തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലകളിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.അതില്‍ രണ്ട് പേര്‍ കണ്ണൂരിലും മൂന്നു പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്. ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും(8 പേര്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നവർ), കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്.ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്.ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും.7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്.ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കും
തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കാന്‍ തീരുമാനം.എന്നാല്‍ വാഹന ഉടമകള്‍ക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും.ലോക്ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 27,000 ത്തോളം വാഹനങ്ങളാണ് പിടിച്ചെടുത്തത്.കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ലോക്ഡൗണ്‍ തീര്‍ന്നതിന് ശേഷം മാത്രമേ വിട്ടുനല്‍കുമെന്നായിരുന്നു പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇനിമുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കില്ലെന്നും പകരം പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നടപടി.സംസ്ഥാനത്ത് ഓരോ ജില്ലകളിലും ലോക്ക്ഡൗണ്‍ ലംഘിക്കുന്നതിനുള്ള പിഴ തീരുമാനിക്കാനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്‍ വാഹനങ്ങളുടെ പിഴ തീരുമാനിക്കണം. ഇതുമായി ബദ്ധപ്പെട്ട വിജ്ഞാപനം വൈകാതെ പുറത്തിറങ്ങുമെന്നാണ് നിഗമനം.പിഴയീടാക്കി വിട്ടയക്കുന്ന വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഈ വാഹനം വീണ്ടും പിടികൂടിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അറിയിച്ചു.
കാസര്‍കോടിന് ആശ്വാസം;കൊവിഡ് രോഗം ഭേദമായ 15 പേര്‍ ഇന്ന് ആശുപത്രി വിട്ടു
കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർകോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം.കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉൾപ്പടെ 15 കാസർകോട് സ്വദേശികളാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കൊവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികൾക്കുമാണ് കൊവിഡ് ഭേദമായത്. ഇവർ വീടുകളിലേക്ക് മടങ്ങി.കൊവിഡ് രണ്ടാം ഘട്ടത്തിൽ ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്.ഇയാളിൽ നിന്ന് സമ്പർക്കത്തിലൂടെ പടർന്ന രണ്ട് വയസുള്ള കുട്ടിയും ഗർഭിണിയും രോഗം ഭേദമായവരിലുണ്ട്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയടക്കം ഏഴുപേർക്ക് നേരത്തെ ഭേദമായിരുന്നു.ആശുപത്രി വിട്ടെങ്കിലും ഇവർ രണ്ടാഴ്ച വീട്ടിൽ ക്വറന്റൈനിൽ തുടരണം. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രപേർക്ക് രോഗം ഭേതമായത്.ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർക്ക് കൊവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. കൂടെ കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും പ്രതീക്ഷ നൽകുന്നു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു ഗര്‍ഭിണി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു
കണ്ണൂർ:കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു ഗര്‍ഭിണി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു.കണിക്കൊന്നയും പലഹാരങ്ങളും കളിപ്പാട്ടങ്ങളും നല്‍കിയാണ് നാലുവയസുകാരനെയും ഗര്‍ഭിണിയായ അമ്മയെയും അമ്മൂമ്മയെയും ആശുപത്രി അധികൃതര്‍ യാത്രയാക്കിയത്.ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് ഇയാളുടെ ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ച രണ്ടാമത്തെ ഗര്‍ഭിണിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും അസുഖം ഭേദമായി മടങ്ങുന്നത്.കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു പൂര്‍ണ ഗര്‍ഭിണിയുടെ പ്രസവം നടത്താനുള്ള ഒരുക്കങ്ങള്‍ ആശുപത്രിയില്‍ തുടങ്ങി. പത്ത് ദിവസത്തിനകം യുവതിയുടെ ഡെലിവറി ഉണ്ടാകും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഐസുയിവില്‍ സുരക്ഷ വസ്ത്രങ്ങളൊക്കെ ധരിച്ചാകും ഡോക്ടര്‍ പ്രസവ ശുശ്രൂഷ നടത്തുക.
