തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത അര്‍ഹരായ കുടുബങ്ങള്‍ക്ക് അപേക്ഷ നൽകി 24 മണിക്കൂറിനുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ കൊവിഡ് 19ന്റെ ഭാഗമായി വിതരണം ചെയ്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.റേഷന്‍കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് അനുവദിക്കണം. രേഖകളുടെ ആധികാരികത സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കും.തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാ നടപടികള്‍ക്കു വിധേയരാകുമെന്ന സത്യവാങ്‌മൂലവും അപേക്ഷകനില്‍നിന്നു വാങ്ങണമെന്ന് ഉത്തരവിലുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കും.നോർക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ , തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് ആദ്യ മുൻഗണന.
സംസ്ഥാനത്ത് റെഡ് സോണുകളായി തുടരുന്ന ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് സോണുകളായി തുടരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ അതീവ ജാഗ്രത തുടരുന്നു. റെഡ് സോണുകള്‍ പൂര്‍ണമായും അടച്ച് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇവിടങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഓരോ ദിവസവും പുതിയ കേസുകള്‍ ഇവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ട ശേഷം കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ഉറപ്പിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ദുബായില്‍ നിന്നെത്തി നാല്‍പത് ദിവസം പിന്നിട്ടയാള്‍ക്കും 37 ദിവസം കഴിഞ്ഞ യുവതിക്കുമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കണ്ണൂരില്‍ സമ്പർക്കത്തിലൂടെയാണ് ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 നാണ് 21 കാരന്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ സമയത്ത് യാതൊരു രോഗലക്ഷണങ്ങളും കാണിക്കാതിരുന്ന ഇയാള്‍ക്ക് വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെയാളായ ചെറുവാഞ്ചേരി സ്വദേശിയായ 20 കാരി മാര്‍ച്ച് 21 കൊച്ചിയിലാണ് വിമാനമിറങ്ങിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് 37 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂരിയാട് സ്വദേശിയായ മൂന്നാമത്തെയാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവിടെയും പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരുകയാണ്.രോഗം തീവ്രമായ ഇടുക്കി ജില്ലയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറുമുള്‍പ്പെടെ ആറുപേരുടെ ഫലം ഇന്ന് നെഗറ്റീവായത് ആശ്വാസമായി. ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍, മൈസൂരില്‍ നിന്നെത്തിയ യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ യുവതി , മറ്റൊരു ഇടുക്കി സ്വദേശി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചശേഷം മൂന്ന് ദിവസത്തിന് ശേഷം നെഗറ്റീവായത്. ഒരു ടെസ്റ്റ് കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം.റെഡ് സോണായ കോട്ടയം ജില്ലയില്‍ 375 ഫലങ്ങളാണ് ഇനി വരാനുള്ളത്. റെഡ്സോണ്‍ മേഖലയായതിനാല്‍ ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അഞ്ചുപേരില്‍ കൂടുതല്‍ ഇവിടെ കൂട്ടം കൂടുന്നതുള്‍പ്പെടെ തടഞ്ഞിരിക്കുകയാണ്.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം;പകരം ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.പകരം സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതുവഴി ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നിയമപ്രാബല്യം നല്‍കാനാണ് തീരുമാനമായത്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘട്ടങ്ങളില്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് തീരുമാനം.ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതും, തുടര്‍ നടപടികളും കൂടുതല്‍ കാലതാമസത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറു ദിവസങ്ങളിലെ ശമ്പളം എന്ന ക്രമത്തില്‍ അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സാലറി കട്ടിനാണ് തീരുമാനിച്ചിരുന്നത്.മന്ത്രിസഭ അന്തിമതീരുമാനമെടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.ഓര്‍ഡിനന്‍സ് നിയമമാകുന്നതിന് ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. സാലറി കട്ടിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സാലറി കട്ടിന് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്.ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 116 ആയി.മാര്‍ച്ച് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മൂര്യാട് സ്വദേശിയായ 21 കാരനും മാര്‍ച്ച് 21ന് ഐഎക്‌സ് 434 ല്‍ നെടുമ്പാശ്ശേരി വഴിയെത്തിയ ചെറുവാഞ്ചേരി സ്വദേശിനിയായ 20കാരിയുമാണ് ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍. മൂര്യാട് സ്വദേശിയായ 40കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധിതനായത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഏപ്രില്‍ 26നാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.അതിനിടെ, ജില്ലയില്‍ നിന്ന് രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 66 ആയി.ജില്ലയില്‍ നിലവില്‍ 2552 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ 14 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 33 പേരും വീടുകളില്‍ 2449 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സർക്കാരിന് തിരിച്ചടി;ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ
:കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ.സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സ്റ്റേ.ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ല. ശമ്പളം നീട്ടി വയ്ക്കുന്നത് നിരസിക്കൽ ആണ്.ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം കട്ട് ചെയ്യല്‍ എന്ന് സര്‍ക്കാര്‍ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹർജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി.
ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തൊടുപുഴ: ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ നഗരസഭാ അംഗവും ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17 ആയി.മൂന്നു പേരെയും തിങ്കളാഴ്ച രാത്രിയില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റെഡ്സോണിലായ ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേരുകയാണ്.
കോട്ടയവും ഇടുക്കിയും ഗ്രീന്‍സോണില്‍ നിന്നും റെഡ്‌സോണിലേക്ക് മാറി;അതീവ ജാഗ്രത
തിരുവനന്തപുരം:കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോട്ടയം,ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ നിന്നും റെഡ് സോണിലേക്ക് മാറ്റി.കോട്ടയത്ത് 6 പേർക്കും ഇടുക്കിയിൽ 4 പേർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോട്ടയം ജില്ലയിൽ 3 ദിവസം അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇടുക്കിയിൽ വാഹനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ,യാത്ര തുടങ്ങിയവ പൂർണമായി നിയന്ത്രിക്കും. ഹോട്സ്പോട്ടുകളിൽ ഡബിൾ ലോക്ഡൗൺ ഏർപ്പെടുത്തി.എറണാകുളം– കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ കലക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാതെ ആരെയും കോട്ടയത്ത് നിന്നും എറണാകുളം ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയില്ല.അതിർത്തികളിൽ ശക്തമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. വാഹനങ്ങൾ തടയാൻ ബാരിക്കേഡും നിരത്തി.കോട്ടയത്ത് മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ മുട്ടമ്പലം സ്വദേശി, കുഴിമറ്റം സ്വദേശി വീട്ടമ്മ, മണർകാട് സ്വദേശി ലോറി ഡ്രൈവർ, ചങ്ങനാശേരിയിലുള്ള തമിഴ്നാട് സ്വദേശി, മേലുകാവുമറ്റം സ്വദേശി ബാങ്ക് ഉദ്യോഗസ്ഥ,വടവാതൂർ സ്വദേശി ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് രോഗം.ആരോഗ്യ പ്രവർത്തകനും ചുമട്ടു തൊഴിലാളിക്കും മാർക്കറ്റിൽ നേരത്തേ രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.തമിഴ്നാട് സ്വദേശി തൂത്തുക്കുടിയിൽ പോയിരുന്നു.ബാങ്ക് ഉദ്യോഗസ്ഥ സേലത്തു നിന്നു മടങ്ങിയതാണ്. അതേ സമയം നേരത്തെ രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കൾ, ഭാര്യാ സഹോദരൻ, 3 ചുമട്ടു തൊഴിലാളികൾ എന്നിവർക്കു രോഗ ബാധയില്ല.മണര്‍കാട് സ്വദേശി കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.ഇടുക്കിയിൽ തൊടുപുഴ തെക്കുംഭാഗത്ത് യുഎസിൽ നിന്നു മാർച്ച് 22 ന് വന്ന 17 വയസ്സുകാരി, തിരുപ്പൂരിൽ നിന്ന് ഏപ്രിൽ 11 ന് വന്ന ദേവികുളം സ്വദേശി(38),ചെന്നൈയിൽ നിന്ന് ഏപ്രിൽ 14 ന് മാതാപിതാക്കളോടൊപ്പം കരുണാപുരം പോത്തുകണ്ടത്ത് എത്തിയ പെൺകുട്ടി (14),മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 വയസ്സുകാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂരിലും കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്
കോവിഡ് 19;കണ്ണൂർ ജില്ലയിൽ ഇന്നലെ പോസിറ്റീവ് കേസുകളില്ല;ഒരാൾ കൂടി രോഗമുക്തനായി
കണ്ണൂർ:ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ കോവിഡ് പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല.ആകെയുള്ള 112 കൊറോണ ബാധിതരിൽ ഒരാൾകൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 24 കാരനാണ് ആശുപത്രി വിട്ടത്.ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 58 ആയി.54 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.നിലവിൽ 55 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 21 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 6 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 32 പേർ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലും 2606 പേർ വീടുകളിലുമായി മൊത്തം 2720 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.ഇതുവരെ 2851 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 2571 എന്നതിന്റെ ഫലം ലഭ്യമായി.മാത്രമല്ല സമൂഹവ്യാപന സാധ്യത അറിയുന്നതിനുള്ള രണ്ടാംഘട്ട പരിശോധനയും തുടരുകയാണ്.വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളിൽ പെട്ടവരെയാണ് രണ്ടാംഘട്ടത്തിൽ സ്രവപരിശോധനയ്ക്ക് വിധേയമാക്കുന്നത്.