പത്തനംതിട്ട: പത്തനംതിട്ട ജില്ല കോവിഡ് മുക്തമായി. ചികിത്സയിലുള്ള യുവാവ് കൂടി ആശുപത്രി വിട്ടതോടെയാണ് ജില്ല കോവിഡ് മുക്തമായത്. 42 ദിവസമായി ആശുപത്രിയില്‍ തുടര്‍ന്ന യുവാവാണ് ഇന്ന് രോഗമുക്തി നേടിയത്.22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് കോവിഡ് ഫലം നെഗറ്റീവായത്. ലണ്ടനില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 62കാരിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മയുടെ ഇരുപതാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി കണ്ണൂർ വിമാനത്താവളം
കണ്ണൂർ:കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി കണ്ണൂർ വിമാനത്താവളവും.69,179 പ്രവാസികളാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.കണ്ണൂർ,കാസർകോഡ് ജില്ലയിൽ നിന്നുള്ളവർക്ക് പുറമെ കണ്ണൂരിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളായ വയനാട്,കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ളവരുമുണ്ട് ഇക്കൂട്ടത്തിൽ.എന്നാൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യഘട്ടത്തിൽ കണ്ണൂരില്ല.എന്നിരുന്നാലും പ്രവാസികളെ സ്വീകരിക്കാൻ ആഴ്ചൾക്ക് മുൻപ് തന്നെ വിമാനത്താവളത്തിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.വിമാനത്താവളം പൂർണ്ണമായും അണുവിമുക്തമാക്കി.എല്ലാ വിഭാഗം ജീവനക്കാർക്കും പരിശീലനം നൽകി.പ്രവാസികളുമായി അടുത്തിടപഴകേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ് നൽകും.വിമാനങ്ങളെല്ലാം വന്നുകഴിഞ്ഞാൽ വിമാനത്താവളം പൂർണ്ണമായും അണുവിമുക്തമാക്കും.ഉദ്യോഗസ്ഥർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്.എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളിലായാണ് പ്രവാസികൾ എത്തുന്നത്.അനുമതി ലഭിച്ചാൽ കണ്ണൂരിലേക്ക് പ്രവാസികളെ എത്തിക്കാൻ സന്നദ്ധമാണെന്ന് ഗോ എയർ,ഇൻഡിഗോ എന്നീ വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്. വിമാനം ഇറങ്ങുന്ന പ്രവാസികളെ എയർപോർട്ടിനുള്ളിൽ തന്നെ പരിശോധിക്കും.തെർമൽ സ്കാനിങ്ങും വിശദമായ പരിശോധനയും ഉണ്ടാവും.ബാഗേജ് പ്രത്യേകം സ്ക്രീൻ ചെയ്ത് അണുവിമുക്തമാക്കും.പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കോവിഡ് 19 ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ വിമാനത്താവളത്തിന് സമീപം തയ്യാറാക്കുന്ന കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും. ആരോഗ്യവകുപ്പിന്റെ ആംബുലൻസാണ് യാത്രയ്ക്കായി ഉപയോഗിക്കുക.രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ സ്വകാര്യ വാഹനത്തിൽ വീടുകളിലേക്ക് അയക്കും.വാഹനത്തിൽ ഡ്രൈവറും പ്രവാസിയും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.ഇവർ വീടുകളിൽ എത്തുന്നുവെന്ന് പോലീസ് ഉറപ്പാക്കും.ഇവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.നിർദേശം ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശക്തമായ നിരീക്ഷണം നടത്തും.വരും ആഴ്ചകളിൽ പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂരിനും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളം എംഡി വി.തുളസീദാസ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്നവർക്കായി ‘ലോക്ക് ദി ഹൗസ്’പദ്ധതി; കണ്ണൂരില്‍ നടപ്പാക്കാന്‍ ദുരന്ത നിവാരണ സേന
കണ്ണൂർ:മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ജില്ലയിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഹോം ക്വാറന്റൈന്‍ കര്‍ശനമാക്കുന്നതിനായി ‘ലോക്ക് ദി ഹൗസ്’ പദ്ധതിയുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്ത്.തിങ്കളാഴ്ച മുതലാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ തിരിച്ചെത്തി തുടങ്ങിയത്.നാളെ മുതല്‍ വിദേശ മലയാളികളും വന്നു തുടങ്ങും.കര്‍ശന പരിശോധന നടത്തിയാണ് ഇവരെ ജില്ലയിലേക്ക് കടത്തിവിടുക.രോഗലക്ഷണം ഉള്ളവരെ നേരിട്ട് ആശുപത്രിയിലേക്ക് അയക്കും. മറ്റുള്ളവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ ഒരുക്കുന്ന കൊവിഡ് കെയര്‍ സെന്ററുകളില്‍ കഴിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരു വീഴ്ചയും വരുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍’എന്നായിരിക്കും സ്റ്റിക്കര്‍. അനാവശ്യമായ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ഇതിന്റെ ലക്ഷ്യം. പ്രാദേശികമായി നിരീക്ഷണവും ഉറപ്പാക്കും. ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായുള്ള നിരീക്ഷണ സംവിധാനമാണ് നടപ്പിലാക്കുക. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിക്കായിരിക്കും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനത്തിന്റെ ചുമതല.