സംസ്ഥാനത്ത് നാലാംഘട്ട ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി

keralanews fourth stage lock down criteria published in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് നാലാംഘട്ട ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്.മദ്യവില്‍പനശാലകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനമായി.ബാറുകള്‍ വഴി മദ്യം പാഴ്‌സലും ഇതേ ദിവസം ആരംഭിക്കും. ഒപ്പം, ക്ലബുകള്‍ തുറക്കാനും അനുമതി നല്‍കുമെങ്കിലും ഇവിടേയും പാഴ്‌സല്‍ മാത്രമാകും അനുവദിക്കുക. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമെങ്കിലും ഫേഷ്യല്‍ അടക്കമുള്ള സൗന്ദര്യവര്‍ധക പ്രവൃത്തികള്‍ അനുവദിക്കില്ല. ഈ മാസം 31 വരെ നടത്താനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകളെല്ലാം മാറ്റി. അന്തര്‍ജില്ലാ-സംസ്ഥാനന്തര യാത്രകള്‍ക്കും പാസ് വേണമെന്ന് നിബന്ധന തുടരാനും തീരുമാനമായി. സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഓടാന്‍ അനുവദിക്കും. എന്നാല്‍, കെഎസ്‌ആര്‍ടിസി അടക്കം ബസുകള്‍ ഉടന്‍ സര്‍വീസ് നടത്തില്ല.

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

keralanews 14 covid cases confirmed in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.)വന്നവരാണ്.10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്(7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും). എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവ് ആയി.ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്ത കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവില്‍ ആകെ 23 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

വന്ദേ ഭാരത് മിഷൻ;നാല് വിമാനങ്ങളിലായി 700 ലേറെ പ്രവാസികള്‍ ഇന്ന് ജന്മനാട്ടില്‍ പറന്നിറങ്ങും

keralanews vande bharath mission more than 700 expatriates in four flights fly to homeland today

തിരുവനന്തപുരം:കോവിഡ് 19 ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത്‌ മിഷന്‍ രണ്ടാം ഘട്ടത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നാല് വിമാനങ്ങള്‍ കേരളത്തിലെത്തും. യു.എ.ഇയില്‍ നിന്ന് മൂന്നും ഒമാനില്‍ നിന്ന് ഒരു വിമാനവുമാണ് എത്തുക. നാല് വിമാനങ്ങളിലായി 700 ലേറെ പ്രവാസികള്‍ ഇന്ന് നാട്ടിലെത്തും. ദുബായ് – കൊച്ചി, മസ്ക്കറ്റ്- തിരുവനന്തപുരം, അബുദാബി-കൊച്ചി, ദുബായ്- കണ്ണൂര്‍ എന്നീ വിമാനങ്ങളാണ് ഇന്ന് എത്തുന്നത്.ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് 5.40 ന് നെടുമ്പാശ്ശേരിയിലെത്തും.മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം വൈകിട്ട് 6.35 നാണ് എത്തുന്നത്.അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.45നും, ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി 8.55നുമെത്തും.

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍

keralanews complete lock down in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യ സർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ.കൊവിഡ് 19 ജാഗ്രത നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.വാഹനങ്ങള്‍ നിരത്തിലിറക്കാനോ കടകള്‍ തുറക്കാനോ ഇന്ന് അനുമതിയില്ല. 24 മണിക്കൂര്‍ ജനം വീട്ടിലിരിക്കണമെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങൾ, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കൊവിഡ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല.ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്ക് പോകുന്നതിന് പുരോഹിതന്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിൽ പാർസൽ സർവീസ് ഉണ്ടാകും.അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടവർ ജില്ലാ ഭരണകൂടത്തിൽ നിന്നോ പൊലീസിൽ നിന്നോ പാസ് വാങ്ങി മാത്രമേ യാത്ര ചെയ്യാകൂ.ലോക്ഡൌണ്‍ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണിന്‍റെ ഭാഗമായി ഭൂരിഭാഗം പെട്രോൾ പമ്പുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.

സംസ്ഥാനത്ത്‌ ഇന്ന് 11 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു;നാല്‌ പേര്‍ രോഗമുക്തരായി

keralanews 11 covid cases confirmed in the state today and four cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്,  കണ്ണൂർ ജില്ലകളിൽ  നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്.ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 22 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയായ 81കാരന് രോഗമുക്തി

keralanews 81 year old man from cheruvancheri confirmed covid discharged from hospital after cured

കണ്ണൂര്‍:കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി. ചികിത്സാ കാലയളവില്‍ 16 തവണയാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആര്‍ ലാബില്‍ നിന്നും തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് ഇദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന് കൊവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.ഒരേ സമയം കൊവിഡ്‌ ഉൾപ്പെടെ ഒന്നിലേറെ ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സ തേടിയ അദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക കൊവിഡ് ഐ.സി.യുവില്‍ ആയിരുന്നു.

കോ​വി​ഡ് മൂ​ന്നാം ഘ​ട്ടം അ​പ​ക​ട​ക​രം;മരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം;കേരളം വാ​ക്സിന്‍ പരീക്ഷണം തുടങ്ങിയെന്നും ആ​രോ​ഗ്യ​മ​ന്ത്രി

keralanews covid third phase dangerous the aim is to avoid death and minister said kerala begun vaccine experiment

തിരുവനന്തപുരം: കോവിഡ് മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.ക. ഷൈലജ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ ക്രമാതീതമായി കൂടിയാല്‍ നിലവിലെ ശ്രദ്ധ നല്‍കാനാവില്ല. കോവിഡ് മരണം ഒഴിവാക്കുകയാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും അവര്‍ പറഞ്ഞു.പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്‍റെ മക്കളാണ്. അവര്‍ കേരളത്തിലേക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടും കല്‍പിച്ച്‌ എന്ന നിലയ്ക്ക് ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.പ്രതിരോധ വാക്സിനായുള്ള പരീക്ഷണം തുടങ്ങി. ഐസിഎംആറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സാമ്പത്തികമായി വലിയ തകര്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. വാര്‍ഡ്തല സമിതികളില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

keralanews experts warn that there may be an outbreak of genetically modified viruses in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് വിദഗ്ദ്ധര്‍ രംഗത്തെത്തി.പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെപ്പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.മഴ തുടങ്ങിയതോടെ അന്തരീക്ഷ ഉഷ്മാവ് കാര്യമായി കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാനിടയുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു.ചെന്നെയില്‍ നിത്തെത്തിയ ഒരു രോഗിയില്‍ നിന്നാണ് വയനാട്ടില്‍ 15 പേരിലേക്കാണ് കൊവിഡ് പകര്‍ന്നത്. കാസര്‍കോട്ട് മുംബയില്‍ നിന്നെത്തിയ ആളില്‍ നിന്ന് അഞ്ചുപേരിലേയ്ക്കും പകര്‍ന്നു.ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിലേയ്ക്കാണ്. രോഗബാധിരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.കൊവിഡ് പരിശോധനയില്‍ ദേശീയ ശരാശരിയേക്കാളും പിന്നിലാണ് കേരളം. നിലവില്‍ കടുത്ത ലക്ഷണങ്ങളുളളവരെമാത്രമാണ് പരിശോധിക്കുന്നത്.എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍ നിന്ന് കൂടുതല്‍ പേരെത്തുന്ന സാഹചര്യത്തില്‍ ടെസ്ററുകളുടെ എണ്ണവും കൂട്ടേണ്ടി വരും.കടുത്ത ശ്വാസകോശ രോഗമുളളവരെയും, പനി തുടങ്ങിയ ലക്ഷണങ്ങളുളളവരേയും കൂടുതലായി പരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഒപ്പം പ്രായമായവരെയും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ രാജ്യത്താകെയുള്ള ടെസ്ററ് കിറ്റുകളുടെ കുറവ് സംസ്ഥാനത്തും വെല്ലുവിളിയായി തുടരുകയാണ്.

കുന്ദമംഗലത്ത് വർക്ക്‌ഷോപ്പിൽ വന്‍ അഗ്നിബാധ; നിരവധി ബെന്‍സ് കാറുകള്‍ കത്തി നശിച്ചു

keralanews massive fire broke out at a workshop in kundamangalam several benz cars burned

കോഴിക്കോട്: കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ വൻ തീപിടിത്തം.അപകടത്തിൽ ആഡംബര കാറുകള്‍ കത്തി നശിച്ചു.11 ബെന്‍സ് കാറുകളാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ ആറുമണിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്.തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും വെള്ളിമാടുക്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെതുകയും ചെയ്തു.മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിലപിടിപ്പുള്ള ബെന്‍സ് കാറുകള്‍ ആണ് പ്രധാനമായും ഇവിടെ റിപ്പയര്‍ ചെയ്തിരുന്നത്.ജോഫി എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വര്‍ക്ക് ഷോപ്പ്.തൃശ്ശൂര്‍ സ്വദേശിയായിരുന്ന ജോഫി വര്‍ഷങ്ങള്‍ക്ക് മുൻപ് ജോലി സംബന്ധമായ ആവശ്യത്തിനാണ് കോഴിക്കോടെത്തിയത്. നേരത്തെ ഗള്‍ഫില്‍ ബെന്‍സ് കാറുകളുടെ വര്‍ക് ഷോപ്പുകളില്‍ ജോലി ചെയ്തിരുന്ന അനുഭവ പരിചയം കൈമുതലാക്കി കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്തിനടുക്ക് ലോണെടുത്തും കടംവാങ്ങിയും ഒരു വര്‍ക് ഷോപ്പ് തുടങ്ങുകയായരുന്നു.ബൈന്‍സ് കാറുകള്‍ നന്നാക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള മികവ് കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരെ ഇങ്ങോട്ട് വാഹനങ്ങളെത്തിച്ചിരുന്നു.ലോക്ഡൗണ്‍ കാരണം കുറെ ദിവസം തുറക്കാനായിരുന്നില്ല.പിന്നീട് ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. പ്രാഥമിക കണക്കുകൂട്ടലുകള്‍ പ്രകാരം രണ്ടുകോടിയലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തിന് കാരണം എന്നാണ് സൂചന.

രോഗികളുടെ എണ്ണം വർധിക്കുന്നു;വയനാട്ടില്‍ അതീവ ജാഗ്രത,കര്‍ശന നിയന്ത്രണം

keralanews number of patients increasing strict control in wayanad district

വയനാട്:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള വയനാട്ടില്‍ ജാഗ്രത കര്‍ശനമാക്കി.നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകന്‍ തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്.ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകള്‍ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ രോഗബാധയ്ക്ക് സാധ്യത നല്‍കാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിററിയും പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം.കൂടാതെ അമ്പലവയൽ, മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകള്‍ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്. ഈയിടെ ജില്ലയില്‍ രോഗം ബാധിച്ച 19 പേരില്‍ 15 പേര്‍ക്കും രോഗം പകര്‍ന്നത് കോയമ്പേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ്.ഇയാള്‍ക്ക് ബാധിച്ച വൈറസിന് പ്രഹരശേഷി കൂടുതലായതിനാലാണ് ഇത്തരത്തിലുള്ള രോഗപ്പകര്‍ച്ച സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതല്‍പേര്‍ക്ക് ഇനി രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. 80 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.