പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങിയതോടെ കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു;സമ്പർക്കത്തിലൂടെ ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

keralanews With the arrival of expatriates the number of kovid patients in kannur is rising health worker infected through contact

കണ്ണൂർ:പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങിയതോടെ കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.മൂന്നു പേര്‍ക്ക് കൂടി ഇന്നലെ ജില്ലയില്‍  കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.രോഗം സ്ഥിതികരിച്ച രണ്ടു പേര്‍ മുംബയില്‍ നിന്നും എത്തിയവരാണ്. മുംബയില്‍ നിന്ന് ഈ മാസം ഒന്‍പതിന് ജില്ലയിലെത്തിയ ചൊക്ലി സ്വദേശിയായ 35കാരനും പത്തിന് എത്തിയ പയ്യാമ്പലം സ്വദേശിയായ 31കാരനുമാണ് പുതുതായി രോഗം ബാധിച്ച രണ്ടു പേര്‍.സമ്പർക്കത്തിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചത്.ആരോഗ്യ പ്രവര്‍ത്തക ചിറക്കല്‍ സ്വദേശിയായ 54കാരിയാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, അഞ്ചരക്കണ്ടിയിലെ കൊവിഡ് ചികിത്സാ കേന്ദ്രം, തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടെന്ന് വ്യാജ പ്രചരണം;കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തി

keralanews group of migrant workers arrived kannur railway station following fake news that train to up

കണ്ണൂർ:ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടെന്ന വ്യാജ പ്രചരണത്തെ തുടർന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തി.രാവിലെ എട്ട് മണിയോടെ വളപട്ടണം ഭാഗത്തുള്ള നൂറോളം അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന് കണ്ണൂര്‍ സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം ട്രെയിനുണ്ടെന്ന് മൊബൈലില്‍ വിവരം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും തൊഴിലാളികള്‍ പറഞ്ഞു.എന്നാല്‍ ആരാണ് ഇത്തരം ഒരു സന്ദേശം നല്‍കിയതെന്ന് വ്യക്തമല്ല.നാട്ടിലേക്ക് മടങ്ങാനായി വസ്ത്രങ്ങളും മറ്റും അടങ്ങിയ വലിയ ബാഗുകളുമായാണ് ഇവര്‍ എത്തിയത്. റെയില്‍വേ ട്രാക്ക് വഴി ഇവര്‍ വന്നതിനാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയപ്പോൾ മാത്രമാണ് ആര്‍ ടി എഫും പോലീസും വിവരങ്ങള്‍ അറിഞ്ഞത്.വളപട്ടണത്തെ ക്യാമ്പിൽ ഭക്ഷണം ലഭിക്കുന്നില്ലെന്നും കൈയില്‍ പണമില്ലെന്നും ചില അതിഥി തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു തവണ മാത്രമാണ് പഞ്ചായത്ത് അധികതര്‍ ക്യാമ്പിലെത്തിയതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഗ്രാമപഞ്ചായത്ത് അധികൃതർ ഇക്കാര്യം നിഷേധിച്ചു. കൃത്യമായ ഭക്ഷണം ഇവര്‍ക്ക് എത്തിച്ചിട്ടുണ്ടെന്നും പലപ്പോഴും നാട്ടില്‍ പോകണമെന്ന് തൊഴിലാളികള്‍ പറയാറുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. തൊഴിലാളികളെ ക്യാമ്പിലേക്ക് തന്നെ മടക്കി അയക്കുമെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

keralanews ksrtc start services from tomorrow said transport minister a k saseendran

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക.സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിരക്കില്‍ 50% വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും. കെഎസ്‌ആര്‍ടിസി ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയപ്പോള്‍ ജനങ്ങള്‍ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങള്‍ സഹകരിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആ ഇനത്തില്‍ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. സ്വകാര്യ ബസുടമകളുമായുള്ള ചര്‍ച്ചയില്‍ നിന്നുണ്ടായ തീരുമാനം അല്ല ഇത്. സമരപ്രഖ്യാപനത്തിനു ശേഷം സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തുകയും സമരം അവര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. പണം ഉണ്ടാക്കലല്ല, അവശ്യ യാത്രകള്‍ക്ക് സൗകര്യം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബസ് ഉടമകളുടെ പ്രയാസം കണക്കിലെടുത്ത് മിനിമം ചാര്‍ജ് 12 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഒരു കിലോമീറ്ററിന് ഇപ്പോള്‍ 70 പൈസയാണ് മിനിമം ചാര്‍ജ്. ഇത് ഒരു രൂപ പത്ത് പൈസയായി ഉയര്‍ത്തി. കിലോമീറ്ററിനു നാല്‍പ്പത് പൈസയാണ് വര്‍ധിപ്പിച്ചത്. ചാര്‍ജ് വര്‍ധന തല്‍ക്കാലത്തേക്ക് മാത്രമാണ്. കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ബസില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വന്നത്.എന്നാല്‍ ഡീസലിന്റെ നികുതി ഉള്‍പ്പെടെ എടുത്തു കളയുകയും കൂടുതല്‍ ആനുകൂല്യം നല്‍കുകയും ചെയ്താല്‍ മാത്രമേ സര്‍വീസ് നടത്താന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകള്‍.

നിബന്ധനകൾ പ്രായോഗികമല്ല;നാളെ മുതൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

keralanews terms are not practical private bus owners refuse to start service from tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് ഇളവുകളുടെ ഭാഗമായി ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍.സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ച നിബന്ധനകളോടെ ബസ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. 50 ശതമാനം ആളുകളുമായി ബസ് ഓടുന്നത് ലാഭകരമല്ലെന്നും, സര്‍ക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാര്‍ജ് വര്‍ദ്ധനയാണെന്നുമാണ് ബസുടമകളുടെ പക്ഷം.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ന് ബസുടമകള്‍ യോഗം ചേരുന്നുണ്ട്.11 മണിക്കാണ് യോഗം.ഇതിന് ശേഷം ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതിലെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നും ബസുടമകള്‍ അറിയിച്ചു.സംസ്ഥാനത്ത് ബസ്, ജലഗതാഗതത്തില്‍ കര്‍ശനനവ്യവസ്ഥകളോടെയാണ് ഇളവുകള്‍ അനുവദിച്ചത്. ബസില്‍ മൊത്തം സീറ്റിന്‍റെ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാന്‍ പാടില്ല. ബസ് യാത്രാക്കൂലി കുറഞ്ഞത് 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. 20 രൂപയെങ്കിലും കുറഞ്ഞ യാത്രാക്കൂലി വേണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഡീസല്‍ നികുതി ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതുമില്ല. ഇത് അംഗീകരിക്കാത്തതിലാണ് ബസുടമകള്‍ക്കിടയില്‍ പ്രതിഷേധം.

സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews 29 covid cases confirmed in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം- 6, തൃശൂര്‍- 4, തിരുവനന്തപുരം-3, കണ്ണൂര്‍- 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് – 2 വീതം, എറണാകുളം, മലപ്പുറം – 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. 29 പേരില്‍ 21 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.ഏഴ് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതൊരു ആരോഗ്യപ്രവര്‍ത്തകയാണ്.127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 630 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 69730 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളില്‍ നിരീക്ഷണത്തിലാണ്. 473 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഇതുവരെ 45,905 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 44,651 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 5,154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5,082 എണ്ണം നെഗറ്റീവായിട്ടുണ്ട്.

കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കര്‍ണാടകയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

keralanews people from four states including kerala were banned from entering karnataka

ബെംഗളൂരു:കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കര്‍ണാടകയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ മെയ് 31 വരെ സംസ്ഥാനത്ത് പ്രവേശിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കൊവിഡ് ഏറ്റവും തീവ്രമായ തോതില്‍ വ്യാപിച്ച ഇടങ്ങളാണ്. ഇതിനൊപ്പമാണ് കേരളത്തില്‍നിന്നുള്ളവര്‍ക്കും കര്‍ണാടകം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.നേരത്തെ തന്നെ കേരള അതിര്‍ത്തിയിലെ റോഡുകള്‍ മണ്ണിട്ട് അടച്ചും മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകുന്നത് തടഞ്ഞും കര്‍ണാടകം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മെയ് 31 വരെ ലോക്ഡൗണ്‍ നീട്ടിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെയാണ് കര്‍ണാടകത്തിന്റെ ഈ പ്രഖ്യാപനം. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയനുസരിച്ച്‌ ജനങ്ങളെ കടത്തിവിടാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ ലോഗ്ഡൗണ്‍ മാര്‍ഗരേഖ. ഇതിനെ തുടര്‍ന്നാണ്‌ കര്‍ണാടകയുടെ പുതിയ തീരുമാനം പുറത്തുവന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പുറത്തിറങ്ങിയതിന് ശേഷം മറ്റ് മന്ത്രിമാരുമായി കൂടിയാലോചിച്ചാണ് വിലക്കിന്റെ കാര്യം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പ്രഖ്യാപിച്ചത്. അതേസമയം കര്‍ണാടകം സംസ്ഥാനത്തിനകത്ത് ലോക്ഡൗണില്‍ പല ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ട ദിവസം തന്നെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത് എന്നതാണ് പ്രത്യേകത. 84 പേര്‍ക്ക് ഒറ്റ ദിവസം കര്‍ണാടകത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1231 പേര്‍ക്കാണ് കര്‍ണാടകത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.സംസ്ഥാനത്ത് സര്‍ക്കാര്‍ ബസുകളുടെ സര്‍വീസും പുനരാരംഭിച്ചു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് യാത്രാനുമതി. ബസില്‍ 30 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.ഒല, ഉബര്‍ തുടങ്ങിയ ടാക്‌സി കാബ് ഓപ്പറേറ്റര്‍മാര്‍ക്കും കര്‍ണാടകം പ്രവര്‍ത്തനാനുമതി നല്‍കി. എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തെ പോലെ തന്നെ കര്‍ണാടകത്തിലും ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

സി.ബി.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

keralanews cbsc announced date for 10th and 12th class exams

തിരുവനന്തപുരം:സി.ബി.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു.പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചത്. ജൂലൈ ഒന്ന് മുതൽ 15 വരെ പരീക്ഷകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് പത്താം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുന്നത്.മാസ്‌ക് ധരിച്ചായിരിക്കണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷാ ഹാളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സുതാര്യമായ കുപ്പികളില്‍ സാനിട്ടൈസര്‍ കൊണ്ടു പോകാന്‍ കഴിയും. സാമൂഹിക അകലം പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ ഇല്ലെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്.കഴിഞ്ഞ ആഴ്ച തീയതി പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നെന്നുവെന്നും പൊഖ്രിയാൽ പറഞ്ഞു.ആഗസ്റ്റിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കനത്ത മഴ;13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

keralanews heavy rain in kerala yellow alert in 13 districts

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.മഴ ശക്തമായതോടെ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മാത്രമായിരുന്നു നേരത്തേ യെല്ലോ അലേര്‍ട്ട് ഉണ്ടായിരുന്നത്.എന്നാല്‍ മഴ ശക്തമായതോടെ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും അലേര്‍ട്ട് പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രി ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കോട്ടയം ജില്ലയില്‍ വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോട്ടയം വൈക്കത്ത് കനത്ത മഴയില്‍ വ്യാപകനാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു.അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ‌ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കണ്ണൂരിൽ എയര്‍പോര്‍ട്ട്​ ജീവനക്കാരന്​ കോവിഡ്​

keralanews covid confirmed in airport staff in kannur

കണ്ണൂർ:കണ്ണൂര്‍ എയര്‍േപാര്‍ട്ടിലെ എയര്‍ ഇന്ത്യ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു.ഇയാള്‍ പുതുച്ചേരി സ്വദേശിയാണ്. നാട്ടില്‍നിന്ന് ബൈക്കില്‍ ജോലിക്ക് വരവെ കാരപേരാവൂരില്‍വെച്ച്‌ അപകടത്തില്‍പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എയര്‍പോര്‍ട്ട് അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.അവിടെനിന്ന് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 27 പേരോട് ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. അപകടത്തെതുടര്‍ന്ന് സഹായിച്ച നാട്ടുകാരായ 20 പേര്‍, ഡോക്ടര്‍, നഴ്സ്, ഇയാളെ സന്ദര്‍ശിച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോകേണ്ടത്.

ദുബായില്‍ നിന്ന് കണ്ണൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊറോണ ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

keralanews corona symptoms in two arrived from dubai to kannur admitted in hospital

കണ്ണൂർ:ദുബായില്‍ നിന്ന് ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് പേര്‍ക്ക് കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.ഇവരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റെയാൾ കാസർകോഡ് സ്വദേശിയുമാണ്.സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഫലമറിയുമെന്ന് കരുതുന്നു.രാത്രി 9.10ഓടെ കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാലു കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 181 യാത്രക്കാരാണുണ്ടായിരുന്നത്.ജില്ലയിലെ കോവിഡ് കെയര്‍ സെന്‍ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കിയിരുന്നു.കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസുകളിലും കാസര്‍കോട് സ്വദേശികളെ രണ്ടു ബസുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസിലുമായാണ് യാത്രയയച്ചത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് വിട്ടു.അതേസമയം ഇന്നലെ ജില്ലയിൽ മറ്റു രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഈ മാസം ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശിയായ 24കാരനും 13ന് മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലമ്ബ്ര സ്വദേശിയായ 27കാരനുമാണ് പുതുതായി കൊവിഡ് രോഗം ബാധിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 123 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.