അതിനു കീഴില്‍ ഏതാനും വീടുകള്‍ക്ക് പ്രത്യേക നിരീക്ഷണ സമിതിയും ഉണ്ടാകും. ഇതിനു പുറമെയാണ് രണ്ടാം സംഘമായ പൊലീസിന്റെ നിരീക്ഷണം. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയത് 185 മലയാളികളാണ്.കാലിക്കടവ് വഴി 86 പേരും മാഹിയിലൂടെ 34 പേരും നിടുമ്പൊയിൽ അതിര്‍ത്തി കടന്ന് 65 പേരുമാണ് വന്നത്. കാലിക്കടവ് വഴി ആകെ പ്രവേശിച്ചത് 321 പേര്‍. ഇതില്‍ 86 പേര്‍ മാത്രമായിരുന്നു കണ്ണൂര്‍ ജില്ലക്കാര്‍. മറ്റുള്ളവര്‍ കോഴിക്കോടും മലപ്പുറവും ഉള്‍പ്പെടെ ഇതര ജില്ലകളിലേക്ക് പോകേണ്ടവരായിരുന്നു. കര്‍ശന മെഡിക്കല്‍ പരിശോധനക്ക് ശേഷമാണ് മുഴുവനാളുകളെയും തുടര്‍യാത്രക്ക് അനുവദിച്ചതെന്നും ഇതേ നില തുടരുമെന്നും അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.
ഇരിക്കൂർ എംഎല്‍എ കെസി ജോസഫിനെതിരെ ടിവിയില്‍ പ്രതികരിച്ചയാളുടെ വീടിന് നേരെ കല്ലേറ്
കണ്ണൂർ:ഇരിക്കൂര്‍ എംഎല്‍എ കെ സി ജോസഫിനെതിരേ ടിവി പരിപാടിയില്‍ പ്രതികരിച്ചയാളുടെ വീടിനു നേരെ അക്രമണം. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ചെമ്പേരി ചെളിമ്പറമ്പിലെ കെ.സി മാര്‍ട്ടിന്റെ എന്നയാളുടെ വീട്ടിന് നേരെ അക്രമണമുണ്ടായത്. വാഹനങ്ങളില്‍ എത്തിയ സംഘം വീടിനു നേരെ കല്ലേറ് നടത്തുകയായിരുന്നു.ആക്രമണത്തിൽ വീടിന്റെ രണ്ടാം നിലയിലെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ബഹളം കേട്ട് കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമി സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു.കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എയായ കെസി ജോസഫിനെ കാണാനില്ലെന്ന് സ്വകാര്യ ചാനലിനോട് മാര്‍ട്ടിന്‍ പ്രതികരിച്ചിരുന്നു. സ്വശ്രയ എഞ്ചിനീയറിങ് കോളജില്‍ ജോലി ചെയ്യുന്ന മാര്‍ട്ടിന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത ലൈവ് ചാനല്‍ പ്രോഗ്രാമിലാണ് അഭിപ്രായം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നതായി മാര്‍ട്ടിന്‍ പറയുന്നു.ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നടന്ന ആക്രമണവും.സംഭവത്തില്‍ കുടിയാന്മല പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരേ പ്രതികരിച്ചതിനു പ്രതികാരമായാണ് ആക്രമണമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജമായി കൊച്ചി വിമാനത്താവളവും തുറമുഖവും; നെടുമ്പാശ്ശേരിയിൽ ആദ്യഘട്ടത്തില്‍ 10 വിമാനങ്ങളിലായി എത്തുക 2150 പേര്‍
കൊച്ചി: പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജമായി കൊച്ചി വിമാനത്താവളവും തുറമുഖവും. നെടുമ്പാശ്ശേരിയിൽ ആദ്യ ഘട്ടത്തില്‍ 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാന്‍ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്.ആദ്യ ദിനം കേരളത്തിലേക്കെത്തുക നാല് വിമാനങ്ങളായിരിക്കും. ഇതില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്.രണ്ടു വിമാനങ്ങളിലുമായി 400 പേരെത്തും.കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ ഇവരെ എയറോ ബ്രിഡ്‍ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും.ഇവിടെ നിന്നും നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക് മാറ്റും.തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കും.ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കും.മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഡബിള്‍ ചേംബര്‍ ടാക്സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂര്‍ണ്ണമായും അണുവിമുക്തമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.മാലിദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തുന്നവരെയും സമാന രീതിയില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.പരിശോധനയ്ക്കായി കൊച്ചി തുറമുഖത്ത് തെര്‍മല്‍ സ്കാനറക്കടം സ്ഥാപിച്ചു കഴിഞ്ഞു. നേരത്തെ തുറമുഖത്ത് ഇത്തരം സൗകര്യം കുറവായിരുന്നു. മാലിയില്‍ നിന്നടക്കം കൊച്ചിയിലേക്ക് നേവിയുടെ കപ്പലില്‍ പ്രവാസികളുമായി എത്തിക്കുന്ന സാഹചര്യത്തിലാണ് തുറമുഖത്തെ പരിശോധനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു;മൂന്നു കേസുകളും വയനാട് ജില്ലയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.മൂന്നു കേസുകളും വയനാട് ജില്ലയിലാണ്.