അമേരിക്കയില്‍ ദമ്പതികൾ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു;കൊറോണ ബാധിച്ചെന്ന് സംശയം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോവിഡ് രോഗം ബാധിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട സ്വദേശികളായ സാമുവൽ, ഭാര്യ മേരി സാമുവല്‍, കോട്ടയം സ്വദേശി ത്രേസ്യാമ പൂക്കുടി എന്നിവരാണ് മരിച്ചത്.12 മണിക്കൂറിന്‍റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കൊവിഡാണ് എന്ന് പിന്നീട് സംശയമുയര്‍ന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം വരുന്നത് വരെ കാത്തിരിക്കുക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകികില്ല. ഇവരുടെ സംസ്കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ -നാല്, കാസര്‍കോട് -നാല്, മലപ്പുറം -രണ്ട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒന്ന് വീതം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. ഇവരില്‍ 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിതരായ എട്ട് വിദേശികള്‍ ഉള്‍പ്പെടെ 13 പേര്‍ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ 11 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാളാണ് വിദേശത്ത് നിന്നെത്തിയത്. 136,195 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 723 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 153 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതുവരെ 12,710 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 11,469 എണ്ണം രോഗബാധ ഇല്ലായെന്ന് ഉറപ്പാക്കി. ചികിത്സയിലുള്ളവരില്‍ 60 വയസിന് മുകളിലുള്ളവര്‍ 7.5 ശതമാനമാണ്. 20 വയസിന് താഴെയുള്ളവര്‍ 6.9 ശതമാനമാണ്.പരിശോധന സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാല് ദിവസം കൊണ്ട് പുതിയ നാല് ലാബുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്.സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കും. കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത വിഷയം നിലനില്‍ക്കുന്നു. വ്യാഴാഴ്ചയും ഒരാള്‍ മരിച്ചു.ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതിനായി ആകാശമാര്‍ഗവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാറ്റിവച്ച പരീക്ഷകള്‍ വൈകാതെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ വൈകാതെ തന്നെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഒരു ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.പത്താം ക്ലാസ്സിലെ മൂന്ന് പരീക്ഷകളും പ്ലസ്ടുവിലെ രണ്ട് പരീക്ഷകളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ അഞ്ച് പരീക്ഷകളുമാണ് ബാക്കിയുള്ളത്. ഏത് തരത്തിലും ഈ പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്.ഓണ്‍ലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അങ്ങനെ ചെയ്യാന്‍ സംവിധാനങ്ങളുണ്ട്. മറിച്ച് സാമ്പ്രദായിക തരത്തില്‍ പരീക്ഷ നടത്തണമെങ്കില്‍ അതിന് പരമാവധി ആളുകളെ കുറച്ച്, പല സമയങ്ങളിലായും ദിവസങ്ങളിലായും നടത്തുന്നതടക്കം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ വിജയിച്ചു എന്നൊരു ഘട്ടമെത്തിയാല്‍ ഉടനടി പരീക്ഷകള്‍ നടത്തും. ജൂണ്‍ 1-ന് തന്നെ സ്കൂള്‍ തുറക്കണമെന്നാണ് പ്രതീക്ഷ. എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും എത്തിയിട്ടുണ്ട്.വിദേശത്ത് നിന്ന് പുതുതായി നാട്ടിലേക്ക് പഠിക്കാനായി വരുന്നവര്‍ക്ക് അഡ്മിഷന്‍ മുടങ്ങില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.
കണ്ണൂരിൽ 2000 കിലോ പഴകിയ മൽസ്യം പിടികൂടി
കണ്ണൂർ:കണ്ണൂരിൽ പഴകിയ മൽസ്യം പിടികൂടി.ആയിക്കര ഹാർബർ കേന്ദ്രീകരിച്ച് കോർപറേഷൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ട് കണ്ടെയ്നർ ലോറികളിലായി സൂക്ഷിച്ചിരുന്ന മൽസ്യം പിടികൂടിയത്.അയല,ചെമ്മീൻ,കിളിമീൻ തുടങ്ങിയ മൽസ്യങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.കർണാടകയിലെയും ഗോവയിലെയും വിവിധ ഹാർബറുകളിൽ നിന്നാണ് കണ്ണൂരിൽ മൽസ്യമെത്തിച്ചതെന്നാണ് സൂചന.മൽസ്യം സൂക്ഷിച്ചിരുന്ന രണ്ട് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.ഇതിൽ ഒരു വാഹനത്തിൽ രജിസ്‌ട്രേഷൻ നമ്പർ പോലും രേഖപ്പെടുത്തിയിട്ടില്ല.അമോണിയ കലർത്തിയ ഐസിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് രണ്ടുമാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.ഈസ്റ്റർ അടുത്ത സാഹചര്യത്തിൽ നഗരം കേന്ദ്രീകരിച്ചുള്ള ചില്ലറവിൽപ്പനക്കാരെ ലക്ഷ്യമിട്ടാണ് മീൻ എത്തിച്ചതെന്നാണ് സൂചന.വാഹനത്തിലുണ്ടായിരുന്ന മത്സ്യത്തിന്റെ ഒരു ഭാഗം രാവിലെ തന്നെ വിറ്റഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.ഇന്നലെ ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നും പിടിച്ചെടുത്ത മൽസ്യങ്ങളിൽ ഉയർന്ന തോതിൽ ഫോർമാലിൻ കലർത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
കണ്ണൂരിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ചെറുവാഞ്ചേരി സ്വദേശിയുടെ മൂന്ന് ബന്ധുകള്‍ക്ക് കൂടി രോഗബാധ
കണ്ണൂർ:കണ്ണൂരിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ മൂന്ന് ബന്ധുകള്‍ക്ക് കൂടി രോഗബാധ.ഇതിലൊരാള്‍ 11 വയസ്സുള്ള കുട്ടിയാണ്. വിദേശത്ത് നിന്നെത്തിയ പേരക്കുട്ടിയില്‍ നിന്നുമാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടത്.മാര്‍ച്ച് 15ന് ഷാര്‍ജയില്‍ നിന്നെത്തിയ പതിനൊന്നുകാരന്റെ രണ്ട് അമ്മാവന്‍മാര്‍ക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. അതേസമയം ഈ കുട്ടിക്കൊപ്പം വന്ന അമ്മക്കും അനിയനും ഇതുവരെ രോഗബാധയില്ല. ചെറുവാഞ്ചേരിയിലെ ഈ കൂട്ടുകുടംബത്തില്‍ പതിനേഴ് പേരുണ്ടായിരുന്നതിനാല്‍ ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിലാക്കി.രോഗം സ്ഥിരീകരിച്ച മാടായി സ്വദേശി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മാര്‍ച്ച് പത്തിന് ട്രെയിനിലാണ് തിരിച്ചെത്തിയത്. ഇയാള്‍ പിന്നീട് കണ്ണൂരില്‍ പലസ്ഥലങ്ങളിലും യാത്ര ചെയ്തു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുക ദുഷ്കരമാകും.
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്നുമുതല്‍; ലഭിക്കുക സ്വന്തം കാര്‍ഡുള്ള റേഷന്‍ കടകള്‍ വഴി
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ഇന്നുമുതല്‍ വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുക. അടുത്ത ഘട്ടമായി സംസ്ഥാനത്തെ മറ്റ് എഎവൈ ( അന്ത്യോദയ അന്നയോജന) കാര്‍ഡുടമകള്‍ക്ക് റേഷന്‍കട വഴി കിറ്റ് വിതരണം ചെയ്യും.വിഷുവിന് മുൻപ് തന്നെ 5.92 ലക്ഷം വരുന്ന മഞ്ഞകാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. ഏപ്രില്‍ 15 മുതല്‍ സംസ്ഥാനത്തെ 31.51 ലക്ഷത്തോളം പിങ്ക് കാര്‍ഡുകാര്‍ക്ക് (ബിപിഎല്‍) കിറ്റുകള്‍ നല്‍കും. അതിനുശേഷം മാത്രമേ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ റേഷന്‍ കടകളിലെത്തൂ. ഈ മാസം 30 ഓടെ നീല കാര്‍ഡുകാര്‍ക്ക് വരെ കിറ്റ് വിതരണം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.സ്വന്തം കാര്‍ഡുള്ള റേഷന്‍ കടകളില്‍ എത്തിയാല്‍ മാത്രമേ കിറ്റുകള്‍ കാര്‍ഡ് ഉടമകള്‍ക്ക് കൈപ്പറ്റാനാകൂ. റേഷന്‍ കടകളില്‍ കിറ്റുകള്‍ ക്രമീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പോര്‍ട്ടബിലിറ്റി സംവിധാനം എടുത്തുകളഞ്ഞതിന് പിന്നിലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.പോര്‍ട്ടബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഓരോ റേഷന്‍കടയിലേക്കും കൂടുതല്‍ കിറ്റുകള്‍ എത്തിക്കേണ്ടിവരും. നിലവില്‍ ഇതിനുള്ള ധാന്യങ്ങളില്ല. ഇതു കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം. ഇ-പോസ് യന്ത്രങ്ങള്‍വഴി തന്നെയായിരിക്കും വിതരണം.കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം 21-ന് ആരംഭിക്കും. ഇതിനുമുൻപ് മുന്‍ഗണനാ വിഭാഗങ്ങളുടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകളിലുള്ള ഓരോ അംഗത്തിനും അഞ്ചുകിലോ ഭക്ഷ്യധാന്യം വീതമാണ് കേന്ദ്രം സൗജന്യമായി നല്‍കുന്നത്.