സാമൂഹിക അകലം പാലിക്കാതെ സര്‍വീസ് നടത്തി; കൊല്ലത്ത് രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി

keralanews service with out social distancing take action against two private buses in kollam

കൊല്ലം:സാമൂഹിക അകലം പാലിക്കാതെ കൂടുതല്‍ ആളുകളുമായി സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി. കൊല്ലത്ത് ചില സ്വകാര്യ ബസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനും നടപടി സ്വീകരിക്കും. ബസുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും ആര്‍.ടി.ഒ ആര്‍.രാജീവ് അറിയിച്ചു.

തൃശൂരില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി

keralanews woman died of covid in thrissur laid to rest following covid protocol

തൃശൂര്‍: ചാവക്കാട് കൊവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ മൃതദേഹം ഖബറടക്കി. കൊവിഡ് പ്രോട്ടോകള്‍ പാലിച്ച്‌ ഇന്ന് രാവിലെ ആറേകാലോടെയായിരുന്നു ഖബറടക്കം. അഞ്ചങ്ങാടി കട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടിയാണ്(73) ബുധനാഴ്ച കൊവിഡ് ബാധിച്ച്‌ മരിച്ചത്.ചാവക്കാട് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കടപ്പുറം അടിത്തിരുത്തി ജുമാമസ്ജിദിലാണ് ആരോഗ്യവകുപ്പിന്റെ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഖബറടക്കം നടത്തിയത്.മറ്റ് ആരെയും മൃതദേഹത്തെ സമീപിക്കാന്‍ അനുവദിച്ചില്ല.മഹാരാഷ്ട്രയില്‍നിന്ന് ഇന്നലെയാണ് ഖദീജക്കുട്ടി കേരളത്തിലെത്തിയത്. പാലക്കാട് വഴി കാറിലായിരുന്നു യാത്ര. പ്രമേഹരോഗിയായ ഇവര്‍ക്ക് ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെയ് 20 ന് പുലര്‍ച്ചെ ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനു മുൻപ് മരിച്ചു.

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

keralanews one more covid death in kerala

തൃശൂർ:കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കദീജക്കുട്ടിയാണ്(73) മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.തൃശൂര്‍ സ്വദേശിനിയായ കദീജക്കുട്ടി തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്നും റോഡ് മാര്‍ഗം കേരളത്തിലെത്തിയത്.മുംബൈയില്‍ നിന്നും മറ്റു മൂന്ന് പേര്‍ക്കൊപ്പം പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വണ്ടിയിലാണ് കദീജക്കുട്ടി യാത്ര ചെയ്തത്. യാത്രക്കിടയില്‍ ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് മകന്‍ ആംബുലന്‍സിലെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെയ് 20 നാണ് ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം. സ്രവ പരിശോധനയില്‍ ഇവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.ഇവര്‍ നേരത്തെ തന്നെ പ്രമേഹത്തിനും രക്താതിസമ്മര്‍ദ്ദത്തിനും ശ്വാസതടസ്സത്തിനും ചികിത്സയിലായിരുന്നു.വയോധികയുടെ പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് ഇവരോടൊപ്പം യാത്ര ചെയ്ത മൂന്ന് പാലക്കാട് സ്വദേശികളെയും ആംബുലൻസ് ഡ്രൈവറെയും മകനെയും നീരിക്ഷണത്തിലാക്കി. രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് തൃശൂർ ജില്ലായിലായിരുന്നെങ്കിലും മരണം ഉണ്ടാകുന്നത് ഇതാദ്യമാണ്.മൂന്ന് മാസം മുന്‍പാണ് കദീജക്കുട്ടി മഹാരാഷ്ട്രയിലുള്ള മകളുടെ അടുത്തേക്ക് പോയത്.