മൂന്ന് പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ചെന്നൈയിൽ പോയി വന്ന വാഹനത്തിലെ ഡ്രൈവർക്ക് കോവിഡ് ബാധിച്ചു. ഇയാളുടെ അമ്മയ്ക്കും ഭാര്യക്കും പിന്നെ ക്ലീനറുടെ മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റിടങ്ങളിൽ പോയി വരുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ അയഞ്ഞാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിത്. ഇന്ന് ആരുടെ പരിശോധനാ ഫലവും നെഗറ്റീവല്ലായെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതുവരെ സംസ്ഥാനത്ത് 502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 37 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 21034 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 21034 പേര്‍ വീടുകളിലും രോഗലക്ഷണങ്ങളെ തുടര്‍ന്ന് 308 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 80 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.33800 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33265 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളിലെ റേഷന്‍ കടകളുടെ മേല്‍നോട്ട ചുമതല അധ്യാപകര്‍ക്ക് നൽകിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്‍റെ ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ ഇടങ്ങളില്‍ ഭക്ഷ്യവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി . റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ പ്രധാന ചുമതല.ഹോട്ട്സ്പോട്ടുകളിലെ ഓരോ റേഷന്‍ കടകളിലും അധ്യാപകര്‍ ഹോം ഡെലിവറി മേല്‍നോട്ടം വഹിക്കണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു . അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളില്‍ നിയമിക്കുക. നിലവില്‍ യുപി തലം വരെയുള്ള അധ്യാപകരെ നിയമിക്കാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയിലെ പാട്യം, മാടായി, പാപ്പിനിശ്ശേരി, ചെങ്ങളായി, മുഴുപ്പിലങ്ങാട്, കതിരൂര്‍ ഉള്‍പ്പെടെ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ട 21 ഗ്രാമപഞ്ചായത്തുകളിലാണ് അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ ചുമതല നല്‍കുന്നത്. വാര്‍ഡ് മെമ്പറും കുടുംബശ്രീ പ്രവര്‍ത്തകരും വീടുകളില്‍ എത്തി കിറ്റ് വിതരണം ചെയ്യണം. അധ്യാപകരുടെ സാന്നിധ്യത്തില്‍ ആയിരിക്കണം കിറ്റ് വിതരണം എന്നും നിര്‍ദ്ദേശമുണ്ട്.കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് കാര്‍ഡ് ഉടമകളില്‍ നിന്ന് യാതൊരുവിധ പ്രതിഫലവും കൈ പറ്റുന്നില്ല എന്ന് പ്രത്യേകം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവിലുണ്ട്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണമെന്ന് കേന്ദ്ര നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനി
കല്‍പ്പറ്റ: കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വീസ് റാങ്ക് ജേതാവുമായ ശ്രീധന്യ. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്. സിവില്‍ സര്‍വീസില്‍ 410 ആം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.തൊഴിലുറപ്പ് തൊഴിലാളികളുടെ മകളായ ശ്രീധന്യയുടെ നിശ്ചയ ദാര്‍ഢ്യമായിരുന്നു ഈ വിജയത്തിന് പിന്നില്‍. അച്ഛന്‍ സുഷേ്. അമ്മ: കമല. സഹോദരന്‍ ശ്രീരാഗ്.
കോവിഡ് 19;കണ്ണൂരില്‍ 19 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു
കണ്ണൂര്‍: ജില്ലയില്‍ കൊറോണ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 19 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 100 ആയി. നിലവിൽ ഇപ്പോൾ 17 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.ജില്ലയില്‍ 38 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും മൂന്നു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 30 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2478 പേര്‍ വീടുകളിലുമായി 2550 പേര്‍ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 3969 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതില്‍ 3635 എണ്ണത്തിന്റെ ഫലം ലഭ്യമായി. 334 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രവാസി ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനങ്ങൾ വ്യാഴാഴ്ച മുതൽ എത്തിത്തുടങ്ങും;രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 സര്‍വീസ്; കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസ്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും.വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാന സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്.പതിനഞ്ച് സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്.പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി പത്ത് സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 14800 പ്രവാസി ഇന്ത്യക്കാരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് നാട്ടിലെത്തിക്കുക.രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം.