കണ്ണൂർ:സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതിനായി കണ്ണൂരില്‍ വാഹന സര്‍വീസ് തുടങ്ങി.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫിസുകളിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ജില്ലാ ആസ്ഥാനത്തേക്കാണ് വാഹനസർവീസ്.വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബസുകളാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തിയത്.ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലിക്ക് എത്തിച്ചേരാനാകാതിരുന്ന നിരവധി പേര്‍ക്ക് ഇത് ആശ്വാസമായി.ആദ്യദിവസം 106 പേരാണ് ബസ് സൗകര്യം പ്രയോജനപ്പെടുത്തിയത്. പയ്യന്നൂര്‍- 31, കരിവെള്ളൂര്‍- 32, ഇരിട്ടി- 9, പാനൂര്‍- 8, ശ്രീകണ്ഠപുരം- 13, കൂത്തുപറമ്ബ്- 13 എന്നിങ്ങനെയാണ് ആദ്യദിനം ബസുകളില്‍ യാത്രചെയ്തവരുടെ എണ്ണം.രാവിലെ 8.30ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെട്ട ബസ് വൈകുന്നേരം അഞ്ചിന് ജീവനക്കാരുമായി തിരികെ യാത്രതിരിച്ചു. കൂടിയ ചാര്‍ജായി 50 രൂപയും കുറഞ്ഞത് 25 രൂപയുമാണ് ഈടാക്കിയത്. ഒരേസമയം ബസില്‍ 30 പേര്‍ക്കു മാത്രമാണ് യാത്രചെയ്യാന്‍ അനുമതി.ബന്ധപ്പെട്ട വകുപ്പുകളുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള സര്‍ക്കാര്‍ ജീവനക്കാരെ മാത്രമാണ് വാഹനത്തില്‍ യാത്രചെയ്യാന്‍ അനുവദിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു ജീവനക്കാരെത്തിയത്. ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു.
സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.അതില്‍ 23 പേര്‍ക്കും രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ആറ് പേർ, മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാല് പേർ, നിസാമുദ്ദീനില്‍ നിന്നും വന്ന രണ്ട് പേര്‍, വിദേശത്ത് നിന്ന് വന്ന 11 പേര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. 9 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം മൂലമാണ്. ഇതില്‍ ആറ് പേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍ പോയിവന്ന ലോറി ഡ്രൈവറുമായും സഹ ഡ്രൈവറുമായും സമ്പർക്കമുള്ളവരാണിവര്‍.ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ നിലവില്‍ ചികിത്സയിലാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വയനാടിനു പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മൂന്നുപേര്‍ ഗള്‍ഫില്‍നിന്ന് വന്നവരുടെ ബന്ധുക്കളാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പതീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒരാളില്‍നിന്ന് ഒമ്പതുപേര്‍ക്കും വയനാട്ടില്‍ ആറുപേര്‍ക്കുമാണ് രോഗം പടര്‍ന്നത്. സംസ്ഥാനത്ത് ഇതുവരെ 70% പേര്‍ക്ക് പുറത്തുനിന്നും 30% പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
വിദേശത്തുനിന്ന് ഇന്നലെയെത്തിയ ആറ് പ്രവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍; ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: വിദേശത്ത് നിന്ന് ഇന്നലെ സംസ്ഥാനത്തെത്തിയ ആറ് പേര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്‌റിനില്‍ നിന്നെത്തിയ നാല് പേര്‍ക്കും ദുബായില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്.ബഹ്‌റിനില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കും ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി.തുടർന്ന് നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ട് പേര്‍ക്കും രോഗലക്ഷണം കണ്ടെത്തി. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ബഹ്‌റിനില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 12.40 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐ എക്‌സ് – 474 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ രോഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും.എട്ട് പേരെയാണ് ആകെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ലക്ഷണമുള്ള നാല് പേരെയും ഇവര്‍ക്ക് പുറമെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയെയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയെയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു; പ്രതിഷേധവുമായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍
കണ്ണൂർ: ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിൽ. അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്സുമാര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്സുമാരാണ് ഇന്ന് സമരത്തിനിറങ്ങിയിരിക്കുന്നത്.പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി ഇവർ പറയുന്നു.കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു.കോറോണ കാലത്തുപോലും അവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്കോ, പിപിറ്റി കിറ്റോ ഒന്നും നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. മാസ്ക് ഫാര്‍മസിയില്‍ നിന്ന് പലരും കാശുകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്പളമില്ലാത്ത നിര്‍ബന്ധ അവധിക്ക് പോകാന്‍ മാനേജ്‍മെന്റ് നിര്‍ബന്ധിക്കുകയാണ്. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും മാനേജ്‍മെന്റ് ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൌണ്‍ കാലമായിട്ടും ആശുപത്രി അധികൃതര്‍ സ്റ്റാഫുകള്‍ക്ക് വാഹന സൌകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു.
