തിരുവനന്തപുരം: കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പി.തിലോത്തമന്‍. അമിത വില ഈടാക്കിയ 131 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്ത് 3.30 ലക്ഷം രൂപ പിഴ ഈടാക്കി.ഒരു ലിറ്റർ കുപ്പിവെള്ളത്തിന് പരമാവധി 13 രൂപ ഈടാക്കാം.ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ മാത്രമേ കുപ്പി വെള്ളം വില്‍ക്കുന്നുള്ളൂ. ഇവിടങ്ങളില്‍ അമിത വിലയാണെന്ന് ഒട്ടേറെ പരാതികള്‍ മന്ത്രിക്കു ലഭിച്ചിരുന്നു.അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ ഈടാക്കാനാവില്ല. അമിത വില ഈടാക്കുന്നവര്‍ കുറഞ്ഞത് 5,000 രൂപ പിഴ നല്‍കണം. സെയില്‍സ്മാന്‍, മാനേജര്‍, കടയുടമ എന്നിവരുള്ള സ്ഥാപനമാണ് അമിതവില വാങ്ങുന്നതെങ്കില്‍ ഇവര്‍ 3 പേരും 5,000 രൂപ വീതം പിഴ അടയ്ക്കണം. ടോള്‍ ഫ്രീ നമ്പറായ 1800 425 4835, ‘സുതാര്യം’ മൊബൈല്‍ ആപ്ലിക്കേഷന്‍, lmd.kerala.gov.in എന്നിവ വഴി പരാതികള്‍ അറിയിക്കാം.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രം;36 പേര്‍ ഇന്ന് രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക്.കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 36 പേര്‍ ഇന്ന് രോഗമുക്തരായി. ഇതില്‍ 28 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 179 ആയി. ഇനി ചികിത്സയിലുള്ളത് 194 പേരാണ്.കാസര്‍കോട് 28 പേരുടെയും കണ്ണൂരില്‍ 2 പേരുടെയും മലപ്പുറത്ത് 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.കണ്ണൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ ദുബൈയില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ദുബായിയില്‍ കോവിഡ് ബാധിച്ച് തലശ്ശേരി സ്വദേശി മരിച്ചു
അബുദാബി: ദുബായില്‍ കോവിഡ് ബാധിച്ച മലയാളി മരിച്ചു. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് സ്വദേശി പ്രദീപ സാഗറാണ് മരിച്ചത്.ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 41 വയസ്സുള്ള പ്രദീപ് സ്വകാര്യആശുപത്രിയില്‍ ആണ് ചികിത്സ തേടിയത്.ശ്വാസം മുട്ടല്‍, പനി തുടങ്ങിയ അസുഖത്തെ തുടര്‍ന്നാണ് ഇയാളെ ദുബായിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുയായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.ഗള്‍ഫില്‍ മാത്രം അഞ്ച് മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കാരിക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ കൂട്ടമായി താമസിക്കുന്ന ലേബര്‍ ക്യാംപുകളിലാണ് വൈറസ് ബാധ കുടുതല്‍ സ്ഥിരീകരിച്ചത്.
കേരളത്തിന് വീണ്ടും ആശ്വാസം;കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി
കാസര്‍ഗോഡ് :കേരളത്തിന് വീണ്ടും ആശ്വാസം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി.കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് ഇന്ന് ഡിസ്ചാര്‍ജ്ജ് ആകുന്നത്. നിലവില്‍ 105 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണവും കാസര്‍ഗോഡ് ജില്ലയില്‍ കുറഞ്ഞുവരികയാണ്. ഒപ്പം രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടിവരുന്നതും ജില്ലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള കാസര്‍ഗോഡ് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യവകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് സമൂഹ സാമ്പിൾ ശേഖരണം ആരംഭിച്ചു. ഇന്നലെ മാത്രം 200 പേരുടെ സാമ്പിൾ ആണ് ശേഖരിച്ചത്.കൂടാതെ സമൂഹ സര്‍വേയും ആരോഗ്യവകുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഓരോ വീടുകള്‍ തോറും ചെന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്യുന്നത്.
