കോഴിക്കോട്:തെലുങ്കാനയില്‍ വാഹനാപകടത്തിൽ ഒന്നര വയസ്സുകാരിയടക്കം മൂന്നു മലയാളികള്‍ മരിച്ചു.ബീഹാറിൽ നിന്നും കോഴിക്കോട്ടെ വീട്ടിലേക്ക് വരികയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയിലെ നിസാമാബാദില്‍ വെച്ച് അപടത്തില്‍പ്പെടുകയായിരുന്നു.ഡ്രെവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അപകടം.കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക,ഡ്രൈവര്‍ മംഗളുരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച കാറിനു പുറകില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയേയും നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബീഹാര്‍ വാസ്‌ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്കൂളില്‍ അധ്യാപകനാണ് അനീഷ്.അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി.മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല.മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19 ആയി. ആലപ്പുഴ ജില്ലയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യതയുണ്ട്, സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം.ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത്. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാര്‍ ബൈക്കില്‍ പട്രോളിങ് നടത്തും. ശനിയാഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കും. നാളെ അവധിയാണ്. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണായി തുടരും.നിരീക്ഷണത്തിലുള്ളവരെയും ക്വാറന്റൈനില്‍ ഉള്ളവരെയും വാര്‍ഡ് തലസമിതി പരിശോധിക്കും. വാര്‍ഡ് തലസമിതി സ്ഥിരമായിട്ടുള്ളതാണ്. പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ജാഗ്രത അത്യാവശ്യമാണ്. സംസ്ഥാനത്തെ ജലഗതാഗതം പൊതു ഗതാഗതം തുടങ്ങുമ്പോഴെ പുനരാരംഭിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു
ആലപ്പുഴ:പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു.മാന്നാര്‍ ബുധനൂര്‍ സ്വദേശികളായ ഓമന (60)യും മരുമകള്‍ മഞ്ജുവു (32)മാണ് മരണമടഞ്ഞത്. രാവിലെ 11 മണിയോടെയാണ് സംഭവം.രാവിലെ ഇവരുടെ വീടിന് സമീപത്ത് വൈദ്യുതി ലൈനിലേക്ക് മരം മറിഞ്ഞു വീണ് ലൈന്‍ പൊട്ടിക്കിടന്നിരുന്നു. മഞ്ജുവിന്റെ ആറു വയസ്സുകാരനായ കുട്ടി വൈദ്യുതി ലൈനിലേക്ക് പിടിക്കാന്‍ ചെല്ലുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ എത്തിയതായിരുന്നു രണ്ടുപേരും. ആദ്യം ഓമനയും പിന്നാലെ മഞ്ജുവും കുട്ടിയുടെ അരുകില്‍ എത്തുകയും പിടിച്ചു മാറ്റുകയും ചെയ്‌തെങ്കിലും ഇരുവര്‍ക്കും ഷോക്കേറ്റു. തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. രണ്ടു പേരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം
കണ്ണൂര്‍:നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഉത്തര്‍പ്രദേശ് സ്വദേശികളായ അൻപതോളം തൊഴിലാളികളാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ചത്. ജില്ലാ ലേബര്‍ ഓഫീസറും പൊലീസുമെത്തി അടുത്ത ട്രെയിനില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കാമെന്ന് അറിയിച്ച് എല്ലാവരേയും അനുനയിപ്പിക്കുകയായിരുന്നു. ഇതിനകം ജില്ലയില്‍ നിന്നും രണ്ട് ട്രെയിനുകളിലായി 2280 തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവരെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇനിയും മടങ്ങിപ്പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കണ്ണൂർ ജില്ലയിൽ രണ്ടു കോവിഡ് കേസുകള്‍ കൂടി
കണ്ണൂര്‍:ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ദുബായില്‍ നിന്നെത്തിയ കടമ്പൂര്‍ സ്വദേശിക്കും ചെന്നൈയില്‍ നിന്നെത്തിയ മട്ടന്നൂർ സ്വദേശിക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.നിലവിൽ ജില്ലയില്‍ ആകെ അഞ്ച് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. കഴിഞ്ഞ 12 ആം തിയ്യതി ദുബായില്‍നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ കടമ്പൂര്‍സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.മെയ് ആറിനാണ് മട്ടന്നൂര്‍സ്വദേശി ചെന്നൈയില്‍നിന്നും നാട്ടിലെത്തിയത്.ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 121 ആയി. ഇതില്‍116 പേരും രോഗ വിമുക്തി നേടിയിട്ടുണ്ട്. 2847 പേരാണ് ജില്ലയില്‍ഇനി ആകെ നിരീക്ഷണത്തിലുളളത്.61 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. ഇതിനിടെ കതിരൂര്‍, പാട്യം,കേളകം എന്നീ മൂന്ന് ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുളള പ്രദേശങ്ങളില്‍മെയ് 17 വരെ കലക്ടര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.അഞ്ചില്‍കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായ ശാലകള്‍ ജില്ല കലക്ടറുടെ പ്രത്യേക അനുവാദത്തോടെ തുറന്ന് പ്രവര്‍ത്തിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു;സംസ്ഥാനത്ത് അതിശക്തമായ മഴയും തീവ്ര മിന്നലും തുടരും
തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ശനിയാഴ്ച ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലുണ്ടാകുന്ന ചുഴലിക്കാറ്റ് പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടെയുള്ള കനത്ത മഴയും കാറ്റും തുടരും.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെയും തിങ്കളാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ടുള്ളത്.അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ‘അംഫാന്‍’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത്: കേരളത്തിന് ഐഎംഎ യുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത് കേരളത്തിന് ഐഎംഎ യുടെ മുന്നറിയിപ്പ്.നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കരുത്.ഒരു മാസമെങ്കിലും കുറഞ്ഞത് നീട്ടിവയ്ക്കണം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടാനുള്ള സാഹചര്യമുണ്ട്. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗ ബാധ ഉണ്ടാകാനും കുട്ടികള്‍ വൈറസ് വാഹകരാകാനുമുള്ള സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടികളില്‍ നിന്ന് വീടുകളിലേക്ക് രോഗമെത്താം.കുഞ്ഞുങ്ങള്‍ , ഗര്‍ഭിണികള്‍, പ്രായമായവര്‍ ഇവരുള്ള വീടുകളാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. റിവേഴ്‌സ് ക്വാറന്റൈനും പാളും.സമൂഹ വ്യാപന സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. വിദ്യാലയങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ നിയന്ത്രിക്കാനും ബുദ്ധിമുട്ടാകും.പരിശോധന കിറ്റുകളുടെ കുറവ് ഇപ്പോള്‍ തന്നെ ഉള്ളതിനാല്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നതും പ്രയാസകരമാകും. അദ്ധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ഐ.എം.എ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിയിറച്ചി വില കുതിച്ചുയരുന്നു;കിലോക്ക് 220 രൂപ
കോഴിക്കോട്:സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിക്കോട് ജില്ലയിൽ 220 രൂപയാണ് കോഴിയിറച്ചിയുടെ വില. 200 രൂപയ്ക്ക് മുകളിൽ വിൽക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ ചിക്കൻ സ്റ്റാളുകൾ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും.ഒരാഴ്ചക്കിടെ അറുപത് രൂപയുടെ വര്‍ദ്ധനവാണ് കോഴിയിറച്ചിക്കുണ്ടായത്. 160 രൂപയില്‍ നിന്ന് 220ലേക്ക്. ലെഗോണ്‍ കോഴിക്ക് 185 രൂപയാണ്. വില ഉയർന്നതോടെയാണ് അധികൃതർ ഇടപ്പെട്ടത്. 200 രൂപയ്ക്ക് മുകളിൽ വിൽക്കരുതെന്നാണ് നിർദ്ദേശം. എന്നാൽ ഫാമുകളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ലഭിക്കുന്ന കോഴി . നിലവിലെ വിലയ്ക്കല്ലാതെ വില്‍പന നടത്തുന്നത് വ്യാപാരികളെ നഷ്ടത്തിലാക്കുമെന്നാണ് വ്യാപരികൾ പറയുന്നത്. തുടർന്നാണ് അനിശ്ചിതകാലത്തേക്ക് ചിക്കൻ സ്റ്റാളുകൾ അടച്ചിടാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 5 പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 2 പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 14 പേരാണ് കേരളത്തിന് പുറത്ത് നിന്നും വന്നത്. ഇതില്‍ 7 പേര്‍ വിദേശത്ത് (യു.എ.ഇ.-5, സൗദി അറേബ്യ-1, കുവൈറ്റ്-1) നിന്നും വന്നതാണ്. 4 പേര്‍ മുംബൈയില്‍ നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാഗ്ലൂരില്‍ നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ള 7 പേര്‍ക്കും വയനാട് ജില്ലയിലുള്ള 3 പേര്‍ക്കും പാലക്കാട് ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കി ജില്ലയില്‍ രോഗം ബാധിച്ചയാള്‍ ബേക്കറി ഉടമസ്ഥനാണ്. സെന്റിനല്‍ സര്‍വൈലന്‍സിലൂടെയാണ് ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വയനാട് ജില്ലയില്‍ രോഗം ബാധിച്ച ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്.കേരളത്തില്‍ ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 64 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 493 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 39619 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
മിനിമം ചാര്‍ജ് 20 രൂപയാക്കണം; സര്‍ക്കാറിന് മുന്നില്‍ നിബന്ധനകളുമായി ബസുടമകള്‍
തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുൻപിൽ നിബന്ധനകള്‍ വെച്ച് ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകള്‍ പറയുന്നു.പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരെ പാടുള്ളൂ. അപ്പോള്‍ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.മോട്ടോര്‍ വാഹന മേഖല പ്രതിസന്ധിയിലാണ്. കെഎസ്‌ആര്‍ടിസിക്ക് ഇപ്പോള്‍ സ്പെഷ്യല്‍ ചാര്‍ജാണ് ഈടാക്കുന്നത്. നിരക്ക് വര്‍ധന ലോക് ഡൗണ്‍ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.