വന്ദേ ഭാരത് മിഷന്‍;പ്രവാസികളുമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും
കണ്ണൂർ:വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും.രാത്രി 7.10നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയില്‍ നിന്നും കണ്ണൂരിലെത്തുക.180 പേരാണ് ആദ്യ വിമാനത്തില്‍ യാത്രക്കാരായുളളത്.ആകെ യാത്രക്കാരില്‍ 109 പേരും കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോഡ് 47, കോഴിക്കോട് 12, മലപ്പുറം 7, മാഹി 3, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് മറ്റ് യാത്രക്കാരുടെ എണ്ണം.20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തും.എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ഇവിടെ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും.വിമാനത്താവളത്തിന് പുറത്ത് ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരുക്കിയിട്ടുണ്ടാകും. ഒരു ബസില്‍ 20 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. കണ്ണൂര്‍ ജില്ലക്കാരെ വിവിധ ക്വാറന്‍റെന്‍ കേന്ദ്രങ്ങളിലേക്കും മറ്റ് ജില്ലക്കാരെ അതാത് ജില്ലാ അതിര്‍ത്തി വരെയുമാണ് ബസില്‍ എത്തിക്കുക. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. വിദേശത്ത് നിന്നെത്തുന്നവരെ ക്വാറന്‍റെന്‍ ചെയ്യുന്നതിനായി കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ 500ഓളം ഹോട്ടല്‍ മുറികളും ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. പ്രവാസികളെ എത്തിക്കുന്നതിനുളള എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം രാവിലെ 10.30ഓടെ കണ്ണൂരില്‍ നിന്ന് ദുബൈയിലേക്ക് തിരിക്കും.
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല.27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്.സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉള്‍പ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3842 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3791 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഹോം ക്വാറന്റൈന്‍;മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കി
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തിലും കേരളത്തില്‍ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് എക്സ്പേര്‍ട്ട് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും ശിപാര്‍ശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുമാണ്. ആര്‍.റ്റി.പി.സി.ആര്‍. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരേയും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കേണ്ടതാണ്. ഇങ്ങനെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കപ്പെടുന്നവര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അവരെ ആര്‍.റ്റി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്.ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണ്.എന്നാല്‍ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.
വീടിനുള്ളില്‍ നിരീക്ഷണത്തിലുള്ളവര്‍ താമസിക്കുന്ന മുറി:
- ശുചിമുറികള്‍ അനുബന്ധമായിട്ടുള്ള മുറികളാണ് രോഗികള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.
- ഇവ നല്ലരീതിയില്‍ വായു സഞ്ചാരമുള്ളതും എ.സി. ഇല്ലാത്തതുമായിരിക്കണം.
- മുറിയിലെ ജനാലകള്‍ വായു സഞ്ചാരത്തിനായി തുറന്നിടേണ്ടതാണ്.
വീടിനെ സംബന്ധിച്ച പൊതുനിബന്ധനകള്‍:
- രോഗി താമസിക്കുന്ന വീട്ടിലേയ്ക്ക് സന്ദര്‍ശകര്‍ പാടില്ല.
- രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങള്‍ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്ത് പോകാന്‍ പാടുള്ളു.
- ഇവര്‍ ഹാന്‍ഡ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളില്‍ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
ക്വാറന്റൈനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
- ക്വാറന്റൈനിലുള്ള വ്യക്തി മുറിയില്‍ തുടരേണ്ടതും ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേയ്ക്ക് വരാന്‍ പാടുള്ളതുമല്ല. ആഹാരശേഷം അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കേണ്ടതും അവരുടെ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കേണ്ടതുമാണ്.
- ക്വാറന്റൈനിലുള്ള വ്യക്തിയുടെ ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യേണ്ടതാണ്.
- കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആരും തന്നെ വ്യക്തി ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. രോഗിയെ പരിചരിക്കുന്ന ആള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മുറിയില്‍ പ്രവേശിക്കാവുന്നതാണ്.
- മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറക്കേണ്ടതാണ് (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമക്കുമ്പോഴും)
- ഒരു കാരണവശാലും ക്വാറന്റൈനിലുള്ള വ്യക്തി 2 മീറ്ററിനുള്ളില്‍ വച്ച് മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
- ആരോഗ്യ വകുപ്പധികൃതരുടെ ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ടതാണ്. ഇവരോടുതന്നെ സംശയനിവാരണം നടത്തേണ്ടതുമാണ്.
- ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.
- യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികിത്സയ്ക്ക് ആണെങ്കില്‍ പോലും വീടിനു പുറത്ത് പോവാന്‍ പാടുള്ളതല്ല.
ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്:
- പരിചരിക്കുന്നവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോവാന്‍ പാടുള്ളതല്ല.
ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കുവാന്‍ പാടുള്ളതല്ല. - ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാന്‍ പാടുള്ളു.
- അങ്ങനെ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസ്സൂം ഉചിതമായ രീതിയില്‍ ധരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
- ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസ്സും ഉപേക്ഷിക്കേണ്ടതും ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല.
- മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- മുറിക്കുള്ളിലെ കതകിന്റെ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.
- രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കേണ്ടതും ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കേണ്ടതാണ്.
മറ്റ് കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
- കുടുംബാംഗങ്ങളില്‍ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ക്വാറന്റൈന്‍ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറുന്നതാണ് അഭികാമ്യം.
- ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന വീട്ടില്‍ കഴിയുന്നവര്‍ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേയ്ക്ക് പോകാന്‍ പാടുള്ളതല്ല.
- കുടുംബാംഗങ്ങളില്‍ ഒരു വ്യക്തി തന്നെ സ്ഥിരമായി ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കേണ്ടതും മറ്റാരും തന്നെ ഒരു കാരണവശാലും ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടുള്ളതല്ല.
- പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്.
എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്. - കുടുംബാംഗങ്ങള്‍ വാതിലിന്റെ പിടികള്‍, സ്വിച്ചുകള്‍ എന്നിങ്ങനെ ക്വാറന്റൈനിലുള്ള വ്യക്തി സ്പര്‍ശിക്കുവാന്‍ സാധ്യതയുള്ള പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
- ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോള്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.