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;8 പേർക്ക് രോഗമുക്തി

keralanews 24 covid19 cases confirmed in the state today and eight cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 5, കണ്ണൂര്‍ 4, കോട്ടയം, തൃശൂര്‍ 3, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് എട്ട് പേര്‍ രോഗമുക്തി നേടി. വയനാട് ജില്ലയില്‍നിന്നും അഞ്ചു പേരുടെയും (ഒരു മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുമാണ് ഇന്ന് രോഗമുക്തിനേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശത്തു നിന്നും(യു.എ.ഇ.-8, കുവൈത്ത്-4, ഖത്തര്‍-1, മലേഷ്യ-1) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും (മഹാരാഷ്ട്ര-5, തമിഴ്നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നതാണ്. നിലവില്‍ സംസ്ഥാനത്ത് 510 പേരാണ് രോഗമുക്തി നേടിയത്. 177 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 80,138 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. 153 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

keralanews state govt issued guidelines for sslc and plus two examinations

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗ്ഗ രേഖ പുറപ്പെടുവിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം അന്തിമ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.പരീക്ഷകള്‍ക്കെത്തുന്ന വിദ്യാര്‍ത്ഥികളെയെല്ലാം തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. അതിന് ശേഷമാകും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികളെ സ്‌ക്രീനിംഗിന് വിധേയമാക്കേണ്ട ചുമതല ആശാ വര്‍ക്കര്‍മാരേയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പരീക്ഷകള്‍ക്ക് മുന്‍പ് ക്ലാസ്സ് മുറികളും പരിസരവും ഫയര്‍ഫോഴ്സ് അണുവിമുക്തം ആക്കണം.നിയന്ത്രണ മേഖലകളില്‍ നിന്നും പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ മാര്‍ച്ച്‌ 26 മുതല്‍ 30 വരെയാണ് എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകള്‍ നടക്കുക.

കോവിഡ് വിവര വിശകലനത്തില്‍നിന്നു സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

keralanews sprinkler was excluded from the covid information analysis

കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവര വിശകലത്തില്‍നിന്ന് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആയിരിക്കും നടത്തുകയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം.സ്പ്രിന്‍ക്ലറുമായി നിലവില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്ന് സ്പ്രിന്‍ക്ലറിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആമസോണ്‍ ക്ലൗഡിലേക്കു മാറ്റിയ ഡാറ്റ ഉപയോഗിക്കുന്നനു സ്പ്രിന്‍ക്ലറിന് അനുമതി ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.സ്പ്രിന്‍ക്ലര്‍ നല്‍കുന്നതിനു സമാനമായ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട് മൂന്നു തവണ കത്ത് അയച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.വിവര വിശകലനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിന്‍ക്ലറുമായി കരാറുണ്ടാക്കിയത് രാഷ്ട്രീയ വിവാദത്തിന് ഇടവച്ചിരുന്നു. സ്പ്രിന്‍ക്ലര്‍ ശേഖരിക്കുന്ന ഡാറ്റയുടെ സുരക്ഷയായിരുന്നു, വിവാദത്തിന്റെ കേന്ദ്ര ബിന്ദു. സൗജന്യ സേവനം വാഗ്ദാനം ചെയ്ത സ്പ്രിന്‍ക്ലറിലേക്ക് സര്‍്ക്കാര്‍ എങ്ങനെ എത്തിയെന്നതായിരുന്നു രണ്ടാമത്തെ വിമര്‍ശനം. ഇതില്‍ ക്രമക്കേടും അഴിമതിയും നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, സ്പ്രിന്‍ക്ലറിനെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ നടപടിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി കരാര്‍ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.

കണ്ണൂരില്‍ ഇന്നലെ മൂന്നു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

keralanews three more covid cases confirmed in kannur yesterday

കണ്ണൂർ:കണ്ണൂരില്‍ ഇന്നലെ മൂന്നു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്.ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ദുബൈയില്‍ നിന്ന് മെയ് 16ന് ഐഎക്‌സ് 434 വിമാനത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരിയും മെയ് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശി 41കാരനുമാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍.ധര്‍മടം സ്വദേശിയായ 62കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 134 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കേളകം സ്വദേശി 42കാരന്‍ ഇന്നലെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.നിലവില്‍ 6809 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 36 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 6728 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5074 സാമ്പിളുകൾ  പരിശോധനയ്ക്കയച്ചതില്‍ 4955 എണ്ണത്തിന്റെ ഫലം ലഭ്യമായി.4698 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.119 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊച്ചിയില്‍ രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ ശേഷം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

