പത്തനംതിട്ട : കോവിഡ് സ്ഥിരീകരിച്ച് ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന 62 കാരിയുടെ പരിശോധനാ ഫലം ഒടുവിൽ നെഗറ്റീവ് ആയി. ഇരുപതാമത്തെ പരിശോധനാഫലമാണ് നെഗറ്റിവ് ആയിരിക്കുന്നത്.ഇത്രയും നാള്‍ പോസിറ്റീവ് ആയി തുടര്‍ന്നത് ആരോഗ്യവകുപ്പിനെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുമ്പോഴാണ് ആശ്വാസമായി നെഗറ്റീവ് ഫലം.ഇവരുടെ ഫലം തുടര്‍ച്ചയായി നെഗറ്റീവ് ആയതോടെ കഴിഞ്ഞ 14 മുതല്‍ പുതിയ മരുന്ന് പരീക്ഷിക്കുകയായിരുന്നു.ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവ് ആയത്.ഇറ്റലി കുടുംബത്തില്‍നിന്നു സമ്പർക്കത്തിലൂടെ കോവിഡ് പകര്‍ന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19 ആം ഫലവും പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 42 ദിവസമായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു.ഇവര്‍ക്കു രോഗം പിടിപെടാന്‍ കാരണമായ ഇറ്റലി കുടുംബവും ഇവരില്‍നിന്നു പകര്‍ന്ന മറ്റെല്ലാവരും രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
കണ്ണൂരിലെ ഹോട്ട് സ്പോട്ടുകളില്‍ ആളിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ്
കണ്ണൂർ:ജില്ലയിലെ പൂര്‍ണമായും അടച്ച 18 ഹോട്ട്സ്പോട്ടുകളില്‍ ആളിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ്.ഇന്നലെ 373 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും കര്‍ശന നിലപാട് തുടരുമെന്നും ഐജി പറഞ്ഞു. ഇന്നലെ മാത്രം കണ്ണൂരില്‍ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ശന ജാഗ്രതയാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.പൊലീസ് കര്‍ശന നടപടി എടക്കുന്നു എന്ന് മനസിലായതോടെ നിരത്തില്‍ ആളുകളെത്തുന്നതില്‍ കുറവു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്%B
കളിക്കിടയിലെ തര്‍ക്കം;പത്തനംതിട്ടയില്‍ 16 കാരനെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊന്ന് കുഴിച്ചുമൂടി
പത്തനംതിട്ട:16 വയസുകാരനെ സഹപാഠികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി.പത്തനംതിട്ട കൊടുമണ്ണിലാണ് ദാരുണമായ സംഭവം നടന്നത്. കളിക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ പോലീസ് പിടികൂടി.അഖിലും സുഹൃത്തുക്കളായ രണ്ട് പേരും സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.മണിക്കൂറുകൾക്ക് ശേഷം രണ്ട് പേർ മാത്രം മടങ്ങി വന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ചൊവ്വാഴ്ച രാവിലെ 10.30-ന് അഖിലിനെ സുഹൃത്തുക്കളില്‍ ഒരാള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി. പിന്നീട് മറ്റൊരു സുഹൃത്തായ സമപ്രായക്കാരനും ഒപ്പംചേര്‍ന്നു. ഉച്ചയോടെ സൈക്കിളില്‍ മൂന്നുകിലോമീറ്റര്‍ ദൂരത്തുള്ള അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെത്തി. സ്‌കൂള്‍ മാനേജരുടെ കദളിവനം കുടുംബവീടിന്റെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തുകയും ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അല്‍പം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളില്‍ ഇട്ടു.ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായി കുട്ടികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ചോദ്യചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇരുവരും കാണിച്ചുകൊടുത്തതോടെ വിവരം പോലീസിനെ അറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് പിടിക്കപ്പെട്ടവരെക്കൊണ്ട് മണ്ണുമാറ്റി അഖിലിനെ പുറത്തെടുപ്പിച്ചു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ്ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖിൽ.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ കണ്ണൂരിൽ;ജില്ലയില്‍ മാര്‍ച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കും
കണ്ണൂർ:സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലയായി കണ്ണൂർ.ഇതോടെ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി.നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു. നിലവില്‍ 25 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്.ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് പുതിയതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നൂറ്റി നാലായി.ഇതില്‍ 49 പേര്‍ക്ക് രോഗം ഭേദമായി.വിദേശത്ത് നിന്നെത്തിയ പെരിങ്ങത്തൂര്‍, പാത്തിപ്പാലം, ചമ്പാട്, പാട്യം മുതിയങ്ങ, ചപ്പാരപ്പടവ്, ചെണ്ടയാട്, മുഴുപ്പിലങ്ങാട്, ചെറുവാഞ്ചേരി സ്വദേശികള്‍ക്കാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചപ്പാരപ്പടവ് സ്വദേശി അജ്മാനില്‍ നിന്നും ബാക്കിയുളളവര്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാര്‍ച്ച് 18 മുതല്‍ 21 വരെയുളള ദിവസങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചത്. കോട്ടയം മലബാര്‍ സ്വദേശിനിയായ 32 കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ച 104 പേരില്‍ 49 പേര്‍ ആശുപത്രി വിട്ടു. ബാക്കിയുളള 55 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 4365 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 102 പേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 214 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.അതേസമയം ജില്ലയില്‍ മാര്‍ച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കാന്‍ തീരുമാനമായി.രോഗ ലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12ന് ശേഷം നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈ റിസ്‌ക്ക് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേരുടെയും സാമ്പിൾ പരിശോധിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്; 10പേരും കണ്ണൂരില്‍;16 പേർ രോഗമുക്തരായി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്.കണ്ണൂരില്‍ പത്ത് പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും കൊല്ലം മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്. ഇന്നത്തെ ഏറ്റവും പുതിയ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറിയതായി മുഖ്യമന്ത്രി അറിയിച്ചു.കണ്ണൂരിൽ കുറെ പേർ റോഡിലിറങ്ങിയതായും പുതിയ സ്ഥിരീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ കർശനമാക്കാനുള്ള നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ഹോട്ട് സ്പോട്ട് സ്ഥലങ്ങൾ സീൽ ചെയ്യുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്നത് ആലോചിക്കുമെന്നും വൈദ്യുതി കുടിശ്ശിക 18 ല്‍ നിന്ന് 12 ആക്കുന്നത് ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിശുദ്ധ റമദാന്‍ മാസം വരുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളിൽ നിലവിലെ സ്ഥിതി തുടരണമെന്ന് മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇഫ്താർ, ജുമുഅ എന്നിവ വേണ്ടെന്ന് വെയ്ക്കാനും മതപണ്ഡിതർ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഭാവി കണക്കിലെടുത്ത് കൂടിച്ചരലുകളും കൂട്ട പ്രാര്‍ഥനകളും മാറ്റിവെച്ച മതപണ്ഡിതന്മാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 36,667 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ്. രോഗലക്ഷണങ്ങളുള്ള 332 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 112 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 20,252 സാമ്ബിളുകള്‍ പരിശോധനയ്ക്ക അയച്ചു. 19,442 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോണ്‍ടാക്ടുകളിലുള്ള മുഴുവന്‍ പേരുടെയും സാംപിള്‍ പരിശോധിക്കും. 53 പേരാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്.
അമിത വില ഈടാക്കൽ;കണ്ണൂര്‍ ജില്ലയില്‍ 72 സ്ഥാപനങ്ങള്‍ക്കെതിരേ കേസ്
കണ്ണൂർ:ലോക് ഡൗണിന്റെ സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കിയ 72 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 1408 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് ഗ്ലൗസ് എന്നിവയ്ക്ക് അമിതവില ഈടാക്കിയതിന് 25 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെയും കുപ്പിവെള്ളം ലിറ്ററിന് 13 രൂപയിലധികം ഈടാക്കിയതിന് 27 കടകള്‍ക്കെതിരെയും കേസെടുത്തു. നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ അളവില്‍ കുറവ് വില്‍പ്പന നടത്തിയതിന് 14 റേഷന്‍ കടകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.ജില്ലാ ഡപ്യൂട്ടി കണ്‍ട്രോളര്‍ എസ്.എസ്.അഭിലാഷ്, അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ ഇന്‍- ചാര്‍ജ് പി.പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ കെ.കെ.നാസര്‍, ആര്‍.കെ.സജിത് കുമാര്‍, ടി.സുജയ, പ്രജിന, കെ.എം.പ്രകാശന്‍, പി.പി.ശ്രീജിത്, പി.കെ. മനോജ്, ഇ.വി.ഹരിദാസ്, കെ.എം.ദിനേശന്‍, ടി.പ്രജിത് കുമാര്‍ തുടങ്ങിയ ജീവനക്കാരും പങ്കെടുത്തു.പൊതുജനങ്ങള്‍ക്ക് പരാതികള്‍ സുതാര്യം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിക്കാം.
സ്പ്രിങ്ക്ലർ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി
കൊച്ചി::സ്പ്രിങ്ക്ലർ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി.ഇനി ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ചികിത്സാവിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും അറിയിച്ചു.രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇത്തരമൊരു കണക്കെടുപ്പിന്‍റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. എന്നാല്‍ രോഗികളുടെ എണ്ണം കുറവല്ല എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.സംസ്ഥാനത്തിന്റെ സൗകര്യങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഏല്‍പ്പിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ സെന്‍സിറ്റീവായ ഡാറ്റകളൊന്നും ശേഖരിക്കുന്നില്ല എന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. മെഡിക്കല്‍ ഡാറ്റകള്‍ എല്ലാം പ്രധാനമാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപതമല്ലെന്ന കാരണത്താല്‍ ജനങ്ങളുടെ മെഡിക്കല്‍ രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാകുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കൊറോണ പ്രതിരോധത്തില്‍ കാസര്‍കോട് രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി;രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍കോട് ജനറല്‍ ആശുപത്രി
കാസർകോഡ്:കോവിഡ് 19 പ്രതിരോധത്തില്‍ കാസര്‍കോട് ജില്ല രാജ്യത്തിന് തന്നെ മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രി എന്ന നേട്ടം ഇനി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സ്വന്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായിരുന്നു കാസര്‍കോട്. ഇവിടെ 169 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 142 പേര്‍ക്കും രോഗം ഭേദമായി ആശുപത്രി വിട്ടു.കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും 15 പേര്‍ക്കും ജില്ല ആശുപത്രിയില്‍ നിന്നും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ട് പേര്‍ക്കും വീതവുമാണ് രോഗം ഭേദമായത്.ഇനി ചികിത്സയിലുള്ളത് 27 പേര്‍മാത്രമാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ല ഏറെ ത്യാഗം സഹിച്ച് അതിനെ അതിജീവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കൊറോണയെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇനിയും ജില്ലയില്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ജില്ലയില്‍ 15 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ എട്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന പോസ്റ്റീവ് കേസുകള്‍ പൂര്‍ണമായും ഭേദമായി. ഇനി 7 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് രോഗബാധിതരുള്ളത്. 37 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെമ്മനാട് പഞ്ചായത്തിലും 34 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നഗരസഭയിലും ഇനി ആറുവീതം പോസ്റ്റീവ് കേസുകളാണ് ഉള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 54 പേര്‍മാത്രമാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസാകാരത്തിന് പള്ളിയിലെത്തി;കണ്ണൂരിൽ നാല് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസ്ക്കാരത്തിനായി പള്ളിയിലെത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ന്യൂമാഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.അതേസമയം കണ്ണൂരില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടയ്ക്കും. കണ്ണൂരിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനകളുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് അറിയിച്ചു. ഇത്തരക്കാരുടെ വണ്ടികള്‍ പോലീസ് പിടിച്ചെടുക്കുമെന്നും അദേഹം വ്യക്തമാക്കി.
കണ്ണൂർ ജില്ലയിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തി;അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റൈൻ ചെയ്യും
കണ്ണൂർ:കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാനായി പോലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശകതമാക്കിയത്.നിയന്ത്രണം ലംഘിച്ച് റോഡില്‍ ഇറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കാനാണ് പോലീസിന്റെ തീരുമാനം.അതിനാല്‍ ജില്ലയിലെ റോഡുകളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കി. കൂടാതെ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം അടക്കം കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.നോർത്ത് സോൺ ഐജി അശോക് യാദവ് ഐപിഎസ്സിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ജില്ലയിൽ മൂന്ന് എസ്പിമാർക്ക് ചുമതല നൽകി.ഐജി അശോക് യാദവിനാണ് കണ്ണൂർ ജില്ലയുടെ മേൽനോട്ടം.കണ്ണൂരിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കും തളിപ്പറമ്പിൽ നവനീത് ശർമ്മ ഐപിഎസ്സിനും തലശ്ശേരിയിൽ അരവിന്ദ് സുകുമാർ ഐപിഎസ്സിനും ചുമതല നൽകി.പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഒരു എക്സിറ്റും എൻട്രൻസും മാത്രം അനുവദിക്കും.മരുന്നുകൾ വാങ്ങുന്നതിനും ഹോം ഡെലിവറികൾക്കും ജില്ലാ പഞ്ചായത്ത് കോൾ സെന്ററുകളെ സമീപിക്കുക.അവശ്യസാധനങ്ങൾ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങണം.മാർക്കറ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യ ഘട്ടത്തിൽ മാത്രം ആശുപത്രി യാത്ര അനുവദിക്കും.അതും തൊട്ടടുത്ത ആശുപത്രിയിലേക്കോ അല്ലെങ്കിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കോ മാത്രം. നിരീക്ഷണത്തിൽ കഴിയുന്നവരെ ശ്രദ്ധിക്കാൻ പ്രാദേശിക ഭരണകൂടവും പോലീസും ചേർന്ന പ്രത്യേക കമ്മിറ്റി രൂപീകരിക്കും.ഹൈവേയിൽ കൂടിയുള്ള യാത്ര ആവശ്യസേവനങ്ങൾക്ക് മാത്രമായിരിക്കുമെന്നും ഉന്നതതല യോഗത്തിൽ തീരുമാനമായി.