തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേരും കാസര്‍കോട് ജില്ലയില്‍ ഉള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മൂന്നു പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 15 പേര്‍ രോഗമുക്തി നേടി.കാസർകോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്. ഇതുവരെ 450 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 116 പേര്‍ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.തൃശൂര്‍ ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയിലില്ല, കുടകില്‍ നിന്നും അതിര്‍ത്തി കടന്ന് വന്ന 8 പേരെ ക്വാറന്റൈനിലാക്കി. ഈ ആഴ്ച 56 പേര്‍ ഇങ്ങനെ കുടകിൽ നിന്നും കാല്‍ നടയായി കണ്ണൂരിലെത്തി. സംസ്ഥാന അതിര്‍ത്തികളില്‍ ഇതു കൊണ്ടാണ് പരിശോധന വ്യാപകമാക്കിയത്, അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം , കുടകില്‍ നിന്ന് കാട്ടിലൂടെ അതിര്‍ത്തി കടന്ന എട്ട് പേരെ കൊറോണ കെയര്‍ സെന്ററിലാക്കിഎന്ന് മുഖ്യമന്ത്രി പറഞ്ഞു . 57 പേര്‍ കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നു. ഇത് ഇനിയും സംസ്ഥാന അതിര്‍ത്തികളില്‍ നടക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് . അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .
സ്പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം;കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ അനുമതി
എറണാകുളം:വിവാദമായ സ്പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം.കര്‍ശന ഉപാധികളോടെ കരാർ തുടരാൻ ഹൈക്കോടതി അനുമതി നല്‍കി. വ്യക്തിഗത വിവരങ്ങളും ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളും സ്പ്രിന്‍ക്ലറിന് കൈമാറരുതെന്നും കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവിലുടെയാണ് ഹൈക്കോടതി നടപടി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ വിലക്കും, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഡാറ്റ ഉപയോഗിക്കരുത്, വിവരശേഖരണത്തിന് വ്യക്തികളുടെ സമ്മതപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കി.സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.മൂന്നാഴ്ചക്ക് ശേഷം ഹരജികള്‍ വീണ്ടും പരിഗണിക്കും. സര്‍ക്കാരെടുത്ത പല നിലപാടുകളോടും യോജിക്കാനാകില്ല.കരാറില്‍ സന്തുഷ്ടിയില്ല. സ്പ്രിംഗ്ലറിന് നല്‍കുന്ന പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ എന്നിവ രഹസ്യമായി സൂക്ഷിക്കണമെന്നും ആധാര്‍ വിവരങ്ങള്‍ സ്പ്രിംഗ്ലറിന് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. സ്പ്രിംഗ്ലറെ കൂടാതെ ഡാറ്റാ ശേഖരണം നടക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് മാത്രം കോടതി ഇപ്പോള്‍ ഇടപെടുന്നില്ല. എല്ലാ വ്യക്തിവിവരങ്ങളും രഹസ്യമാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.സ്പ്രിംഗ്ലറുടെ കാലാവധിക്ക് ശേഷം കേന്ദ്രത്തെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.കൊവിഡ് ഡാറ്റ മറ്റാര്‍ക്കും കൈമാറരുതെന്ന് സ്പ്രിംഗ്ലറിനും കോടതി നിര്‍ദേശം നല്‍കി.വിശകലനത്തിന് ശേഷം സ്പ്രിംഗ്ലര്‍ പ്രൈമറി ഡാറ്റയും സെക്കന്‍ഡറി ഡാറ്റയും സര്‍ക്കാരിന് തിരികെ കൈമാറണമെന്നും സ്പ്രിംഗ്ലറിനോട് നിര്‍ദേശിച്ചു.
സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്നത് അടക്കമുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. സ്പ്രിന്‍ക്ലര്‍ ഇടപാട് സംബന്ധിച്ച് വസ്തുതകള്‍ മൂടിവെക്കാന്‍ ശ്രമിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണരുത്, ഡാറ്റ ശേഖരിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ എന്തുകൊണ്ട് സമീപിച്ചില്ലെന്നും കോടതി ചോദിച്ചു. എന്നാല്‍ സ്പ്രിന്‍ക്ലര്‍ സൗജന്യ സേവനം നൽകാൻ തയാറായെന്നും അടിയന്തര സാഹചര്യത്തിലാണ് സ്പ്രിന്‍ക്ലറിനെ സമീപിച്ചതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.സ്പ്രിംഗ്ലറിന് മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളോ, ഡാറ്റ ശേഖരണത്തിന് സ്പ്രിംഗ്ലറിനെ എന്തുകൊണ്ട് തിരഞ്ഞെടുത്തു, സ്പ്രിംഗ്ലറിന്റെ വിശ്വാസ്യതയെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല, കൊവിഡിന് മുൻപ് സ്പ്രിംഗ്ലറുമായി ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു, ഇന്ത്യന്‍ ടെക്നോളജി എന്തുകൊണ്ട് ഉപയോഗിച്ചില്ല, എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്പ്രിംഗ്ലറിന്റെ വിശ്വാസ്യതയെ കുറിച്ച് സര്‍ക്കാര്‍ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കൊവിഡിന് മുന്‍പെ സ്പ്രിംഗ്ലറുമായി ചര്‍ച്ചനടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. സ്പ്രിംഗ്ലറുമായി ചര്‍ച്ചനടത്തി 18 ദിവസത്തിന് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. എന്നിട്ട് എന്തുകൊണ്ട് മറ്റു കമ്പനികളെ അന്വേഷിച്ചില്ല. ഡാറ്റ ചോര്‍ച്ചയുടെ പേരില്‍ അമേരിക്കയില്‍ കേസ് നടത്താന്‍ പോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം കോടതിയുമുണ്ട്. വ്യക്തികളുടെ സുരക്ഷ മാത്രമാണ് മുന്‍ഗണന.സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഐസൊലോഷനിലും ക്വാറന്റൈനിലുമുള്ളവര്‍, കൊവിഡ് രോഗബാധയുള്ളവര്‍ തുടങ്ങി കൊവിഡ്19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സ്പ്രിംഗ്ലര്‍. മാവേലിക്കരക്കാരനായ രാജി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇടപാടിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും സ്വകാര്യതാ ലംഘനം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം കോടതി കയറിയത്.
കൊറോണ;കാസര്‍കോട് അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു
കാസര്‍കോട്:കൊവിഡ് രോഗം ഭേദമായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു.കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് ആശുപത്രി വിട്ടതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ഇവര്‍ ഇനി 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14 ആയി.കൊവിഡ് രോഗം കേരളത്തില്‍ കുതിച്ചുയര്‍ന്ന ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിഞ്ഞത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു. ഇവിടെ ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. ശേഷിച്ച എല്ലാവരും രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു.അതിനിടെ ജില്ലയില്‍ കുമ്പള പഞ്ചായത്തിനെ കൂടി കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു . മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, ചെമ്മനാട്, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളും കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളുമാണ് ജില്ലയില്‍ കൊവിഡ് ഹോട്ട്സ്പോട്ടുകള്‍.
പാലത്തായി പീഡനകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും;ഐ.ജി ശ്രീജിത്തിന് അന്വേഷണ ചുമതല
കണ്ണൂര്‍: ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജന്‍ പ്രതിയായ കണ്ണൂര്‍ പാലത്തായി പീഡനകേസിെന്‍റ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. ഐ.ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.അധ്യാപകനായ കെ.പത്മരാജന്‍ സ്കൂളിലെ ശുചിമുറിയില്‍വെച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.സമൂഹ മാധ്യമങ്ങളിലും മറ്റും ഏറെ പ്രതിഷേധമുയര്‍ന്നതോടെ ഏപ്രില്‍ 15നാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. തലശേരി ഡി.വൈ.എസ്.പി വേണുഗോപാലിെന്‍റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് മുതൽ വൈകുന്നേരം 5 മണിക്ക്
തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന്റെ സമയക്രമത്തില്‍ മാറ്റം.ആറ് മണിക്കുള്ള വാര്‍ത്താ സമ്മേളനം അഞ്ചു മണിയിലേക്ക് മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും.റംസാന്‍ നോമ്പ് കണക്കിലെടുത്താണ് വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വൈകിട്ട് 6നും 7നുമിടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതല്‍ അറ് മണിവരെ സമയത്തിലേക്ക് വാര്‍ത്താ സമ്മേളനം മാറ്റാന്‍ തീരുമാനിച്ചത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ ദിവസേന ആറ് മണി മുതല്‍ ഏഴ് വരെയായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്.സാമൂഹിക അകലം പാലിച്ച്, പ്രത്യേക സുരക്ഷാ സന്നാഹത്തോടെ, ഒരു ചില്ല് മറ വച്ച്, മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കിയാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്.ഇന്നലെ കാപ്പാട് മാസപ്പിറവി കണ്ടതോടെ ഇന്ന് റമദാന്‍ വ്രതം തുടങ്ങി. സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു.
കോവിഡ് 19;നിയന്ത്രണങ്ങളോടെ ബസ്സുകൾ ഓടിക്കാനാവില്ല;ബസ് ഉടമകള്‍ കൂട്ടത്തോടെ സ്റ്റോപ്പേജിന് അപേക്ഷ നല്‍കി
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകളോടെ ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി.കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം 20 ന് ശേഷം ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലമുളള സാമ്പത്തിക പ്രത്യാഘാതം മയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ അനുവദിച്ചത്. ഇതിന്റെ ചുവടുപിടിച്ച് കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ച കേരളം പ്രാദേശിക അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ആലോചിച്ചിരുന്നു. അതില്‍ ഒന്നാണ് ഗ്രീന്‍ സോണുകളില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെ ബസ് ഓടിക്കാനുളള നീക്കം. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിബന്ധനയോടെ ബസ് ഓടിക്കുന്നതിനുളള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിച്ചത്. എന്നാല്‍ പൊതുഗതാഗതം ആരംഭിക്കരുത് എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആലോചനയില്‍ സര്‍ക്കാര്‍ പിന്മാറി. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബസ് ഉടമകള്‍ രംഗത്ത് വന്നത്.ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകള്‍ പറയുന്നു. അതിനാല്‍ ബസ് ഓടിക്കാന്‍ സാധിക്കില്ല. ഒരു വര്‍ഷത്തേയ്ക്ക് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ബസ് ഉടമകള്‍ സർക്കാരിന് അപേക്ഷയും നല്‍കി.ബസ് ഉടമകളുടെ വിശദീകരണം ഗൗരവമുളളതാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇവര്‍ ഇതില്‍ നിന്ന് പിന്മാറുമെന്നാണ് കരുതുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;കോഴിക്കോട് ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നാലുമാസം പ്രായമായ കുഞ്ഞിെന്‍റ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ തന്നെ അവശനിലയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്.ഹൃദയം സ്തംഭിച്ച അവസ്‌ഥയിലെത്തിയ കുട്ടിയെ ഉടന്‍ വെെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.വ്യാഴാഴ്ച രാവിലെയും ഹൃദയസ്തംഭനമുണ്ടായി. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.അതേസമയം കുട്ടിക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ല.പെണ്‍കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കളും ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 47 പേര്‍ നിരീക്ഷണത്തില്‍ ആയി.14 ബന്ധുക്കളില്‍ 11 പേര്‍ ആശുപത്രിയിലും ബാക്കി മൂന്നുപേര്‍ വീട്ടിലുമാണ് നിരീക്ഷണത്തിലുള്ളത്.
സാലറി ചലഞ്ച്;സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം പിടിക്കാന്‍ തീരുമാനം
കണ്ണൂരിൽ ആവശ്യസാധനകളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കളക്റ്ററുടെ ഉത്തരവ്
കണ്ണൂർ:ജില്ലയിൽ വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി മരുന്നുകൾ ഒഴികെയുള്ള ആവശ്യസാധനകളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കലക്റ്റർ ഉത്തരവിട്ടു.ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി റേഷൻ കടകളിലൂടെ വിതരണം ചെയുന്ന സൗജന്യ റേഷൻ സാധനങ്ങളും കിറ്റുകളും സൗജന്യമായി വീടുകളിൽ എത്തിക്കും.വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ,സന്നദ്ധ വളണ്ടിയർമാർ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പാക്കും.മരുന്ന് ഷോപ്പുകൾ ഒഴികെയുള്ള കടകൾ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി ആവശ്യസാധനകളും വീടുകളിലെത്തിക്കും.കണ്ണൂർ കോർപറേഷനിലെ പഴയ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ജില്ലാപഞ്ചായത്ത് ഉറപ്പുവരുത്തും.കോർപറേഷനിലെ ബാക്കി പ്രദേശങ്ങളിൽ കോർപറേഷൻ ഇതിനുള്ള സംവിധാനമൊരുക്കും.മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള കോൾ സെന്ററുകൾ വഴി അവശ്യസാധനങ്ങൾ എത്തിക്കും.തദ്ദേശ സ്ഥാപന തലങ്ങളിൽ ഏതൊക്കെ കടകൾ ഏതൊക്കെ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് പരാതികളില്ലാതെ വിധം തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കും.അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോവാർഡിലും ഒരു കട മാത്രമേ തുറക്കാവൂ എന്ന് തദ്ദേശ സ്ഥാപന അധികൃതർ ഉറപ്പാക്കണം.ഹോം ഡെലിവറിക്ക് സർവീസ് ചാർജ് ഈടാക്കരുത്.ഹോം ഡെലിവറി ചെയ്യുന്നവർ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതലുകൾ സ്വീകരിക്കണം.സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം മാസ്ക്,ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ ഏഴ്, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 5 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. പാലക്കാട് ജില്ലയിലെ ഒരാള്‍ ഇന്ന് കോവിഡ് രോഗമുക്തമായതായും മുഖ്യമന്ത്രി അറിയിച്ചു. 127 പേരാണ് നിലവില്‍ കേരളത്തില്‍ ചികിത്സയിലുള്ളത്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ട് ഹൌസ് സര്‍ജന്മാര്‍ക്ക് രോഗം പിടിപ്പെട്ടതായും ഇതിലുള്ള ഒരാള്‍ കണ്ണൂരില്‍ നിന്നുള്ളയാളാണെന്നും ഇവര്‍ക്ക് കേരളത്തിന് പുറത്ത് നിന്നാണ് രോഗം പിടിപ്പെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ മാസം ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലായിരുന്നു. പത്ത് പേര് അടങ്ങുന്ന സംഘമായിരുന്നു വിനോദയാത്ര പോയത്. തിരികേ എത്തിയതിന് ശേഷം ഒന്‍പതു പേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 29150 പേരാണ് നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28804 വീടുകളിലും 346 ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.