എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല;മെയ് 26 മുതല്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി

keralanews no change in sslc plus two exams conduct exams from may 26th

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ നേരത്തെ കേന്ദ്ര തടസ്സമുണ്ടായിരുന്നതായും ഇപ്പോള്‍ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാകും പരീക്ഷ നടത്തുക. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews 24 covid cases confirmed in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1, കാസർകോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം.അഞ്ചുപേര്‍ രോഗ വിമുക്തി നേടി.തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നതാണ്. മഹാരാഷ്ട്ര-8,തമിഴ്‌നാട്-3. കണ്ണൂരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലാണ്.ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്‍്റിനല്‍ സര്‍വൈലന്‍സിന്‍്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല.

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി;ഹോട്ട് സ്‌പോട്ടുകളില്‍ പരീക്ഷാ %B

keralanews central govt give permission to conduct sslc plus two exams no exam centers in hot spots

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അഭ്യര്‍ഥ മാനിച്ചാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷനടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. ഇതോടെ സംസ്ഥാനത്ത് നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ പരീക്ഷകള്‍ നടക്കും.ഹോട്ട് സ്‌പോട്ടുകളില്‍ പരീക്ഷാ കേന്ദ്രം ഉണ്ടാവരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമുഹ്യഅകലം പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷ. തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനവും സാനിറ്റൈസറുകളും കേന്ദ്രങ്ങളില്‍ ഒരുക്കണം. വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസ് സര്‍വീസ് ഒരുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.നാലാംഘട്ട ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരീക്ഷകള്‍ നീണ്ടുപോവുന്നതിലെ ഉത്കണ്ഠ വിവിധ സംസ്ഥാനങ്ങളും സിബിഎസ്‌ഇയും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇളവ് പ്രഖ്യാപിച്ചത്. അതെസമയം സംസ്ഥാനത്ത് ശേഷിക്കുന്ന എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗം പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു.കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്തനായിരുന്നു ആലോചന.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാനം ഇത് സംബന്ധിച്ച തീരുമാനം ഉടനെടുക്കും. ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി;പുതിയ തീയതി കേന്ദ്ര നിര്‍ദ്ദേശം വന്നതിനു ശേഷം പ്രഖ്യാപിക്കും

keralanews sslc plus two exams postponed new date announced after central direction

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശം ജൂണ്‍ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 26ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയ് 26ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂണിലേക്ക് പരീക്ഷ മാറ്റിറിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. കേരളത്തിനു പുറത്തുനിന്നെത്തുന്നവര്‍ക്കൊഴികെ സമ്പർക്കം മൂലമുള്ള കൊവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോ യത്.ഇതിനിടെ പരീക്ഷ നടത്തിപ്പിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നടത്തുന്നതില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും ആര്‍ക്കും ആശങ്കയുടെ ആവശ്യമില്ലെന്നും ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം മാറ്റുകയായിരുന്നു.

സ്‌കൂളിൽ ഒരു ‘വാത്സല്യക്കട’;വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി തളിപ്പറമ്പ് സീതി സാഹിബ് ഹയർസെക്കണ്ടറി സ്കൂൾ

keralanews valsalyakkada in school thalipparamba seeti sahib school with support to students
കണ്ണൂർ:ലോക്ഡൗണില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ജോലിയില്ലാതായതോടെ ജീവിതം വഴിമുട്ടിയ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി കണ്ണൂരിൽ ഒരു വിദ്യാലയം. തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളാണ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നത്.സ്കൂള്‍ കോമ്പൗണ്ടിൽ തന്നെ ഒരുക്കിയ വാത്സല്യക്കടയിലില്‍ നിന്നാണ് സാധനങ്ങള്‍ ലഭ്യമാക്കുന്നത്പലവ്യഞ്ജനവും ,പച്ചക്കറികളും, ഭക്ഷ്യധാന്യവുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലൂടെയോ വാട്സാപ്പ് വഴിയോ വിദ്യാര്‍ഥികള്‍ ക്ലാസ് ടീച്ചര്‍മാര്‍ക്ക് കൈമാറണം. ഈ ലിസ്റ്റ് വാത്സല്യക്കടയുടെ ചുമതലയുള്ള അധ്യാപകരെ ഏല്‍പിക്കും. കടയില്‍ നിന്ന് ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങള്‍ സ്കൂൾ ബസിൽ വിദ്യാർത്ഥികളുടെ വീട്ടിൽ എത്തിച്ചു നൽകും.സ്കൂള്‍ മാനേജ്മെന്റിന്റെ സംരഭത്തിന് അധ്യാപകരുടേയും, പിടിഎയുടേയും പൂര്‍ണ പിന്തുണയുണ്ട്. നിലവിൽ 2000 വിദ്യാര്‍ഥികള്‍ സാധനങ്ങൾക്ക് ലിസ്റ്റ് നൽകിയിട്ടുണ്ട്. തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പിന്തുണയും വാത്സല്യക്കടയ്ക്കുണ്ട്. 20 വരെ കട പ്രവർത്തിക്കും. കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചാല്‍ പ്രവര്‍ത്തനം ലോക്ഡൗണ്‍ അവസാനിക്കും വരെ തുടരാനും ആലോചനയുണ്ട്.

കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത;ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

keralanews chance for heavy rain in the state today alert issued

തിരുവനന്തപുരം:കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.കടല്‍ പ്രക്ഷുബ്‍ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.ഉംപുന്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ മിക്കയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. രാത്രിയിലും ചിലയിടങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടു.ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ശനിയാഴ്‌ചവരെ പൊടുന്നനെ വീശുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്‌, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ ബുധനാഴ്‌ച മഴയുണ്ടാകും. ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി

keralanews ksrtc buses start service in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. ജില്ലയ്‌ക്കുള്ളില്‍ മാത്രമാണ് ബസ് സര്‍വീസ്. 1850 ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജുമായാണ് കെഎസ്ആര്‍ടിസി നിരത്തിലിറങ്ങിയത്. യാത്രക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിനാല്‍ മിനിമം ചാര്‍ജ് ഉയര്‍ത്തിയിട്ടുണ്ട്. 12 രൂപയാണ് ഇപ്പോഴത്തെ മിനിമം ചാര്‍ജ്. കെഎസ്‌ആര്‍ടിസി ബസ്സുകളിലെ യാത്രാ നിരക്കില്‍ 50% വര്‍ധനയുണ്ടാകും.യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും.നിലവിലുള്ള റൂട്ടുകളില്‍ മാത്രമാണ് സര്‍വീസ് അനുവദിച്ചിട്ടുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 499ഉം കൊല്ലത്ത് 208ഉം സര്‍വീസുകളുണ്ടാകും.പിന്‍വാതിലിലൂടെ യാത്രക്കാരെ ബസിനകത്തേക്ക് പ്രവേശിപ്പിക്കും.മുന്‍വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്. സാമൂഹിക അകലം പാലിച്ചായിരിക്കും ബസ് യാത്ര അനുവദിക്കുക. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാളെ മാത്രം അനുവദിക്കും. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് പേരെയും അനുവദിക്കും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.സുരക്ഷിത അകലം പാലിച്ചായിരിക്കും യാത്ര.ആകെ സീറ്റുകളുടെ പകുതി യാത്രക്കാരെ മാത്രമേ ബസില്‍ അനുവദിക്കൂ.സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാകൂ. ചലോ കാര്‍ഡ് എന്ന പേരില്‍ തിരുവനന്തപുരം – ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ ക്യാഷ് ലെസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രിപെയ്ഡ് കാര്‍ഡ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.അതേസമയം 40 ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് വ്യക്തമാക്കി.ഡീസലിന്‍റെ നികുതിയും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നുമാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. ഡീസലിന് ടാക്സ് ഒഴിവാക്കി സബ്‍സിഡി നല്‍കുമെങ്കില്‍ മാത്രം സര്‍വീസ് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഴ്സ് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. 40 ശതമാനം ആളുകളുമായി സർവീസ് നടത്തുന്നത് ലാഭകരമാവില്ല. ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

keralanews 12 covid19 cases confirmed in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവരും പുറത്ത് നിന്ന് വന്നവരാണ്.ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നുമെത്തി.8 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.ഇവരില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റു രണ്ട് പേരില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നുമെത്തി.സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഇന്ന് ആരും രോഗമുക്തി നേടിയില്ല. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 142 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട് സ്പോട്ടുകള്‍ ആണുള്ളത്.പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ, കോട്ടയം കോരുത്തോട് പഞ്ചായത്തുകൾ എന്നിവയാണ് പുതിയ ഹോട്സ്പോട്.