രാജ്യത്ത് ട്രെയിൻ സർവീസുകൾ നാളെ മുതൽ; കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും
ന്യൂഡൽഹി:രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ പുനരാരംഭിക്കും.ഇന്ന് വൈകിട്ട് നാല് മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.ഐആ൪സിടിസി വെബ്സൈറ്റ് മുഖാന്തിരം മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ് സൗകര്യം.കൗണ്ട൪ വില്പന ഉണ്ടായിരിക്കുകയില്ല. കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവ൪ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. മാസ്ക് വയ്ക്കണമെന്ന് പ്രത്യേക നി൪ദേശമുണ്ട്. പുറപ്പെടുന്ന സ്റ്റേഷനിൽ തെ൪മൽ സ്ക്രീനിങ് ഉണ്ടായിരിക്കും. രാജധാനിയുടെ ടിക്കറ്റ് നിരക്കിൽ എസി കോച്ചുകൾ മാത്രമുള്ള ട്രെയിനുകളായിരിക്കും ഓടുക. തിരുവനന്തപുരത്തേക്ക് അടക്കം പതിനഞ്ച് ഇടങ്ങളിലേക്കുള്ള പാസഞ്ച൪ ട്രെയിൻ സ൪വീസുകളാണ് റെയിൽവെ മന്ത്രാലയം പുനരാരംഭിക്കുന്നത്.കേരളത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ വീതം നടത്താനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ്. കേരളത്തില്‍ എട്ടു സ്‌റ്റോപ്പുകളാണ് ട്രെയിന് ഉണ്ടാകുക.ആദ്യസര്‍വീസ് മറ്റന്നാള്‍ രാവിലെ 10.55 ന് ഡല്‍ഹിയില്‍ നിന്ന് തുടങ്ങും. ബുധനാഴ്ചയും ഞായറാഴ്ചയും ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്. വെള്ളി വൈകീട്ട് 5.30 ന് ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേ അധികൃതര്‍ സൂചിപ്പിക്കുന്നത്.ട്രെയിനുകള്‍ക്ക് ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇതില്‍ കേരളത്തില്‍ എട്ടു സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവയാണ് അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകള്‍.
ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം മതിയെന്ന് അഭിപ്രായം
തിരുവനന്തപുരം:മൂന്നാംഘട്ട ലോക്ക് ഡൌൺ മെയ് 17 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാനം സ്വീകരിക്കുക. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായം.സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.മേയ് പകുതി വരെ ഭാഗിക ലോക്ക് ഡൌണ്‍ വേണമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുമായി നേരത്തെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം സ്വീകരിച്ചിരുന്നത്. അടുത്ത ഞായറാഴ്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടര്‍കാര്യങ്ങള്‍ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി ഇന്നത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രത്തെ അറിയിക്കും.നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന അഭിപ്രായമായിരിക്കും കേരളം സ്വീകരിക്കുക. പൊതു ഗതാതഗം പുനരാരംഭിക്കണമെന്നതടക്കമുള്ള ആവശ്യം മുന്നോട്ട് വച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോകോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും.ജനജീവിതം സാധാരണ നിലയിലാക്കാന്‍ വേണ്ടിയുള്ള ഇളവുകള്‍ വേണമെന്നാവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കും. സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കണമെന്നാവശ്യവും കേരളം മുന്നോട്ട് വച്ചേക്കും.കൂടുതല്‍ പ്രവാസികളെ തിരികെയെത്തിക്കാന്‍ അധികവിമാനങ്ങള്‍ അനുവദിക്കണം.മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി ട്രെയിന്‍ സര്‍വീസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിക്കാനാണ് സാധ്യത.പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സാണ്. മൂന്നാംഘട്ട ലോക് ഡൗണ്‍ മേയ് 17ന് അവസാനിക്കും.
അവസാനത്തെ രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവ്;കാസര്‍ഗോഡ് ജില്ല കോവിഡ് മുക്തം
കാഞ്ഞങ്ങാട്:ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളുടെ ഫലവും നെഗറ്റീവായതായതോടെ കാസര്‍ഗോഡ് ജില്ല കോവിഡ് മുക്തമായി.178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂര്‍വ്വ നേട്ടമാണ് ജില്ല കൈവരിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് വ്യക്തമാക്കി.ഇതോടെ കോവിഡ് രോഗികളില്ലാത്ത ജില്ലകളുടെ എണ്ണം എട്ടായി. കാസര്‍കോട് കൂടാതെ ആലപ്പുഴ, തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. നിലവില്‍ 16 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 505 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് 486 പേര്‍ രോഗമുക്തരായി. കോവിഡുമായി ബന്ധപ്പെട്ട് മൂന്നു മരണമാണ് സംസ്ഥാനത്തുണ്ടായത്.