട്ടിലേക്ക് പോയ കൊല്ലം സബ് കളക്ടര്‍അനുപം മിശ്രയെ അധികൃതര്‍ സസ്പെന്‍ഡുചെയ്തിരുന്നു. ഇയാളുടെ ഗണ്‍മാനെയും ഡ്രൈവറെയും പിന്നീട് സസ്പെന്‍ഡുചെയ്തു.