keralanews auto driver committed suicide after setting ablaze in kochi

കൊച്ചി:കൊച്ചി പച്ചാളത്ത് രണ്ട് പേരെ പെട്രോള്‍ ഒഴിച്ചു കൊല്ലാൻ ശ്രമിച്ച ശേഷം ഓട്ടോ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു.വടുതല സ്വദേശി ഫിലിപ്പാണ് ആത്മഹത്യ ചെയ്തത്.ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വധശ്രമത്തിന് പിന്നിലെ കാരണം പോലീസ് അന്വേഷിക്കുകയാണ്. ഇന്നലെ വൈകീട്ട് 7 മണിയോടെ എറണാകുളം പച്ചാളത്താണ് സംഭവം.പച്ചാളം ഷണ്‍മുഖം റോഡില്‍ ചായക്കട നടത്തുന്ന പങ്കജാക്ഷന്റെയും ചായ കുടിക്കാനെത്തിയ റിജിലിന്റെയും നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോയിൽ വന്നിറങ്ങിയ ഫിലിപ്പ് ഇരുവരുടെയും ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.പിന്നീട് ഓട്ടോ ഓടിച്ച് 2കിലോമീറ്റർ ദൂരം പോയ ശേഷം ഫിലിപ്പ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി.സാരമായി പൊള്ളല്ലേറ്റ പങ്കജാക്ഷനേയും റിജിലിനേയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്ത ഫിലിപ്പ് വടുതല സ്വദേശിയാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഇത്തവണ ചടങ്ങുകള്‍ മാത്രം;പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല

keralanews kottiyoor vaisakha maholsavam no entry for public this time

കണ്ണൂര്‍: കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഈവര്‍ഷത്തെ വൈശാഖമഹോത്സവം കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്കാതെ നടത്താന്‍ തീരുമാനം.സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചും ക്ഷേത്രത്തിലെ അടിയന്തിരച്ചടങ്ങുകള്‍ മാത്രമായും നടത്തുന്നതിനാണ് കളക്ടറുടെ അനുമതി.ഏറ്റവും കുറഞ്ഞ ആളുകള്‍ മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാവൂ.ചടങ്ങുകളിൽ പങ്കെടുക്കുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.ചടങ്ങുകൾ ക്ഷേത്രത്തിനകത്ത് മാത്രം നടത്തണം.പങ്കെടുക്കുന്ന ആളുകൾ കൃത്യമായ സാമൂഹിക അകലം പാലിക്കണം.മാസ്ക് നിർബന്ധമായും ഉപയോഗിക്കണം.ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണ്.ചടങ്ങ് നടക്കുന്ന സ്ഥലത്ത് ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ശുചിത്വസംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിച്ചു;കോഴിക്കോട് സര്‍വ്വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതർ അടിച്ച്‌ തകര്‍ത്തു

keralanews private bus service started in the state and attack against private buses in kozhikkode

കോഴിക്കോട്:ഇന്നലെ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിച്ചു.തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചാണ് സര്‍വീസ്. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിരക്കിലാണ് യാത്രക്കാരെ കയറ്റുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ ഇടവേളകള്‍ നില്‍കി ജില്ല അതിര്‍ത്തിക്കുള്ളിലാണ് യാത്ര.കൊച്ചി നഗരത്തിലും അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലുമായി അൻപതോളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചി നഗരത്തില്‍ ഹൈക്കോടതി, പൂത്തോട്ട, ചോറ്റാനിക്കര ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നു. ബസ് ഓപറേറ്റേഴ്‌സ് ഫോറം എന്ന സംഘടനയുടെ കീഴിലുള്ള പത്ത് ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.ഇടുക്കിയിലും 50 ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.രാവിലെ യാത്രക്കാര്‍ വളരെ കുറവാണ്. മലയോര മേഖലകളിലേക്ക് അടക്കം അത്യാവശ്യ സര്‍വീസ് മാത്രമാണ് നടത്തുന്നത്.തിരുവനന്തപുരം നഗരത്തിലും ഏതാനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം കെ എസ് ആര്‍ ടി സി ബസുകള്‍ക്കൊപ്പം ഇന്നലെ കോഴിക്കോട് സര്‍വ്വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതർ അടിച്ച്‌ തകര്‍ത്തു. കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട കൊളക്കാടന്‍ ബസുകള്‍ക്ക് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.രാത്രിയിലെത്തിയവര്‍ ബസിന്റെ ചില്ലുകള്‍ അടിച്ച്‌ തകര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ ആറ് ബസ്സുകൾ ഇന്നലെ നഗരത്തില്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും മറ്റു ബസുടമകള്‍ സര്‍വ്വീസ് നടത്താതിരുന്നപ്പോള്‍ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ബസുകള്‍ മുക്കം- കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്നു.