രോഗമുക്തി നേടുന്ന രണ്ടാമത്തെ ജില്ലയായി ഇടുക്കി;ചികിത്സയിലിരുന്ന അവസാന ആളും വീട്ടിലേക്ക് മടങ്ങി
ഇടുക്കി:സംസ്ഥാനത്ത് രോഗമുക്തി നേടുന്ന രണ്ടാമത്തെ ജില്ലയായി ഇടുക്കി.ചികിത്സയില്‍ ആയിരുന്ന അവസാനത്തെ മൂന്ന് പേരുടെ ഫലങ്ങളും നെഗറ്റീവ് ആയതോടെയാണ് ഇടുക്കി കോവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായത്.എന്നാൽ വരുംദിവസങ്ങളിലും ഇപ്പോഴുള്ള ജാഗ്രതയും നിയന്തണങ്ങളും തുടരുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെയാളും വീട്ടിലേക്കു മടങ്ങി. കോട്ടയമാണ് ആദ്യം രോഗമുക്തി നേടിയ ജില്ല. കോവിഡ് രോഗം ഇടുക്കിയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 2 നാണ്. ജില്ലയില്‍ യുകെ പൗരന്‍ ഉള്‍പ്പെടെ 10 രോഗബാധിതര്‍ ആണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉള്‍പ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാന്‍ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ അതിര്‍ത്തിയില്‍ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മൂന്നാറില്‍ പൂര്‍ണ നിരോധനം തുടരുകയാണ്.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഏഴും കാസര്‍ഗോട്ട് രണ്ടും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതില്‍ മൂന്നു പേര്‍ വിദേശത്തു നിന്നു എത്തിയവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 123,490 പേര്‍ നിരീക്ഷണത്തിലുണ്ട്. 201 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേര്‍ ഇന്ന് രോഗ മുക്തി നേടി.ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തി. യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാ നിര്‍ദേശങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകമാണെന്ന് മോദി യോഗത്തില്‍ പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിച്ചു
കണ്ണൂര്‍: കൊവിഡ് 19 ചികില്‍സാ രംഗത്ത് കേരളത്തിന് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലാവുകയും പിന്നീട് നെഗറ്റീവാണെന്നു കണ്ടെത്തുകയും ചെയ്ത യുവതി കൊവിഡ് വാര്‍ഡില്‍ പ്രസവിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കാസര്‍കോഡ് സ്വദേശിനി ആണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതി പ്രസവിക്കുന്നത്.ശനിയാഴ്ച ഉച്ചയ്ക്കു 12.20നാണ് മൂന്നു കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് പിറന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് പ്രസവ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കിയത്. അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ചാള്‍സ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നിവര്‍ രാവിലെ 11ഓടെ തന്നെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയും പ്രത്യേകം സജ്ജീകരിച്ച ഓപറേഷന്‍ തിയറ്ററിലെത്തി. മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപും പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയിയും അറിയിച്ചു.രാജ്യത്ത് ആദ്യമായി കൊവിഡ് 19 ബാധിച്ച് ചികില്‍സയില്‍ കഴിയവെ യുവതി പ്രസവിച്ചത് ഡല്‍ഹി എയിംസിലായിരുന്നു. അന്നും ആണ്‍കുഞ്ഞാണ് പിറന്നത്.
മരിച്ച മാഹി സ്വദേശിക്ക് കൊറോണ ബാധിച്ചത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെന്ന് സൂചന
കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി മെഹറൂഫിന് രോഗം ബാധിച്ചത് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണെന്ന് സൂചന. എഴുപത്തൊന്നുകാരനായ മഹറൂഫ് കഴിഞ്ഞിരുന്ന ഐസിയു മുറിയില്‍ നേരത്തെ കൊറോണ രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയും ഉണ്ടായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഇരുവരും ഒരേ ഐസിയുവിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത് . ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മാത്രമാണ് മഹ്റൂഫിന്റെ സ്രവം പരിശോധിച്ചത്. സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ചെറുവാഞ്ചേരി സ്വദേശിയും മരിച്ച മഹ്റൂഫും ഐസിയുവില്‍ പ്രത്യേകം മുറികളിലായിരുന്നെന്ന് സ്വകാര്യ ആശുപത്രി വക്താവ് അറിയിച്ചു.എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാന്‍ ഒരു സാധ്യതയുമില്ലെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി.നാല് ദിവസമായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് ഇന്ന് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു മരണം.
പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയവേ മരിച്ചയാള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരണം
പത്തനംതിട്ട: തിരുവല്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച ആള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. നെടുമ്പ്രം സ്വദേശിയായ വിജയകുമാര്‍ വ്യാഴാഴ്ചയാണ് മരിച്ചത്. മാർച്ച് 23ന് അഹമ്മദാബാദിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ശ്വാസതടസത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കുഴഞ്ഞുവീണ വിജയകുമാറിനെ ബന്ധുക്കള്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഞ്ചരയോടെമരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണ പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം ആറരയോടെമൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.കോവിഡില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഹൃദയാഘാതമാണ് മരണ കാരണം. 62 വയസ്സായിരുന്നു.വിജയകുമാറിന് പ്രാഥമിക ചികിത്സ നല്‍കിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ അടക്കം ആറ് ജീവനക്കാരെയും ആശുപത്രിയില്‍ എത്തിച്ച നാല് ബന്ധുക്കളെയും നിരീക്ഷണ വലയത്തിലാക്കിയിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കേരളത്തിൽ വീണ്ടും കോവിഡ് മരണം; ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു
കണ്ണൂർ:കേരളത്തിൽ വീണ്ടും കോവിഡ് മരണം.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി മെഹ്റൂഫ് (71) ആണ് മരിച്ചത്.ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.മാര്‍ച്ച് 23നാണ് ഇയാള്‍ക്ക് പനി വന്നത്. തലശ്ശേരിയിലെ ടെലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം മാറാതിരുന്നതിനെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയിലെത്തി. അന്നും മരുന്ന് കൊടുത്ത് മടക്കിഅയക്കുകയാണ് ചെയ്തത്. 30ന് വീണ്ടും ആശുപത്രിയിലെത്തി. 31ന് വീണ്ടും ആരോഗ്യം മോശമായതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അടുത്ത ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ ഘട്ടത്തിലൊന്നും കോവിഡ് പരിശോധന ആശുപത്രി ആധികൃതര്‍ നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.ഏപ്രില്‍ ആറിനാണ് മെഹ്റൂഫിന്‍റെ സ്രവം പരിശോധനക്ക് അയച്ചത്. ഒന്‍പതാം തിയ്യതി പരിശോധനാഫലം ലഭിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില അന്ന് മുതല്‍ തന്നെ അതീവ ഗുരുതരമായിരുന്നു.
കൊവിഡ് ബാധിച്ച മഹറൂഫ് പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി ചെറുകല്ലായിയിലാണു സ്വദേശമെങ്കിലും സമ്പർക്കം നടത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പർക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ന്യൂമാഹി എം.എം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേര്‍ക്കൊപ്പം ടെംപോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണു വിവരം.അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ ഇതിനകം ഐസൊലേഷനിലേക്ക് മാറ്റി. ഏതെങ്കിലും തരത്തില്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ അടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു.