കണ്ണൂർ: കണ്ണൂരിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട.സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.കണ്ണൂർ സ്വദേശിയായ അഫ്‌സലും ഭാര്യ ബൾക്കീസുമാണ് അറസ്റ്റിലാകുന്നത്. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങുന്നത്. ഇവരുടെ കയ്യിൽ നിന്നും ഏകദേശം രണ്ട് കിലോയോളം എംഡിഎംഎ, 7.5 ഗ്രാം ഒപിഎം, 67 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിയ്‌ക്ക് മുകളിൽ വരുന്ന മയക്കുമരുന്നുകളാണിവയെന്നും പോലീസ് അറിയിച്ചു. ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ കണ്ണൂരിലേക്ക് തുണത്തരങ്ങളുടെ പാർസൽ എന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയത്.കണ്ണൂരിലെ പ്ലാസ ജങ്ഷനിലെ പാർസൽ ഓഫീസിൽ എത്തിച്ച് അവിടെ നിന്നും പ്രതികൾ സാധനം കൈപ്പറ്റുമ്പോഴാണ് പോലീസ് എത്തി പിടികൂടുന്നത്. അഫ്‌സലിന്റെ ഭാര്യ ബൾക്കീസിന് നേരത്തെ എടക്കാട് പോലീസ് സ്‌റ്റേഷനിൽ മറ്റൊരു മയക്കുമരുന്ന് കേസുണ്ടെന്ന് ജില്ലാ പോലീസ് കമ്മീഷ്ണർ ആർ ഇളങ്കോ വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴിയാണ് പ്രതികൾ മയക്കുമരുന്നിന് ആവശ്യക്കാരെ കണ്ടെത്തുന്നത്.ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് ചെറിയ പൊതികളാക്കി എത്തിച്ച് നൽകും. പൊതി വഴിയരികിൽ ഉപേക്ഷിച്ച് പോകുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ച് വന്നത്. കണ്ണൂരിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ ഇരുവരും. കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം വർക്കല ചെറിന്നിയൂരിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. പുലർച്ചെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി, ഭാര്യ ഷേർലി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ നിഹിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി. രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്‌സും പോലീസും ചേർന്ന് തീയണച്ച്, വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.വർക്കല പുത്തൻ ചന്തയിൽ പച്ചക്കറി വ്യാപാരിയാണ് ബേബി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസി പ്രവർത്തിച്ചിരുന്നു. എന്നാൽ, വീടിന് മുൻവശത്ത് സൂക്ഷിച്ച മോട്ടർബൈക്കിൽ നിന്നാണ് തീ പടർന്നതെന്ന് സമീപവാസികൾ പറയുന്നു.അതേസമയം അഞ്ച് പേരും മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നൗഷാദ് പറഞ്ഞു. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും നൗഷാദ് അറിയിച്ചു.ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട് എന്നാണ് പ്രാഥമിക നിഗമനം എന്നും കൂടുതൽ വിവരങ്ങൾ അറിയാൻ പരിശോധന ആരംഭിച്ചതായും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വ്യക്തമാക്കി. തീപിടിത്തത്തിൽ വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. മുറിക്കുള്ളിലെ എസികളും കത്തി നശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 2424 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂർ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂർ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസർകോട്് 23 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 20 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 59 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,263 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1107 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 101 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2424 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 328, കൊല്ലം 339, പത്തനംതിട്ട 144, ആലപ്പുഴ 132, കോട്ടയം 229, ഇടുക്കി 161, എറണാകുളം 302, തൃശൂർ 286, പാലക്കാട് 24, മലപ്പുറം 83, കോഴിക്കോട് 183, വയനാട് 98, കണ്ണൂർ 85, കാസർഗോഡ് 30 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 12,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കെഎസ്ആർടിസി ബസിലെ ലൈംഗികാതിക്രമം; കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്ടർക്ക് സസ്‌പെൻഷൻ.കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ ജാഫറിനെയാണ് സസ്‌പെൻഡ് ചെയ്തത്.വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കണ്ടക്ടർക്കെതിരെ നടപടിയെടുത്തത്.ദീർഘദൂര യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിലുണ്ടായ ദുരനുഭവം വിവരിച്ച് മലബാർ ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപികയാണ് രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്ടർ ഇടപെട്ടില്ലെന്ന് അദ്ധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിൻമേലാണ് നടപടി സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു യുവതി ദുരനുഭവം വെളിപ്പെടുത്തിയത്. സഹയാത്രികൻ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.
യമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ച് കോടതി
കൊച്ചി: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച് കോടതി. സനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. സ്ത്രീയെന്ന പരിഗണന നൽകി വിട്ടയക്കണമെന്നും വധശിക്ഷയിൽ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്നാണ് നിമിഷ കോടതിയിൽ അഭ്യർത്ഥിച്ചത്. എന്നാൽ നിമിഷയുടെ അഭ്യർത്ഥന കോടതി തള്ളുകയായിരുന്നു.യമനിലെ നിയമ സംവിധാനപ്രകാരം അപ്പീൽ കോടതിയിൽ വിധി വന്നാൽ അത് അന്തിമമാണ്. സുപ്രീം കൗൺസിലിൽ അപ്പീൽ നൽകാൻ സാധിക്കുമെങ്കിലും വിധിയിൽ ഒന്നും ചെയ്യാൻ സുപ്രീം കൗൺസിലിന് സാധിക്കില്ല. കോടതി നടപടിയിൽ പിഴവുകൾ ഉണ്ടോ എന്ന് മാത്രം പരിശോധിക്കാൻ മാത്രമെ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ നിമിഷയുടെ വധശിക്ഷ ശരിവെച്ച കോടതി ഉത്തരവ് അന്തിമമായിരിക്കും.2017 ജൂലൈ 25നാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തലാൽ അബ്ദു മഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിമിഷ നേരത്തേ വീട്ടുകാർക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. പാസ്‌പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി നിമിഷ കത്തിൽ പറഞ്ഞിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ 2014 ലാണ് തലാലിന്റെ സഹായം നിമിഷ തേടുന്നത്. നിമിഷ ഭാര്യയാണെന്നാണ് തലാൽ പലരോടും പറഞ്ഞിരുന്നത്. ഇതിനായി ഇയാൾ വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഉണ്ടാക്കിയിരുന്നു. പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്‌ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.
സംസ്ഥാനത്ത് ഇന്ന് 1408 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;3033 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1408 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂർ 52, പാലക്കാട് 47, കാസർകോട് 22 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 27 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,180 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1336 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 62 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 8 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3033 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 357, കൊല്ലം 715, പത്തനംതിട്ട 194, ആലപ്പുഴ 163, കോട്ടയം 186, ഇടുക്കി 164, എറണാകുളം 406, തൃശൂർ 212, പാലക്കാട് 32, മലപ്പുറം 111, കോഴിക്കോട് 201, വയനാട് 107, കണ്ണൂർ 118, കാസർകോട് 67 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 14,153 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയിദ് ഹൈദരാലി ശിഹാബ് തങ്ങൾ അന്തരിച്ചു
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ദീർഘനാളായി അർബുദ രോഗ ബാധിതനായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട്, ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതിനുശേഷമാണ് ഹൈദരലി തങ്ങളെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. പിന്നീട് കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. പിന്നീട്, രാഷ്ട്രീയത്തിലേക്ക് ചേക്കേറി. 1990 ല്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. 18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായി ഇരുന്നു.കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി മുസ്‌ലിം ലീഗിനെ നയിച്ച നേതാവാണ്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു. 18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് ലീഗ് സംസ്ഥാന പ്രസിഡന്റായി.ഖബറടക്കം നാളെ രാവിലെ 9 ന് പാണക്കാട്.
കണ്ണൂർ ആന്തൂരിൽ പ്ലൈവുഡ് ഫാക്ടറിയില്‍ വൻ തീപിടുത്തം
ധര്‍മശാല: ആന്തൂരിലെ അഫ്ര പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്.കെട്ടിടവും ഉപകരണങ്ങളും ഉത്പന്നങ്ങളുമുള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമകള്‍ പറഞ്ഞു.കൃത്യമായ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. തളിപ്പറമ്പ് ടാഗോര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചെറുകുന്നോന്റകത്ത് അബൂബക്കറിന്റെതാണ് ഫാക്ടറി. കെട്ടിടത്തിന്റെ ഒരുവശത്തുള്ള ചേംബറിനു സമീപത്തുനിന്നാണ് തീപടര്‍ന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഉടന്‍ സെക്യൂരിറ്റിയും മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ തളിപ്പറമ്പില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.അപ്പോഴേക്കും കെട്ടിടം പൂർണ്ണമായും കത്തിനശിച്ചിരുന്നു.തീകെടുത്താനുള്ള ശ്രമം രാവിലെ പതിനൊന്നോളം നീണ്ടു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം ചിറ, പറശ്ശിനിപുഴ എന്നിവിടങ്ങളില്‍നിന്നാണ് അഗ്‌നിരക്ഷാസേന വെള്ളം ശേഖരിച്ചത്.
ടാറ്റൂ സെന്ററിലെ ലൈംഗികാതിക്രമം; സ്റ്റുഡിയോ ഉടമ സുജീഷ് അറസ്റ്റിൽ
കൊച്ചി:ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ.കൊച്ചിയിലെ ഇൻക്ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷ് ആണ് അറസ്റ്റിലായത്.ആറ് പേരാണ് സുജേഷിനെതിരെ പരാതി നൽകിയത്. ഇതിൽ അഞ്ച് പേരുടെ പരാതി പോലീസ് രജിസറ്റർ ചെയ്തു. സുജേഷിനെ ഉടൻ ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിൽ എത്തിയ്‌ക്കും. പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.പെരുമ്പാവൂരിൽ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ശനിയാഴ്ച്ച രാത്രിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുജീഷിന്റെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്, പ്രതി സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് ചേരാനെല്ലൂര്‍ പൊലീസിന് വിവരം ലഭിച്ചത്. ഇവിടെയെത്തിയായിരുന്നു അറസ്റ്റ്. ഓടി രക്ഷപ്പെടാന്‍ പ്രതി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.ചേരാനെല്ലൂരിലെ ടാറ്റു സ്റ്റുഡിയോയില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു.സി.സി.ടി.വി. യുടെ ഡി.വി.ആര്‍., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. പരാതികള്‍ വന്നതോടെ ടാറ്റു പാര്‍ലര്‍ പൂട്ടി.കൊച്ചിയിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്‌ക്ക് നേരെ യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് ആദ്യം രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.സെലിബ്രറ്റികളടക്കം നിരവധി പ്രമുഖർ കാക്കനാട്ടെ ടാറ്റൂ സ്റ്റുഡിയോയിൽ പോയി ടാറ്റു ചെയ്യുന്നത് കണ്ടാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഇതിനുശേഷം സമാന അനുഭവം ഉണ്ടായെന്ന് പറഞ്ഞ് നിരവധി ആളുകൾ കാക്കനാട്ടെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ രംഗത്തെത്തി. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു;മരിച്ചത് കണ്ണൂർ സ്വദേശി
കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ്(37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയിൽ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിൻ ദാസ്.ഡ്യൂട്ടി ആവശ്യങ്ങള്‍ക്കുള്ള തോക്കുപയോഗിച്ചാണ് വെടിവച്ചത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ലീവ് നല്‍കാതെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്തു. ഇതില്‍ അതിയായ വിഷമം ഉള്ളതായി കൂടെ ജോലി ചെയ്യുന്ന മറ്റു പട്ടാളക്കാരോട് പറഞ്ഞിരുന്നുവെന്നാണ് സൂചന. കണ്ണൂര്‍ തേക്കിയിലെ ദാസന്റെ മകനാണ് വിപിന്‍. കീര്‍ത്തനയാണ് ഭാര്യ. ഒരു മകനുമുണ്ട്.മൃതദേഹം നാളെ ഉച്ചയോടു കൂടി വീട്ടിലേക്ക് എത്തും എന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരം.