ആശുപത്രിയില്‍ പ്രവേശിച്ച് 40 ദിവസം പിന്നിട്ടു; കോവിഡ് ഭേദമാകാതെ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി
കണ്ണൂർ:കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിച്ച് 40 ദിവസം കഴിഞ്ഞിട്ടും തുടര്‍ച്ചയായ പരിശോധനകളില്‍ രോഗം ഭേദമാവാത്തതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി െഎ.സി.യുവില്‍ തുടരുകയാണ് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയായ 82 കാരൻ.ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുള്ള ഇദ്ദേഹം ഓക്സിജൻ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്.കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ രണ്ടിനാണ് ഇദ്ദേഹത്തെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് ആംബുലന്‍സില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്.മാര്‍ച്ച് 15ന് വിദേശത്ത് നിന്നെത്തിയ മകളില്‍നിന്നും പേരക്കുട്ടികളില്‍നിന്നുമാണ് കോവിഡ് പകര്‍ന്നതെന്ന് കരുതുന്നു.ഈ കുടുംബത്തിലെ 10 പേര്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഒൻപത് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എടുക്കുന്ന സാമ്പിളുകൾ പരിശോധനയില്‍ നെഗറ്റിവായാല്‍ ഇദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയില്‍ കോവിഡ് ബാധിച്ച് ഇത്രയധികം ദിവസം ഒരാള്‍ ചികിത്സയില്‍ തുടരുന്നത് ആദ്യമാണ്. ജില്ലയിലെ ഭൂരിഭാഗം രോഗികളും 15 ദിവസത്തിനകം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നേരത്തെ കോവിഡ് ബാധിച്ച് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വനിത നാലാഴ്ചയോളം കഴിഞ്ഞാണ് ഡിസ്ചാര്‍ജായത്.
വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കൊവിഡ്;അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്
വാളയാർ:വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം.എം.പിമാരായ രമ്യഹരിദാസ്, വി.കെ. ശ്രീകണ്ഠന്‍, ടി.എന്‍. പ്രതാപന്‍, എം.എല്‍.എമാരായ ഷാഫി പറമ്പിൽ,അനില്‍ അക്കര എന്നിവരാണ് നിരീക്ഷണത്തില്‍ പോകേണ്ടത്.അന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശമുണ്ട്. ഇക്കഴിഞ്ഞ ഒൻപതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി എത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തിവരികയായിരുന്നു ഇയാൾ.കോൺഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം, നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡന്റും പാലക്കാട് നഗരസഭ ചെയര്‍മാനുമെല്ലാം അവിടെ ഉണ്ടായിരുന്നു. മന്ത്രി എ.സി. മൊയ്തീന്‍ പ്രവാസികളുമായി സംവദിച്ചിരുന്നു. താനും എ.സി. മൊയ്തീനോടൊപ്പം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വഭാവികമായും തങ്ങള്‍ക്കുള്ള നിയമം അവര്‍ക്കും ബാധകമല്ലേയെന്നും അനില്‍ അക്കര ചോദിച്ചു.
മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്;സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍
വയനാട്:മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.വയനാട് ജില്ലാ പോലീസ് മേധാവിയെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേധാവിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റൊരാള്‍ മലപ്പുറം സ്വദേശിയുമാണ്.പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്റ്റേഷനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നല്‍കേണ്ടവര്‍ ഇ മെയില്‍ വഴിയൊ മറ്റു സ്റ്റേഷനിലൊ പരാതി നല്‍കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനീല്‍ പോയ സാഹചര്യത്തില്‍ ഇവരുടെ ചുമതലകള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. മാനന്തവാടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അതത് ഡ്യൂട്ടി പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. അത്യാവശ്യ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉടന്‍ അണുവിമുക്തമാക്കും.കൊവിഡ് മുക്തമായിരുന്ന വയനാട്ടിൽ കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ജില്ലയില്‍ ആശങ്ക പടര്‍ന്നിരിക്കുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി. മകന്റെ സുഹൃത്തിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം.ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസുകാരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്.വയനാട്ടില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ നിലവില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്.4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കണ്ണൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ്:കണ്ണൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു.പയ്യന്നൂര്‍ കവ്വായി സ്വദേശിയും കുവൈത്ത് കെ.എം.സി.സി. അംഗവും സജീവ പ്രവര്‍ത്തകനുമായ അബ്ദുള്‍ ഗഫൂര്‍ അക്കാലത്ത് (32) ആണ് മരിച്ചത്.ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കൊറോണ വൈറസ് ബാധിച്ച് 4 ദിവസമായി ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യ നില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. ഫര്‍വ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.പിതാവ് :എം. അബ്ദുറഹീം , മാതാവ് : ഫാത്തിമ.എ ,ഭാര്യ: ഉമ്മു ഐമന്‍ ടി.പി,മക്കള്‍: ഹാനി , ഗഫൂര്‍.ടി.പി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മയ്യത്ത് കുവൈത്തില്‍ തന്നെ ഖബറടക്കും. അതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.ഇന്നലെ വൈകുന്നേരം കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ സാഹിബുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അതനുസരിച്ച് സുഹൃത്തായ നിഷാന്‍ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനത്ത് മദ്യ വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം;വർദ്ധിക്കുക പത്ത് മുതല്‍ മുപ്പത്തിയഞ്ച് ശതമാനം വരെ
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യ വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പത്ത് മുതല്‍ മുപ്പത്തിയഞ്ച് ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കും, ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടുവാനാണ് തീരുമാനം.മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്പനയ്ക്കുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരില്‍ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ മദ്യവില്‍പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്‍പന തുടങ്ങും.
ദുബൈയില്‍ നിന്നും കണ്ണൂരില്‍ വിമാനമിറങ്ങിയ രണ്ടു പ്രവാസികളെ കൊവിഡ് കെയര്‍ ഹോമിലേക്ക് മാറ്റി
കണ്ണൂർ:വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ദുബൈയില്‍ നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രവാസികളില്‍ രണ്ടുപേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ കോവിഡ് കെയർ ഹോമിലേക്ക് മാറ്റി.അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് കെയര്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. ആശുപത്രിയിലേക്ക് വിമാനത്താവളത്തില്‍ നിന്നും പ്രത്യേക ആംബുലന്‍സിലാണ് ഇവരെ കൊണ്ടുപോയത്. ഇവരില്‍ ഒരാള്‍ വടകര സ്വദേശിയും മറ്റൊരാള്‍ കണ്ണൂര്‍ കടമ്പൂർ സ്വദേശിയുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ദുബൈയിലെ പ്രവാസികളുമായി ചൊവ്വാഴ്ച രാത്രി 7.20 മണിക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരിലെത്തിയത്. കുട്ടികളും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 109 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്.കാസര്‍കോട്- 48, കോഴിക്കോട്- 12, മലപ്പുറം – 8, തൃശൂര്‍ – 1, വയനാട്-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍.മാഹി സ്വദേശികളായ 3 പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 104 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 78 പേരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് ക്വാറന്റൈനില്‍ വിട്ടു.ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്.സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങള്‍ കണ്ടവരെ പ്രത്യേക വഴിയിലൂടെ പുറത്തെത്തിച്ചാണ് ആശുപത്രിലേക്ക് എത്തിച്ചത്. ഇവരുടെ ലഗേജ് പരിശോധനയും പ്രത്യേകമായാണ് നടത്തിയത്.യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും
തിരുവനന്തപുരം:കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും.പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടത്താനുള്ള ടൈംടേബിളിനാണ് വിദ്യാഭ്യാസ വകുപ്പ് രൂപംനല്‍കിയിരിക്കുന്നത്.പ്ലസ്ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവുമാണ് നിശ്ചയിച്ചിരിക്കുന്നത്.എസ്‌എസ്‌എല്‍സിക്ക് മൂന്നും ഹയര്‍സെക്കന്‍ഡറിക്ക് നാലും വിഎച്ച്‌എസ്‌സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മേയ് 26 മുതല്‍ 28 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി പരീക്ഷകള്‍ നടക്കും.സാമൂഹികാകലം പാലിക്കും വിധമാകും ഇരിപ്പിട ക്രമീകരണം.പരീക്ഷാകേന്ദ്രത്തില്‍ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവര്‍ക്കും എഴുതാന്‍ അവസരമൊരുക്കും.എത്താന്‍ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്‍റെ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍മതി.എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10നാണ് ആരംഭിച്ചത്. പിന്നീട് കോവിഡ് രൂക്ഷമായതോടെ പരീക്ഷകള്‍ മാറ്റിവയ്ക്കുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എംജി സര്‍വ്വകലാശാല പരീക്ഷകളും ഈ മാസം 26 മുതല്‍ തുടങ്ങും. സപ്ലിമെന്‍ററി പരീക്ഷകളും ബിരുദ ബിരുദാനന്തര പരീക്ഷകളുമടക്കം മുടങ്ങിയ പരീക്ഷകളെല്ലാം നടത്താനാണ് തീരുമാനം.മൂല്യനിര്‍ണയവും സുരക്ഷ ഉറപ്പ് വരുത്തിയാണ് നടത്തുന്നത്. എട്ടാം തിയതി മുതല്‍ ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ ഹോം വാല്യുവേഷൻ രീതിയിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നതെന്നാണ് വിവരം.ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നി ആവശ്യങ്ങളാണ് പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഫയല്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴുള്ളത്. ലോക് ഡൗണില്‍ പൊതുഗതാഗതത്തിന് ഇളവ് കിട്ടിയാലുടന്‍ ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ഉത്തരവിറക്കും.കര്‍ശന നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കണം ബസ് സര്‍വീസ്.യാത്രക്കാരെ പരിമിതപ്പെടുത്തിയായിരിക്കും ബസ് യാത്ര അനുവദിക്കുകയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.