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ; വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന

keralanews first shramik to kerala leaves tomorrow priority for students and health workers

ന്യൂഡൽഹി:കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ.ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ട്രെയിൻ സർവീസ് നടത്തുക.വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും അടക്കം ട്രെയിനിനായി നിരന്തര ആവശ്യമുയർത്തിയ സാഹചര്യത്തിലാണ് കേരള സർക്കാർ ഇടപെടലിനെ തുടർന്ന് റെയിൽവെ ട്രെയിൻ അനുവദിച്ചത്.നാളെ വൈകിട്ട് 5 മണിക്ക് ട്രെയിൻ പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം.പരിശോധന രാവിലെ മുതൽ ആരംഭിക്കും. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റുള്ളവർക്കും ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.ട്രെയിൻ ലഭിക്കാത്തതിനാൽ കഴിഞ്ഞ 17ആം തീയതി കേരളത്തിലേയ്ക്ക് നടന്നു പോകുമെന്ന് ഡൽഹി സർവകലാശാലയിലെയടക്കം മലയാളി വിദ്യാർഥികൾ പറഞ്ഞിരുന്നു.അതേസമയം നാളെ രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ പുറപ്പെടും. രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള മലയാളികൾക്കായാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. രാജസ്ഥാനിൽ ജയ്പൂരിന് പുറമേ ചിറ്റോർഗഡിലും ട്രെയിൻ നിർത്തും. യാത്രക്കാർ അറിയിക്കുന്നതനുസരിച്ച് റെയിൽവെ സ്റ്റേഷനിൽ എത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് രോഗം മറച്ചുവെച്ച് വിമാനത്തിൽ നാട്ടിലെത്തി;വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കെതിരെ കേസെടുത്തു

keralanews landed in home town hiding covid disease police take case against three expatriate

കൊല്ലം:കോവിഡ് രോഗം മറച്ചുവെച്ച് വിദേശത്ത് നിന്നെത്തുകയും നാട്ടിലെത്തിയ ശേഷം സർക്കാർ ഏർപ്പാടാക്കിയ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയും ചെയ്ത മൂന്ന് പ്രവാസികൾക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ശനിയാഴ്ച അബുദാബിയില്‍നിന്ന് എത്തിയ മൂന്നുപേര്‍ക്കെതിരേയാണ് കേസെടുത്തത്.രോഗവിവരം മറച്ചുവയ്ക്കുകയും മറ്റുള്ളവര്‍ക്ക് പകരുംവിധം പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് റൂറല്‍ എസ് പി ഹരിശങ്കര്‍ പറഞ്ഞു.കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ ഇവര്‍ നിരീക്ഷണത്തിലായിരുന്നു.ഇവര്‍ക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.അബുദാബിയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് കൊല്ലം സ്വദേശികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.എന്നാല്‍, ഇതു മറച്ചുവെച്ചാണ് ഇവര്‍ വിമാനത്തില്‍ യാത്രചെയ്ത് മെയ് 16 ന് തിരുവനന്തപുരത്തെത്തിയത്.അവിടെയും തങ്ങള്‍ രോഗബാധിതരാണെന്ന വിവരം മറച്ചുവച്ചു. കെഎസ്‌ആര്‍ടിസി ബസില്‍ ഇവരെ കൊട്ടാരക്കര കിലയിലെ ഐസൊലേഷന്‍ സെന്ററില്‍ എത്തിച്ചു.ഇതിനിടെ ഇവര്‍ ബസിലിരുന്ന് രോഗവിവരം സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട മറ്റൊരാളാണ് വിവരം പൊലീസിന് കൈമാറിയത്. കിലയില്‍ എത്തിയപ്പോഴേക്കും ഇവര്‍ അവശരായിരുന്നു. അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചതോടെ ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി സ്രവം പരിശോധിച്ചു. കഴിഞ്ഞദിവസമാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇവര്‍ക്കൊപ്പം സഞ്ചരിച്ച 170 യാത്രക്കാരെയും വിശദ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.