കാസര്‍ഗോഡ്:ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി ഇടപഴകിയതിനെ തുടർന്ന് നിരീക്ഷണത്തില്‍ പോയ മുഴുവന്‍ പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഐ.ജി വിജയ് സക്കാറെ, ഡിവൈഎസ്പി തുടങ്ങിയവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. കളക്ടറുടെ ഗണ്‍മാന്‍ ,ഡ്രൈവര്‍ എന്നിവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെ രണ്ട് പേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 179 ആയി. 12 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് മദ്യ വില്പനശാലകൾ ഉടൻ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനശാലകള്‍ തല്‍ക്കാലം തുറക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.മദ്യശാലകള്‍ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്. എത്ര കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും.അതിനാല്‍ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവില്‍പനശാലകള്‍ തുറന്നാല്‍ മതിയെന്നാണ് നിലവിലെ ധാരണ.റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മദ്യ ഷാപ്പുകള്‍ ശുചീകരിച്ച് അണുവിമുക്തമാക്കിയ ശേഷം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മാര്‍ഗ നിര്‍ദേശത്തില്‍ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. ബാറുകളുടെ കാര്യത്തില്‍ പിന്നീട് ആലോചിച്ച് തീരുമാനമെടുക്കും.മദ്യം ഓണ്‍ലൈനില്‍ നല്‍കാന്‍ സര്‍ക്കാറോ ബീവറേജ് കോര്‍പ്പറേഷനോ തീരുമാനമെടുത്തിട്ടില്ല. മദ്യം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ ബെവ്കോ മദ്യവില്‍പനശാലകള്‍ തുറക്കുന്നതിന് മുന്നോടിയായി അണുനശീകരണം ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ള തുറക്കാനാവുമെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ശുചീകരണം നടത്തിയത്.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കേരളത്തില്‍ നിന്ന് ഇന്ന് അഞ്ച് പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം മടങ്ങിപ്പോകാന്‍ ശനിയാഴ്ച കേരളത്തിൽ നിന്നും അഞ്ച് പ്രത്യേക ട്രെയിന്‍ സർവീസുകൾ. തിരുവനന്തപുരം, കോഴിക്കോട്, ആലുവ, തിരൂര്‍, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച് കര്‍ശന സുരക്ഷയോടെയാണ് യാത്ര.തിരുവനന്തപുരത്തുനിന്നും ജാര്‍ഖണ്ഡിലെ ഫാതിയിലേക്കാണ് ട്രെയിന്‍. ഉച്ചക്ക് രണ്ടോടെ ട്രെയിന്‍ പുറപ്പെടുമെന്നാണ് അറിയുന്നത്. കോഴിക്കോട് നിന്നും ജാര്‍ഖണ്ഡിലേക്ക് അതിഥി തൊഴിലാളികളുമായി ട്രെയിന്‍ ഓടും. വൈകിട്ടാണ് ഇവിടെനിന്നും ട്രെയിന്‍ പുറപ്പെടുന്നത്. ആലുവയില്‍നിന്നും തിരൂരില്‍നിന്നും ബിഹാറിലെ പാറ്റ്നയിലേക്കാണ് ട്രെയിന്‍. എറണാകുളം സൗത്തില്‍നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ പുറപ്പെടുന്നത്.വെള്ളിയാഴ്ചയാണ് അതിഥി തൊഴിലാളികളുമായുള്ള ആദ്യത്തെ ട്രെയിന്‍ കേരളത്തില്‍നിന്നും പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ആലുവയില്‍ നിന്നും പുറപ്പെട്ട ട്രെയിനിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1152 പേരാണ് യാത്രചെയ്യുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്ര.ടിക്കറ്റ് ചാര്‍ജ് മാത്രമാണ് തൊഴിലാളികളില്‍നിന്ന് ഈടാക്കിയത്. ട്രെയിനില്‍ ഇവര്‍ക്കുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ഏകദേശം 3,60,000 അതിഥി തൊഴിലാളികളാണുള്ളത്. 20,826 ക്യാമ്പുകളിലായാണ് ഇവര്‍ കഴിയുന്നത്. ഇവര്‍ക്ക് സ്വന്തം നാടുകളിലേക്ക് മട ക്കയാത്ര അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
ലോക്ക് ഡൌൺ നീട്ടൽ;കേരളത്തിലെ ഇളവുകളിൽ ഇന്ന് തീരുമാനമുണ്ടാകും
തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇളവുകളു നിയന്ത്രണങ്ങളും സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ഉന്നതതലയോഗം ചേരും. പൊതു ഗതാഗത സംവിധാനം മേയ് 15 വരെ ഒഴിവാക്കുമെങ്കിലും റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങള്‍ അനുവദിച്ചേക്കും.ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ മദ്യശാലകള്‍ തുറക്കാനും തീരുമാനമുണ്ടായേക്കും. റെഡ് സോണായി രണ്ട് ജില്ലകള്‍ ഒഴികെ ബാക്കിയുള്ള ജില്ലകളില്‍ നിലവിലെ നിയന്ത്രങ്ങളില്‍ ഇളവ് വരുത്താനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പൊതുഗതാഗതം, അന്തര്‍സംസ്ഥാന യാത്രകള്‍, സിനിമ തീയറ്റര്‍ ,മാളുകള്‍ ,ആരാധനാലയങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം എല്ലാ ജില്ലകളിലും തുടരും. കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.എന്നാല്‍ അന്തര്‍ജില്ലായാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. ഓറഞ്ച് സോണില്‍ ടാക്സികള്‍ അനുവദിക്കും. കേന്ദ്ര നിര്‍ദ്ദേശപ്രകാരം 50 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ബസ് സര്‍വ്വീസ് നടത്താമെങ്കിലും മേയ് 15 വരെ അതേകുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് വിവരം.രാവിലെ 11 മണിക്ക് ചേരുന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തെ ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
മെയ് മൂന്നിന് ശേഷം സംസ്ഥാനത്തെ ബീവറേജസ് ഔട്‍ലെറ്റുകൾ തുറക്കാൻ സാധ്യത
തിരുവനന്തപുരം:തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ ബെവ്കോ എം.ഡിയുടെ നിര്‍ദ്ദേശം. മദ്യശാലകള്‍ തുറക്കാനുള്ള പത്തിന നിര്‍ദ്ദേശങ്ങള്‍ മാനേജര്‍മാര്‍ക്ക് എം.ഡി നല്‍കി.സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മുന്നറിയിപ്പ്. നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഷോപ്പുകള്‍ തുറന്ന് അണുനശീകരണം നടത്തണം. ജീവനക്കാര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും ജീവനകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വന്നാല്‍ മെയ് 4 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ബീവറേജസ് കോര്‍പറേഷന്‍ വിലയിരുത്തല്‍. തുറന്നു പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകളുടെ മുന്നില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഓഡിറ്റര്‍മാര്‍ പരിശോധനയില്‍ ഉറപ്പുവരുത്തണമെന്നും എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 24 മുതലാണ് ഔട്ട്ലെറ്റുകളും, ഗോഡൗണുകളും പൂട്ടിയത്.
മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
കാസർകോഡ്:മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.ഇതോടെയാണ് കളക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, അദ്ദേഹത്തിന്റെ ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയത്.ജില്ലാ കളക്ടറുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.ജില്ലയിലെ സാമൂഹ്യ വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചത്. ഈ പരിശോധനയിലാണ് ഒരു പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന് പുറമെ മറ്റൊരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെമ്മനാട് പഞ്ചായത്തിലെ 29 കാരനാണ് കോവിഡ്19 സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മുംബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. വീട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോഡുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്.കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്.തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.തൃശൂര്‍, ആലപ്പുഴ, വയനാട് നിലവില്‍ രോഗം ബാധിച്ച് ആരും ചികില്‍സയിലില്ല.102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറും കാസർഗോട്ടെ അജാനൂറുമാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്. ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്.
കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ കലക്റ്റർ;ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാടില്ലെന്നും റോഡുകൾ ബ്ലോക്ക് ചെയ്തത് അടിയന്തിരമായി നീക്കാനും നിർദേശം
കണ്ണൂർ:കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ കലക്റ്റർ.ജിandല്ലയിൽ ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങൾ കണ്ടയ്നമെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരെ കലക്റ്റർ ഉത്തരവിറക്കി.ഇക്കാര്യം ഉന്നയിച്ച് കലക്റ്റർ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് .എസ്പി കണ്ടയ്‌മെന്റ് സോൺ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്നും കത്തിൽ കലക്റ്റർ ആരാഞ്ഞു. ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാടില്ലെന്നും ബ്ലോക്ക് ചെയ്ത റോഡുകൾ അടിയന്തിരമായി തുറക്കാനും കലക്റ്റർ ആവശ്യപ്പെട്ടു.കടുത്ത ബ്ലോക്ക് കാരണം ആംബുലൻസുകൾ വഴിതിരിച്ച് വിടേണ്ടിവന്നുവെന്നും ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചില്ലെന്നും കലക്റ്റർ ചൂണ്ടിക്കാട്ടി.ജില്ലയിലെ യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണു എസ്പി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും കലക്റ്റർ ചോദിച്ചു. കോവിഡ് സംബന്ധമായ യോഗങ്ങളിൽ ജില്ലാ പോലീസ് മേധാവി പങ്കെടുക്കാത്തതെന്തുകൊണ്ടാണെന്നും ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശവും കളക്ടർ കത്തിലൂടെ നൽകി.ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ റോഡുകൾ ബ്ലോക്ക് ചെയ്തതിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും മറ്റും വലിയ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കലക്റ്റർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.ബുധനാഴ്ച വൈകിട്ടോടെ ബ്ലോക്ക് ചെയ്ത മുഴുവൻ റോഡുകളും തുറന്ന് വാഹനങ്ങൾ കടത്തിവിടണമെന്നും കലക്റ്റർ ആവശ്യപ്പെട്ടു.
വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും.ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് വിഭജനം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ നിയമം കൊണ്ട് വരികയും, ഡീ ലിമിറ്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കോവിഡ് പിടിമുറുക്കുകയും വാര്‍ഡ് വിഭജന നടപടികള്‍ അവതാളത്തിലാവുകയും ചെയ്തത്.വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി കൊണ്ടുവന്ന നിയമത്തിലാണ് ഓര്‍ഡിനന്‍സ് മുഖേന മാറ്റം വരുത്തിയത്. 2015 ല്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തയാറാക്കിയ വോട്ടര്‍പട്ടിക പുതുക്കിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനായി കൊണ്ടു വന്ന ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സും മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ മുതല്‍ പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിര്‍ബന്ധം;ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം നടത്തുക. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും, ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.അതേസമയം വയനാട്ടില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചിരിക്കുന്നത്.പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്‌ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.